ഒരു സ്വപ്നത്തിന്റെ ബാക്കി

“ഹലോ സാര്‍.”

ഉള്ളില്‍ തികട്ടി വന്ന നീരസം മുഖത്തു വരുത്തി അവള്‍ മെസ്സേജ് അയച്ചു.

“പറയൂ.”

“ഞാന്‍ ദീപ. എന്താണ്  സാറിനു  ജോലി?”

“ഞാന്‍ ഒരു കമ്പനിയില്‍ അസിസ്റ്റന്റ്‌ മാനേജര്‍  ആണ്. വിരമിയ്ക്കാന്‍  ഇനി  രണ്ടു വര്‍ഷം.”

“ഓക്കേ, താങ്കള്‍  എന്താണ്  ഞാന്‍ പോസ്റ്റുചെയ്ത സ്റ്റാറ്റസില്‍  ഇഷ്ടക്കേട് പ്രകടിപ്പിച്ചത് ?”

അയാള്‍  അതിനു മറുപടി കൊടുത്തില്ല . പകരം  അവളുടെ ഫെയ്‌സ് ബുക്ക് വാളിൽ ഒരു  പോസ്ടിട്ടു.

“കാലുകള്‍ക്ക്  ശേഷിയില്ലാത്ത  ഒരു  കുട്ടി  കനിവിനായി  കേഴുന്നു. രക്ഷിക്കാന്‍  ആരുണ്ട്‌?”

അതിനു എങ്ങനെ പ്രതികരിക്കണം എന്ന് അവള്‍ക്കു അറിയില്ലായിരുന്നു. അവളുടെ നിരന്തരമായ യാത്രകള്‍ക്കിടയില്‍ ഒത്തിരി കുട്ടികളെ  ഈ വിധം കണ്ടിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് എന്തെങ്കിലും കൊടുത്തു  ഒഴിവാക്കുകയായിരുന്നു പതിവ്.

ഇപ്പോള്‍  അങ്ങനെ ഒരു കുട്ടിയെ നോക്കാന്‍ കഴിയുമോ? ജോലി, മക്കള്‍, ഭര്‍ത്താവ്, വീട്ടുകാര്യങ്ങള്‍, അല്പം നാട്ടുകാര്യവും. ഇതിനിടയില്‍ എങ്ങനെയാണ് സഹായം കൂടിയേ തീരൂ എന്ന നിലയിലുള്ള  ഒരു കുട്ടിയെ നോക്കാന്‍ കഴിയുക? അതെന്തോ  ആകട്ടെ,

എന്തായാലും തന്‍റെ വാളില്‍ വന്ന പോസ്റ്റിനു മറുപടി കൊടുക്കാന്‍  അവള്‍  തീരുമാനിച്ചു.

“രക്ഷിക്കാന്‍ ആരുണ്ട്‌ എന്ന് ചോദിക്കുന്നവര്‍ അത് ഏറ്റെടുക്കുകയല്ലേ വേണ്ടത്?”

‘സന്തോഷം കുട്ടീ ഇപ്പോള്‍ ഞാന്‍ എന്റെ പോസ്റ്റ്‌ പിന്‍‌വലിക്കുന്നു. ‘

മറുപടി അവളെ  വീണ്ടും ചിന്താമഗ്നയാക്കി .

‘വേണ്ടായിരുന്നു ആരുമില്ലാത്ത  വൈകല്യമുള്ള കുട്ടികളുടെ ഫോട്ടോ  ഞാന്‍ ഷെയര്‍ ചെയ്യരുതായിരുന്നു. മാത്രമല്ല അതൊരു പഴയ ഫോട്ടോ ആയിരുന്നു.’ അവള്‍ അതില്‍ പശ്ചാത്തപിച്ചു. പിന്നീട്  അവളുടെ ഓരോ യാത്രകളിലും അവള്‍ സ്വയം തിരഞ്ഞു കൊണ്ടിരുന്നു. നിഷ്കളങ്കമായ ആ മുഖങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ കാണും എന്നവള്‍  വിശ്വസിച്ചു. .അതൊരു വേദനയായി  അവളെ വേട്ടയാടിക്കൊണ്ടിരുന്നു. അന്നവള്‍ക്ക് ഓഫീസില്‍ പരിശോധന നടക്കുകയാണ്. തിരക്കിട്ട്  പണിയൊക്കെ കഴിച്ചു ഭര്‍ത്താവിനും മക്കള്‍ക്കും ടിഫിന്‍ ഒക്കെ തയ്യാറാക്കി  അവള്‍  പോകാനായിറങ്ങി.

” അമ്മേ , ഒന്നോടി വരൂ, ഓടി വരൂ.”

എന്താ മമ്മക്ക് പോകാന്‍ നേരമായീ, എന്തുണ്ടായീ ?

“ഒന്ന് വരൂ, ഞാനിവിടെ..”

ബാത്ത് റൂമില്‍ നിന്നും കരച്ചില്‍ ഉച്ചത്തിലായി.

‘ദേ, ഒന്ന് നോക്കണേ, എനിക്കിന്ന് ഇന്‍സ്പെക്ഷന്‍ ഉള്ളതാ. ലേറ്റ് ആകാനും  ലീവ് എടുക്കാനും  പറ്റില്ല.”

ഇതും പറഞ്ഞു അവള്‍ വേഗം സ്കൂട്ടിയില്‍ കയറി റോഡിലേക്ക് തിരിഞ്ഞു റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നീങ്ങി. പിന്നില്‍ മകന്റെ കരച്ചില്‍ അവളുടെ മനസ്സില്‍ നൊമ്പരം പടര്‍ത്തിക്കൊണ്ടിരുന്നു.

“മോന് എങ്ങനെയുണ്ട്?”

“കുഴപ്പമില്ല  ഇവിടെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആണ്. കാലില്‍ ചെറിയ ഫ്രാക്ചര്‍, പ്ലാസ്ടറിട്ടു.”

“അയ്യോ അതെന്താ എന്നെ നേരത്തേ അറിയിക്കാഞ്ഞതു?” അവള്‍ക്കു സങ്കടം സഹിക്കാനായില്ല.

“നിനക്കിന്നു വരാനും ലീവ് എടുക്കാനും പറ്റില്ലല്ലോ. പിന്നെ വിളിച്ചു വിഷമിപ്പിക്കേണ്ട എന്ന് കരുതി .സാരമില്ല ജോലി കഴിഞ്ഞു വന്നാല്‍ മതി.”

അവള്‍ മറിച്ചൊന്നും പറഞ്ഞില്ല. രാവിലെ ഓഫീസിലെ ടെന്‍ഷനില്‍ അത്ര ഗൗരവം  കൊടുത്തില്ല.

‘കാലു വയ്യാതെ എന്‍റെ കുട്ടി… എങ്ങനെ …? ‘

അവളുടെ മനസ്സിലേക്ക് കടന്നു വന്നത്  ആ പഴയ ചിത്രം തന്നെയായിരുന്നു. അറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഓഫീസില്‍ ഒരു വിധം പണികള്‍ ഒതുങ്ങിയിരിക്കുന്നു. ഇനിയും രണ്ടു മണിക്കൂര്‍ ഉണ്ട് അഞ്ചാവാന്‍. മാനേജരുടെ  മുറിയിലേക്ക് അവള്‍ പതിയെ എത്തിനോക്കി. അദ്ദേഹം പണിയില്‍ മുഴുകിയിരിക്കുന്നു. എന്തായാലും അനുവാദം വാങ്ങി പോകാന്‍ അവള്‍ തീരുമാനിച്ചു.

‘എന്തുപറ്റി? മുഖം വല്ലാണ്ടിരിക്കുന്നല്ലോ ?’

‘മോന് ഹോസ്പിറ്റലില്‍ ആണ് സാര്‍, ഞാന്‍..?’

അവള്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞു.

‘മുകളിരിക്കുന്നവര്‍ മനുഷ്യത്വമില്ലാത്തവരാണെന്ന  മുന്‍ധാരണ വേണ്ടായിരുന്നു, പൊയ്ക്കൊള്ളു. ‘

മനസ്സില്‍ സ്വയം ശപിച്ചു കൊണ്ടു അവള്‍ ഇറങ്ങി. ഈ സമയം ട്രെയിന്‍ ഉണ്ടാവില്ല. അതിനാല്‍ ബസ്സില്‍ തന്നെ പോകാന്‍ തീരുമാനിച്ചു. ഈ  യാത്ര  അവള്‍ക്കു വളരെ അപരിചിതമായി  അനുഭവപ്പെട്ടു. റോഡ്‌ മുറിച്ചു കടക്കാന്‍ അല്പം അടുത്തെത്തിയ കാര്‍ കടന്നുപോകാനായി കാത്തു. ഒരു മിന്നല്‍ പോലെ അവള്‍ കണ്ടു ഒരു പരിചിത മുഖം. വായിച്ചെടുക്കാനാകാത്ത ഒരു ആന്തല്‍ അവളുടെ മനസ്സിലൂടെ പാഞ്ഞു പോയി . ‘ബിനോയ്‌ സാര്‍ ‘ അവള്‍ മനസ്സില്‍  പറഞ്ഞു.

“ഏയ്‌ ഓട്ടോ, ഓട്ടോ. ആ വണ്ടിയുടെ കൂടെ ഒന്ന് പോകുമോ?”

“എന്‍റെ ഒരു ബന്ധുവാണ് വണ്ടിയില്‍.’ എന്നവള്‍ കള്ളം  പറഞ്ഞുകൊണ്ടു പെട്ടെന്ന് ചാടിക്കേറി. ഭാഗ്യം, ആ വണ്ടി അവിടെ ബേക്കറിയുടെ മുന്നില്‍ നിര്‍ത്തി. അവള്‍ ഓട്ടോക്കാരന് പൈസ കൊടുത്ത് അവിടെ ഇറങ്ങി. കാറിനടുത്തേക്ക് ചെന്നു. ഒരു സ്ത്രീ, പുഞ്ചിരിച്ച മുഖം. വാക്കുകൾ ഒന്നും വായില്‍ നിന്നും പുറത്തേയ്ക്ക് വരുന്നില്ല. നാവു കെട്ടു വീണു പോയോ എന്ന് സംശയിച്ചു നില്‍ക്കുമ്പോള്‍, എന്താ, കുട്ടിക്ക് എന്തുവേണം ? എന്ന ചോദ്യം അവളെ സ്ഥലകാലബോധത്തിലേക്ക് എത്തിച്ചു.

‘പരിചയം തോന്നിയതുകൊണ്ട് നോക്കിയതാ.’

‘എവിടെ വീട്?’

“കുറച്ചു ദൂരെ പോകണം.”.

“ആരാ ? ” ചോദ്യം കേട്ട ദിശയിലേക്കു  അവളും നോക്കി.

“ഓ, ഇയാള്‍ എന്താ ഇവിടെ ?” അവളെ പെട്ടെന്ന്  തിരിച്ചറിഞ്ഞു അദ്ദേഹം. “ഓര്‍മ്മയുണ്ടോ ?”

ഉണ്ടെന്നു അവള്‍ തലയാട്ടി. കാറിലിരുന്ന സ്ത്രീയോട്, “അന്ന് ഞാന്‍ ഒരു കുട്ടിയെക്കുറിച്ച് പറഞ്ഞില്ലേ, ഫെയ്‌സ്ബൂക്കില്‍ പരിചയപ്പെട്ട കുട്ടി. അതാണിത്  ദീപ “. അവര്‍ അവളെ നോക്കി ചിരിച്ചു. ‘ഇത് എന്‍റെ സഹധര്‍മ്മിണി. ‘ അവള്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു.

“വരൂ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കാം.” മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കി അവള്‍ ഡോര്‍ തുറന്നു. അവളുടെ സപ്തനാഡികളും തളര്‍ന്നു. ദൈവമ , എന്നൊരു നിലവിളി അവള്‍ അറിയാതെ പുറത്തു വന്നു .അവര്‍ക്ക് കാലുകള്‍ ഇല്ല. കാലുകള്‍ ഉള്ള അവള്‍ നില്‍ക്കാന്‍ കഴിയാതെ തളര്‍ന്നു.

‘വരൂ  കുട്ടീ, ഇങ്ങോട്ടിരിക്കൂ. ‘അവര്‍ അവളെ അകത്തേക്ക് വിളിച്ചിരുത്തി.

അവളുടെ ചിന്തകള്‍ വീണ്ടും അന്നത്തെ ചാറ്റില്‍ എത്തി നിന്നു. താന്‍ ചെയ്തതിനും അദ്ദേഹത്തോട് മുഷിഞ്ഞു  സംസാരിച്ചതിനും  അവള്‍ സങ്കടം കൊണ്ടു വീര്‍പ്പുമുട്ടി.

‘സാര്‍, എന്നോട് ക്ഷമിക്കൂ.ഒരു ആവേശത്തിന് ഞാന്‍ അന്ന് ചെയ്തതെല്ലാം  തെറ്റാണെന്ന്  ഞാന്‍ മനസ്സിലാക്കുന്നു. എന്ത് പ്രായശ്ചിത്തമാണ് ഞാന്‍ ചെയ്യുക ? ”

“നേരില്‍ കണ്ടത് വെറും ഒരു നിമിത്തമാകാം കുട്ടി. നിന്റെ മനസ്സ് എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. വിഷമിക്കേണ്ട, തെറ്റുകള്‍ നമുക്ക് പറ്റാം. അത് മനസ്സിലാക്കി തിരുത്തുകയും പിന്നീട് ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത് തന്നെ ഏറ്റവും വലിയ പ്രായശ്ചിത്തം . ”

“മനസ്സിലാകുന്നു സാര്‍, ജീവിത വഴികളില്‍ പഠിക്കുന്ന പാഠങ്ങള്‍. ഈ നല്ല മനസ്സിന് എന്നും നന്മകള്‍ ഉണ്ടാവും. വീടുവരെ വരാന്‍ എന്നെ അനുവദിക്കണം.”

‘അത് വേണോ ? ശരി  സമ്മതിച്ചിരിക്കുന്നു.’

പിന്നെ ആരും ഒന്നും സംസാരിച്ചില്ല. അവളുടെ മനസ്സില്‍ ആ പഴയ ചിത്രത്തിലെ കുട്ടികളുടെ നിഷ്കളങ്ക മുഖങ്ങള്‍. അവരാണല്ലോ ഈ നല്ല ഒരു മനുഷ്യനെ അടുത്തറിയാന്‍ നിമിത്തമായത്. മനസ്സാല്‍ അവര്‍ക്ക് നന്ദി പറഞ്ഞു അവള്‍. വണ്ടി ഒരു വളവുതിരിഞ്ഞു മതില്‍ കെട്ടിയ വീടിന്‍റെ ഗേറ്റിനു മുന്നില്‍ നിന്നു. അതാണ്‌ വീടെന്നു മനസ്സിലാക്കിയ അവള്‍ വേഗം ഇറങ്ങി വന്നു ഗേറ്റ് തുറന്നു. അദ്ദേഹം വണ്ടി അകത്തേക്ക് നീക്കി പൂമുഖത്തിനടുപ്പിച്ചു നിര്‍ത്തി.

‘ശാന്തേച്ചീ, ആ വീല്‍ ചെയര്‍ ഇങ്ങു എടുക്കൂ കേട്ടോ. ‘

‘ഞാന്‍ എടുത്തു വരാം’, അവള്‍ വേഗം അകത്തേക്കുപോയി.ആരെയും കാണുന്നില്ല ,  അവിടെ കണ്ട മുറിയിലേക്ക് നോക്കി.

വീല്‍ ചെയര്‍ ഉന്തിക്കൊണ്ടു രണ്ടു കുട്ടികള്‍. വീല്‍ ചെയറില്‍ വാതിലിനടുത്തേയ്ക്ക് വരുന്നു. അവള്‍ ആ മുഖങ്ങളിലേക്ക് മാറിമാറി നോക്കി. കണ്ണുകളില്‍ ഇരുട്ട് കയറുന്ന പോലെ. ഭൂമി പിളര്‍ന്നു അതിനകത്തേക്ക് പതിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു. പിന്നെ ഒന്നും ഓര്‍ക്കാന്‍ കഴിഞ്ഞില്ലവള്‍ക്ക്.

കണ്ണ് തുറക്കുമ്പോള്‍ തനിക്കു ചുറ്റും ആരൊക്കെയോ. എല്ലാം പുഞ്ചിരി നിറഞ്ഞ മുഖങ്ങള്‍. എല്ലാവരും തണല്‍ വേണ്ടുവോര്‍ . വലിയമനസ്സിന്‍റെ തണലില്‍ കഴിയു ന്നവര്‍. അവളുടെ ഫോണ്‍ റിംഗ് ചെയ്തു.’ അയ്യോ മോന്‍ വീട്ടിലെത്തി. ഞാന്‍ എവിടെ ?” ഒരു സ്വപ്നത്തില്‍ നിന്ന് എന്ന പോലെ അവള്‍ ഉണര്‍ന്നു. ആ വലിയ മനുഷ്യന്‍റെ കാല്‍ക്കല്‍ പ്രണമിച്ചു.

“വാക്കുകളേക്കാള്‍ പ്രവൃത്തികളാണ് കുട്ടീ വേണ്ടത്. സഹായം ചെയ്യുന്നതിന് മനസ്സാണ് വേണ്ടത്. ”

“മനസ്സിലായി സാര്‍. ഞാനും എന്‍റെ മക്കളും ഉണ്ടാവും സഹായത്തിനു അങ്ങയുടെ ഒപ്പം.”

ഇനിയും  കാണുമെന്നു  ഉറപ്പു പറഞ്ഞു അവള്‍ യാത്ര തുടര്‍ന്നു.

താഴ്വാരങ്ങളുടെ നാട്ടിൽ എന്ന സഞ്ചാര സാഹിത്യകൃതിയാണ് ആദ്യ പുസ്തകം. പാം പുസ്തകപ്പുരയുടെ 'അക്ഷരതൂലിക കവിതാ പുരസ്കാരം' നേടി. ഓൺലൈൻ മാധ്യമങ്ങളിൽ പതിവായി കവിത, കഥ, ലേഖനങ്ങൾ എന്നിവ‍ എഴുതുന്നു. തിരുവനന്തപുരത്തു മണമ്പൂർ സ്വദേശി. ഷാർജയിൽ താമസം.