കടലിനുമധ്യേ മുപ്പത്തൊന്ന് വിളക്കുമരങ്ങളും രണ്ടോട്ടുരുളിയും

പാതിചാരിയ
ജനാലയിലൂടെ നോക്കുമ്പോൾ
പൊത്തുപോലിരിപ്പുണ്ട്
കുമ്മായമിളകിയ
മാനത്തെച്ചുവരിന്മേൽ പകലോൻ.

ജനാലയ്ക്കപ്പുറത്തെ
കഞ്ഞണ്ണിയും പൂവാങ്കുരുന്നിലയും
പടർന്ന പന്തലിനിടയിലൂടെ
കിടക്കവിരിപ്പിലേക്കിഴഞ്ഞു വരും
വെയിൽപ്പാമ്പിൻ കുഞ്ഞുങ്ങൾ
ചുളുങ്ങിയ മടക്കുകളിലേക്ക്
ചുറഞ്ഞൊളിച്ച്
തല സ്വൽപ്പം പൊക്കിനോക്കുന്നു
പാതിയുറക്കത്തിൽ .

റബ്ബർത്തോട്ടവും മഹാഗണിമരങ്ങളും
പുരളിമലയും കടന്ന്
വളർന്നു വരാത്ത ശില്പത്തിന്റെ
വീണ്ടുവിചാരങ്ങളുടെ ചടഞ്ഞിരിപ്പ്.

നല്ലയിനം മരത്തിന്റെ കാതലുരുട്ടി
ഉത്തരം പണിഞ്ഞ്
പുല്ല് മേഞ്ഞ്
മുളക്കഴുക്കോലു കൊണ്ടത്
ഉറപ്പിൽ നാട്ടിനിർത്തിയിട്ടുണ്ട്
കാത്തിരിപ്പിന്റെ അനിതസാധാരണമായ
അസ്തിത്വത്തെ.

ചൂടും തണുപ്പുമുള്ള
പരന്ന നെഞ്ച് പോലെ
മുരുമുരുപ്പാർന്ന ആറടിയിൽ തീർത്ത
ചാണകം മെഴുകിയ തറയിലവളുടെ
ചമ്രംപടിഞ്ഞിരിപ്പ് കണ്ടു
ഭിത്തിയിലും
ജനാലപ്പടിയിൽ നിന്ന്
ഉരുകിയൊലിച്ച മെഴുകിലും.

മേൽക്കൂരയ്ക്കുള്ളിൽ
പോറ്റിപ്പോറ്റി പെരുകി വന്നു
കണ്ണിലെണ്ണപോലെരിയും ഓർമകളുടെ
അനേക വീഞ്ഞുകാലങ്ങൾ.

നടന്ന് തേഞ്ഞ പാളച്ചൂല് പിടിച്ച്
എളിയിൽ സാരിഞൊറിയേറ്റിക്കുത്തി
മുറ്റത്തവളും മൺചുവരും
നനഞ്ഞൊലിച്ചു
നട്ടപ്പൊരിയുന്ന വെയിലത്ത്.

വരും വരുമെന്ന വാക്ക് പോലെ
ഉച്ചിയിലൂടെ കടന്ന് പോകും
മാരിക്കോളിന്റെ
വിയർപ്പ് തുള്ളികളിറ്റിറ്റു വീണ്
മണ്ണിന്റെ മണമുയർന്ന
ചുട്ടുപൊള്ളും മേലാകെ
കിരുകിരാ ഒച്ച.

ഉള്ളിലെന്താണിനി കത്തിക്കത്തി
വേവാനുള്ളത്?
തിളച്ചു തൂവുന്ന
രണ്ടോട്ടുരുളികൾ വിറ്റുതുലച്ചു ഇന്നലെ.

മുപ്പതാണ്ടിനു ശേഷം
ഊറിയൂറിക്കവിഞ്ഞൊഴുകിയ
മണ്ണുകപ്പുമുരുളികൾ
വിറ്റുകളഞ്ഞപ്പോൾ
പുതിയവ വാങ്ങി ഗ്രാമച്ചന്തയിൽ നിന്ന്.

പൂവാങ്കുരുന്നില ഇടിച്ചും
കഞ്ഞണ്ണി പിഴിഞ്ഞും കിട്ടിയ നീരിൽ
മുക്കിയുണക്കി
കോടിത്തുണി ചീന്തി
തെറുത്ത തിരികൾ.
കരിവാരിത്തേച്ച് മിനുങ്ങിത്തിളങ്ങുമാ
പുത്തൻ മിഴിയടപ്പുള്ളോരോട്ടുരുളികൾ
തുളുമ്പിയില്ല പിന്നൊരിക്കലും.

ഇന്നും കാറ്റുണ്ട് മുപ്പതാണ്ടിലെപ്പോലെ
മുപ്പത്തൊന്നിലും.
പിന്നാലെ നടന്ന്
ചെവിയിൽ കൂക്കുംപോലെ
ഒരേ ചോദ്യം ചോദിക്കുമായിരുന്നു
‘വഴി തെറ്റിയോ’ എന്ന് .

പുതുമോടിയിൽ വീടാകെ
പുതുക്കിപ്പണിയും ധൃതിയിൽ
നേരമില്ലത് കേൾക്കുവാൻ
ജനിച്ചിട്ട് മുപ്പത്തൊന്നാമീയാണ്ടിൽ.

പടിഞ്ഞാറ്റയിലും അകത്തളത്തിലും
രാവിലേം വൈകീട്ടും
നൃത്തം വയ്ക്കും ചൂലും
ചൂല് പോലെത്തെയവളും
മൂലയിൽ നിന്നെണീറ്റ്
വന്നിരിക്കാൻ തുടങ്ങി
ഉലകത്തിൻ കോലായിൽ .

ജനവാതിലുകൾ അടച്ചിട്ട
മുറിക്കകത്തേക്ക് പകലോനിപ്പോൾ
പൊഴിച്ചിടാറില്ല പാളമാച്ചില്.

ഓട്ടുരുളികൾ
മിനുക്കിക്കൊണ്ടിരിക്കവേ
ചിരി വരാറുണ്ടിടയ്ക്കിടെയവൾക്കിപ്പോൾ.
അവയെല്ലാം മണ്ണുകപ്പാതെ
സൂക്ഷിക്കുന്നു, ഇപ്പഴും.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു