ഒരു മഴച്ചാറൽമാത്രം മതിയെനിക്കരു
മയോടെ നിന്നോർമ്മയിൽ മുങ്ങുവാൻ
ഒരു നിലാവെളിച്ചത്തിൻ്റെ നേരിലായ്
നിഴലുതേവുന്ന രാസങ്കടങ്ങൾ ഞാൻ.
മനസ്സു ചിന്നി പെടഞ്ഞൊരാ മിന്നലിൻ
തെളിച്ചമായി നിൻ പുഞ്ചിരി പൂത്തതും
തൊഴുതു നിൽക്കുന്ന പ്രണയമായ് ഭൂമിയും
കനവു തീ കായും കാലങ്ങൾ നമ്മളും..
എത്ര ഹ്രസ്വമാണോമലേയോർമ്മകൾ
അത്രമേൽ ശുഷ്കമാണോ പ്രണയവും
ശ്വാസനൂലിലായ് നാം കോർത്ത വാക്കുകൾ
ചോർന്നുപോയി,നാം നൂലിഴമാത്രമായി.
ഭൂമി തോർത്തിക്കഴിഞ്ഞെത്ര വർഷങ്ങൾ
എത്ര സ്വപ്നം കിളിർത്തു കൊഴിഞ്ഞു പോയി
അത്രമേൽ മാറി നമ്മളിന്നെങ്കിലും
ചുറ്റിലും വിരിയുന്നു, വസന്തങ്ങൾ
മധുരമേ,യോർക്ക നാം രണ്ടു കടലുകൾ
തിരകളിൽതിങ്ങി തീരത്തെ പുൽകിയോർ
വ്രണിതമാനത്തിൻ സങ്കടച്ചോർച്ചയാൽ
സ്വയം നിറഞ്ഞു നാമാഴങ്ങളായവർ.
കൈകളിൽ കോരി മുകർന്നു, നാമന്യോന്യം
തീർത്ഥമായൊരാ രാവു മാത്രം മതി,
ഓർത്തു വയ്ക്കുവാനോമലേ ;പോക
യാണോർമ്മയില്ലെങ്കിലില്ല, ഞാനേ,കനായ്..