പഴയൊരോട്ടോഗ്രാഫിൻ
നിറം മങ്ങിയതാളിൽ
ഉതിർന്നു കിടക്കുന്നു
ഓർമ്മതൻ വസന്തങ്ങൾ.
പ്രിയം തൊട്ടെഴുതിയ
സന്ദേശങ്ങൾ; പകൽ
വെട്ടത്തിൽ ചിരി-
തൂവുന്ന വാക്കിൻ പൂക്കൾ
വിടർന്ന വേനൽപ്പാളി
മെല്ലവെ നീക്കി മഴ
വരുമ്പോൾ പൊഴിയുന്ന
ഇലകൾ പോലെ വഴി-
പിരിഞ്ഞോർ പല ദിക്കിൽ
കൂടുകൂട്ടിയോരവർ.
തിരഞ്ഞാൽ പോലും
കണ്ടുകിട്ടാത്ത മുഖമുള്ളോർ
അവരെയുണർത്തിയ
ഓട്ടോഗ്രാഫ് ശരത്ക്കാല-
മുണരും ഋതു പോലെ
അഗ്നി പോൽ തിളങ്ങുന്ന
സ്മൃതി, ഇതേപോൽ
സ്നേഹം നിറഞ്ഞവഴി,
പണ്ടു നടന്നവഴി
കിളിക്കൂട്ടങ്ങളായി
ചിറകടിച്ചു പറന്നൊരു
വഴിമുന്നിലായ്, പക്ഷെ
ഇന്നത് ശൂന്യം.
ഹൃദയം ചുംബിച്ചൊരു
വാക്കിന്റെ തീരത്തിലായ്
സ്മൃതിയിൽ കുരുക്കിട്ട്
കാലത്തിൻ മുന്നേറ്റങ്ങൾ
എങ്കിലും എടുത്തുഞാൻ
പുസ്തക്കൂട്ടിൽ നിന്നും
പണ്ടത്തെയോട്ടോഗ്രാഫിൻ
സുവർണ്ണ ലിഖിതങ്ങൾ.
അവയിലുയരുന്നു
പണ്ടേതോ കാലത്തിന്റെ
സ്മൃതിയെ കൈയാൽ തൊട്ട
ചന്ദനക്കുളിർ, പൊട്ടിച്ചിതറി-
ച്ചിരിക്കുന്ന മഴതൻ
മൺഗന്ധങ്ങൾ.