ഓഷോയുടെ കണ്ണുകൾ

ആദ്യമായി ഞാൻ
എന്നെ കണ്ടത് ഓഷോയുടെ കണ്ണുകളിലായിരുന്നു.

അവ എൻ്റെ വാതിലുകളായിരുന്നു
ആത്മാവിലെ ഓരോ അണുവിൻ്റേയും സ്വാതന്ത്ര്യമായിരുന്നു.

എൻ്റെ ഓർമ്മയും മറവിയുമായിരുന്നു…
ശബ്ദവും മൗനവുമായിരുന്നു.

ഒരൊറ്റ നിമിഷം കൊണ്ട് എൻ്റെ
ജനനവും മരണവും നടന്നിരുന്നു.

അവിടെ ഒരു ചുമർ ചിത്രത്തിലെന്നപോലെ
ഞാൻ ഉറഞ്ഞു കിടന്നിരുന്നു.

നയനഗോളങ്ങളിൽ ഞാൻ
ഊഞ്ഞാലാടിയിരുന്നു

അവിടെ ഞാൻ കണ്ണീർത്തുള്ളി
മാലകൾ തീർത്തിരുന്നു

അവിടെ രണ്ടു തവിട്ടന്നങ്ങൾ
ഒഴുകി നടന്നിരുന്നു.

പ്രകാശത്തിൻ്റെ നേർ പാതയിൽ
മഴവില്ലായി വിരിഞ്ഞിരുന്നു.

ഒരൊറ്റ നോട്ടം കൊണ്ട്
എൻ്റെ നാഭിച്ചുഴികളിലെ
പരൽമത്സ്യങ്ങൾ കണ്ണുചിമ്മിയിരുന്നു.

ജീവൻ്റെ പല നിറങ്ങൾ
വേഗത്തിൽ ചുറ്റിയെടുത്ത്
ശുഭ്രമാക്കിയിരുന്നു.

ഉറച്ചനിലത്തേക്കുള്ള
എൻ്റെ വേരോട്ടങ്ങളെ
തീഷ്ണമാക്കിയിരുന്നു.

കരുണയുടെ ചൂടിൽ എൻ്റെ
നന്മയുടെ വിത്തു മുളച്ചിരുന്നു .

ആ കണ്ണുകളിലെ വസന്തവനികളിൽ
ആനന്ദഭൈരവിയിലാറാടിയിരുന്നു.

മഴയുടെ സംഗീതത്തിൽ ഞാൻ
നനഞ്ഞു കുതിർന്നിരുന്നു.

നിറമൗനത്തിൻ്റെ അഗാധതയിൽ
ഞാൻ വിലയം പ്രാപിച്ചിരുന്നു.

അത്
പ്രകാശവർഷങ്ങൾക്കപ്പുറമായിരുന്നു.

ആ കണ്ണുകളിലൂടെ ഞാൻ
നക്ഷത്രങ്ങളിലേക്ക് യാത്രയായിരുന്നു

കറുകനാമ്പിലെ മഴമുത്തു പോലെ,
ആ കണ്ണുകളിൽ
ഒരു ചിരി വൈഢൂര്യമായി തിളങ്ങി നിന്നിരുന്നു

അവിടെ ഒരു മഞ്ഞിൻ കണം
അലിഞ്ഞില്ലാതെയായിരുന്നു
അത് ഞാനായിരുന്നു .

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.