
ഓഗസ്റ്റ് 6: ഹിരോഷിമ ദിനത്തിൽ സിനിമയെ ഓർമ്മപ്പെടുത്തുന്നു
മനുഷ്യന്റെ ക്രൂരതയുടെ ഏറ്റവും വലിയ ഓർമ്മപ്പെടുത്തൽ. 1945- ആഗസ്റ്റ് 6 ന് ഹിരോഷിമയിലും പിന്നീട് ആഗസ്റ്റ് 9ന് നാഗസാക്കിയിലും പതിച്ച ആറ്റംബോംബുകൾ ലക്ഷക്കണക്കിന് ജീവനുകളെ നിമിഷനേരം കൊണ്ട് കവർന്നെടുത്തു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ ദുരന്തത്തിന്റെ മുറിവുകൾ ഇന്നും ലോകജനതയുടെ ഹൃദയത്തിൽ നിന്ന് മായാതെ നിൽക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ ലക്ഷങ്ങൾ കരിഞ്ഞില്ലാതായ ദിനം.
പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ദുരിതം മാറാതെ നിൽക്കുന്ന ഈ ക്രൂരത സാഹിത്യത്തിലും സിനിമയിലും പലവട്ടം ഏറെ വേദനയോടെ അവതരിക്കപ്പെട്ടു. ഈ വിഷയത്തെ ആസ്പദമാക്കി ഇതുവരെ ഇറങ്ങിയ സിനിമകളിൽ ഏറ്റവും ശ്രദ്ധേയമായ സിനിമയാണ് ഫ്രഞ്ച് ന്യൂവേവിന്റെ മുൻനിര സംവിധായകനായ അലൻ റെനെ (Alain Resnais) 1959-ൽ സംവിധാനം ചെയ്ത Hiroshima Mon Amour.

യുദ്ധത്തിന്റെ ഭീകരതയെ വ്യക്തിമനസ്സിന്റെ ആന്തരിക സംഘർഷങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു ഫ്രഞ്ച് നടിയും ജാപ്പനീസ് ആർക്കിടെക്ടും തമ്മിലുള്ള തീവ്രവും നൈമിഷികവുമായ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ, ഹിരോഷിമയിലെ ആറ്റംബോംബിന്റെ ദുരന്തത്തെ ചിത്രീകരിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ, മാർഗരറ്റ് ദുറാസിന്റെതാണ്. ഓർമ്മകളും മറവികളും കുഴഞ്ഞുമറിഞ്ഞ ദൃശ്യഭാഷയിലൂടെ, യുദ്ധം വ്യക്തികളിലും സമൂഹത്തിലും വരുത്തിവെച്ച മാറ്റങ്ങളെ ധൈഷണിക ഭാഷയിൽ ദൃശ്യവൽക്കരിക്കുന്നു. ഫ്രഞ്ച് ന്യൂവേവിന്റെ വ്യവസ്ഥാപിത സിനിമാ സങ്കല്പങ്ങളെ തകർത്തെറിഞ്ഞ ഈ ചിത്രം, വൈകാരികതയുടെ ക്ലോസപ്പ് ദൃശ്യങ്ങളിലൂടെ പ്രേക്ഷകന്റെ മനസ്സിൽ ആഴത്തിൽ പതിയുന്നു.
ഒരു ഫ്രഞ്ച് നടിയുടെ വ്യക്തിപരമായ ദുരന്തവും ഹിരോഷിമയുടെ സാമൂഹിക ദുരന്തവും തമ്മിൽ ചേർത്തുവെച്ച്, യുദ്ധത്തിന്റെ ആഘാതത്തിന്റെ തീവ്രതയെ റെനെ അവതരിപ്പിക്കുന്നു. നേരിട്ട് ദുരന്തത്തെ ചിത്രീകരിക്കുന്ന രീതിയല്ല ഇതിൽ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ജപ്പാനീസ് ആർക്കിടെക്റ്റായ എയ്ജി ഒക്കാടയും ഫ്രഞ്ച് നടിയയായ എമാനുവൽ റിവയും തമ്മിലുള്ള ആഴമുള്ള സംഭാഷണമാണ് ഈ ചിത്രത്തിന്റെ കാതൽ. രണ്ടാം ലോകയുദ്ധാനന്തരം ശേഷം ഹിറോഷിമയിൽ പ്രണയികളായിരുന്ന ഇരുവരും പിന്നീട് സുഹൃത്തുകളായി മാറുന്നു. നിരവധി മണിക്കൂറുകളിലായി, ഇരുവരും ഓരോരുത്തരുടെ പഴയ പ്രണയ അനുഭവങ്ങളും ജീവിതസ്മൃതികളും പങ്കുവെക്കുന്നു. അവരുടെ അനുഭവങ്ങളും വേദനയും അന്വേഷിക്കുന്ന ഈ സംഭാഷണങ്ങൾ ഹിറോഷിമയിൽ പതിപ്പിച്ച ആണവ ബോംബ് സൃഷ്ടിച്ച നാശത്തിന്റെ പശ്ചാത്തലത്തിൽ മറന്നുപോകാനാകാത്ത ജീവിതസ്മൃതികൾ, സ്മരണകളും സങ്കടങ്ങളും ഉൾക്കൊള്ളുന്ന ഒരു ചിന്താത്മക ചലച്ചിത്രാനുഭവമാണ് ഈ ക്ലാസ്സിക്ക് ചിത്രം നമുക്ക് തരുന്നത്. സ്‌നേഹത്തിന്റെ കാഴ്ചപ്പാടുകൾ വിചാരിച്ചുകൊണ്ടിരിക്കുന്ന അവരുടെ അതീത അനുഭവങ്ങൾ ഹിറോഷിമ എന്ന പൊള്ളലേറ്റ നഗരത്തിൽ വിചിത്രമായ ഒരു അനുഭവതലമായി മാറുന്നു. ചിത്രത്തിലെ ഒരു രംഗത്ത്, “നിനക്ക് പനിക്കുന്നുണ്ടോ?” ഈ ചോദ്യം, ഹൃദയത്തിന്റെ തീവ്രതയും വേദനയും സിനിമയുടെ ദൃശ്യഭാഷയിലൂടെ പ്രകടമാകുന്നു. Hiroshima Mon Amour യുദ്ധത്തിന്റെ മുറിവുകളെ മാത്രമല്ല, മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയെയും ഓർമ്മകളുടെ ഭാരത്തെയും ചിത്രീകരിക്കുന്ന കലാ സൃഷ്ടിയാണ് .

Alain Resnais
ജോർജ് ഡെലറുവും ജോവാനി ഫുസ്കോയും ചേർന്ന് ഒരുക്കിയ ചിത്രത്തിന്റെ സംഗീതം എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. പരമ്പരാഗത ചലച്ചിത്ര ഘടനകളെ തകർത്തെറിഞ്ഞ ഈ ഫ്രഞ്ച് ന്യൂവേവ് ചിത്രം, ഓർമ്മകളുടെ അവ്യക്തമായ ഒഴുക്കിനെ ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്നതു കൊണ്ടാണ് ഇന്നും ക്ലാസ്സിക്കായി നിലനിൽക്കുന്നത്. ലോകം കണ്ട ഏറ്റവും വലിയ ദുരന്തത്തിലൂടെ ഓർമ്മകളുടെ ശവപ്പറമ്പായി മാറിയ ഹിരോഷിമ ഈ സിനിമയിലൂടെ ചരിത്ര സത്യത്തെ അതിന്റെ ക്രൂരതയെ, ഏറ്റവും പക്വമായി, കലാപരമായി അവതരിപ്പിച്ചു. ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ ഈ സിനിമ മുന്നോട്ട് വെച്ച ഓർമ്മപ്പെടുത്തൽ യുദ്ധമുഖത്ത് നിൽക്കുന്ന ലോകം വീണ്ടും ചർച്ചയാവേണ്ടതുണ്ട്, സുരക്ഷക്ക് എന്ന പേരിൽ അണുബോംബുകൾ കാത്തു സൂക്ഷിക്കുന്നവരിലെ ഒരു നിമിഷത്തെ ചിന്താവ്യതിയാനം എത്ര വലിയ ദുരന്തമാണ് ഉണ്ടാക്കിയതെന്ന സത്യം കൂടി ഈ ദിനത്തിൽ എങ്കിലും തിരിച്ചറിയാനും അണുബോംബുകളല്ല സമാധാനമാണ് നമ്മുടെ സുരക്ഷ എന്നും എല്ലാ അധികാര മനസ്സുകളിലും ഉണ്ടാവട്ടെ.








