വേനലിൽ വർഷം കൊരുത്തഴിയുമ്പൊഴേ –
ക്കോർമ്മ പുതുക്കുവാനോണമെത്തും.
ആരും ക്ഷണിക്കാതെ,യെന്തോ മറന്ന പോൽ
ആവണിപ്പൂന്തെന്നലോടിയെത്തും.
മുറ്റത്തും ചുറ്റും വിടർന്ന കുസുമങ്ങൾ
അത്തം പുലരാൻ കൊതിച്ചു നിൽക്കും
പത്തുനാൾ പത്തു വർണ്ണങ്ങളിൽ പൂക്കളം
തിങ്ങി നിറയും സൗരഭ്യമായി.
ആരെയും തീണ്ടാതെ വേലിക്കലപ്പോഴും
കാക്കാത്തി പൂവിട്ടു നിന്നിരുന്നു.
കാശാമ്പൂ, കണ്ണാന്തളിപ്പൂവുമൊക്കെയും
വേലിക്കൽ നിന്നിട്ടാക്കാഴ്ച കണ്ടു.
ഓണനിലാവിൻ ഞൊറികളിലായിരം
പുത്തൻ മണങ്ങളുലഞ്ഞിരുന്നു.
നാക്കിലത്തുമ്പിലും പുത്തനുടുപ്പിലും
ഓണത്തെയെത്തിപ്പിടിച്ച ബാല്യം.
തെക്കെപ്പറമ്പിലെ തേന്മാവിൻ കൊമ്പത്തു
ചില്ലാട്ടമായുന്നൊരോർമ്മയോണം.
ആയത്തിലങ്ങേത്തലയ്ക്ക,ലില
തൊടാൻ
ആർപ്പുവിളിയോടെ പന്തയങ്ങൾ.
പ്രാണൻ കടഞ്ഞു മെതിച്ച പൊലിവേന്തി
വേർപ്പിൻ വഴിയിലെ പാച്ചിലോണം.
ചെമ്മണ്ണു പാറുന്നൊരോണപ്പകലിലും
ഊണൊരുക്കാനായി വേവുന്നവർ
ഒക്കത്തുകുഞ്ഞു നിലവിളി കോർത്തിട്ടു
ഓണത്തിൻ നേർക്കുവിശപ്പു വന്നോ?
കാക്കാത്തിയാണവർക്കോണം വന്നീടു വാൻ
കാലങ്ങളേറെയെടുക്കുമെന്നോ…..
വാമനൻമാരായളന്നെടുക്കെന്നെന്നും
കാഴ്ചയും കേൾവിയും നാവുകളും…
കാലങ്ങളേ നിങ്ങൾ കാതോർത്തിരിക്കുക
ആണ്ടുപോയോർക്കുള്ളൊരുത്സവമായ്…