വായനയ്ക്കൊരു വിരാമമിട്ട്, റീഡിംഗ് ലൈറ്റ് അല്പം ഉയർത്തി അവൻ അവളെ തന്നെ നോക്കിയിരുന്നു. ഡ്രസ്സിംഗ് ടേബിളിന് മുകളിലെ കാൻഡിൽ സ്റ്റാൻഡിൽ മത്സരിച്ച് കത്തുന്ന മെഴുകുതിരികളുടെ പ്രഭയിൽ അവളിന്ന് കൂടുതൽ സുന്ദരിയായതുപോലെ. ഇരു കൈകൾ കൊണ്ട് കറുത്ത ചുരുൾമുടി ഒതുക്കുന്നതിനിടയിൽ, കണ്ണാടിയിൽ അവന്‍റെ പ്രതിബിംബത്തെ നോക്കി ഗൂഢം മന്ദഹസിച്ചു. അത് കണ്ടതും, ഒട്ടും ദയയില്ലാത്തവനെപ്പോലെയവൻ ‘എ ടൈം ഫോർ മേഴ്സി’ സോഫയിലേക്ക് വലിച്ചെറിഞ്ഞു. ഡിലോറഞ്ചറിയുടെ പരിമളം കഴുത്തിനിരുവശത്തേക്കും വാരിയെറിഞ്ഞ് അവൾ പതിയെ എഴുന്നേറ്റു. പുഞ്ചിരിച്ച് മന്ദം നടന്നടുത്ത അവൾ, മിന്നലിനെ തോൽപ്പിക്കും വേഗത്തിൽ അവനിലൊരു നിഴലായമർന്നു.
ആശ്ലേഷങ്ങളുടെ ഗുരുത്വാകർഷണം ഇരട്ടിയായി. അവന്‍റെ വിരലുകൾ തൊടുന്നിടം സ്ഫുരണങ്ങൾ ചൊരിഞ്ഞു. ചുണ്ടുകൾ ഭ്രമരമായപ്പോൾ അവൾ അനേകം ഇതളുകളുള്ളൊരു പനിനീർ മലരായി. നാവിൻതുമ്പിനാലൊരു നാരായം തീർത്ത് അവന് ഗാഥകൾ രചിക്കാനായ് അവളൊരു താളിയോലയായി. ആ ഗാഥകൾക്കിടയിൽ അവളുടെ നിശ്വാസം ഒരു ഭ്രാന്തൻകാറ്റായി മെഴുകുതിരികളെ വെല്ലുവിളിച്ചുകൊണ്ടേയിരുന്നു. അവരോ,പരസ്പരം പിണഞ്ഞ, പൊട്ടിയ രണ്ടു പട്ടങ്ങൾ പോലെ തെന്നിപ്പറന്നു കൊണ്ടേയിരുന്നു. ഒടുവിൽ, ജനാലയ്ക്കപ്പുറം പെയ്ത് തുടങ്ങിയ ആദ്യത്തെ വേനൽമഴക്കൊപ്പം, സിരകളിലേറിയ താപം പെയ്തിറങ്ങി. ആ പെയ്ത്തിലലിഞ്ഞ്ചേർന്ന് അവർ ഒരൊഴുക്കായി. ലജ്ജയിൽ മുങ്ങി മെഴുകുതിരിനാളങ്ങൾ സ്വയം ഇല്ലാതായി.
ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് ഒരു കവിൾ കുടിച്ചുകൊണ്ടവൾ ബോട്ടിൽ അവനു നേരെ നീട്ടി.
“എനിക്ക് വല്ലാതെ വിശക്കുന്നല്ലോടീ..?”
“എന്നെ പച്ചക്ക് തിന്നതും പോരാഞ്ഞോ..?”
അവന് ചിരിയടക്കാൻ കഴിഞ്ഞില്ല.
“വക്കീലിന് നാളെ കച്ചേരി ഇല്ലായിരിക്കും..! എനിക്ക് കാലത്ത് പിടിപ്പത് പണിയ്ണ്ട്.. മോൻ സ്വപ്നങ്ങൾ കണ്ടുറങ്ങ്.. ഗുഡ്നൈറ്റ്..”
പുതപ്പെന്നപോലെ അവനെ മൂടിക്കൊണ്ട് അവൾ പറഞ്ഞു.
അപ്പോൾ ആദ്യ മഴയുടെ സുഗന്ധം മുറിയിലേക്ക് ഒഴുകിയെത്താൻ തുടങ്ങിയിരുന്നു.
*******
പുറത്ത് മഴ പെയ്തൊഴിഞ്ഞിരിക്കുന്നു. എങ്ങു നിന്നോ പറന്നു വന്ന ഒരു മൈന ജനാലയുടെ ചില്ലിന്മേൽ ഇഴഞ്ഞു നീങ്ങുന്ന മഴപാറ്റകളെ അതിവേഗം കൊത്തിപ്പെറുക്കുന്ന ശബ്ദം കേട്ടാണ് മധു ഉറക്കമുണരുന്നത്. സമയമറിയാനായി സൈഡ് ടേബിളിലെ ഫോൺ എടുക്കാൻ ശ്രമിക്കുമ്പോൾ, അതിനടിയിലൊരു കുറിപ്പ് ശ്രദ്ധയിൽപ്പെട്ടു, ഓഫീസിൽ പോവും മുമ്പ് സിന്ധു എഴുതി വെച്ചതാവും.
“മോണിംഗ് മൈ ബോയ്.. അതേയ്, മഴയാണ്. കാർ ഞാനെടുക്ക്വാണേ.. ബ്രേക്ക്ഫാസ്റ്റ് മറക്കണ്ട. ജ്യൂസും വാൾനട്ട്സും എടുത്ത് വെച്ചിട്ടുണ്ട്. പിന്നേയ്.. ഓംലെറ്റ് സിങ്കിൾ മാത്രേ ആക്കാവൂ.. പറ്റിക്കാൻ നോക്ക്യാ.. വൈകീട്ട് വിവരം അറിയും… ലവ്യൂ ലോട്ട്സ്.. “
പുഞ്ചിരിച്ചു കൊണ്ട് ആ കുറിപ്പ് തിരിച്ച് മേശപ്പുറത്ത് വെച്ചു. എഴുന്നേറ്റ് ജനാലകൾ പതിയെ തുറന്നു. പെയ്തൊഴിഞ്ഞ മഴയുടെ കുളിരിനെ ആവാഹിച്ച ഇളംകാറ്റ് മുറിയിലേക്കൊഴുകി വന്നു. ജനാലയിലിരുന്ന മൈന വീടിന്‍റെ മുറ്റത്തെ ബോൺസായ് മരത്തിലേക്ക് പറന്നു.
**********
കേസിനെ കുറിച്ചുള്ള ആദ്യ കൂടിക്കാഴ്ചക്ക് സമയം കൊടുത്തത് പത്തര മണിക്കായിരുന്നു. പക്ഷേ, കക്ഷി എത്തുമ്പോൾ പന്ത്രണ്ട് മണിയായിക്കാണും. വൈകാൻ കാരണമായ, പ്രതീക്ഷിക്കാതെ വന്ന മഴയെ അയാൾ ശപിച്ചു കൊണ്ടേയിരുന്നു. അറുപത് കഴിഞ്ഞ ആൾക്കും വേണ്ടത് വിവാഹമോചനം. LLB കഴിഞ്ഞ് പ്രശസ്തനായൊരു ക്രിമിനൽ വക്കീലിന്‍റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങിയതായിരുന്നു. ഒരവധിക്കാലം ചിലവഴിക്കാൻ ദുബായിലുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് പോയതാണ്. കാത്തേയ് പസഫിക്കിൽ അടുത്ത സീറ്റിലിരുന്ന ജർമ്മൻകാരൻ ബ്രയാനുമായി മൂന്നര മണിക്കൂർ സംവദിച്ചതിന്‍റെ ഒടുവിൽ, പുള്ളി തന്നത് ഒന്നാന്തരം ജോബ് ഓഫറായിരുന്നു. അവരുടെ ദുബായിലെ പുതിയ ഓഫീസിന്റെ HR & അഡ്മിൻ മാനേജറുടെ. പിന്നീട് നീണ്ട പതിനെട്ടു വർഷങ്ങൾ കഴിഞ്ഞാണ് വക്കീൽ കുപ്പായം വീണ്ടും ധരിക്കുന്നത്. നഗരത്തിലെ പ്രശസ്തനായ ഡോക്ടറുടെ വിവാഹമോചന കേസാണ് ആദ്യത്തേത്. കാർഡിയോളജിസ്റ്റ് ഭർത്താവിനും, ഡെന്റിസ്റ്റ് ഭാര്യയ്ക്കും ഇടയിൽ ഒരു മതിൽക്കെട്ടായി ഇരുവരുടെയും ഈഗോ മാറിയപ്പോൾ ഒന്നിച്ചുള്ള യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ചതത്രേ ഇരുവരും.
അനേകമനേകം ഹൃദയങ്ങളുടെ മിടിപ്പിന്‍റെ താളം തിരിച്ചുപിടിക്കുന്ന തിരക്കിനിടയിൽ സഹധർമ്മിണിയുടെ ഹൃദയസ്പന്ദനമറിയാനുള്ള ഇമോഷണൽ ഇന്റലിജൻസ് പകർന്നു നൽകിയ തന്‍റെ ആദ്യ കൗൺസിലിങ്ങിനൊടുവിൽ, രണ്ടാമതൊരു മധുവിധുവിന് സിംഗപ്പൂരിലേക്ക് ടിക്കറ്റെടുത്തു ഡോക്ടർ ദമ്പതികൾ.
പിന്നീടങ്ങോട്ട് കൂടുതലും വിവാഹമോചന കേസുകൾ. പലതും തന്‍റെ കൗൺസിലിങ്ങ് കാരണം കൊണ്ടു മാത്രം വീണ്ടും ഒന്നായവർ. ക്ലബ്ബിൽ വെച്ച് കാണുമ്പോൾ സന്തോഷ് വക്കീലും പ്രമോദ് വക്കീലും കളിയാക്കും.
“ഇവനിപ്പം വക്കീൽ പണി നിർത്തി, മേച്ച് മേക്കിംഗാ പുതിയ പരിപാടി.. “
പുതിയ കക്ഷിയുടെ പ്രശ്നങ്ങൾ കേട്ടു കഴിഞ്ഞപ്പോൾ സമയം ഒരു മണി കഴിഞ്ഞിരുന്നു. കുറുപ്പേട്ടൻ്റെ ഹോട്ടലിൽ നിന്നും വരുത്തിയ പൊതിച്ചോറും കഴിച്ച്, ഉച്ചയ്ക്ക് പതിവുള്ള പവർ നാപ്പിന് തയ്യാറെടുക്കുമ്പോഴാണ് ആ സ്ത്രീ കടന്നു വരുന്നത്.
നീലനിറമുള്ള ലിനൻ സാരി അങ്ങിങ്ങായി മഴയിൽ നനഞ്ഞിരിക്കുന്നു. നീണ്ട ചുരുൾ മുടിയിൽ വീണ മഴത്തുള്ളികൾ ആഭരണങ്ങൾ പോലെ തിളങ്ങി. ഒരു നർത്തകിയുടെ ശാരീരമായിരുന്നു അവർക്ക്. സൗന്ദര്യം ഇരട്ടിപ്പിക്കുന്ന പുഞ്ചിരി, ആവാഹനം സ്വായത്തമാക്കിയതോ ആ കണ്ണുകൾ…!
കസേര സ്വയം വലിച്ച് അവർ ഇരുന്നു.
“ആരെന്ന് പറയാം.. ഞെട്ടരുത്..” ചിരിച്ച്, സ്വയം പരിചയപ്പെടുത്തുന്നതിന് മുന്നേ മുഖവുരയായി അവർ പറഞ്ഞു. ആരെന്ന് കേട്ടതും, വിശ്വസിക്കാനാവാതെ മധു അവരെ തന്നെ നോക്കിയിരുന്നു. ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷമൊരു തിരിച്ചു വരവ് ഒരിക്കലും പ്രതീക്ഷിച്ചതല്ല. പലതും ചോദിക്കാതെ തന്നെ അവർ പറഞ്ഞു കൊണ്ടിരുന്നു. മധുവിന്‍റെ കുടുംബത്തെ പറ്റിയും ചോദ്യങ്ങൾ വന്നു. പലതും അവൻ കേട്ടില്ല. അവരുടെ നെറ്റിയിലെ മുറിവിന്‍റെ അടയാളം നോക്കി മധു ചോദിച്ചു.
“ഈ അടയാളം ഇനിയും പോയില്ല, അല്ലേ..?”
നെറ്റിയിൽ വിരലോടിച്ച്, ചിരിച്ചുകൊണ്ട് അവർ പറഞ്ഞു.
“ആഴത്തിലുള്ള മുറിവായിരുന്നില്ലേ…? കാണാൻ ഇപ്പോ നല്ല ഭംഗിയാണെന്ന് എല്ലാവരും പറയുന്നു..”
ഒടുവിൽ ബാഗിൽ നിന്നും ഒരു കവറെടുത്ത്, അതിലെ പേപ്പർ മധുവിന് നീട്ടിക്കൊണ്ട്, വരാനുണ്ടായ സാഹചര്യം പറഞ്ഞു. മധുവിന്‍റെ സഹായം ആവശ്യപ്പെട്ടു.
പിന്നീട്, അവർ യാത്ര പറഞ്ഞെഴുന്നേറ്റ് വാതിൽ തുറന്ന് മധുവിനെ തിരിഞ്ഞ് നോക്കി.
“പിന്നേയ്.. നിനക്കുണ്ടായതിന്‍റെ നാലിരട്ടിയായിരുന്നു, എനിക്കന്ന് നിന്നോടു തോന്നിയ ഇഷ്ടം. എന്തേ നീ എന്‍റെ കണ്ണിലത് കണ്ടില്ല..? ” വാതിൽ തുറന്ന് പിടിച്ച് അത് പറയുമ്പോൾ അവർ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. നഷ്ടബോധത്തിന്‍റെ ഒരല്പം നീരസത്തിന്‍റെ മേമ്പൊടി പുരട്ടിയ വാക്കുകൾ.
“ആ നോട്ടീസിന് മറുപടി അയച്ചാ പറയണം”
മറുപടി കാത്തുനിൽക്കാതെ അവർ ഇറങ്ങി.
പതിനാലാം വയസ്സിൽ മനസ്സിലൊളിപ്പിച്ച ആദ്യപ്രണയം മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും തന്നെ തേടിയെത്തിയത് വിശ്വസിക്കാനാവാതെ മധു, അവർ തന്ന പേപ്പറെടുത്ത് വീണ്ടും നോക്കി. അതിന്‍റെ മുകളിലായി, അവരുടെ മുടിയിൽ നിന്നും അടർന്നു വീണ ഒരു മഴത്തുള്ളി എന്തിന്‍റെയോ അടയാളമായി, നീലനിറമുള്ള അക്ഷരങ്ങൾക്ക് മുകളിലൂടെ മെല്ലെ താഴോട്ടൊഴുകി. പിന്നീടത്, അടിയിൽ വെള്ളാരം കല്ലുകളുള്ള, അനേകം പരൽമീനുകൾ നീന്തിക്കളിക്കുന്ന ഒരു നീർച്ചാലായി. അതിൽ തനിക്കൊപ്പം, പരൽമീനുകൾക്ക് കെണിയൊരുക്കാൻ തോർത്ത് വിരിക്കുന്ന പത്ത് വയസ്സുകാരി യമുനയുടെ മുഖം സ്ഫടികം പോലെ തെളിർമയുള്ള ആ ജലപ്പരപ്പിൽ തെളിഞ്ഞു വന്നു. മുട്ടോളം വെള്ളത്തിൽ വെളുത്ത ചിമ്മീസ് നനഞ്ഞപ്പോൾ, “അമ്മ വഴക്കു പറയും” ന്ന് സങ്കടപ്പെട്ട് കരഞ്ഞു. കാറ്റിനോട് തോറ്റ്, മൂവാണ്ടൻ മാവിന്‍റെ മുകളിലെ കൊമ്പിലെ ചുവന്ന് തുടുത്ത മാമ്പഴം താഴോട്ട് പതിച്ചപ്പോൾ, കൂടെ ഓടിയ ജോയിയെ പിന്നിലാക്കി നിലംതൊടും മുന്നേ കൈപ്പിടിയിലൊതുക്കി യമുനയ്ക്ക് സമ്മാനിച്ചപ്പോൾ, നിഷ്കളങ്കമായ അവളുടെ മുഖം കണ്ടാവണം, മാമ്പഴം തന്‍റെ നിറം അവളുടെ കവിളുകളിലേക്ക് വാരിയെറിഞ്ഞത്. ഭരതേട്ടനോട് കടംവാങ്ങിയ സൈക്കിളിന്‍റെ പിറകിലിരുന്ന് തോട്ടത്തിലെ നടവഴിയിലൂടെ സവാരി ചെയ്യുന്നത് അവളേറ്റവും ഇഷ്ടപ്പെട്ടു. സ്കൂൾ അടച്ച ദിവസങ്ങളിലൊരിക്കൽ, കശുവണ്ടി പെറുക്കാൻ തന്നോടൊപ്പം കൂടിയതിന് അമ്മ അവൾക്കായി വാങ്ങിയ കറുപ്പ് നിറത്തിലുള്ള മാല, അണിയിച്ചു തരാമോയെന്ന് ചോദിച്ചപ്പോൾ, താൻ നാണിച്ച് പോയതോർത്തു. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ ഉടൻ അച്ഛന്‍റെ തീരുമാനമായിരുന്നു, ടൗണിനടുത്തുള്ള വീട്ടിലേക്ക് താമസം മാറാൻ. യമുന അന്ന് ഏഴാം ക്ലാസ്സിലായിരുന്നിരിക്കണം.
“ഞാൻ ടൗണിലെ കോളേജിൽ ചേരാൻ പോവ്വാ.. ഞങ്ങള് താമസം അമ്മേടവിട്ത്തേക്ക് മാറും. ഈ സ്ഥലൂം വീടും വിൽക്കാന്നാ അച്ഛൻ പറഞ്ഞേ..”
“അപ്പോ.. അപ്പ്വേട്ടനെ എങ്ങന്യാ കാണ്വാ…?”
“ഇത് വിറ്റാ.. പിന്നെ ഇങ്ങോട്ടൊന്നും വരവിണ്ടാവില്ല.. ഒത്തിരി ദൂരല്ലേ..!”
യമുന ഒന്നും പറയാതെ ഏറെ നേരം താഴേക്ക് നോക്കി നിന്നു. പിന്നീട് അവളുടെ വീടിനെ ലക്ഷ്യമാക്കി, തിരിഞ്ഞ് നോക്കാതെ ഓടി. കണ്ണിൽ നിന്നും മറയും വരെ ഞാനവളെതന്നെ നോക്കി നിന്നു. അന്ന് അവൾ കരഞ്ഞത് ഞാൻ കണ്ടതേയില്ല. അതെനിക്ക് ഇപ്പോൾ കാണാം. ആ തേങ്ങലുകൾ കേൾക്കാം.
*********
“സാറ് ഉറക്കാണോ…?” സെക്രട്ടറി സുഷമയുടെ ചോദ്യം കേട്ടാണ് മധു ഉറക്കമുണരുന്നത്. ഏതാനും നിമിഷങ്ങളെടുത്തു മധുവിന് വർത്തമാനത്തിലേക്ക് മനസ്സിനെ സമന്വയിപ്പിക്കാൻ. ഇത്രയും നേരം താൻ ഉറങ്ങിപ്പോയോ..? മധു അറിയാതെ ചിരിച്ചു. പ്രിന്‍ററില് പ്രിന്‍റ് ചെയ്ത കടലാസെടുത്ത് സുഷമയ്ക്ക് നേരെ നീട്ടി.
“ഇതൊന്ന് പോസ്റ്റ് ചെയ്യണം.. ഇയാള് ലഞ്ച് ബ്രേക്കിലായപ്പോ വന്ന സ്ത്രീക്ക് വേണ്ടിയുള്ള റിപ്ലൈ ആണ്.. എനിക്ക് വേണ്ടപ്പെട്ടതാണ് അവർ.”
“ശരി സർ… ഞാനിറങ്ങ്വാണേ. അമ്മയേയും കൊണ്ട് ഹരീഷ് ഡോക്ടറെ ഒന്ന് കാണണം..”
”കുറുപ്പേട്ടനോട് ഒരു ചായ കൊടുത്തയക്കാൻ പറയോ.. ഈ ഉറക്കം പോണില്ല.”
സുഷമ പോയ ശേഷം മധു വീണ്ടും ആലോചനയിൽ മുഴുകി.
“യമുനയെ പറ്റി സിന്ധുവിനോട് പറഞ്ഞതാണ്. ഇന്ന് വീണ്ടും കണ്ട കാര്യം പറയണോ.. അതോ..! “
***********
ഏഴ് ദിവസങ്ങൾ.. ഒന്നൊന്നായി കൊഴിഞ്ഞു. എട്ടാമത്തെ ദിവസം മധു കോടതിയിൽ നിന്നും എത്താൻ വൈകി. സുഷമയുടെ ടേബിളിന് മുന്നിൽ സന്ദർശകർക്ക് ഇരിക്കാൻ രണ്ടു കസേരകൾ വെച്ചിട്ടുണ്ട്. അവയ്ക്കിടയിൽ ഒരു ചെറിയ കോഫി ടേബിളും. കാഴ്ചയിൽ അമ്പതിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരാൾ പത്രം മറിച്ച് നോക്കുന്നു. തന്നെ കണ്ടതും അയാൾ പത്രം മടക്കി വെച്ച് തന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
“സാറിനെ കാണാൻ വേണ്ടിയാണ്.. കുറേ നേരായി കാത്തിരിക്കുന്നു.. ” സുഷമ പറഞ്ഞു.
” എന്താണ് കാര്യം..?” മധു അയാളോട് ചോദിച്ചു.
“സർ.. ഒന്ന് പേഴ്സണലായി സംസാരിക്കണം.. ” അയാൾ പറഞ്ഞു
“ശരി..രണ്ട് മിനിറ്റ് തരൂ.. എനിക്കൊരു അർജന്‍റ് കാൾ ചെയ്യാനുണ്ട്. “
കുറച്ചു സമയത്തിന് ശേഷം അയാളെ മുറിയിലേക്ക് വിളിപ്പിച്ചു. തന്‍റെ മുന്നിലിരുന്ന അയാളുടെ മുഖത്ത് വിഷാദം നിറഞ്ഞു നിന്നിരുന്നു. എന്തോ ഒന്ന് അയാളെ തികച്ചും അസ്വസ്ഥനാക്കുന്നുവെന്നത് തീർച്ചയാണ്.
“ചായ കുടിക്കുമോ..?” മധു ചോദിച്ചു.
കുടിക്കുമെന്ന് അയാൾ തലയാട്ടി.
“അവിട്ന്ന് രണ്ട് ചായ പറയാമോ..?” സുഷമയോട് ഇൻ്റർകോമിലൂടെ ചോദിച്ചു.
“പറയൂ.. എന്താ കാര്യം..? ” അയാളോട് മധു ചോദിച്ചു
അയാൾ പോക്കറ്റിൽ നിന്നും ഒരു കവറെടുത്ത് മധുവിന് കൊടുത്തു. യമുനയ്ക്ക് വേണ്ടി, അവൾക്ക് വന്ന നോട്ടീസിന് മധു കൊടുത്ത മറുപടിയായിരുന്നു അത്.
“ഇതാണോ.. അവർക്ക് ഡിവോഴ്സിൽ താൽപര്യമില്ല.. തമ്മിൽ യോജിച്ച് പോകാനാ ആഗ്രഹം.. “
അയാൾ ഒന്നും പറയാതെ നിമിഷങ്ങളോളം മധുവിനെ നോക്കിയ ശേഷം ചോദിച്ചു.
“സാറ് എപ്പഴാ ഈ മറുപടി അയച്ചേ..?”
“കഴിഞ്ഞ തിങ്കളാഴ്ച.. അവർ വന്ന ദിവസം തന്നെ.. “
“അവൾ സാറിനെ വന്ന് കണ്ടോ..?”
“വന്നു.. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്..”
“ഇവരാണോ വന്നത്..?” പേഴ്സിൽ വെച്ച രണ്ടുപേരും ഒന്നിച്ചുള്ള ഫോട്ടോ കാണിച്ച് ചോദിച്ചു.
“അതെ… “
അത് കേട്ട് അയാൾ അമ്പരന്നു. ഫോട്ടോയിലേക്ക് വീണ്ടും നോക്കി. പിന്നെ മധുവിനോട് തളർന്ന സ്വരത്തിൽ..
“സാറിനറിയോ… യമുന മരിച്ചിട്ട് ഒരു വർഷത്തിലധികമായി.. ആരോ അവളെ… ” പൂർത്തിയാക്കാനാവത്ത വിധം ചുണ്ടുകൾ വിറച്ചു.
കേട്ടത് വിശ്വസിക്കാനാവാതെ മധു അയാളെ ഏറെ നേരം നോക്കിയിരുന്നു.
“ആര് ചെയ്തു..എന്തിന്..?”
“പോലീസ് ഇപ്പഴും അന്വേഷിക്കുന്നു.. ആദ്യം എന്നെയായിരുന്നു അവർക്ക് സംശയം. ഞാനയച്ച ഡിവോഴ്സ് നോട്ടീസ് കാരണം.. “
“ആ നോട്ടീസയക്കാൻ കാരണം..? “
“ഒരു പാട് മോഹങ്ങളുള്ള കുട്ടിയായിരുന്നു യമുന. നൃത്തം ചെയ്യാനും പഠിപ്പിക്കാനും വല്യ ഇഷ്ടായിരുന്നു. അച്ഛൻ മരിച്ചതിന് ശേഷം അവരെ നോക്കിയിരുന്നത് ഒരു ബന്ധുവായിരുന്നു. ഉത്തരവാദിത്വം ഒഴിവാക്കാൻ നേരത്തേ കല്യാണം കഴിപ്പിച്ചതാണ്. ഞാനന്ന് സൗദിയിലാ.. ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്. കുട്ടികളില്ലാത്തേയ്ന് അവളെയാണ് എല്ലാരും കുറ്റം പറഞ്ഞത്. പ്രശ്നം എനിക്കായിരുന്നു. ജോലി ഉപേക്ഷിച്ച് വരാനും പറ്റീല. എന്‍റെ അച്ഛനേയും അമ്മയേയും നോക്കാൻ മാത്രമായി അവളുടെ ജീവിതം. അവളാഗ്രഹിച്ച ജീവിതം കൊടുക്കാനെനിക്കായില്ല. ഫോണിൽ ഞാൻ മനപൂർവ്വം വഴക്കിടുമായിരുന്നു.. എന്നിട്ടും പിരിയാൻ അവൾ സമ്മതിച്ചില്ല. ഒടുവിൽ..”
“അപ്പോ..എന്നെ കാണാൻ വന്നത്..?”
“എനിക്കറിഞ്ഞൂടാ സർ.. “
“വെയിറ്റ്.. അന്ന് യമുന എനിക്കാ നോട്ടീസ് തന്നിരുന്നു.. “
പെട്ടെന്ന് എന്തോ ഓർമ്മ വന്ന പോലെ മധു പറഞ്ഞു.
മേശപ്പുറത്തുള്ള ഫയലുകളെല്ലാം തിരഞ്ഞു. പക്ഷേ ആ കവർ കാണാനില്ല.
“ഞാനിവിടെ വെച്ചിരുന്നതായിരുന്നു. പക്ഷേ ഇപ്പോ…”
മധുവിന്‍റെ കണ്ണുകളിലെ ഭയപ്പാട് അയാളിലും പ്രതിഫലിച്ചു. ജനാലയ്ക്ക് പുറത്ത് ഒരൊറ്റ മൈന കൊത്തിപ്പെറുക്കിക്കൊണ്ടിരുന്നു.
***********
C.I പ്രേംരാജ് പ്രീഡിഗ്രിക്ക് സഹപാഠിയായിരുന്നു. പ്രേമിനെ വിളിച്ചാൽ കേസിനെ പറ്റി അറിയാൻ കഴിഞ്ഞേക്കുമെന്ന് മധുവിന് തോന്നി.
“….എനിക്ക് വേണ്ടപ്പെട്ട ആളാ ആ സ്ത്രീ. ഇപ്പഴാ ഞാൻ കാര്യങ്ങൾ അറിയുന്നത്.” മധു പറഞ്ഞു.
“ആ കേസിനെപറ്റി മുമ്പ് കേട്ടിട്ടുണ്ട്.. എന്‍റെ സുഹൃത്താണ് അവിട്ത്തെ SI. ഞാനന്വേഷിച്ച് പറയാം. അല്ലെങ്കി, നീ വൈകീട്ട് വീട്ടിലോട്ട് വാ.. റിയാസ് കൊണ്ടുവന്ന ലെഫ്രോയ്ഗ് ഇരിപ്പുണ്ട്.. “
വൈകുന്നേരം പ്രേമന്റെ വീട്ടിലേക്കെന്ന് പറഞ്ഞപ്പോഴേ കാറെടുക്കാൻ സിന്ധു സമ്മതിച്ചില്ല.
“ഐനോ വാട്ട് യൂ ബോയ്സാർ അപ്റ്റു.. ഓട്ടോല് പോയാ മതി.”
കാത്തിരുന്ന് മടുത്തിട്ടാവണം, മധു എത്തുമ്പോഴേക്കും പ്രേംരാജ് ആദ്യത്തെ ഡ്രിങ്ക് കഴിച്ച് തുടങ്ങിയിരുന്നു. കോഫി ടേബിളിൽ ചുവന്ന നിറമുള്ള വലിയൊരു മെഴുകുതിരി കത്തുന്ന പ്രകാശം മാത്രമാണ് മുറിയിൽ. സമീപത്തിരുന്ന ബ്ലൂടൂത്ത് സ്പീക്കറിൽ ജഗ്ജിത് സിംഗ് പാടുകയാണ്.
“തേരേ ഖുശ്ബൂ മേം ബസേ ഖത്ത്,
മേ ജലാത്താ കൈസേ..
പ്യാറ് മേ ഡൂബേ ഹുയേ ഖത്ത്
മേ ജലാത്താ കൈസേ..”
“എന്തൊര് ശബ്ദാല്ലേ..?”
“മൈ ഗോഡ്.. ഡിവൈൻ” ഗ്ലാസ്സിലേക്ക് ഐസ്ക്യൂബ് ഇടുന്നതിനിടയൽ പ്രേംരാജ് പറഞ്ഞു. ഗ്ലാസ്സ് മധുവിന് നീട്ടി.
“അത് ഞാനന്വേഷിച്ചു. കേസിപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്ക്യാണ്. കാര്യമായ പുരോഗതി ഇല്ല.. “
“വിറ്റ്നെസ്സാരെങ്കിലും..?”
“ഇല്ല.. ഡോഗ് സ്ക്വാഡിനും കാര്യമായി ഒന്നും ചെയ്യാനായില്ല. ക്രൈം സീൻ വാസ് കണ്ടാമിനേറ്റഡ്. “
“വേറൊരു ലീഡും…?”
“ഒരു ഫോൺ നമ്പറുണ്ടായിരുന്നു. പല പ്രാവശ്യം യമുനയെ വിളിച്ചിട്ടുണ്ട്, തിരിച്ചും. ഗുജറാത്തിലെ ഏതോ ഒരു സ്ത്രീയുടെ ID മിസ്സ്യൂസ് ചെയ്ത് എടുത്ത സിമ്മാണ്. ആ നമ്പറീന്ന്, പക്ഷേ, യമുനയെ മാത്രേ വിളിച്ചിട്ടുള്ളൂ.”
“അപ്പോ പ്രീ പ്ലാൻഡാണ്.. “
” ഉം.. നീ ഇതിപ്പോ തിരക്കാൻ കാരണം..? “
മധു യമുനയുമായുള്ള മുൻപരിചയം വിവരിച്ചു. ഒപ്പം, കഴിഞ്ഞ ആഴ്ച ഓഫീസിൽ നടന്ന കാര്യങ്ങളും.
“യമുനയുടെ ആത്മാവ് നിന്നെ കാണാൻ വന്നൂന്നാണോ..?” പ്രേംരാജിന് ചിരിയടക്കാനായില്ല. “
“ഇതൊക്കെ സിനിമയിലേ നടക്കൂ.. “
“അത് പിന്നെ ആരാ.. യമുനയെ ഞാൻ അവസാനമായി കാണുന്നത് അവൾക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴാണ്. പിന്നെങ്ങന്യാ, ഞാൻ കണ്ട ആളും അവളുടെ ഹസ്ബന്‍റ് കാണിച്ച ഫോട്ടോയിലെ ആളും ഒന്നാവുന്നേ…?”
“ഓക്കേ.. ലെറ്റസ് എഗ്രീ യമുനയുടെ പ്രേതമാണ്. എന്നിട്ടിപ്പോ എന്ത് ചെയ്യാനാ..?”
ഒരു നിമിഷം ആലോചിച്ച ശേഷം മധു പറഞ്ഞു.
“അറിഞ്ഞൂടാ.. ഐ.. ജസ്റ്റ് ഡോണ്ട് നോ. “
***************
കണ്ണ്യാർ മലയിലേക്ക് അമ്പത് കിലോമീറ്ററിലധികം ദൂരമുണ്ട്. ഒരു ലോങ്ങ് റൈഡിന് പോയിട്ട് കാലം കുറേയായി. അതാണ് കാറെടുക്കാതെ ബൈക്ക് മതീന്ന് തീരുമാനിക്കാൻ കാരണം. “എനിക്കൊരു ക്ലയന്‍റ് മീറ്റിംഗുണ്ട്.. ഞാനല്പം വൈകും”, ഓഫീസീന്ന് ഇറങ്ങുമ്പോൾ സിന്ധുവിന് വാട്ട്സപ്പ് മെസേജ് ഇട്ടതാണ്. അവൾ ബാങ്കീന്ന് ഇറങ്ങുമ്പോൾ നോക്കുമായിരിക്കും.
കണ്ണ്യാർമല ടൗൺ നാല് റോഡുകൾ ചേരുന്ന ഒരു ജംഗ്ഷനാണ്. വർഷങ്ങൾ ഇരുപത്തി അഞ്ച് കഴിഞ്ഞെങ്കിലും ടൗണിന് വലിയ മാറ്റങ്ങളൊന്നുമില്ല. ചെറിയ കടകൾ തന്നെയാണ് ഇന്നും. ഗോപാലേട്ടന്‍റെ തയ്യൽക്കട ഇപ്പോഴൊരു ബേക്കറിയാണ്. ചാന്തും കൺമഷിയും ‘കുട്ടിക്കൂറാ’ പൗഡറും നോട്ടുപുസ്തകങ്ങളും എന്നുവേണ്ടാ, സകലമാന സാധനങ്ങളും വിറ്റിരുന്ന ജോസേട്ടന്‍റെ കടയിൽ ഇപ്പോൾ ഒരു ചെറുപ്പക്കാരൻ മൊബൈൽ ഫോണും സിംകാർഡുകളും വിൽക്കുന്നു. കലുങ്കിന് സമീപം, വലിയ മൂക്കുത്തിയിട്ട്, മുറുക്കിച്ചുവപ്പിച്ച്, അന്യോന്യം ചിരിച്ചും കലഹിച്ചും, മൂന്ന് നാല് സ്ത്രീകൾ സ്ഥിരമായി മീൻ വിൽക്കുന്നിടമായിരുന്നു. അവിടം, വലിയൊരു മൊബൈൽ ടവർ ഒരഹങ്കാരിയെപ്പോലെ ആരെയൊക്കെയോ വെല്ലുവിളിക്കുന്നു.
വൈകുന്നേരം സ്കൂൾ വിട്ടാൽ രാമേട്ടന്‍റെ പെട്ടിക്കടയിൽ നിന്നും എന്തെങ്കിലും വാങ്ങിയേ വീട്ടിലോട്ട് നടക്കൂ. ഇപ്പോഴും ആ കട അവിടെ തന്നെയുണ്ട്. ഒരു ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റും ടാർപോളിനും കൊണ്ടൊരു മറ തീർത്ത് ചെറിയൊരു ചായക്കടയായിരിക്കുന്നു. ചായ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സ്ത്രീക്ക് അറുപത് വയസ്സിലധികം കാണും. രാമേട്ടന്‍റെ ഭാര്യ ദേവകിയേച്ചി ആയിരിക്കണം അത്.
“ദേവകിയേച്ചിക്ക് എന്നെ മനസ്സിലായോ..?” കടയുടെ പുറത്ത് നിന്നു കൊണ്ട് മധു ചോദിച്ചു.
“പയേ പോലെ കണ്ണൊന്നും കാണ്ന്ന്ല്ല, കുഞ്ഞ്യേ.. ” അവർ പറഞ്ഞു.
“ദാമോദരൻ മാഷെ മോനാണ്.. “
“അപ്പുവാ..! ന്‍റെ ദൈവേ.. എനക്ക് നിന്ന തിരിഞ്ഞിറ്റ്ല മോനേ.. “
മധു ചിരിച്ചു.
“ഇങ്ങനിണ്ടാ നമ്മളെല്ലും മറക്കല്..? രാമേട്ടന്‍റെ ചെങ്ങായിയല്ലേപ്പാ നീ..? “
“രാമേട്ടൻ…! “
“എന്ന് പറേണ്ട് കുഞ്ഞീ… നമ്മള നരകിക്കാനാക്കീറ്റ് ഓറ് നേര്ത്തേ പോയി മോനേ.. അഞ്ചാറ് കൊല്ലായി, കാൻസറായിര്ന്ന്..”
ദേവകിയേച്ചി, പണ്ടേ ഒരു പാവം സ്ത്രീ. അവരുടെ ചോദ്യത്തിലും ഉത്തരത്തിലും ഗ്രാമത്തിന്‍റെ നിഷ്കളങ്കത. സംസാരത്തിനിടയിൽ അവർ മധുവിന് ചായയും പലഹാരവും കൊണ്ടു വെച്ചു. യാത്രപറഞ്ഞിറങ്ങുമ്പോൾ, അവർ നിരസിക്കുന്നത് കൂസാതെ, കുറച്ച് നോട്ടുകൾ അവരുടെ കയ്യിൽ വെച്ച് കൈകൾ ചേർത്ത് പിടിപ്പിച്ചു.
അലിയാർ മില്ല് കഴിഞ്ഞ് താഴോട്ട്, തന്‍റെ പഴയ തറവാട്ടിലേക്കുള്ള വഴി ഇപ്പോൾ വീതിയില്ലെങ്കിലും ടാറിട്ട റോഡാണ്. ഒരിക്കൽ മരങ്ങൾ തിങ്ങിനിറഞ്ഞ, തണൽ മൂടിയ ഇരുവശവും ഇപ്പോൾ നല്ല തെളിച്ചം. മുന്നോട്ട് പോകുന്തോറും റോഡിന്‍റെ വീതി കുറയും പോലെ മധുവിന് തോന്നി. ടാറിട്ട റോഡ് മിനുസമുള്ള ചരലുകളുള്ള ഒരു ഇടവഴിയായി മാറി. രണ്ടുഭാഗത്തും, വെയിലും മഴയും കൊണ്ട്, കൺമഷി പോലെ കറുത്ത ഉരുളൻ കല്ലുകൾ പാകിയ കയ്യാല.”ഞാനാദ്യം..ഞാനാദ്യം” എന്ന് തർക്കിച്ച് താഴേക്ക് പതിക്കാൻ മത്സരിക്കുകയാണാ കല്ലുകൾ.
ചെറിയൊരു വളവ് കഴിഞ്ഞപ്പോൾ, വള്ളി ട്രൗസറിട്ട്, സൈക്കിൾ ടയർ തട്ടി തട്ടി ഓടിവരുന്ന ആൺകുട്ടി മധുവിനെ കണ്ടതും ഓട്ടം നിർത്തി.
“ഡാ.. അപ്പൂ.. നീ നിന്താൻ വര്വാ..?”
“എനിക്ക് പഠിക്കാന്ണ്ട്…”
“ഓ.. വല്ല്യ പഠിപ്പിസ്റ്റ്. “
കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ, വലതു ഭാഗത്തെ തെങ്ങിൻ തോപ്പിൽ കുറേ പിള്ളേർ ബഹളം വെച്ച് കളിക്കുകയാണ്.. ആരോ തെങ്ങിൽ കയറി ഇളനീർ ഇടുന്നു. വേറാരോ ഓല പിടിച്ച് ഉഞ്ഞാലാടുന്നു.
“ഹാജിയാര് ഇപ്പോ വന്നാ, ഈ പിള്ളേര് ഓടുന്ന വഴി കാണില്ല” മധു ഓർത്തു.
” ഏ…ഡാ, അപ്പൂ.. ..ബീഡി വേണാ “
റോയിയും കൂട്ടാളികളുമാണ്. മൂന്ന് വർഷം തോറ്റ്, എട്ടാം ക്ലാസ്സിൽ തന്‍റെ കൂടെയായതാണ്. ഒരിക്കൽ റോയി തന്നെക്കൊണ്ട് ബീഡി വലിപ്പിച്ചതാണ്. അമ്മ മണം പിടിച്ചു. കുരുമുളകിന് വേറൊരു ഉപയോഗമുണ്ടെന്നറിഞ്ഞത് അന്നാണ്. മേലാൽ റോയിയുടെ കൂടെ കൂട്ടുകൂടിയാൽ വെച്ചേക്കില്ല എന്ന താക്കീതും. എന്നാലും അമ്മയുടെ കണ്ണ് വെട്ടിച്ച് താൻ കൂട്ടുകൂടും.,നീന്തൽ പഠിപ്പിച്ചതും റോയിയാണ്.
“നീ ചെല്ല്.. നിൻ്റാള് മാഞ്ചോട്ടിൽ ഇരിപ്പുണ്ട്.. ” റോയ് വിളിച്ചു പറയുന്നതായി മധുവിന് തോന്നി.
നരയാമ്പ്രം കോട്ടം കഴിഞ്ഞാണ് തൻ്റെ വീട്. കോട്ടത്തിന് പിറകിലായി കാണുന്ന തോട്ടവും അത് കഴിഞ്ഞുള്ള വയലും അച്ഛന്‍റെ കുടുംബ സ്വത്താണ്. കോട്ടത്തിന് മുന്നിലെത്തിയതും, ഉറഞ്ഞ് തുള്ളിയെത്തിയ വെളിച്ചപ്പാടിനെ കണ്ട് മധു ഭയന്ന് ഇടവഴിയുടെ ഓരം ചേർന്നു നിന്നു.
“ഗുണം വരണം പൈതങ്ങളേ… ” ഉച്ചത്തിൽ, ഒരസാധാരണമായ ശബ്ദത്തിൽ വിളിച്ചു പറഞ്ഞ വെളിച്ചപ്പാട് മധുവിന്‍റെ നെറ്റിയിലേക്ക് ഒരു പിടി ഭസ്മമെടുത്തെറിഞ്ഞു. ഭസ്മം കണ്ണുകളിൽ വീഴാതിരിക്കാൻ മധു കണ്ണുകളടച്ചു.
പിന്നെയും താഴോട്ട് നടന്നു, മാഞ്ചോട്ടിലിരിക്കുന്ന യമുനയെ ദൂരത്തു നിന്നേ കാണാം. ആരോടോ എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയാണവൾ. വെളുത്ത ചിമ്മീസും അമ്മ സമ്മാനിച്ച കറുത്ത മുത്തുമാലയ്ക്ക് ചേരുന്ന നീളൻ ചാന്ത്പൊട്ട് നെറ്റിയിലും.
“ഒറ്റയ്ക്ക് ഇരുന്ന് പിറുപിറ്ക്ക്യാണോ…” മൂവാണ്ടൻ മാവിനെ ചാരി ഇരിക്കുന്ന യമുനയോട് മധു ചോദിച്ചു.
“ഒറ്റയ്ക്കാണെന്ന് ആരാ പറഞ്ഞേ.. അപ്പ്വേട്ടൻ വരാൻ വൈകുമ്പോ എനിക്കെന്നും കൂട്ടിനൊരാളുണ്ടല്ലോ..”
“അതാരാ..?”
“ദേ.. അത് നോക്ക് ” അടുത്തുള്ള കുഞ്ഞു പൂമരത്തിലേക്ക് കൈ ചൂണ്ടി യമുന പറഞ്ഞു.
പൂമരത്തിൽ ഒരു മൈന എന്തോ കൊത്തിപ്പെറുക്കുന്നു.
“മൈനപ്പെണ്ണേ..” മധു അവളെ കളിയാക്കി വിളിച്ചു.
“ഞാൻ പിണങ്ങ്വേ.. ” യമുന സങ്കടപ്പെട്ടു.
“ഡാ..അപ്പു ” ഓർമ്മകളുടെ നീരൊഴുക്കിനെ തടഞ്ഞ് ആരുടെയോ പൊടുന്നനെയുള്ള വിളി.
അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന, ടീ ഷർട്ടും കൈലിയും ധരിച്ച ഒരാൾ. തലമുടിയും മീശയും ഡൈ ചെയ്ത് കറുപ്പിച്ച് ഏറെ നാളായിരിക്കുന്നു. മറച്ച് വെച്ച പ്രായം നെറ്റിക്ക് മുകളിലായി വെള്ളിരേഖ തീർത്തിരിക്കുന്നു.
“എന്നാ ഉണ്ട്റ അപ്പൂ.. എന്നാ പോക്കാഡാ.. എത്ര കാലായി കണ്ടിറ്റ്..” മധുവിന് തന്നെ മനസ്സിലായില്ല എന്ന് തിരിച്ചറിഞ്ഞ ആൾ, ചിരിച്ചുകൊണ്ട്
“ബീഡി വേണോടാ..”
“ഭഗവാനേ… റോയി നീ..”
“ദേവികിയേച്ചിയാ പറഞ്ഞേ നീ താഴേക്ക് പോയിട്ടുണ്ടെന്ന്.. ഇവിടേക്കല്ലാതെ പിന്നെ നീ എവിടെപ്പോവാനാ…”
“നിന്നെ കാണുംന്ന് പ്രതീക്ഷിച്ചതേയില്ല…”
“അല്ലേലും നമ്മളെയൊക്കെ ആരോർക്കാൻ..?”
മധു ചിരിച്ചു.
“മേരിയേടത്തി…?”
“അഞ്ച് വർഷായി, അപ്പൻ പോയി മൂന്ന് കൊല്ലം കഴിഞ്ഞ് അമ്മേം.. “
“നീ ഇപ്പോ.. “
“പ്രീഡിഗ്രി പഠിക്കുമ്പം BSF കിട്ടിയതാ. ഇരുപത് വർഷം ജോലി ചെയ്തു. തിരിച്ച് വന്ന് ചെറിയൊരു ബിസിനസ്… ചില്ലറ റിയൽ എസ്റ്റേറ്റ് പരിപാടീം. ഒന്ന് ക്ലച്ച് പിടിക്കാത്തപ്പോ വേറൊന്ന്.. തട്ടീം മുട്ടീം ഇങ്ങനെ പോകും.”
“ഈ സ്ഥലം ആരുടെ കയ്യിലാ..?”
“നിങ്ങളോട് വാങ്ങിച്ച കക്ഷി നാലഞ്ച് കൊല്ലം മുമ്പ് മറിച്ചു വിറ്റു. മരങ്ങളൊക്കെ എന്നാ കാശിനാ വിറ്റേന്നറിയോ.. സ്ഥലം ഞാനാ ഏർപ്പാടാക്കിക്കൊടുത്തേ. കൊല്ലത്തുള്ള പാർട്ടിയാ.. കണ്ടില്ലേ തരിശിട്ടിരിക്ക്യാ.. റിസോർട്ട് പണിയാൻ.”
മധു മൂവാണ്ടൻ മാവിരുന്ന സ്ഥലത്തേക്ക് നോക്കി നിൽപ്പായിരുന്നു. മാവിരുന്ന സ്ഥലം മുഴുവൻ കുപ്പികളും ചവറും മൂടിയിരിക്കുന്നു. അതിന് മുകളിലേക്ക് ഒരു മൈന പറന്നു വന്നിരുന്നു.
“യമുനയുടെ കാര്യം അറിഞ്ഞോ നീ..” റോയ് പതിയെ ചോദിച്ചു.
“ഞാനീയടുത്താ അറിഞ്ഞത്…”
“കഷ്ടംന്നെല്ലാതെ എന്ത് പറയാൻ..”
“നീ പോയിരുന്നോ..?”
“ഞാനാ സമയം തമിഴ്നാട്ടിലായിരുന്നു. പച്ചക്കറിയുടെ ഹോൾസേലാ അന്ന്. ഇവടന്നവര് പോയിട്ട് കൊല്ലം കുറേയായി. നാലഞ്ച് വർഷം മുമ്പ് ഒരിക്കൽ വില്ലേജാഫീനടുത്ത് വെച്ച് കണ്ടപ്പോ, എന്നോട് വന്ന് ചോദിച്ചു, റോയിയല്ലേന്ന്. ഇവിടത്തെ പഴയ വീടിന്റേം പുരയിടത്തിൻ്റേം കരമടക്കാനോ മറ്റോ വന്നതാ.. നിന്നെ പറ്റീം അന്ന് ചോദിച്ചു. “
“ആ വീടിപ്പോഴുമുണ്ടോ..?”
“അതൊരു മഴയ്ക്ക് നിലംപൊത്തി. ആൾത്താമസമില്ലായിരുന്നല്ലോ.. ആ നാല് സെൻ് സ്ഥലം അവര് പിന്നെ വിറ്റു. നമ്മടെ ശിവാൻന്ദൻ മാഷക്ക് “
പിന്നീട്, റോയിയുടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ നേരം സന്ധ്യയാവാറായിരുന്നു. തിരിച്ചുള്ള റൈഡിൽ യമുനയെക്കുറിച്ച് മാത്രമായിരുന്നു ചിന്ത മുഴുവനും. ആര്..? എന്തിന്..?
വീട്ടിലെത്തി, ഷവർ തുറന്ന്, തണുത്ത വെള്ളം കൊണ്ടുള്ള സൂചിചികിത്സ ക്ഷീണത്തിനൊരയവ് വരുത്തി. ഭക്ഷണം കഴിഞ്ഞൊര് ഡ്രിങ്ക് പതിവില്ലാത്തതാണ്. അന്ന് പക്ഷേ, അറുപത് മില്ലി സിംഗിൽ മാൾട്ടിൽ, നിറയെ ഐസ്ക്യൂബിട്ട ഗ്ലാസ്സ് ചെറുതായൊന്ന് ചുഴറ്റി, ചുണ്ടിനോടടുപ്പിച്ചു. ലാപ്ടോപ്പിൽ മലയാളം പത്രങ്ങളുടെ ആർക്കൈവ്സ് തിരഞ്ഞു. യമുനയുടെ കൊലപാതകത്തിന്‍റെ വാർത്തകൾ ഓരോന്നായി വായിച്ചു.
“ഈസ് മൈ ബോയ് ടയേഡ്..ഓർ.. ആർ യൂ ലുക്കിങ് ഫോർ സം..?” പിറകിൽ നിന്നും കൈകൾ ചേർത്ത് പിടിച്ചു സിന്ധു ചെവിയിൽ സ്വകാര്യം പറഞ്ഞു.
“നോട്ട് ടുഡേ..” മധു ചിരിച്ചു
“ഒരു കേസിന്‍റെ കാര്യം നോക്ക്വാണ്.. “
ലാപ്ടോപ്പ് സ്ക്രീനിലേക്ക് അപ്പോഴാണ് സിന്ധു നോക്കുന്നത്.
“ഇതെന്താ ഇപ്പോ വായിക്കാൻ.. ഇതൊരു പഴയ കേസല്ലേ..”
“ഇതാണാ കേസ്..”
“ഓഹോ. അപ്പോ ക്രിമിനൽ കേസും തുടങ്ങിയോ.. ആർക്ക്.. പ്രതിക്ക് വേണ്ടിയാ..?” സിന്ധു ചിരിച്ചു.
മധു കഴിഞ്ഞ ആഴ്ച ഓഫീസിൽ നടന്ന കാര്യങ്ങൾ പറഞ്ഞു. യമുനയുടെ വരവും, നോട്ടീസയച്ചതും അവരുടെ ഭർത്താവ് വന്ന് കണ്ടതും.
പ്രേംരാജിനെപ്പോലെ സിന്ധുവും ആദ്യം ചിരിച്ച് കളിയാക്കി. പിന്നെ ചോദിച്ചു
“ഓക്കേ.. വന്നത് പുള്ളിക്കാരീടെ ആത്മാവാ, സമ്മതിച്ചു. ബട്ട്… വൈ യൂ.. “
മധു ഒന്നാലോചിച്ചു. സിന്ധുവിന്‍റെ കൈകൾ ചേർത്തു പിടിച്ചു.
“ഞാൻ മൂന്നേ പറഞ്ഞതല്ലേ.. എന്‍റെ ചൈൽഡ്ഹുഡ് ക്രഷ്നെ പറ്റി.. ആ കുട്ടിയാണ് യമുന.. “
സിന്ധു അത് കേട്ട് ഒരു നിമിഷം ഭയപ്പെട്ടു, അല്പം പിറകോട്ട് മാറി.
“എങ്കിൽ.. ഇറ്റ്സ് നോട്ട് ജസ്റ്റെബൗട്ട്യൂ… ഇറ്റ്സബൗട്ട് അസ്..”
“എക്സ്ക്യൂസ് മീ..”
“ഞാനിവരെ നേരത്തേ കണ്ടിട്ടുണ്ട്… “
മധുവിന്‍റെ കണ്ണുകളിലെ ആശ്ചര്യം, സിന്ധുവിനോടുള്ള അടുത്ത ചോദ്യമായി.
“ഇവർ എന്‍റെ ബാങ്കിൽ വന്നിട്ടുണ്ട്… ” വീണ്ടും ഒന്നാലോചിച്ച ശേഷം,
“യെസ് 8th Nov 2016, PM ഡീമോണിറ്റൈസേഷൻ അനൗൺസ് ചെയ്ത ദിവസം.. “
മധു ചോദ്യരൂപേണ സിന്ധുവിനെ നോക്കി.
“ഓർക്കാൻ കാരണമെന്തന്നല്ലേ.. ഇവർ വന്നത് ക്യാഷ് ഡിപ്പോസിറ്റ് ചെയ്യാൻ, വേറെ ആളുടെ അക്കൗണ്ടിലേക്ക്. കയ്യിൽ ID ഒന്നും ഇല്ലാതെ. ID ഇല്ലാതെ പറ്റില്ലാന്ന് പറഞ്ഞപ്പോൾ ഇവർ എന്റെ അടുത്ത് വന്നു.. ഹസ്ബൻഡിന്‍റെ അക്കൗണ്ടാണെന്നും ഒരു ചെക്ക് ഇഷ്യൂ ചെയ്തിട്ടുണ്ടെന്നും, തിരക്കിനടയിൽ ID മറന്നതാണെന്നും പറഞ്ഞു. ഞാനാ അക്കൗണ്ട് ഹോൾഡറെ വിളിച്ച് കൺഫേം ചെയ്തതിന് ശേഷം ക്യാഷ് വാങ്ങാൻ ക്യാഷ്യറോട് പറഞ്ഞു “
“ഒരിക്കൽ മാത്രാണോ വന്നത്…?”
“അല്ല.. പിന്നേം വന്നു, മൂന്നോ നാലോ പ്രാവശ്യം. അവര്ടെ റാപ്പോ ബിൽഡിംഗ് സമ്മതിച്ചേ പറ്റൂ.. ആദ്യ ദിവസം തന്നെ ക്യാഷിലെ സപ്നയുമായി നല്ല കൂട്ടായി. അടുത്തടുത്ത നാട്ടുകാരാത്രേ. പിന്നീട് വന്നപ്പോഴൊക്കെ സപ്ന ഒന്നും ചോദിക്കാതെ ക്യാഷ് വാങ്ങുമായിരുന്നു.. “
“ഈ വാർത്ത കണ്ടിട്ടും എന്തേ പോലീസിൽ …”
“സപ്‌നക്ക് നല്ല പേടിയായി. എനിക്കും.. എന്തിനാ കേസിനും മറ്റും. അവർ ഹസ്ബൻഡിന്‍റെ അക്കൗണ്ടിൽ ഡിപ്പോസിറ്റ് മാത്രല്ലേ ചെയ്തുള്ളൂ.. “
“ആ ഡിപ്പോസിറ്റ് സ്ലിപ്പ്സ് കാണില്ലേ…”
“ഉം.. ഉണ്ടാവും.. സമയമെടുക്കും തപ്പിയെടുക്കാൻ.. നാളെ ഗോപാലേട്ടനോട് പറയാം..”
പിറ്റേന്ന് മധുവിന് കോടതിയിൽ പോകാൻ മനസ്സ് വന്നില്ല. കേസ് ജൂനിയറോട് അറ്റൻഡ് ചെയ്യാൻ ഏൽപ്പിച്ചു. അക്ഷമനായി സിന്ധുവിന്‍റെ ഫോൺ പ്രതീക്ഷിച്ച്, ഇടക്കിടെ ക്ലോക്കിലെ സൂചിയിലേക്ക് നോക്കി കൊണ്ടേയിരുന്നു. ആ പേയിൻ സ്ലിപ്പുകളിൽ എന്തെങ്കിലും കാണാതിരിക്കില്ല. മധു മനസ്സിലുറപ്പിച്ചു.
ഒരു മണിയായിക്കാണും സിന്ധു വിളിക്കുമ്പോൾ,
“വാട്ട്സ്ആപ്പ് നോക്കൂ. ഞാനാ പേയിൻ സ്ലിപ്പിന്റെ ഫോട്ടോ അയച്ചിട്ടുണ്ട്.. “
മധു ധൃതിയിൽ വാട്ട്സ്ആപ്പിലെ ഫോട്ടോ നോക്കി, പേയിൻസ്ലിപ്പിലെ പേരിൽ കണ്ണുകളുടക്കി. വിശ്വസിക്കാനാവാതെ കസേരയിലിരുന്നു..
വീണ്ടും ഫോണെടുത്ത് പ്രേംരാജിനെ വിളിച്ചു.
“പ്രേമാ, നമ്മടെ ആ കേസില്ലേ. ഐ ഹാവേ സസ്പെക്റ്റ് “
പ്രേമന് ആ സ്ലിപ്പിലെ ഡീറ്റെയ്ൽസ് പറഞ്ഞു കൊടുത്ത ശേഷം, വാട്സപ്പിൽ ഫോർവേർഡും ചെയ്തു.
സോഫയിലിരുന്ന മധു അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു. പ്രേംരാജിന്‍റെ ഫോൺ വന്നപ്പോഴാണ് ഉറക്കമുണരുന്നത്.
“മധു… വീ ഗോട്ട് ഹിം, ആന്റ് യൂ വേർ റൈറ്റ്.. പുള്ളി കൺഫസ്സ് ചെയ്തു. കോൺട്രാക്റ്റ് കില്ലിങ് ആണ്. ചെയ്ത വേറെ രണ്ടു പേരെ കിട്ടാനുണ്ട്.. “
“മൈ ഗോഡ്.. എന്തിനായിരുന്നു.. “
“മോട്ടീവ്..? വൈകീട്ട് കാണുമ്പോൾ പറയാം..പിന്നെ സാറ് നിന്നെ വിളിക്കും..”
“ഏത് സാറ്..?”
“ഷിറാസ് തയ്യ്ബ്.. ക്രൈംബ്രാഞ്ച് എസ്പി…താങ്ക്സ് പറയാൻ..”
മധു ഫോൺ കട്ട് ചെയ്ത് ഏറെ നേരം ജനാലയ്ക്ക് വെളിയിലേക്ക് നോക്കി നിന്നു..
പുറത്ത്, ബോൺസായ് മരത്തിൽ ഒരേ ഒരു മാങ്ങ പഴുത്ത് നിൽക്കുന്നു. അതിനടുത്ത് ഒരൊറ്റ മൈന പാറി നടക്കുന്നു. കാണെക്കാണെ, ആ മരം വളർന്ന് ഒരു മൂവാണ്ടൻ മാവായി പന്തലിച്ചു നിന്നു. അതിന്റെ മുകളിലെ കൊമ്പിൽ, മൂത്ത് പഴുത്ത മാമ്പഴം, തെക്കൻകാറ്റിൽ മെല്ലെ മെല്ലെ ആടുകയായി. അത് നോക്കി നിൽക്കുന്ന അപ്പുവും യമുനയും. ഒരു നിമിഷം, ഞെട്ടറ്റ് താഴേക്ക് പതിച്ച മാമ്പഴം ഭൂമി തൊടാതെ കയ്യിലൊതുക്കാൻ അപ്പു ഓടുന്നു, പിന്നിൽ യമുനയും. പെട്ടെന്ന്, യമുനയുടെ “അപ്പൂ.. ” എന്ന ഉച്ചത്തിലുള്ള വിളി കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ, തന്നെ തോൽപ്പിക്കാനായി യമുനയെ തള്ളി മാറ്റുകയാണ് റോയ്. ദൂരേക്ക് തെറിച്ച അവൾ ചെന്നു വീഴുന്നത് കൂർത്ത കരിങ്കൽ കഷണങ്ങളിലേക്കാണ്. നെറ്റിയിൽ നിന്നും ചിന്തിയൊഴുകിയ രക്തത്തിൽ മുങ്ങി യമുന. അവൾക്കരികിലേക്ക് താനോടിയെത്തുമ്പോഴേക്കും, റോയ് എങ്ങോ ഓടി മറഞ്ഞിരുന്നു.
ബോൺസായ് മരത്തിലെ മൈനയുടെ ദൃശ്യം മധുവിൻ്റെ ചിന്തകൾക്ക് വിരാമമിട്ടു. അത് ദൂരേക്ക് പറന്നകലുന്നത് മധു നോക്കി നിന്നു.