ഒറ്റപ്പെട്ടവരുടെ ഗൃഹസ്ഥാശ്രമം

അടുക്കള
അവൾക്കെപ്പോഴും
കലഹഭൂമി ;
അസ്വാരസ്യങ്ങളുടെ
മഴനിഴൽ പ്രദേശം
അവളോ,
സ്വൈര്യമില്ലാത്ത കുടുംബിനി

എലി, പാറ്റ, പല്ലി, പഴുതാര
ഇരട്ടവാലി, ചൂട്ടട്ട
കടിയുറുമ്പ് , നെയ്യുറുമ്പ്
ക്ഷുദ്രജീവികളുടെ ഒളിയിടങ്ങൾ
ചൂലും തുടുപ്പും
കാലഹരണപ്പെട്ട പടക്കോപ്പ്.

വേങ്കുഴൽ
പുകച്ചുരുൾ
കണ്ണീർ, കണ്ണഴൽ …
സഹികെടുമ്പോൾ അന്ത്യശാസനം

അവൾ ലക്ഷ്മണരേഖ വരച്ചു
പിന്നാലെ, എന്റെ മഞ്ഞൾപ്പൊടിവിത
ഉറുമ്പിൻകൂട്ടം വഴിപിരിയും
ലക്ഷ്മണരേഖയിൽ
പാറ്റകൾ വൈദ്യുതാഘാതമെന്നപോൽ
കീഴ്മേൽ മറിഞ്ഞു പിടയും
എന്റെ ഹിംസാവാദം ഫലിക്കില്ല;

അവൾക്കോ,
അടുക്കള
കാലം തികഞ്ഞ
ജൈവസ്വരൂപം…
അവൾ ശഠിക്കും:
കൊല്ലുന്നത് പാപം
കഴുത്തറ്റുതെറിക്കും
എലിവില്ലുവേണ്ട
എലിപ്പത്തായംമതി
സഞ്ചിയിലാക്കി
പൊന്തക്കാടിൽ
തുറന്നു വിടൂ –
നെഞ്ചലിവ്;
കനിവുള്ള കല്പന :
ആടിന്റേതു പോലെ
ആർദ്രവും
മാനിന്റേതുപോലെ
നനവുള്ളതും –
എലിക്കണ്ണുകൾ

മെല്ലെമെല്ലെ,
ലക്ഷ്മണരേഖ
അടുക്കളപ്പുറങ്ങളിലും വ്യാപിച്ചു.
ലക്ഷ്മണരേഖയ്ക്കഭിമുഖം
ചിലനേരങ്ങളിൽ
പോർമുഖം തീർത്ത്
ഞങ്ങൾ കഠിനമായ് പെരുമാറി

ഉപ്പുകൂടാതെ തിന്നാനും
മധുരമില്ലാതെ കുടിക്കാനും
അവളെന്നെ മെരുക്കി.
ഗൃഹപാഠങ്ങൾ കൊണ്ട്
അവളെന്റെ അഹന്തയ്ക്ക് തീയിട്ടു
ദുഷ്ടന്റെ ഹൃദയത്തിൽ
ഏഴ് വെറുപ്പുണ്ടെന്ന് പുലമ്പി
അന്തിത്തിരി തെളിച്ച്
അവളെന്റെ
ആണധികാരത്തെ പുകച്ചുചാടിച്ചു.

മക്കൾ
അവരുടെ ആർക്കൈവിൽ നിന്നും
ഞങ്ങളുടെ ഹണിമൂൺ
ഫോട്ടോകൾ തൊടുത്തുവിട്ട്
മധ്യസ്ഥം പറഞ്ഞ്
രംഗം ശാന്തമാക്കി അപ്രത്യക്ഷരാകും…
അന്നേരം
അവളോടിയണയും
ചികഞ്ഞിട്ട ഓർമ്മകളിൽ
കോടമഞ്ഞുപൊഴിയും
കുളിർമകിനിയുമേടുകൾ
എനിക്കുനേരെനിവർത്തും-

മക്കളുടെ നന്മയ്ക്കായ്
തൊടിയിലവൾനട്ട
അശോകവൃക്ഷതൈ …
കന്യാകുമാരിയിലെ ഉദയം…
മരുത്വാമലയിലെ കടൽക്കാറ്റ് …
കോവളത്തെ അസ്തമയസൂര്യൻ….
അടക്കിപിടിച്ചനിർവൃതി
നിർവൃതിയിലൊരാർത്ത സ്വരം …
ആർത്തസ്വരത്തിലൊരാർദ്രത …
ക്ഷേമമാരാഞ്ഞ മക്കളോടവൾ മൊഴിഞ്ഞു :
ഞങ്ങളിപ്പോൾ
മൃതന്മാരുടെ കൂട്ടത്തിൽപ്പോയ്
വിശ്രമിക്കാനുള്ള മുന്നൊരുക്കത്തിലാണ്

കഠിനകാലത്തെ
ചില സന്ധ്യാനേരങ്ങൾ;
ബുദ്ധനും
യഹോവയും
ലക്ഷ്മണരേഖയ്ക്കഭിമുഖം
നേർക്കുനേർ പൊരുതും;
കലഹം മൂത്താൽ –
അധികാരഭാവം
വിശാല ഹൃദയത്വം
ആഴമുള്ള നിഗൂഢ മൗനം
അവൾ പറയും :
ഇരുട്ട്
ചതിയുടെപുല്ലിംഗ സ്വത്വം
ബുദ്ധനും
യഹോവയും
സമന്മാർ….

ഞങ്ങളുടെ വായനാമുറി
ഇരുട്ടുവിഴുങ്ങി
ലക്ഷ്മണരേഖ
ഞങ്ങളുടെ
ശിരസ്സിലും പടർന്നുകയറി
ഞങ്ങളുടെ
ന്യായവിധികൾ
ഞങ്ങളെ
സ്വയം മഹത്വപ്പെടുത്തി

അപരിചിതശബ്ദങ്ങൾ –
ആദ്യമാദ്യം വളർത്തു നായ ഉറക്കെ കുരച്ചു
രാപ്പക്ഷികൾ ഉറക്കെ ചിലച്ചു
പിന്നെ ശാന്തരായി…
നക്ഷത്രങ്ങൾ നിറഞ്ഞ
ആകാശം
പരേതാത്മാക്കളുടെ വരവറിയിച്ചു

മക്കളോ
വിരുന്നുകാർ…
ഇണക്കമുള്ളദേശാടനപ്പക്ഷികൾ

ചില ഇടവേളകൾ;
അകൃത്യഭാരം
ഉറക്കംകൊടുത്തി –
ശണ്ഠകൂടുന്ന സ്ത്രീയോട്
പൊതുവീട്ടിൽ
പാർക്കുന്നതിനേക്കാൾ
മേൽപ്പുരയുടെ
ഒരുകോണിൽ
പാർക്കുന്നത് നന്ന്
അതിനവൾ:
ആത്മസംയമനമില്ലാത്ത പുരുഷൻ
മതിൽ ഇല്ലാതെ
ഇടിഞ്ഞു കിടക്കുന്ന
പട്ടണം പോലെയാകുന്നു;
വികാരവിക്ഷോഭത്താൽ
വിശുദ്ധപുസ്തകത്തിലെ
ന്യായപ്രമാണങ്ങൾ
ഞങ്ങൾ
നേർക്കുനേർ ചുഴറ്റിയെറിഞ്ഞു….

വിയർപ്പിന്റേയും
മൂത്രത്തിന്റേയും
തൈലത്തിന്റേയും
സംയുക്‌ത ഗന്ധം
കിടപ്പുമുറിയിൽ
തളംകെട്ടി നിന്നു….

ലക്ഷ്മണരേഖ
ഞങ്ങളുടെ
കിടക്കപ്പായ രണ്ടായ്
നെടുകെ ഛേദിച്ചു…
ആമേൻ മൊഴിഞ്ഞ്
കണ്ണടച്ച്
ഇരുവരുമറിയാതായി….
ചിലനേരങ്ങളിൽ
നനവുള്ള കൈപ്പടം
നെഞ്ചിൽ പതിഞ്ഞു ….

ലക്ഷ്മണരേഖ
പടിപ്പുരയോളം പടർന്നതിനാൽ
ഞങ്ങളുടെ
രാവലർച്ച
ആരേയും
അലോസരപ്പെടുത്തിയില്ല
ചില നേരങ്ങളിൽ
ഞങ്ങളുടെ കലഹം
രാവറുതിയോളം നീണ്ടു
വിശുദ്ധപുസ്തകത്താളുകൾ
ഞങ്ങൾ
തൊടുത്തുവിട്ട വജ്രായുധങ്ങൾ
വായനാമുറിയിൽ
കുമിഞ്ഞുകൂടി…
സഹികെട്ട്
ഞാൻ യഹോവയേയും
അവൾബുദ്ധനേയും
ആട്ടിയിറക്കി
വായനാമുറിക്ക് താഴിട്ടു.

ഞങ്ങളുടേത്
നൂറ്റാണ്ടുയുദ്ധമുറയെന്ന്
വാട്സ് ആപ്പ് ചാറ്റിലൂടെ
മക്കളുടെ പരിഹാസം..
അപ്പനിപ്പോൾ തൊണ്ണൂറ്റൊമ്പത്
അമ്മക്ക്
തൊണ്ണൂറ്റാറ്
അബ്രഹാത്തിന്റേയും
സാറയുടെയും
പുണ്യകാലം
സാറയുടെ
കന്നിപ്രസവകാലം;
കടൽ താണ്ടി വരുന്നു
ഇരുട്ടിന്റെ മറവിൽ
മക്കളുടെ സുവിശേഷ തരംഗം;
ചിത്ര ചിഹ്നലിപികൾ…
അവളുടെ
പ്രജ്ഞയിൽ
സാറയുടെ കുഞ്ഞിന്റെ കരച്ചിൽ…

രാത്രിയുടെ അന്ത്യയാമങ്ങളിൽ
ഞങ്ങളുടെ നാവിന്
ശബ്ദം നിലച്ചു.
ഉമിനീർ വറ്റി
ആംഗ്യഭാഷയിൽ
ഞങ്ങൾ
യുദ്ധംതുടർന്നു …

ശരീരങ്ങൾ വെടിഞ്ഞ്
ഞങ്ങളുടെ ബാല്യകാലം
ലക്ഷമണരേഖ മുറിച്ചുകടന്നു…
സൂചിമുഖിപ്പക്ഷികൾ
ജാലകച്ചില്ലിൽ മുട്ടി വിളിച്ചു.

വർഷങ്ങളായ് അടഞ്ഞുകിടന്ന
ജാലകവാതിലുകൾ
ആകാശത്തിനഭിമുഖം
മലർക്കെ തുറന്നു …
തൊടിയിൽ
അശോകവൃക്ഷം
ശിഖരങ്ങൾ വിടർത്തി
പൂക്കാലം വരവേറ്റു….
തേനുണ്ണാൻ നിറയെ പക്ഷികൾ ….
ശലഭങ്ങൾ …

പടിപ്പുരയ്ക്ക് പുറത്ത്
വിശുദ്ധന്മാരുടെ
റിപ്പബ്ളിക്കിൽ
ഞങ്ങളുടെ
ബാലലീലകൾ …
അലർച്ച …
കിതപ്പ് ….
സദാചാരവിരുദ്ധരുടെ
മറുഭാഷയായ് വ്യാഖ്യാനിക്കപ്പെട്ടു…

അൾഷിമേഴ്സ് വൃദ്ധരുടെ ആലയം
അന്യർക്ക് പ്രവേശനമില്ല –
മക്കളുടെ കല്പന;
അതിക്രമിച്ചുകടക്കരുത്
റിപ്പബ്ളിക്കിന്റെ
അന്ത്യശാസനം –
പടിപ്പുരയിൽ
വർണ്ണലിപികൾ തൂങ്ങിയാടി …

ഞങ്ങൾ ഗൗരവക്കാരായ്
മൗനം ഭ്രമകല്പനയായ്
കണ്ണുകൾക്ക് രൂപാന്തരം വന്നു –
കാഴ്ചകൾ …
വസന്തകാലഋതുക്കൾ..
ഒരക്ഷരമുരിയാടാതെ
ബാല്യത്തിനൊപ്പം
കുട്ടികൾക്കൊപ്പം
കുതറിയോടി…

ആരവമൊഴിഞ്ഞ ശരീരങ്ങൾ –
ഓർമ്മയുടെ ഒരു തുണ്ടു വെളിച്ചത്തിൽ
ഞാനവളിൽ
ലോത്തിന്റെഭാര്യയെകണ്ടു;
പിന്നെ അനുസരണക്കേടിന്റെ
ഉപ്പു തൂണും

ഇരുട്ട്
ചതിയുടെ
പുല്ലിംഗ സ്വത്വം
അവളുടെവിലാപം …
കിതപ്പ് ….
വീടാകെ മുഴങ്ങിക്കേട്ടു…
ഇണങ്ങുന്ന ഗ്രഹങ്ങളുടേയും
പിണങ്ങുന്ന ഗ്രഹങ്ങളുടേയും
സംഗമം …

ലക്ഷ്മണരേഖയ്ക്കഭിമുഖം
കൈയ്യെത്താദൂരത്ത്
അവൾ ചലനമറ്റു കിടന്നു
സഫലം;
ഞാനാദ്യമെന്ന മുറപ്പാട് …
പരേതാത്മാക്കളുടെ
നിഴൽപ്പാട്
ലക്ഷ്മണരേഖ മറച്ചു…

അടുക്കള
അഴിഞ്ഞ ലക്ഷ്മണരേഖ;
പാറ്റകൾ
മാലാഖമാരെപ്പോലെ
പറന്നിറങ്ങുന്നു….
പൊന്തക്കാടിൽ നിന്ന്
അടുക്കളയിലേക്ക്
നീളുന്ന എലിത്താര….
വെൺചിതൽകൂട്….
ഉറുമ്പിൻനിര ….

മക്കളുടെ
ആർക്കൈവിൽ
അടുക്കള
പുരാവസ്തുശേഖരം ;
നാല്ക്കാലിപ്പലക
കഞ്ഞിക്കലം
കറിച്ചട്ടി
തിരുവളയം
തിരുലാമി
അരിവട്ടി
മുറം
ചെരവ
തുടുപ്പ്
അമ്മിക്കല്ല്
അരപ്പാൻ പെട്ടി
കഷായച്ചട്ടി
പുകക്കറമൂടിയ ഉറി ….
വേങ്കുഴൽ …

വരാന്തയിൽ
മക്കൾ പറഞ്ഞു വരുത്തിയ
ഭക്ഷണപ്പൊതികൾ
ചിതറിക്കിടക്കുന്നു….

കല്പത്തിനുമേൽ
മഹായുഗമെന്നപോൽ
കാലം വയസ്സറിയിച്ച്
ഞങ്ങളെ പൊതിഞ്ഞുനിന്നു.


മുറിപ്പാട് – വിലാപം
നാല്ക്കാലിപ്പലക – അടുക്കളയിലെ തീൻ പലക
അരപ്പാൻ പെട്ടി – പലവ്യഞ്ജനപ്പെട്ടി .
വേങ്കുഴൽ – അടുപ്പിൽ തീ ഊതികത്തിക്കുന്ന മുളങ്കുഴൽ.
തുടുപ്പ് – മരച്ചീനി, ചക്ക – കലത്തിലിളക്കുന്ന പനംകതിർ (പനയോലത്തണ്ട് )

തിരുവന്തപുരം കാക്കാമൂല സ്വദേശി. റിട്ടേർഡ് പഞ്ചായത്ത് സെക്രിട്ടറി. ബുദ്ധപൂർണ്ണിമ, സർപ്പ സീൽക്കാരത്തിൻറെ പൊരുൾ, കരിന്തണൽ, വയൽ ജീവി എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്