സാഹിത്യകാരൻ നീണ്ടുനിവർന്ന് ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്നു. തൊട്ടടുത്ത ടീപ്പോയിൽ കുറച്ചു സാഹിത്യ ഗ്രന്ഥങ്ങൾ അടുക്കി വെച്ചിട്ടുണ്ട്. ഇതൊരു മുൻകരുതലാണ്. മുന്നറിയിപ്പില്ലാതെ വല്ല ആരാധകനും വന്നുകയറിയാൽ സാഹിത്യകാരൻ സദാ സാഹിത്യ പ്രവർത്തനത്തിലാണെന്നു ധരിപ്പിക്കാനുള്ള എളിയ ശ്രമം.
സാഹിത്യകാരന്റെ തലയിൽ അപ്പോൾ സാഹിത്യമൊന്നുമുണ്ടായിരുന്നില്ല. ആകെ മുഴങ്ങുന്നതു ഭാര്യയുടെ ഭീഷണി മാത്രം. അടുക്കളയോടു ചേർന്നുള്ള ഊണുമുറിയിൽ ഫാൾസ് സീലിങ്ങാണ്. അതൊരു തോരാമഴയത്ത് തെക്കേ മൂലയിൽ കുറച്ച് പൊളിഞ്ഞ് ചാടിയിട്ടുണ്ട്. ഇപ്പോൾ പ്രശ്നം എലിയാണ്. ഒന്നല്ല രണ്ടല്ല ചുരുങ്ങിയത് ഒരു നാല് എലി കുടുംബങ്ങളെങ്കിലും ആ തട്ടിൻപുറത്ത് താമസമുണ്ട്. ശരിയാണ് അവറ്റയും ഭൂമിയുടെ അവകാശികൾ ആണ്. കഥാനായകൻ ഒരു പ്രവാസി എഴുത്തുകാരനും വർഷത്തിൽ ഒരു മാസം മാത്രം വീട്ടിൽ വന്നു പൊറുക്കുന്നവനുമാണ്. അപ്പോൾ എൻ ആർ ഐ വരുമാനത്തിന്റെ ഒരോഹരി എലികൾക്കും അവകാശപ്പെട്ടതാണ്. പക്ഷേ, ഇപ്പോൾ സംഗതി കൈവിട്ടുപോകുന്നു. ഊണുമേശപ്പുറം ആക്രമിച്ച് അവിടെ കാഷ്ഠിക്കുക, മൂത്രമൊഴിക്കുക, അടിക്കാൻ ഓടിച്ചാൽ ഓടിക്കുന്നവർ മൂക്കിടിച്ചു വീഴുന്നതല്ലാതെ ഒന്നിനേയും പിടികൂടാൻ കിട്ടാതിരിക്കുക… ഇതൊക്കെയാണവസ്ഥ. ഭാര്യ നോട്ടീസ് നൽകിക്കഴിഞ്ഞു. ഒന്നുകിൽ അവൾ അല്ലെങ്കിൽ എലി!
എഴുത്തുകാരൻ കഷണ്ടിത്തല തടവി ചിന്താമഗ്നനായി. സത്യത്തിൽ ഒരു കഥ പിറക്കേണ്ട സമയമാണ് വെറും എലിയെക്കുറിച്ചോർത്തു കളയുന്നത്. പക്ഷേ, ചിന്തിക്കാതിരിക്കാൻ ആവില്ല. തലേന്ന്, നല്ല ബീഫ് ഫ്രൈയും കാച്ചിൽ പുഴുങ്ങിയതും ഇച്ചിരെ പൊടിമീൻ തോരനും വൈകുന്നേരം കടുംകാപ്പിയോടൊപ്പം കഴിക്കാമെന്നുവെച്ച് സന്തോഷിച്ചിരുന്നതായിരുന്നു. വിളമ്പിവെച്ചു വിളിച്ചപ്പോഴാണ് ഒരു ഫോൺ വന്നത്. സംഗതി സാഹിത്യ സംബന്ധിയാണ്. ഒരു അവാർഡ് അടുത്തുകിടന്ന് മെഴുകുന്നു. ഉപേക്ഷ വിചാരിച്ചാൽ അത് ആണുങ്ങള് കൊണ്ടുപോകും. കാണേണ്ട പോലെ കാണാമെന്നു ഉറപ്പുകൊടുത്ത് ഏതാണ്ട് സ്വന്തം പക്ഷത്തു പിടിച്ചുകെട്ടി, ആവേശത്തോടെ തിന്നാൻ ചെന്നിരുന്നപ്പോഴാണ് നെഞ്ചുലയക്കുന്ന കാഴ്ച കണ്ടത്, കാച്ചിലൊരു എലി ശാപ്പിടുമ്പോൾ പൊടിമീൻ തിന്നുന്നത് മറ്റൊരെണ്ണം, ഇനിയുമൊന്ന് ബീഫ് ഫ്രൈ കൊറിക്കുന്നു. ആ കാഴ്ചകണ്ട് തലയിലെ അവശേഷിക്കുന്ന മുടികളിൽ നാലെണ്ണം അപ്പോത്തന്നെ കൊഴിഞ്ഞു വീണു!
ഹൊ, നാശം പിടിക്കാനായിട്ട്! അങ്ങനെയാണ് എലിനശീകരണം ഒരു മുഖ്യ ചിന്തയായി ഏറ്റെടുത്തത്. എലിവില്ല് നല്ലൊരു സംഗതിയാണ്. ചുട്ട തേങ്ങാപ്പൂൾ തിന്നാൻ വരുമ്പോൾ കത്രികയിൽപ്പെട്ട് ചോരയിൽ കുളിച്ച്.., വേണ്ട അത്രയ്ക്കു നിഷ്ഠൂരനാകരുത്. എലിപ്പെട്ടി…? വേണ്ട അവനെ പിന്നെ മുക്കിക്കൊല്ലണം. വിഷം….? വിഷമാണ് നല്ലത്. പക്ഷേ, ഒരു മന്ദബുദ്ധി പൂച്ചയുണ്ട്, അവനെങ്ങാനും തിന്നാൽ? ഒടുവിൽ തീരുമാനിച്ചു, പശയുള്ള ബോർഡ് വാങ്ങുക. ഒട്ടിപ്പിടിക്കുന്നവനെ കാക്കയ്ക്ക് തിന്നാൻ കൊടുക്കുക. അല്ലെങ്കിൽ വളപ്പിൽ കുഴിച്ചിടാം. എന്നാലും നഷ്ടമില്ല. അങ്ങനെ പ്ലാൻ ഉറപ്പിച്ചിട്ടാണ് ഒന്നു മയങ്ങിയത്.
കിരുകിരുകിരു എന്ന ശബ്ദമാണ് ഉണർത്തിയത്. കവിതകൾ എഴുതി നിറയ്ക്കാൻ സഹായിക്കുന്ന ശബ്ദതാരാവലി ഒരുത്തൻ ഇരുന്നു കരളുന്നു!
എഴുത്തുകാരൻ ഒന്നു ഞെട്ടി. ആരെടാ നീ? പിടിയെടാ, അടിയെടാ എന്നൊക്കെ അയാൾ ആക്രോശിച്ചു. അപ്പോൾ ആ മുഴുത്ത എലി ടീപ്പോയുടെ മുന്നിൽ വന്നു എഴുത്തുകാരനോടു പറഞ്ഞു, “അലറാതെ. കാറിക്കൂവാതെ. എന്താണ് തന്റെ പ്രശ്നം?”
“കൊല്ലണം… എലികളെ ചുട്ടു കൊല്ലണം” എഴുത്തുകാരൻ വീണ്ടും കരഞ്ഞു.
“ഉവ്വ, നീ ഞൊട്ടും. അതേ, ഇനി ഞങ്ങളുടെ കാലമാണ്. ഷെഡ്യൂൾ 5 പോയി. ഞങ്ങളിപ്പം രണ്ടിലാ. ഇനി ഞങ്ങൾ കാബറേ കളിക്കും നിന്റെ തീൻമേശയിൽ. മനുഷ്യരെ എടങ്ങേറാക്കുന്ന കവിത പടച്ചുവിടുന്നത് ഈ പുസ്തകം നോക്കിയല്ലേ, ഇതും ഞങ്ങൾ കരണ്ടുതീർക്കും നോക്കിക്കോ. ഞങ്ങളിൽ ഒന്നിനെ തൊട്ടാൽ നീ മൂന്നു വർഷം ഗോതമ്പ് ചപ്പാത്തി തിന്ന്, കവിതയെഴുതാതെ കിടക്കേണ്ടി വരും. ജാഗ്രത!”
എലി പറഞ്ഞു നിർത്തിയപ്പോൾ എഴുത്തുകാരൻ ഫോൺ തുറന്ന് വാർത്ത പരതി. സത്യം!!!
ഇനിമുതൽ കാക്ക, എലി, വവ്വാൽ എന്നിവയെ കൊന്നാൽ അകത്താവും. നിയമം വന്നു കഴിഞ്ഞു!
പിന്നെ, എഴുത്തുകാരൻ കാത്തുനിന്നില്ല, ഭാര്യയ്ക്ക് ഒരു വാട്സ്ആപ്പ് മെസേജ് ഇട്ട്, ശബ്ദതാരാവലിയും രണ്ടു ജോഡി ഡ്രസും എടുത്തുവെച്ച് നേരെ എയർപോർട്ടിലേക്ക് ടാക്സി വിളിച്ചു. ഏതെങ്കിലും നാട്ടിലേക്ക് രക്ഷപ്പെടണം. അവിടെ ഷെഡ്യൂൾ അഞ്ച് നിർബന്ധമായും വേണം. ആ ഷെഡ്യൂളിൽ എലി ഉറപ്പായും പെട്ടിരിക്കണം.