
അന്തിപ്പൊൻവെട്ടം ചിന്നും
ചെമ്പാവു പാടങ്ങളിൽ
പൂങ്കാറ്റു തൊട്ടപ്പോഴാ
ചിങ്ങത്തിന്നഴക് നിരന്നു.
പുഞ്ചിരിപ്പൂപ്പാടങ്ങൾ
കൊയ്തെടുത്തൊരുക്കുന്ന
വാസന്തതിലകങ്ങൾ
തിരുമുറ്റത്തിൻ മദ്ധ്യേ
നോമ്പു നോറ്റുണരുന്ന
അത്തപ്പൂക്കളങ്ങളിൽ
മാവേലിത്തമ്പ്രാനായി
പൂവേ പൊലി പൂവിളിയെങ്ങും.
സ്നേഹമാണോണ
മെന്നോർക്കുന്നെൻ കുട്ടിക്കാലം.
നേരിന്റെയടരുകളെന്നും
വാക്കിലും കർമ്മത്തിലുമേ..
അന്യോന്യം കൈത്താങ്ങായി
ജീവിതം വെന്നൊരു നാട്..
എല്ലാരും സമൻമാരായി
സന്തോഷം പങ്കിട്ടാർന്നേ
രാപകലാഘോഷമാണാ –
ബാലവൃദ്ധം,ജനം.
അയലത്തെ വിളക്കെന്റെ
മുറ്റത്തെയിരുട്ടിനെ
അലിയിച്ചെടുക്കാനായി
തിരി നീട്ടി നിൽക്കുവാർന്നേ
ആരാനും വിതുമ്പിയാൽ
നാടാകെ തേങ്ങും കാലം
ഇല്ലായ്മ പോലും പങ്കിട്ടെ
ടുക്കും നാട്ടാരാർന്നേ…
അത്തരം നാടുണ്ടാർന്നേ….
അത്തരം നാവുണ്ടാർന്നേ…
അന്നൊക്കെ കുഞ്ഞിപ്പൈതൽ
കൊഞ്ചിയാലാർപ്പോയാർന്നേ…
ചുറ്റിലും തണൽ തൂവി
മരങ്ങൾ നിരന്നാർന്നേ…
കൊമ്പുകൾ കനി പേറി
കുനിഞ്ഞു തൊഴുതാർന്നേ..
അത്തരം നാടുണ്ടാർന്നേ
അത്തരം നാവുണ്ടാർന്നേ…








