അകത്താണ് ഓട്ടം
പുറത്തല്ല
പുറത്തോടിയാൽ
എത്ര കിലോമീറ്റർ
താണ്ടിയിരിക്കാം!
അടുക്കളയിൽ നിന്നും
കുളിമുറിയിലേക്ക്
അലക്കുകല്ലിൻച്ചോട്ടിലേക്ക്
കുളിമുറിയിൽ നിന്നും
അമ്മിച്ചോട്ടിലേക്ക്
മരുന്ന് മണമുള്ള അമ്മയുടെ
മുറിയിലേക്ക്
പല്ലുതേപ്പിക്കണം,
കഞ്ഞി കുടിപ്പിക്കണം,
കുളിപ്പിക്കണം
ചാരുകസേരയിൽ നിന്നും
അച്ഛൻ്റെ കൽപ്പനകൾ
ചായയെവിടെ?
കാപ്പിയെവിടെ?
ഒന്നുമായില്ലേ…?
മകൾ സ്കൂൾ വിട്ടുവന്നാൽ
വീടുമുഴുവനും ചുറ്റികറങ്ങണം
ഭർത്താവെത്തിയാൽ
കുളിച്ചൊരുങ്ങി
അണിഞ്ഞൊരുങ്ങി
നിൽക്കണം
സൽക്കരിക്കണം
കഴുകണം, തുടയ്ക്കണം,
അലക്കണം, പായവിരിക്കണം, തഴുകണം, തലോടണം
പ്രാതലിന്
അച്ഛന് ഉപ്പുമാവ്
അമ്മയ്ക്ക് പൊടിയരി കഞ്ഞി
ഭർത്താവിന് പുട്ടും കടലയും
മകൾക്കു ന്യൂഡിൽസ്
അടുക്കളയിൽ അരി വെന്തമണം.
കരിഞ്ഞ പരിപ്പു മണം
കരയരുത്,
കരിയരുത്,
കറിയിൽ ഉപ്പില്ല,
ഉപ്പുകൂടി,
വെന്തില്ല,
വേവുകൂടി
മുളകുകഷായമാണല്ലോ…?
എച്ചിൽ പാത്രങ്ങൾ
അടുക്കളയിൽ കലപിലകൂട്ടുന്നു.
ദേ..ഇബടെയൊന്ന്…
ദേ…അവടെയൊന്ന്…
ഒരു മുറിയിൽ നിന്നും
പലമുറികളിലേക്ക് ഓട്ടം
പുറത്തു കാണാറില്ലല്ലോ?
അകത്തമ്മ ചമഞ്ഞിരിക്കുകയാണല്ലെ!
ഉറക്കമാണല്ലേ!
സീരിയലു കണ്ട് രസിക്കയാണല്ലേ!
ഒന്നു പുറത്തിറങ്ങി കൂടെ !
നാലാളോട് വർത്താനം പറഞ്ഞൂടെ!
അകത്തെന്താ ഇത്ര പണി അവൾക്ക്?
ചോദ്യശരങ്ങൾ…!
അയൽപക്കം കുശുകുശുക്കുന്നു.
ഇല്ല, ഒരു പണിയുമില്ല.
അകത്തുള്ള ഓട്ടം ആരറിയുന്നു
രസിക്കയാണത്രെ അവൾ.
എപ്പോൾ?
ഉറക്കമാണത്രെ!
ഉറങ്ങിയിട്ടുണ്ടോ
സമാധാനത്തോടെ
എപ്പോഴെങ്കിലും!