കടല്‍

തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കവിതാ രചനയിൽ രണ്ടാം സ്ഥാനം

നിശ്ചലമായി നീ 
നിന്‍ തിരമാലകളേ 
മുന്നിലേക്കയച്ചു.
അവ എന്‍ കാല്‍പാദങ്ങളില്‍ 
തലോടി
മണ്ണിനു നീ കുളിര്‍മ നല്‍കി
നിന്റെ തിരമാലകള്‍ 
ഒരു ആഹ്ലാദമാണ്
അവ ആദ്യം വന്ന് 
എന്‍ പാദങ്ങള്‍
തലോടി 
പിന്നെ തിരിച്ചുപോകുന്നു.
അവ മുന്നിലെത്തുന്നതു
വരെ പിന്നെയൊരു 
കാത്തിരിപ്പാണ്.
 
ഇതുവരെ കാണാത്ത 
പലതും എന്‍ കണ്ണില്‍ 
ദൃശ്യങ്ങളായിമാറി.
 
ഇന്ദ്രിയങ്ങള്‍ക്ക് ശരീരമൊരു 
ഗൃഹമാകുന്നതുപോലെ
എത്രയോ ജീവജാലങ്ങള്‍ക്കു 
നീയൊരു ഗൃഹമാകുന്നു
നിന്നുള്ളിലെ കാഴ്ചകള്‍ 
കണ്ട് ആസ്വദിക്കാന്‍
ആഗ്രഹമില്ലാത്തവരുണ്ടോ?
നിന്‍ തിരമാലകള്‍ക്കൊപ്പം 
വെള്ളകുമിളകള്‍ പോലെ
ശംഖുകള്‍ വരുമ്പോള്‍
അവ പെറുക്കിയെടുത്തു 
ഭംഗിയാസ്വദിക്കാന്‍
കഴിയുന്നവനാണ് ഭാഗ്യവാന്‍.
 
ദൈവം ലോകത്ത് 
സൃഷ്ടിച്ചതില്‍വെച്ച്
മനോഹരമായ ഒരു 
കാഴ്ച നിന്‍ ഭംഗിയാണ്.
നിന്നുള്ളിലെ കോപം 
ജ്വലിക്കുന്നത് മനുഷ്യപ്രവൃത്തി
മൂലമാണെന്നെനിക്കറിയാം.
നീ നശിക്കാന്‍ ആഗ്രഹിക്കുന്നില്ല.
 
ഇന്ന് നീ എന്‍ മുന്നില്‍ 
വെറുമൊരു കടല്‍
എന്നാല്‍ എത്രയോ 
കടലുകള്‍ ചേര്‍ന്നുള്ള ഒരു 
വന്‍ സമുദ്രമാണ് നീ.
എത്രയോ മക്കളെ 
സംരക്ഷിക്കുന്ന ഒരു ജനനിയാണ് നീ.
നിന്‍സ്‌നേഹം മാതൃതുല്യമാണ്.
നിന്നെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു
‘കടലമ്മയെന്ന്’.
റാസ് അൽ ഖൈമ സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി . ഹംസയുടെയും സഫീന ഹംസയുടെയും പുത്രി . തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കവിതാ രചനയിൽ രണ്ടാം സ്ഥാനം ലഭിച്ചു .