പ്രണയിനിയോടുള്ള പ്രണയപ്രളയത്തിന്റെ മദ്ധ്യേ ഉണ്ടാകുന്ന പ്രതിക്രിയയാണത്രേ പിണക്കം. പിണക്കവും പ്രണയവും ഒരമ്മ പെറ്റ മക്കളാണെന്നാണ് അവളുടെ മതം. ഓരോ പിണക്കത്തിനുശേഷവും ഡാം തുറന്നുവിടുന്നപോലെ പ്രേമം ആർത്തലച്ചു വരുമത്രെ. അങ്ങനെയാണ് നാം നമല്ലാതായിത്തീരുന്നത്.
ഓക്സിജനും ഹൈഡ്രജനും ചേർന്നാൽ രണ്ടിന്റെയും രൂപമില്ലാത്ത ജലം ഉണ്ടാകുന്നപോലെയാണ് ഞങ്ങളുടെ പിണക്കങ്ങൾ. പരിസരങ്ങളിൽ നിന്നുകിട്ടുന്ന വികാരവിചാരങ്ങളാകുന്ന അസംസ്കൃത വസ്തുക്കളാൽ നിർമ്മിതമാകുന്ന ഒരു ഉത്പന്നമാണ് ഞങ്ങൾക്കത്. അവൾ അവളുടെ ഭാഗവും ഞാൻ എൻറെ ഭാഗവും പറയുന്ന പാർലമെന്റേറിയൻ അൺപാർലമെന്റേറിയൻ തർക്ക വിതർക്കങ്ങൾ. ഞാനാണ്, ഞാൻ മാത്രമാണ് ശരി എന്ന് അറിയാതെയും അറിഞ്ഞും തുള്ളിത്തുളുമ്പുന്ന അഹംഭാവത്തിൻറെയോ ഫാസിസത്തിന്റേയോ ഘർഷണം. പിന്നെ മനസ്സിന് കിതപ്പ്, വിഭീഷണ ചിന്ത, പശ്ചാത്താപം. ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെയും ദാമ്പത്യജനാധിപത്യം.
അന്നും അത് സംഭവിച്ചു. പ്രണയ പ്രളയത്തിലെ നൗക ഒന്നുലഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്‌ത് ഞാൻ അൽ ബയാൻ ടവറിന്റെ നാലാം നിലയിലെ മുറിയിൽനിന്നും പുറത്തേക്കിറങ്ങി. ലിഫ്റ്റിനുമുന്നിൽ ശബരിമല സീസണിൽ നാട്ടിലെ കെ. എസ്. ആർ. ടി. സി. ബസ്സ് സ്റ്റാൻഡിൽ അനുഭവപ്പെടുന്നപോലെ തിക്കും തിരക്കും. നടക്കാൻ എല്ലാവർക്കും മടിയാണ്. ഒരു ബട്ടൺ അമർത്തലിൽ ലക്ഷ്യത്തിലെത്തണം. താഴേക്ക് നടന്ന് പടവുകൾ ഇറങ്ങവേ ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞുനോക്കി.
“മ്യാവൂ…”
ഈ ഭൂമികയിൽ ഞാൻ ആകെ കേൾക്കുന്ന മൃഗശബ്ദം. സത്യത്തിൽ പൂച്ചയ്ക്ക് മനുഷ്യനുമായി എന്തെങ്കിലും സാമ്യവും ഉണ്ടോ? രാത്രി പൂച്ച ഇണയെ കാണുമ്പോളോ പ്രതിയോഗികളുമായി വാദപ്രതിവാദം ചെയ്യുമ്പോളോ കുഞ്ഞുകുട്ടികൾ കരയുന്നപോലെ ശബ്‌ദം കേൾക്കാറുണ്ട്. എങ്കിലും പൂച്ചകളുടെ സ്ഥായിയായ ഭാഷ ‘മ്യാവൂ’ എന്നത് തന്നെയാണ്. വികാരാവേശം വരുമ്പോൾ ഉപയോഗിക്കുന്നത് സ്വന്തം ഭാഷ ആകണമെന്നില്ലല്ലോ.
ഞാൻ ശബ്ദത്തിനു നേരെ കയ്യൊന്ന് നീട്ടി. പൂച്ച നമ്രശിരസ്‌കയായി നിന്നു. പിന്നെ മുഖം ഒന്നുയർത്തി, ഒരു ഞരക്കം. വെളുത്ത് തുടുത്ത സുന്ദരിപ്പൂച്ച എന്നോട് പ്രേമം പ്രകടിപ്പിക്കുകയാണോ? വെളുത്ത ശരീരത്തിൽ, തലയിൽ തുടങ്ങി വയറിലേക്ക് നീണ്ടുപോകുന്ന കറുത്ത പുള്ളികൾ. ഇരുട്ടിലും പ്രകാശിക്കുന്ന കണ്ണുകൾ. ഞാൻ ടവറിന്റെ പുറത്തേക്ക് ഇറങ്ങി വലിയ പടവിൽ ഇരുന്നു. ഖിസൈസിലെ ഷെയ്ഖ് കോളനിയിലെങ്ങും ദീപാവലി വർണ്ണം വാരിവിതറുന്ന കോൺക്രീറ്റ് സമുച്ചയങ്ങൾ. പടവിൽ ഇരുന്നപ്പോൾ മ്യാവൂ സുന്ദരി എന്നെ പറ്റിച്ചേർന്നു നിന്നു. ഞാൻ തലയിലൊന്ന് തലോടിയപ്പോൾ സ്വപ്നലോകത്ത് എത്തിയപോലെ അവൾ വട്ടം കറങ്ങി, പിന്നെ വാലുയർത്തി. ഇന്ദ്രസദസ്സിലെ നർത്തകിമാരുടെ പ്രകടനം പോലെ അംഗവിക്ഷേപങ്ങളാൽ സമ്പന്നയായി. “ജൂക് ജൂക്” നാക്കുകൊണ്ട് ഉണ്ടാക്കിയ ശബ്ദത്താൽ ഞാൻ അവളോട് സംവദിക്കാൻ ശ്രമിച്ചു. ഗ്രാമപച്ചയിൽ നിന്നും കടംകൊണ്ടതാണ് ഇത്തരം ശബ്ദങ്ങൾ. കോഴിയോടും, പശുവിനോടും, ആടിനോടും എല്ലാം സംസാരിക്കാൻ നിഘണ്ടുവിൽനിന്നും ശീലക്കാത്ത ഇത്തരം ചില വാക്കുകൾ മതി. വ്യാകരണമില്ലാത്ത ഭാഷയ്ക്കുടമകളാണ് അവരൊക്കെ. ഇപ്പോൾ ഇവിടെ ദുബായ് നഗരത്തിൽ എന്നോട് മുട്ടിയുരുമ്മി നിൽക്കുന്ന ഈ പൂച്ചയ്ക്കും ജീവിച്ചുപോകാൻ ‘മ്യാവൂ’ എന്ന ഒരേയൊരു വാക്കുമാത്രം മതി. ഞാനാകട്ടെ നൂറുകണക്കിന് പദസമ്പത്ത് വിവിധ ഭാഷയിൽനിന്ന് കരഗതമാക്കിയിട്ടുണ്ടെന്ന് അഹങ്കരിക്കുന്നുവെങ്കിലും മനസ്സിലുള്ളത് വ്യക്തമായി ലോകത്തോട് ഇന്നേവരെ വിളിച്ചുപറയാൻ കഴിയുന്നില്ല. ആദ്യമായി എനിക്ക് പൂച്ചകളോട് ബഹുമാനം തോന്നി. കേവലം ‘മ്യാവൂ’ എന്ന ഒരേയൊരു വാക്കുകൊണ്ട് ജീവിക്കുന്ന ജീവി!
വീട്ടിലെ അമ്മിണിപ്പശുവിനെ ഞാൻ ഓർത്തു. അവൾ മിണ്ടുകയേ ഇല്ലായിരുന്നു. മൂക്കിൽ നിന്നുയരുന്ന ശ്വാസോശ്ചാസത്തിലെ ശബ്ദവ്യത്യാസങ്ങളാൽ പറയാനുള്ളതെല്ലാം പറയും. ആകെ അവൾ ശബ്ദമുണ്ടാക്കി ഞാൻ കേട്ടത് കുട്ടനെ പ്രസവിക്കുമ്പോൾ മാത്രമായിരുന്നു. കുട്ടൻ എന്നാൽ അമ്മിണി പ്രസവിച്ച മൂരികുട്ടൻ. അവൻറെ ജനനം വീട്ടിൽ ഞങ്ങൾക്ക് പാലാഴി മഥനം ആയിരുന്നെങ്കിൽ അവന് പട്ടിണി രാജ്യത്ത് ജനിച്ചപോലെയായിരുന്നു. അമ്മിണിയുടെ പാലെല്ലാം ഞങ്ങൾ കറന്നെടുക്കുമ്പോൾ, എന്താണ് പ്രതീക്ഷ എന്ന് നിറഞ്ഞ അകിടുനോക്കിബന്ധനസ്ഥനായി, നിസ്സഹായനായി നിൽക്കുന്ന ആ മുഖത്തുനിന്നാണ് ഞാൻ പഠിച്ചത്. ആ കുട്ടനെ പ്രസവിക്കുമ്പോൾ മാത്രം അമ്മിണി എന്തോ വികൃത ശബ്ദത്തിൽ കരഞ്ഞു. അതും സ്ഥായിയായ ശബ്ദമല്ല. ഒരേയൊരു ഭാഷ. ഒരേയൊരു വാക്ക്.
ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന്ന് വളമാകൂ എന്നപോലെ പ്രണയിനിയുടെ പിണക്കം പൂച്ചയോട് സ്നേഹമായി പരിവർത്തനം ചെയ്യപ്പെടുന്നു. പൂച്ച എന്നെ ചുറ്റിവരിയുന്നു. കാലിനുചുറ്റും മുട്ടിയുരസി സ്പർശനസുഖം നേടുന്നു. ഇടയ്ക്കിടെ എന്നെ നോക്കി’ മ്യാവൂ’ എന്ന് പതിയെ മൊഴിയുന്നു. എന്നും രണ്ടുനേരം ദന്തവൃത്തി വരുത്തുന്ന എന്നെക്കാൾ തിളങ്ങുന്നുണ്ട് മുത്തുകൾ പോലെയുള്ള അവളുടെ പല്ലുകൾ. ഒറ്റവാക്കിനാൽ ആശയസമ്പുഷ്ടതയുള്ള ഭാഷ. രണ്ടുനേരം സോപ്പിട്ട് കുളിച്ചില്ലെങ്കിലും വൃത്തിയുള്ള ദേഹം. കോട്ട്, സ്യൂട്ട്, ടൈ, മേലാസകലം പൂശാൻ ഹ്യുഗോ ബോസ്സിന്റെ പെർഫ്യൂം, മുഖത്ത് തേക്കാൻ ലഓറൽ ക്രീം…. എന്നിട്ടും ‘നിങ്ങളെ വിയർപ്പ് നാറുന്നു മനുഷ്യാ’ എന്ന് വാമഭാഗം പറയുന്നത് ഞാനോർത്തുപോയി. സത്യത്തിൽ ഈ പൂച്ചകൾ അതുഭുത ജീവികൾ തന്നെ. വിറ്റാമിൻ ഗുളികകളും, ഫോളിക് ആസിഡും ഒന്നുമില്ലാതെ രണ്ടോ മൂന്നോ, അതിൽ കൂടുതലോ കുട്ടികളെ ഒറ്റപ്രസവത്തിൽ ജനിപ്പിക്കുന്നു. ഓരോ കുഞ്ഞിനെ ഊട്ടാനും പ്രേത്യേകം പ്രേത്യകം മുലകൾ. അത്ഭുത ജീവികൾ!ഓർത്തപ്പോൾ പൂച്ചയെനോക്കി ഒരു മൃഗമെന്നപോലെ ഞാൻ ഇളിച്ചു.
എത്രനേരം അങ്ങനെ ഇരുന്നുവെന്ന് എനിക്കറിയില്ല. കണ്ണുകളിൽ ദീപാവലിവർണ്ണശോഭ തിളങ്ങി നിന്നു. ഭാര്യയുടെ പരിഭവം മാറിയിട്ടുണ്ടാവുമോ എന്തോ? മൊബൈലിലെ ഡേറ്റ ഇപ്പോൾ ഓൺചെയ്താൽ ഊദ് മേത്തയിലെ സെന്റ് മേരീസ് പള്ളിയ്ക്കുള്ളിലെ മണിയടിശബ്ദം പോലെ മുഴക്കം കേൾക്കാം. അവളുടെ വിവിധ ഭാവങ്ങളുടെ ഇമോജികളും കൂട്ടുകാരുടെ ഫോർവേഡഡ് മെസേജുകളും ഗ്രൂപ്പുകളിലെ കലപിലയും തുള്ളിത്തുളുമ്പി നിൽക്കുന്നുമുണ്ടാകാം.
എന്നാൽ അപ്പോളും തോന്നിയത് അമ്മിണി പശുവിൻറെ നിശബ്ദതയും, മ്യാവൂപൂച്ചയുടെ ഒറ്റവാക്കിന്റെ ഭാഷയും മൊബൈലിലെ ഭാഷാകാസർത്തുകളേക്കാൾ ഉദാത്തമാണെന്നാണ്.
ഞാൻ പൂച്ചയെ കോരിയെടുത്ത് മടിയിലേക്ക് വച്ചു. അവളുടെ ചൂടറിഞ്ഞു. ഇടതുകൈ കൊണ്ട് ചുറ്റിവരിഞ്ഞും വലതുകൈകൊണ്ട് തലയിൽ തലോടിയും ഞാനിരുന്നപ്പോൾ ഇങ്ങനെ ഞാൻ ആകെ ചെയ്‌തിട്ടുള്ളത് എൻറെ ജീവിതസഖിയോട് മാത്രമാണല്ലോ എന്നും ഓർത്തുപോയി. അന്നേരം അറിഞ്ഞോ അറിയാതെയോ ഞാനൊന്ന് ഞെട്ടുകയും ചെയ്‌തു. പൂച്ചയാണെങ്കിലും ഇതും ഭാര്യയുടെ നോട്ടത്തിൽ പെണ്ണാണ്. ഇനിയൊരു പരിഭവത്തിരമാലയ്ക്ക് ഇതുമതി. പൂച്ച തലയൊന്നുയർത്തി എന്നെ നോക്കി. പിന്നെ കണ്ണുകൾ വിടർത്തി, മൃദുവായ പാദങ്ങൾക്കുള്ളിൽ കൂർത്ത നഖങ്ങൾ ഉണ്ടെന്നെനിക്കറിയാം. വാല് നാഗത്തെപ്പോലെ പുളയുന്നു. അവളുടെ മുഖത്ത് നിറഞ്ഞുതുളുമ്പുന്നത് എന്താണെന്ന് വായിച്ചെടുക്കാൻ ഞാൻ പാടുപെട്ടു. ഞാൻ ചിന്തയുടെ പടവുകൾ കയറവെ, പൂച്ചയെനിക്ക് മെല്ലെ പറഞ്ഞുതന്നു.
“മ്യാവൂ”
നന്നേ പതുക്കെയാണ് പൂച്ച അത് പറഞ്ഞെതെങ്കിലും മനുഷ്യഭാഷയാകുന്ന ബാബേൽ ഗോപുരത്തെ മറിച്ചിടാൻ അതിന് ശക്തിയുണ്ടെന്ന് തോന്നിപോയി. അങ്ങകലെ തലാൽ സൂപ്പർ മാർക്കറ്റിന്റെ ചുവന്ന പേര് തിളങ്ങി നിൽക്കുന്ന ആ നേരത്ത്, ഒരു മൂന്നൂറുമീറ്റർ അകലെ സർപ്പം ഇഴയുന്നപോലെ ദുബായ് മെട്രോ ട്രെയിൻ ഒഴുകുന്ന സമയത്ത് ഞാനും അറിയാതെ ചിരിച്ചു. പിന്നെ പ്രതിവചിച്ചു.
“മ്യാവൂ”
ഒരേ ഭാഷ. ഒരേ വാക്ക്.