ബി.എഡിന് പഠിക്കുമ്പോൾ ടീച്ചിംഗ് പ്രാക്ടീസിനായി തെരഞ്ഞെടുത്തത് നഗരത്തിലെ ഏറ്റവും ‘കുപ്രസിദ്ധമായ’ ഗവൺമെൻ്റ് സ്കൂളായിരുന്നു. അങ്ങോട്ടു പോകുന്നത് അത്ര സുഖകരമാവില്ലെന്ന് പലരും മുന്നറിയിപ്പ് നൽകിയെങ്കിലും”അവിടെ പഠിപ്പിച്ചാൽപ്പിന്നെ എവിടേം പഠിപ്പിക്കാം” എന്ന ജോസ് മാഷിൻ്റെ പറച്ചിലിൽ ഊർജ്ജം പൂണ്ട് ഞാനും മഞ്ജുവും ലിഷയും ജിസിയുമെല്ലാം ആ സ്കൂൾ തന്നെ തെരഞ്ഞെടുത്തു. ക്ലാസ്സിലെ മിക്കവരും സമീപപ്രദേശങ്ങളിലെ കോൺവെൻ്റ് അച്ചടക്കങ്ങളിലേക്ക് ചേക്കേറി.
കോളേജൊന്നും അന്ന് സ്വപ്നം കണ്ടിരുന്നില്ല. ഏതെങ്കിലുമൊരു ഗവൺമെൻ്റ് സ്കൂളിൽ ടീച്ചറായി കയറുകയായിരുന്നു ലക്ഷ്യം. ഏതു സാഹചര്യത്തിലും ജോലി ചെയ്യാനുള്ള ഒരു മനസ്സ് ഉണ്ടാക്കിയെടുക്കലായിരുന്നു പ്രധാനം. കാസർഗോഡുള്ള ഒരു ഗവൺമെൻ്റ് സ്കൂളിൽ ജോലി ചെയ്തിരുന്നതിൻ്റെ ‘ഭൂതകാലക്കുളിർ’ സ്കൂൾ ടീച്ചറായിരുന്ന സരളമേമ പറഞ്ഞു തന്നതിൻ്റെ ഓർമ്മകളുണ്ട് ഉള്ളിൽ. അത്തരം സ്കൂളുകളിലെ മുഷിഞ്ഞ ചുവരുകൾക്കുള്ളിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ മുഷിയാത്ത ഹൃദയബന്ധങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷ വളരാൻ കാരണം മേമയുടെ ഓർമ്മപ്പേച്ചുകൾ തന്നെയായിരുന്നു.
വളരെ പഴകിയതായിരുന്നു ആ സ്കൂളിലെ കെട്ടിടങ്ങൾ. ചില ഭാഗങ്ങളൊക്കെ ഇടിഞ്ഞു പൊളിഞ്ഞു കിടപ്പാണ്. അധികവും സമീപപ്രദേശത്ത റെയിൽവേ കോളനിയിലേയും ചുറ്റുപാടുകളിൽ താമസിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയുള്ള വീടുകളിലേയും കുട്ടികളാണ്. പഠനം പലർക്കും വലിയ പ്രാധാന്യമുള്ള സംഗതിയായിരുന്നില്ല. കുട്ടികളുടെ താത്പര്യമില്ലായ്മ അവിടത്തെ അധ്യാപകരേയും സാരമായി ബാധിച്ചിരുന്നു.
ആ സ്കൂളിലെ പഴകിയ കെട്ടിടങ്ങളും മുഷിഞ്ഞ ചുവരുകളും എന്നെ തെല്ലും പരിഭ്രമിപ്പിച്ചില്ല. കേരളവർമ്മയിൽ അതിനേക്കാൾ പഴയ കെട്ടിടങ്ങളുണ്ടായിരുന്നു. കാമ്പസിൽ അലഞ്ഞു നടക്കുന്ന കന്നുകാലികൾ സ്ഥിരം കാഴ്ചയായിരുന്നു. അവിടങ്ങളിലുള്ളവർ കോളേജിനകത്തേക്ക് പശുക്കളേയും ആടുകളേയും അഴിച്ചു വിടും. പരിചിതമായ ഒരിടത്തിൻ്റെ സുരക്ഷിതത്വത്തിൽ അവ കാമ്പസിൽ ശാന്തമായി വിഹരിക്കും. കുട്ടികൾക്ക് അതൊന്നും അത്ര കൗതുകമില്ലാത്ത ഒരു നിത്യകാഴ്ചയായിരുന്നു. ക്ലാസ്സെടുക്കുമ്പോൾ ക്ലാസ്സ് റൂമിലെ ഒരു വാതിലിലൂടെ മറ്റേ വാതിലിലേക്ക് കാലികൾ നടന്നു നീങ്ങും. ക്ലാസ്സ് റൂം സവാരിക്കിടയിൽ ഇടയ്ക്ക് നിന്ന് മൂത്രമൊഴിക്കുമ്പോൾ ക്ലാസ്സിൽ കൂട്ടച്ചിരിയുയരും. അത്ര തന്നെ…
സ്കൂളിലേക്ക് ടീച്ചിംഗ് പ്രാക്ടീസിനായി ചെന്ന ദിവസം. ആദ്യത്തെ ക്ലാസ്സ് തന്നത് ഒമ്പത് – ബി യിലായിരുന്നു. തിരക്കേറിയ റോഡിനോടു ചേർന്നാണ് സ്കൂൾ. ക്ലാസ്സിലെ ജനാല തുറക്കുന്നത് റോഡിനു നേർക്കാണ്. വാഹനങ്ങളുടെ ബഹളം. ക്ലാസ്സിലെ കുട്ടികളുടെ ബഹളം. ആകെ ശബ്ദമയമായ ആ അന്തരീക്ഷത്തിലേക്കാണ് ഞാൻ കടന്നു ചെല്ലുന്നത്. ഞാൻ പ്രതീക്ഷിക്കുന്നത് എല്ലാവരും അറ്റൻഷനിൽ നിന്ന് ഒരു നമസ്തേയിലൂടെയോ ഗുഡ് മോണിംഗ് ടീച്ചറി ലൂടെയോ എന്നെ അത്ഭുതാദരങ്ങളോടെ വരവേൽക്കുമെന്നാണ്. എൻ്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തിക്കൊണ്ട് ക്ലാസ്സിലെ ചിലർ മാത്രം എഴുന്നേറ്റു. ക്ലാസ്സിലേക്കു വന്ന അപരിചിതയെ കണ്ട് ചിലർ പകച്ചു നോക്കി. ചില മുഖങ്ങളിൽ മാത്രം ചിരിയുണ്ട്.
‘ഗുഡ്മോർണിംഗ്’
എൻ്റെയാ വാക്ക് അവരിൽ വലിയ ഭാവമാറ്റമൊന്നും ഉണ്ടാക്കിയില്ല. അത്തരം ഔപചാരിക ശീലങ്ങൾ അവർക്കു അപരിചിതമായിരുന്നു എന്ന് തോന്നി. എനിക്കാകെ പരുങ്ങലായി.
പരിഷ്കാരമില്ലാത്ത സ്കൂൾ, സാധാരണക്കാരായ കുട്ടികൾ, അവർക്കിടയിലേക്ക് സ്കൂളിനെ മാറ്റിമറിക്കാനെത്തുന്ന ടീച്ചർ. അതൊക്കെ സിനിമകളിൽ മാത്രം കാണുന്ന രംഗങ്ങളാണെന്ന് എനിക്കു പെട്ടെന്ന് മനസ്സിലായി. ജീവിതം അതിൽ നിന്നൊക്കെ ഏറെ ദൂരെയാണ്. ഇത്തരം സന്ദർഭങ്ങളെ സഹിഷ്ണുതയോടെ സമീപിക്കാനുള്ള മനസ്സും അന്നെനിക്കില്ലായിരുന്നു. എനിക്കാകെ ദേഷ്യം വന്നു.
എന്തു പിള്ളേരാണിത്! ഇങ്ങനെയാണോ ടീച്ചർമാരോട് പെരുമാറുക?
അവസാനത്തെ ബഞ്ചിലിരിക്കുന്നവർ എഴുന്നേറ്റിട്ടുപോലുമില്ല. അതോ എണീക്കൽ ചടങ്ങ് കഴിഞ്ഞ് ഇരുന്നതാണോ? അവർ ഒമ്പതാം ക്ലാസ്സുകാർ തന്നെയാണോ? എനിക്ക് സംശയം തോന്നി. പത്തു പതിനേഴ് വയസ്സ് പ്രായം തോന്നിക്കുന്ന നനുത്ത മീശയുള്ള ഒരുത്തൻ കൂട്ടുകാരൻ്റെ തോളിൽ കൈയിട്ട് ചുവരിലേക്ക് ചാരി അലസമായിരിക്കുകയാണ്. അവൻ്റെ ഇരുപ്പ് എനിക്കത്ര പിടിച്ചില്ല. ഇതൊരു ക്ലാസ്സ് റൂമല്ലേ? ഇങ്ങനെയാണോ ഇരിക്കേണ്ടത്? അവൻ്റെ ഒട്ടും മയമില്ലാത്ത പരുക്കൻ മുഖവും മറ്റു കുട്ടികളേക്കാൾ വളർച്ചയുളള ശരീരവും ആ ഇരിപ്പും മുഷിഞ്ഞ ഷർട്ടും എൻ്റെ മനസ്സിലെ വിദ്യാർത്ഥി സങ്കൽപ്പത്തെ മൊത്തം തകർത്തു കളഞ്ഞു. അവനെ നോക്കി മര്യാദക്കിരിക്ക് എന്ന് പറയാനുള്ള ധൈര്യം എനിക്ക് വന്നില്ല. ആദ്യ ദിവസം തന്നെ ശിഷ്യൻ്റെ അനുസരണക്കേടിൻ്റെ അപമാനഭാരം താങ്ങാനുള്ള കരുത്ത് എനിക്കില്ലായിരുന്നു. അവൻ്റെ അപ്പുറമിരിക്കുന്ന ചോരക്കണ്ണുകാരൻ മദ്യപിച്ചിട്ടുണ്ടോ എന്നു പോലും ഞാൻ സംശയിച്ചു.
ആദ്യദിവസം ക്ലാസ്സൊന്നുമെടുക്കാതെ എല്ലാ കുട്ടികളേയും പരിചയപ്പെട്ട് ഒരു ആഹ്ലാദാനുഭവമാക്കി മാറ്റാൻ കണക്കു കൂട്ടി വന്ന എന്നെ നിരാശപ്പെടുത്തിക്കൊണ്ട് ആ ക്ലാസ്സിൽ ഞാനൊരധികപ്പറ്റായി നിന്നു. ചില കുട്ടികൾ മാത്രം താടിക്ക് കൈ കൊടുത്ത് എന്നെ നോക്കിയിരിപ്പുണ്ട്. മറ്റുള്ളവർ അവരവരുടെ ലോകത്തായിരുന്നു. ജനാലപ്പുറത്തെ കാഴ്ചകളിലേക്കു കണ്ണും നട്ട് ചിലരിരുന്നു. എന്തൊരു ദയനീയപരാജയമാണിത്!
ഇതാണോ ഞാൻ സ്വപ്നം കണ്ട ആദ്യ ക്ലാസ്സ് ?
സ്വയമൊന്നു പരിചയപ്പെടുത്തി അവതാരോദ്ദേശം വെളിപ്പെടുത്തിയതിനു ശേഷം ഞാൻ അറ്റൻഡൻസ് രജിസ്റ്റർ തുറന്നു. ഉറക്കെ പേരു വിളിച്ചു. ബഹളങ്ങൾക്കിടയിൽ പല പേരുകളും മുങ്ങിപ്പോയി. പല കണ്ഠങ്ങളിൽ നിന്നുമുയർന്ന ഹാജർ ഞാൻ രേഖപ്പെടുത്തി. അവസാനത്തെ ബഞ്ചിലിരിക്കുന്നവരുടെ പേരുകൾ രജിസ്റ്ററിലും മനസ്സിലും രേഖപ്പെടുത്തി വെച്ചു.
എനിക്കും അവർക്കും വിരസമായ കാര്യങ്ങൾ പലതും പറഞ്ഞ് ബെല്ലടിച്ചപ്പോൾ കുട്ടികൾ പുറത്തേക്കോടി. ഞാൻ ചത്ത മനസ്സോടെ ആ സ്കൂളിൽ ഞങ്ങൾക്കനുവദിച്ച വെളിച്ചമില്ലാത്ത ആ മുറിയിലേക്കു നടന്നു. അവിടെ ലിഷ കാത്തിരിപ്പുണ്ട്.
മുഖത്ത് അത്ര തെളിച്ചമില്ല. പരാജയം പുറത്തു കാട്ടാതെ ഞാൻ ചോദിച്ചു.
‘എങ്ങനെയുണ്ട്?’
തനി തൃശ്ശൂർ ഭാഷയിൽ ലിഷ പറഞ്ഞു: ‘ഇതെന്തൂട്ട് സ്കൂളാ … ഒരു ജാതി പിള്ളേരാലോ ഇവടെ.’
ഏതോ ഓർമ്മയിൽ ചവർപ്പനുഭവിക്കുന്നതു പോലെ ലിഷ കണ്ണടച്ച് ഒരു പ്രത്യേക ആംഗ്യം കാട്ടി. കോൺവെൻ്റ് സ്കൂളിലും കോളേജിലും പഠിച്ച അവൾക്ക് ആ സ്കൂളിലെ അന്തരീക്ഷം താങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. എനിക്കൽപ്പം ആശ്വാസം തോന്നി. എൻ്റെ ക്ലാസ്സ് മാത്രല്ല പ്രശ്നം!
‘നമ്മള് പറേണത് അവര് ശ്രദ്ധിക്കണും കൂടില്യ …. ആകെ ബഹളായപ്പോ ഞാൻ ഒരുത്തനോട് ചൂടായി. അവനെന്നെ നോക്കിയ നോട്ടം!’
ആദ്യദിവസത്തെ തീവ്രാനുഭവങ്ങൾ താങ്ങാനാവാതെ ലിഷ ആ ഇരുട്ടുമുറിയിലെ ഡസ്ക്കിൽ തല ചായ്ച്ചു. പെട്ടെന്ന് ഒരു ബോധോദയമുണ്ടായതു പോലെ എണീറ്റ് എന്നോടു ചോദിച്ചു.
‘നിൻ്റെ ക്ലാസ്സെങ്ങനെയുണ്ട്?’
ഞാനൊന്നും മിണ്ടാതെ ചിരിച്ചു. അവൾക്ക് കാര്യം മനസ്സിലായി.
‘ഔ! ഇതൊന്ന് തീർന്ന് കിട്ട്യാ മതി! എങ്ങന്യാ ഒരു മാസം ഇവടെ കഴിയാ?’
ലിഷ തലവേദനയുള്ളതു പോലെ നെറ്റി തിരുമ്മാൻ തുടങ്ങി.
‘ഒരു നല്ല ബാത്ത്റൂമും കൂടില്യ ഈ സ്കൂളില്.’ ലിഷ പരാധീനതകളുടെ കെട്ടഴിച്ചു.
‘നീ കാരണാ ഞാനിവിടെ ഓപ്ഷൻ കൊടുത്തത്.’ വീണ്ടും പരാതി.
ശരിയാണ്. ഞാനാണ് അവളെ നിർബന്ധിച്ചത്. കുറ്റപ്പെടുത്തലിൻ്റെ സ്വരത്തിൽ അവളതു പറഞ്ഞപ്പോൾ മറുപടി പറയാനാവാത്ത നിസ്സഹായതയിൽ ഞാൻ തല കുനിച്ചു.
ആ സ്കൂളിലെ മലയാളം ടീച്ചറിൽ നിന്ന് ഇടശ്ശേരിയുടെ ‘പള്ളിക്കൂടത്തിലേക്ക് വീണ്ടും’ എന്ന കവിത എടുക്കാനുള്ള അനുവാദം ഞാൻ ചോദിച്ചു വാങ്ങിയിരുന്നു. ഇടശ്ശേരിക്കവിതകൾ എനിക്കിഷ്ടമാണ്.
‘എനിക്കു രസമീ നിമ്നോന്നതമാം
വഴിക്കു തേരുരുൾ പായിക്കൽ..
ഇതേതിരുൾക്കുഴി മേലുരുളട്ടേ
വിടില്ല ഞാനീ രശ്മികളെ !
ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ-
തെന്തിനു ജീവിതപലഹാരം!’
എന്ന ഇടശ്ശേരി വരികൾ ഓർത്തു കൊണ്ട് ആത്മവിശ്വാസം വീണ്ടെടുത്ത് പിറ്റേ ദിവസം ആ ഒമ്പതാം ക്ലാസ്സ് ബിയിലേക്ക് ഞാൻ കടന്നു ചെന്നു. ഇന്ന് ഞാൻ തോൽക്കില്ല. ‘പളളിക്കൂടത്തിലേക്ക് വീണ്ടും’ മനഃപാഠമാക്കിയിട്ടുണ്ട്. സ്കൂളിൽ മലയാളം പഠിപ്പിച്ചിരുന്ന ലളിത ടീച്ചർ ചൊല്ലുന്നതു പോലെ ടെക്സ്റ്റ് മേശപ്പുറത്ത് മടക്കി വെച്ച് കവിത കാണാതെ ചൊല്ലി കുട്ടികളെ ഞെട്ടിക്കണം. ആ ഈണത്തിൽ മയക്കി അവരെ നിശ്ചലരാക്കണം. ആരാധനയോടെയുള്ള നോട്ടമേറ്റു വാങ്ങി ചൊല്ലൽ നിർത്തണം. ക്ലാസ്സ് റൂം അച്ചടക്കത്തെ കാറ്റിൽ പറത്തി കൊണ്ട് വേണമെങ്കിൽ ഒരു കയ്യടിയും ലഭിച്ചാൽ ബലേ ഭേഷ് !
ക്ലാസ്സിലേക്കു ചെന്ന എന്നെ കുട്ടികൾ അലസരായി നോക്കിയിരുന്നു. പുറകിലെ ചുവരിൽച്ചാരി നാൽവർ സംഘം നിർവികാരതയോടെ ഇരിക്കുന്നുണ്ട്.
അറ്റൻഡൻസ് എടുത്തു.
ക്ലാസ്സാരംഭിച്ചു.
കവിത ചൊല്ലാൻ തുടങ്ങി.
ആരാധന പോയിട്ട് ഒരു വികാരവുമില്ലാതെ അവരത് ഏറ്റുവാങ്ങി.
എനിക്ക് തോന്നിയ ആത്മനിന്ദ! എനിക്കവിടെ നിന്നും പുറത്തേക്കിറങ്ങി ഓടാൻ തോന്നി. ടീച്ചിംഗ് പ്രാക്ടീസ് സമയത്ത്, നമ്മുടെ ക്ലാസ്സ് നോക്കി വിലയിരുത്താൻ അപ്രതീക്ഷിതമായി അധ്യാപകർ വരും. ഏത് നിമിഷവും പൊട്ടിവീഴാവുന്ന ആ വിപത്ത് ഭയന്ന് ഞാനവിടെ നിന്നു. ഇറങ്ങിയോടിക്കൂടാ. സഹിച്ചേ പറ്റൂ.
കുത്തിയിരുന്ന് വരച്ച ചാർട്ടുകളിലൊന്നെടുത്ത് ഞാൻ ബോർഡിനു മുകളിലുള്ള ആണിയിൽ തൂക്കി .
ആദ്യ ദിനത്തെ സ്കൂളനുഭവങ്ങളുടെ ചിത്രങ്ങളും കവിതാശകലങ്ങളുമാണ് ചാർട്ടിൽ. കുട്ടികളുടെ ശ്രദ്ധ ക്ഷണിക്കലാണ് ലക്ഷ്യം. ആ ചാർട്ടിലൂടെ അവരുടെ മുന്നറിവു പരിശോധന നടത്തണം. (ഇങ്ങനെയൊക്കെയാണ് പഠിപ്പിക്കേണ്ടതെന്നാണ് അന്നത്തെ മൂഢവിശ്വാസം!)
പിന്നത്തെ ചാർട്ട് നൂതനപദങ്ങളുടെ അർത്ഥമെഴുതിയതാണ്.
തികച്ചും ‘അർത്ഥശൂന്യമായ ‘ആ പ്രവൃത്തി കുട്ടികൾ ഗൗനിച്ചതേയില്ല. ക്ലാസ്സിനെ ഭയപ്പെടുത്തി ബഹുമാനം വളർത്താൻ എൻ്റെ കയ്യിൽ ഒരു വടി ആരോ തന്നിട്ടുണ്ട്. ഞാനാ വടിയെടുത്ത് ആഞ്ഞ് മേശയിലടിച്ചു.
ഒറ്റനിമിഷത്തെ നിശ്ശബ്ദത !
വീണ്ടും പഴയപോലെ ബഹളം തന്നെ. ഏറ്റവും പുറകിൽ നിന്നാണ് കൂടുതൽ ബഹളം. നാൽവർ സംഘം എന്തോ ഗംഭീര ചർച്ചയിലാണ്.എനിക്ക് ദേഷ്യം കൊണ്ട് വിറ വരുന്നതു പോലെ തോന്നി. ഞാൻ പാഞ്ഞ് പുറകിലേക്കു ചെന്നു. ക്ലാസ്സ് പെട്ടെന്ന് ശാന്തമായി.ഒരു അലർച്ചയുടെ സ്വരത്തിൽ ഞാൻ ചോദിച്ചു.
‘നിങ്ങളെന്തിനാണ് സ്കൂളിൽ വരുന്നത് ?’
അവരൊന്നും മിണ്ടിയില്ല. നനുത്ത മീശക്കാരൻ എന്നെ തുറുപ്പിച്ചു നോക്കുന്നുണ്ട്. ഞാൻ ആ നോട്ടത്തെ നോട്ടം കൊണ്ടെതിരിട്ടു.
‘ക്ലാസ്സിൽ മര്യാദക്കിരിക്കാൻ പറ്റുമെങ്കിൽ ഇരുന്നാ മതി!’
ഞാനവൻ്റെ മുഖത്തു നോക്കിക്കൊണ്ടാണ് പറയുന്നത്.
‘ഇതിനാണോ വീട്ടീന്ന് പറഞ്ഞു വിടണത്? ഇങ്ങനെ ബഹളം വെച്ചാൽ ഞാനെങ്ങനെ ക്ലാസ്സെടുക്കും?’
എൻ്റെ അസ്തിത്വദുഃഖത്തെ പുല്ലുപോലെ അവഗണിച്ച് അവൻ തിരിച്ചടിച്ചു.
‘നല്ല ക്ലാസ്സാച്ചാ ബഹളം വെക്കാൻ തോന്നില്ല!’
ഞാനൊന്ന് പതറി. തലയ്ക്കടിയേറ്റതു പോലെ!
എൻ്റെ ആത്മാഭിമാനത്തിനു നേരെ അവൻ ആഞ്ഞ് വീശിയ ആ വാൾ ദുർബലമായി ഞാൻ തടയാൻ ശ്രമിച്ചു. എനിക്കീ സന്ദർഭത്തെ അതിജീവിച്ചേ മതിയാകൂ. ഇവനെ ശരിയാക്കിയേ പറ്റൂ.
‘താനാണോ എൻ്റെ ക്ലാസ്സ് നോക്കി മാർക്കിടുന്നത്?’
അവൻ മിണ്ടിയില്ല.
‘എവിടാ തൻ്റെ വീട്?’
അവൻ വീണ്ടും മൗനം തന്നെ!
‘വീട്ടിലുള്ളോരോടൊക്കെ ഇങ്ങനെ തന്നാവും ലേ പെരുമാറ്റം ?’ അങ്ങേയറ്റം നിന്ദയോടെയാണ് എൻ്റെ ചോദ്യം .അവൻ്റെ നിശ്ശബ്ദത എൻ്റെ ആവേശമുയർത്തി. അൽപ്പം പതറിയിട്ടുണ്ടവൻ. ആ പതർച്ചയിൽ ചവിട്ടി എനിക്ക് മുന്നോട്ടു കുതിക്കണം.
‘ചോദിച്ചതു കേട്ടില്ലേ? തൻ്റെ വീടെവിടാന്ന്?’
എന്നെയൊന്ന് തറപ്പിച്ചു നോക്കി അവൻ പറഞ്ഞു.
‘വീടില്ല’
തർക്കുത്തരമാണ്. ഏതു വിധേനയും എന്നെ അപമാനിക്കലാവണം ഉദ്ദേശം.
‘വീടില്ലാണ്ട്? പിന്നെ കാട്ടീന്നാ വരണേ?’ പ്രാസമൊപ്പിച്ചുള്ള ചോദ്യത്തിൽ അവൻ പതറണം എന്നതാണ് എൻ്റെ ലക്ഷ്യം.
‘അല്ല… സദനത്തീന്നാണ്!’
‘സദനോ?’ ഞാൻ പുരികം ചുളിച്ചു.
‘അവൻ അനാഥാലയത്തീന്നാ ടീച്ചറേ വരണേ.’ തൊട്ടുമുമ്പിലുള്ള ബഞ്ചിലെ കുട്ടി പതുക്കെ പറഞ്ഞു. അതുകേട്ട് അവന് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും ഉണ്ടായില്ല. അവൻ നിസ്സംഗനായി ഇരുന്നു. പതറിയത് ഞാനാണ്. എൻ്റെ മുഖമാണ് വിളർത്തത്.
‘ഇരിക്ക്.’ അതും പറഞ്ഞ് ഞാൻ പെട്ടെന്ന് തിരിഞ്ഞു നടന്നു.
അവൻ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. ഇരിക്കുന്നവനോടാണ് ഞാനിരിക്കാൻ പറഞ്ഞത്. വാക്കുകളൊക്കെ അർത്ഥം നഷ്ടപ്പെട്ട് പാഞ്ഞു പോകുന്ന ചില സന്ദർഭങ്ങളുണ്ടാകുമല്ലോ. അതു പോലൊന്ന്! എനിക്കറിയില്ലായിരുന്നു… ആ സന്ദർഭത്തെ എങ്ങനെയാണ് ഞാൻ മുന്നോട്ട് കൊണ്ടു പോകേണ്ടതെന്ന് .എൻ്റെ കയ്യിലുള്ള ഏക അഭയം കേരളപാഠാവലി ടെക്സ്റ്റാണ്. പിന്നെ കുറേ ചാർട്ടുകളും. ഞാൻ ക്ലാസ്സെടുക്കാൻ തുടങ്ങി. പിന്നെ ശബ്ദമൊന്നുമുണ്ടായില്ല.
ആദ്യമായി സ്കൂളിലേക്ക് പോകാൻ യാത്രയാവുന്ന മകനെ കാണുമ്പോൾ കവിക്കുണ്ടാകുന്ന വികാരവിചാരങ്ങളാണ് ‘പള്ളിക്കൂടത്തിലേക്കു വീണ്ടും ‘ എന്ന കവിത. പൗഡറണിയിച്ച് മുടി ചീകി മകനെ യാത്രയാക്കുകയാണ് സഹോദരി. അത് കാണുമ്പോൾ കവി തൻ്റെ സ്കൂളിലെ ആദ്യാനുഭവം ഓർക്കുകയാണ്. ഈ രംഗത്തെത്തുമ്പോൾ കുട്ടികളോട് അവരുടെ അനുഭവം പങ്കുവെക്കാനാവശ്യപ്പെടാനിരുന്നതാണ് ഞാൻ. ആദ്യ ദിവസത്തെ സ്കൂളനുഭവങ്ങൾ ആവേശത്തോടെ അവർ പറയുന്നതു കേൾക്കാനിരുന്നതാണ്. ഒന്നിനും തോന്നിയില്ല.
ഏറ്റവും മോശം അധ്യാപികയായി ഞാനാ കവിതയെ ഓപ്പറേഷൻ പോലെ കീറി മുറിച്ചു. ഓരോ വാക്കിൻ്റേയും അർത്ഥവും നാനാർത്ഥവും പര്യായവും പറഞ്ഞ് ക്ലാസ്സെടുത്തു. ഒരു മരവിച്ച ക്ലാസ്സ്! കൊണ്ടുവന്ന ചാർട്ടുകൾ തുറക്കാൻ തോന്നിയില്ല. പരിലാളനകളുടെ ചിത്രങ്ങളാണതിൽ. അച്ഛനമ്മമാരുടെ സ്നേഹലാളനകളെക്കുറിച്ച് പറയുമ്പോൾ ചൊല്ലാനായി ഒരു കവിത കൂടി പഠിച്ചു വെച്ചിട്ടുണ്ട്. ഒമ്പതാം ക്ലാസ്സുകാരന് പറ്റിയ വരികളൊന്നുമല്ല. അത് ആരുടെ വരികളാണെന്നോർമ്മയില്ല. എവിടന്നോ വായിച്ചതാണ്.
‘പഴം പഴം എന്നുണ്ണി കരഞ്ഞു
പഴം കൊടുത്താളമ്മ.
പൊളിച്ചു നൽകണമെന്നായുണ്ണി
പൊളിച്ചു നൽകീ അമ്മ.
മുറിച്ചു നൽകണ,മുണ്ണി കിണുങ്ങി
മുറിച്ചു നൽകീ അമ്മ.
കശണം കശണമിതാക്കിത്തരണം
കഷണിച്ചമ്മ കൊടുത്തു.
മുറിച്ചതല്ലാ, മുഴുവൻ പഴമൊ-
ന്നെനിച്ചു തായെന്നുണ്ണി.
കരഞ്ഞു വീണ്ടും, കുലയിൽ നിന്നൊ-
ന്നിരിഞ്ഞു നൽകീ അമ്മ.
ഇതു വേണ്ടിതു വേ,ണ്ടമ്മ മുറിച്ചൊരു
പഴമൊന്നാക്കിത്തായോ..
കരച്ചിലങ്ങനെ മൂത്തു, കേട്ടി –
ട്ടരിശം കേറിയൊരച്ഛൻ
മുഴുത്ത ചൂരൽപ്പഴത്തിലൊന്ന-
ത്തുടയ്ക്കു കുഞ്ഞിനു നൽകീ .
അച്ഛൻ നൽകിയ പഴം നുണഞ്ഞി –
ട്ടുണ്ണി മയങ്ങിയുറങ്ങി.’
പി.ഭാസ്കരൻ്റെ ‘ആദ്യവിദ്യാലയ’വും ആശാൻ്റെ വരികളുമെല്ലാം മനസ്സിലുണ്ട്. ഒന്നും ചൊല്ലാൻ തോന്നിയില്ല. കവിതയിലെ വരികൾ അർത്ഥരഹിതമാവുന്ന ചില ജീവിത സന്ദർഭങ്ങളുണ്ടല്ലോ. ക്ലാസ്സ് കഴിഞ്ഞ് ഞാൻ ഇരുട്ടുമുറിയിലേക്ക് ചെന്നപ്പോൾ അവിടെ ലിഷയിരിപ്പുണ്ട്. നിരാശ നിറഞ്ഞ മുഖത്തോടെ. എന്തെങ്കിലും ആവലാതി പറയാനാവണം എന്തും കേൾക്കാൻ സന്നദ്ധയായി ഞാനാ ബെഞ്ചിലിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ അവൾ പറഞ്ഞു.
‘എന്തോരം കഷ്ടപ്പെട്ടിട്ടാലേ ചില കുട്ട്യോള് പഠിക്കാൻ വരണേ.’
ഞാനവളെ നോക്കി. അനുഭവങ്ങൾക്ക് എത്ര സമാനത…
‘ഉച്ചക്കഞ്ഞി കിട്ടാനായിട്ടാ പല കുട്ടികളും ഇവടക്ക് വരണത്. അവർക്ക് മനസ്സിലാവോ ഉളളൂരിൻ്റെ പ്രേമസംഗീതം?’
ഞാനൊന്ന് ചിരിച്ചു. അവളും. അവളെടുക്കേണ്ടത് പ്രേമസംഗീതമാണ്. ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ! എന്ന വരികളിൽ തുടങ്ങുന്ന ഉള്ളൂർക്കവിത !
‘പ്രേമമൊന്നുമല്ല…. വിശപ്പാണ് മതം!’
ആ തത്വചിന്ത കേട്ട് ഞാനന്തം വിട്ടിരുന്നു. പുറത്തേക്ക് നോക്കിയപ്പോൾ അവിടെ കുറേ കുട്ടികൾ ഓടിക്കളിക്കുന്നു. മുഷിഞ്ഞ യൂണിഫോം ധരിച്ചവർ !ആ മുഷിഞ്ഞ ചുവരിനോട് ഇണങ്ങിച്ചേരുന്നവർ!
ഒരു മാസം കൊണ്ട് ഞങ്ങൾ പലതും പഠിച്ചു. ഒരു ബി.എഡ്.സിലബസ്സിലുമില്ലാത്ത പല പാഠങ്ങൾ. അനുഭവങ്ങളിലൂടെ പഠിച്ച പാഠങ്ങൾ. അധ്യാപകർ ക്ലാസ്സ് വിസിറ്റ് നടത്തുന്ന ദിവസം ഞങ്ങളുടെ പേടിസ്വപ്നമായിരുന്നെങ്കിലും ഭയപ്പെട്ട പോലൊന്നും സംഭവിച്ചില്ല. കുട്ടികൾ ബഹളം വെക്കാതെ ഏറ്റവും നിശ്ശബ്ദരായിരുന്ന് ഞങ്ങളെപ്പോലും അത്ഭുതപ്പെടുത്തി. നിശ്ശബ്ദരായിരിക്കണമെന്ന് ആവശ്യപ്പെടാതെ തന്നെ അവരത് പാലിച്ചത് ശരിക്കും അത്ഭുതമായിരുന്നു. ക്ലാസ്സ് വിലയിരുത്തി അധ്യാപകർ മടങ്ങിപ്പോയി.
ഒരു മാസത്തിനു ശേഷം സ്കൂളിലെ അവസാന ദിവസം. യാത്ര പറച്ചിലിൻ്റെ മൗനം ക്ലാസ്സിലെ ബഹളങ്ങളെ തോൽപ്പിച്ച് കനത്തു നിന്നു. ചിലർ ചില സമ്മാനങ്ങൾ കൊണ്ടു വന്നിരുന്നു. കാർഡുകൾ, കുഞ്ഞു പാവകൾ, കീ ചെയിനുകൾ, വളകൾ. അങ്ങനെയങ്ങനെ. ഓരോരുത്തരും കൊണ്ടുവന്ന സമ്മാനങ്ങൾ ഞാൻ വാങ്ങി മേശപ്പുറത്ത് വെച്ചു. തണ്ടോടു കൂടിയ ഒരു പിടി ആമ്പൽപ്പൂക്കൾ മേശപ്പുറത്ത് കൊണ്ടു വെച്ച് തിരിഞ്ഞു നടന്നത് അവനായിരുന്നു.’നല്ല ക്ലാസ്സല്ലെങ്കി ബഹളം വെക്കാൻ തോന്നും’ എന്ന അപ്രിയ സത്യം എൻ്റെ മുഖത്തു നോക്കി വിളിച്ചു പറഞ്ഞവൻ! രാജാവു നഗ്നനാണെന്ന് ഓർമ്മിപ്പിച്ചവൻ.
എനിക്കും അവനുമിടയിൽ മഹാത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. ഏറ്റവും പുറകിലത്തെ ബഞ്ചിൽ നിന്ന് അവരെ എഴുന്നേൽപ്പിച്ച് മുൻപിലിരുത്തി. അവൻ്റെ നിസ്സംഗനോട്ടങ്ങളെ ഞാനിടയ്ക്ക് ചിരി കൊണ്ട് എതിരേറ്റു. മറ്റു കുട്ടികളെ നോക്കുന്നതിനേക്കാൾ കൂടുതൽ അവനെ നോക്കി ക്ലാസ്സെടുത്തു. ക്ലാസ്സിൻ്റെ ഇടയ്ക്ക് ആ പേര് മനഃപൂർവ്വം ആവർത്തിച്ചു വിളിച്ചു ചോദ്യങ്ങൾ ചോദിച്ചു. ചിലപ്പോഴെല്ലാം അവൻ ഉത്തരം പറഞ്ഞു. മറ്റു ചിലപ്പോൾ അറിയില്ലെന്ന് ചുമൽ കുലുക്കി. ഇടയ്ക്കവൻ ഗത്യന്തരമില്ലാതെ എന്നോട് ചിരിച്ചു. അത്രയൊക്കെ അത്ഭുതങ്ങളേ നടന്നിരുന്നുള്ളൂ.
ആമ്പൽപ്പൂ വെച്ച് ഒന്നും പറയാതെ അവൻ തിരിഞ്ഞ് നടന്നപ്പോൾ ഞാനവൻ്റെ പേര് ചൊല്ലി വിളിച്ചു. അവൻ തിരിഞ്ഞു നോക്കി.
‘ഇതാർക്കാ?’ ഞാൻ ചോദിച്ചു.
‘ടീച്ചർക്കന്നെ… !’
മയമില്ലാത്ത ഒച്ചയിൽ അവൻ പറഞ്ഞു. ആദ്യമായാണോ അവനെന്നെ ടീച്ചറെന്നു വിളിക്കുന്നത്? ഓർമ്മയിൽ ടീച്ചറേന്ന സ്നേഹ വിളികളൊന്നും അവൻ്റേതായി അടയാളപ്പെടുത്തിയിട്ടില്ല.
‘ഒരു സമ്മാനം തരുമ്പോഴെങ്കിലും മുഖത്തു നോക്കി ഒന്ന് ചിരിച്ചൂടേ ?’
‘അതിന് ഞാനല്ല അത് പറിച്ചത്. അവരാ.. അവരുടെ സമ്മാനാ’ അവൻ അതും പറഞ്ഞ് പുറകിലത്തെ ബഞ്ചിലേക്കു കൈചൂണ്ടി ചിരിച്ചു. മനോഹരമായ ഒരു ചിരി !
‘പറിച്ചതാരായാലും തന്നത് താനല്ലേ?’ ഞാൻ ചിരിച്ചു. ബഞ്ചിൽ പോയിരുന്ന് ഡസ്കിലേക്കു കൈ നീട്ടി വെച്ച് അവനും തല കുനിച്ചിരുന്ന് ചിരിച്ചു.
വലിയ വൈകാരിക വിക്ഷോഭങ്ങളൊന്നും ആ പിരിയൽ ദിവസം ആർക്കുമുണ്ടായില്ല. നെഞ്ചിനകത്ത് എന്തോ ഒരു ഭാരം കെട്ടി നിൽക്കുന്നതു പോലെ എനിക്കു തോന്നിയെങ്കിലും ഞാനത് പ്രകടിപ്പിക്കാതെ സംസാരിച്ചു. അവരുടെ ഭാവി ജീവിതത്തിന് മംഗളങ്ങൾ നേർന്നു കൊണ്ടുള്ള ഒരു ക്ലീഷേ വിടപറയൽ ഞാൻ നടത്തി. അന്നു മാത്രം ഒരക്ഷരം മിണ്ടാതെ അവർ എൻ്റെ വാക്കുകൾക്കായി കാതോർത്തു. ബെല്ലടിച്ചപ്പോൾ സമ്മാനങ്ങളും ആമ്പൽപ്പൂക്കളും വാരിയെടുത്ത് ഞാൻ പുറത്തേക്ക് നടന്നു. അത്ര ഭംഗിയുണ്ടായിട്ടും ഗന്ധമില്ലാത്ത ആ പൂവ് ഞാൻ വെറുതെ മണത്തു നോക്കി. സ്നേഹത്തിൻ്റെ ഗന്ധം അതിൽ തങ്ങിനിൽക്കുന്നതു പോലെ….
അന്ന് സ്കൂളിൽ നിന്ന് പോരുമ്പോൾ അവനും കൂട്ടുകാരും പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. അവൻ താമസിക്കുന്ന സദനത്തിലെ വണ്ടി വരാൻ കാത്തു നിൽക്കുകയാവണം. ഇടയ്ക്ക് അവനതിൽ കയറിപ്പോകുന്നത് കണ്ടിട്ടുണ്ട്. എന്നെ കണ്ടപ്പോൾ അവൻ അടുത്തേക്കു വന്നു.
‘നാളെത്തൊട്ട് ഉണ്ടാവില്ലാലേ?’
‘ഉം…… സുഖായില്ലേ?’ ഞാൻ ചോദിച്ചു.
അവൻ നിഷേധിക്കുമെന്നാണ് എൻ്റെ പ്രതീക്ഷ.
‘ഉം’ അവൻ്റെ മൂളൽ ആ പ്രതീക്ഷയെ തകർത്തു.
‘നന്നായി പഠിക്കൂട്ടാ… നല്ല മാർക്കോടെ പത്താം ക്ലാസ്സ് പാസാവണം.’
‘ആ…. ‘അവൻ തല കുലുക്കി.
‘ടീച്ചർടെ അഡ്രസ്സ് തരോ? പാസ്സായാ അറിയിക്കാം.’
ഞാനൊരു കടലാസിൽ അഡ്രസ്സെഴുതിക്കൊടുത്തു. അവനത് വാങ്ങി പോക്കറ്റിലിട്ടു ‘പോട്ടേ ‘ന്നും പറഞ്ഞ് തിരിഞ്ഞു നടന്നു. ആ സമയത്താണ് എനിക്ക് ആ സ്കൂളീന്ന് പോകണ്ടാന്ന് ശരിക്കും തോന്നിയത്.
അവനെനിക്ക് കത്തൊന്നും അയച്ചില്ല. കുറച്ചു നാൾ അവനും ആ ക്ലാസ്സും ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു. ആ സ്കൂളിനു മുന്നിലൂടെ ബസ്സിൽ പോകുമ്പോൾ അവനെ ഓർമ്മ വരുമായിരുന്നു. ‘നല്ല ക്ലാസ്സാച്ചാ ബഹളം വെക്കാൻ തോന്നില്ല’ എന്ന വാക്ക് ബി.എഡിനു പഠിച്ച പാഠങ്ങളേക്കാൾ ആഴത്തിൽ ഉള്ളിൽ തങ്ങി നിന്നിരുന്നു. പിന്നെപ്പിന്നെ ഞാനവനെ മറന്നു. ഓർമ്മയും മറവിയും തമ്മിലുള്ള മൽപ്പിടുത്തത്തിനിടയ്ക്ക് ചില ഓർമ്മകൾ പരാജയപ്പെടുന്നതു പോലെ.
ഈയിടെ അവനെ വീണ്ടും ഓർമ്മ വന്നു. തൃശ്ശൂരിലെ സർക്കാർ സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും മറ്റും വിതരണം ചെയ്യുന്നതിൻ്റെ ധനസമാഹരണത്തിൻ്റെ കാര്യം പറഞ്ഞ് അനൂപ് വിളിച്ചപ്പോഴാണ് നഗരത്തിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന അനാഥാലയത്തിൽ നിന്നു വരുന്നവരെക്കുറിച്ച് പറഞ്ഞത്. അവരുടെ എണ്ണം അത്ര ചെറുതല്ലായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.
‘അവരിൽ പലർക്കും നല്ല ബാഗില്ല ടീച്ചറേ. കുടയും പുസ്തകങ്ങളും ഞങ്ങൾ കൊടുക്കുന്നുണ്ട്. ബാഗിൻ്റെ കാര്യം കൂടി ചെയ്യാൻ പറ്റുമോന്ന് ടീച്ചേഴ്സ് ചോദിച്ചു.’
’അത് നമുക്ക് നോക്കാം അനൂപേ.’
ഫോൺ വെച്ചപ്പോൾ കുറേ ആമ്പൽപ്പൂക്കൾ ഓർമ്മയിൽ വീണ്ടും തെളിഞ്ഞു.
മറവിയുടെ തിരശ്ശീല വകഞ്ഞു മാറ്റി വീണ്ടും അവൻ…
അവന് ബാഗുണ്ടായിരുന്നോ? കുടയുണ്ടായിരുന്നോ? അന്വേഷിച്ചില്ലല്ലോ ഞാൻ….
അവൻ പത്താം ക്ലാസ്സ് ജയിച്ചോ? ഇപ്പോ എവിടെയായിരിക്കും?