പതിവുപോലെ മുകൾ നിലയിലെ മുറിയുടെ കിഴക്കുവശത്തേക്കുള്ള ജനാലകൾ മലർക്കെ തുറന്നിട്ട് അവൾ പുറത്തേക്ക് നോക്കി. തുറന്ന ജനാലയിൽക്കൂടി വെളിച്ചം അകത്തേക്കോടിക്കയറി നിലത്ത് ചിത്രം വരച്ചു…
ജനാലയിലൂടെ നോക്കിയാൽ ഹൈവേയിൽ കൂടി തിരക്കുപിടിച്ച് പാഞ്ഞു പോകുന്ന വാഹനങ്ങളും റോഡിനപ്പുറത്ത് വിശുദ്ധയുടെ കബറിടമുള്ള പള്ളിയും കാണാമായിരുന്നു. പാഞ്ഞു പോകുന്ന വാഹനങ്ങൾക്കുള്ളിൽ അതിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന മനസ്സുമായി പലതരം ചിന്തകളുള്ള മനുഷ്യരുണ്ടാകാം. എന്നാലും ആ പള്ളിക്ക് എന്നും ഒരേ നിറവും ഒരേ വികാരവുമാണെന്ന് അവൾക്ക് തോന്നി.
ആ പള്ളിയും വിശുദ്ധയുടെ പ്രതിമയും കാണുമ്പോഴൊക്കെ വിശുദ്ധയുടെ ജീവചരിത്രം വായിച്ചത് അവൾക്ക് ഓർമ വരും. ഒരു കോൺവെൻ്റ് സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു അവളത് വായിച്ചത്. എല്ലാ വിശുദ്ധകളേയും പോലെ ഇവരും ഒരു സുന്ദരിയായിരുന്നു. സുന്ദരികളല്ലാത്ത ഏതെങ്കിലും വിശുദ്ധകളുണ്ടോ? എന്ന് അവൾ ഓർത്ത് നോക്കി. അവൾ കണ്ടിട്ടുള്ള എല്ലാ വിശുദ്ധകളും സുന്ദരിമാരായിരുന്നു. ആഗ്രഹങ്ങൾ പലതും തള്ളിക്കളഞ്ഞും ഉള്ളിലൊളിപ്പിച്ചും ദൈവദാസിയായവരായിരുന്നു. സ്വയം പീഢിപ്പിച്ച് വേദനിക്കുന്നതിൽ ആഹ്ളാദിച്ചിരുന്നു. കോൺവെൻ്റിൻ്റെ മതിൽ കെട്ടിനകത്തെ ജീവിതത്തിൽ അവർക്ക് മുന്നിൽ ഒരു ജനാലയെങ്കിലും തുറന്നിരുന്നെങ്കിൽ..
അടുത്തായിരുന്നിട്ടും ഒരു വട്ടം മാത്രമാണ് അവൾ ആ പള്ളിയിൽ പോയിട്ടുള്ളത്. പള്ളിയിൽ പോകാനുള്ള അനുവാദം അവൾക്ക് എന്നുമുണ്ടായിരുന്നു. കാറുകളിലും ടൂറിസ്റ്റ് ബസുകളിലും ധാരാളം പേർ ദിവസവും വന്നു പോകുന്ന സ്ഥലമാണ്. എങ്കിലും പള്ളിക്കകത്ത് വല്ലാത്ത നിശബ്ദതയാണ് എപ്പോഴും. അടുത്തടുത്തിരുന്നാലും ഉള്ളിലൊരു തടവറ തീർത്ത് അതിനകത്താണ് ഓരോരുത്തരും. ഓരോ മുഖത്തും സന്തോഷമല്ല സങ്കടമാണ് എപ്പോഴും. പള്ളിക്കകത്തിരിക്കുന്നവർ നേരാംവണ്ണം ശ്വാസം വിടുന്നുണ്ടോന്ന് പോലും സംശയമാണ്. മരണത്തെ ഓർമ്മിപ്പിക്കുന്ന ആ മരവിച്ച ശാന്തയാണ് അവൾക്ക് തീരെ ഇഷ്ടമില്ലാത്തത്
പാർക്കിംഗ് ഏരിയയുടെ ഗേയ്റ്റിന് പുറത്ത് ഇന്ന് അയാളെ കാണാനില്ല. സെക്യൂരിറ്റി മാത്രം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു.
“സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കുന്നതാണ് ശ്രേയസ്കരം… “
മഞ്ഞ നിറമുള്ള മതിലിൽ കറുപ്പു നിറത്തിൽ എഴുതി വച്ച ഈ ബൈബിൾ വചനങ്ങൾക്ക് മുന്നിലാണ് എന്നും അയാളും അയാളുടെ വണ്ടിയും ഉണ്ടാകാറുള്ളത്. പള്ളിയിലേക്ക് വരുന്ന ടൂറിസ്റ്റുകളെ കരുതിയാകും ചിപ്സ് നിറച്ച വണ്ടിയും വലിയ അക്ഷരത്തിൽ എഴുതിയ വിലവിവരപട്ടികയും ആയി രാവിലെ മുതൽ അയാൾ അവിടെ നിൽക്കാറുള്ളത്. രണ്ടു കയ്യിലും കായ വറുത്തത്തിന്റെയും ചക്ക വറുത്തത്തിന്റെയും പാക്കറ്റുകൾ ഉയർത്തി പിടിച്ച് ആളുകളോട് അതിൻ്റെ ഗുണമേൻമ വിവരിക്കുന്നുണ്ടാവും അയാൾ. ആരെങ്കിലും എന്തെങ്കിലും വാങ്ങിയാലായി.
ആറടി പൊക്കത്തിൽ കെട്ടിയുയർത്തിയ മതിൽ കെട്ടിനകത്തെ വലിയ വീട്ടിൽ പകൽ മുഴുവൻ അവൾ തനിച്ചാണ്. പള്ളിക്കകത്തെന്ന പോലെ നിശബ്ദത നിറഞ്ഞ ഇരുണ്ട മുറികൾ. ആ വീട്ടിലുള്ളവരെല്ലാം അവരുടെ മാത്രം ലോകത്തിൽ ജീവിക്കുന്നവരാണ്.
അവൾക്ക് അവളല്ലാതെ ജീവിക്കേണ്ടി വരുന്ന ആ വീട്ടിലെ എല്ലായിടങ്ങളും അവൾ വെറുത്തു. അവിടുന്നെല്ലാം എത്രയും പെട്ടെന്ന് ഓടിയൊളിക്കാനാഗ്രഹിച്ചു, മുകളിലെ ഒരേയൊരു മുറിയൊഴിച്ച്. മുകളിലെ മുറിയുടെ ജനാലയിൽ കൂടി കാണുന്ന ഈ കാഴ്ചകളിലാണ് അവളുടെ ഒരു ദിവസം ഉദിച്ചസ്തമിക്കുന്നത്. അവളുടെ ജീവിതത്തെ നിറമുള്ളതാകുന്നത്.
ഇന്ന് അയാളെ കാണാതെയായപ്പോൾ അവൾ അസ്വസ്ഥയായി. ഓരോ ദിവസവും അയാളുടെ വണ്ടിയിലെ സാധനങ്ങൾ വിറ്റഴിയും തോറും അയാളെ പോലെ അവളും സന്തോഷിച്ചിരുന്നു.
ഇന്ന് അയാൾക്ക് എന്തു പറ്റിക്കാണും….. അസുഖം എന്തെങ്കിലും…. ഭാര്യയും മക്കളും ഉണ്ടാവുമോ? അവർക്കെന്തെങ്കിലും….. ചിന്തകൾ കാടു കയറി കൊണ്ടിരിക്കേ വണ്ടിയുന്തി പതുക്കെ അയാൾ അവളുടെ കണ്ണുകൾക്കു മുന്നിലെത്തി.
അയാളെ കണ്ടതും അവൾ വെറുതെ സന്തോഷിച്ചു. താനെന്തിനാണ് അയാളെ കുറിച്ചാലോചിച്ച് ഇത്ര ആകുലപ്പെടുന്നത് എന്നും സന്തോഷിക്കുന്നതെന്നും അവൾക്ക് തന്നെ അറിയില്ലായിരുന്നു.
സ്ഥാനം തെറ്റാതെ വണ്ടി നിർത്തി ചക്രങ്ങൾക്കു മുന്നിൽ തട വെച്ച് സെക്യൂരിറ്റിയോട് കുശലം ചോദിച്ച് അയാൾ ജോലിയാരംഭിച്ചു. നേരം വൈകിയതിൻ്റെ തിടുക്കം അയാളുടെ പ്രവൃത്തിയുടെ വേഗതയിൽ നിന്ന് അവൾ മനസിലാക്കി.
വലിയ ചാക്കിനകത്ത് നിന്ന് പാക്കറ്റിലാക്കിയ സാധനങ്ങൾ തരം തിരിച്ച് നിരത്തിവെച്ചു. വില എഴുതിയ ചാർട്ട് നിവർത്തി തൂക്കിയിട്ടു. കാറ്റത്ത് പറക്കാതിരിക്കാനാകണം ചാർട്ടിൻ്റെ രണ്ടു വശത്തും ചെറിയ കല്ലുകൾ തൂക്കിയിട്ടു. ഒരു വലിയ വർണ്ണക്കുട നിവർത്തി വണ്ടിയുടെ കാലുകളിലൊന്നിൽ കെട്ടിവച്ചു. ഉരുകുന്ന ചൂടിലും പെയ്യുന്ന മഴയിലും അയാൾക്ക് തട ആ കുട മാത്രമാണ്.
അവൾ പിടിച്ച് നിന്ന ജനൽ കമ്പികളിലെ പെയ്ൻ്റ് മാഞ്ഞിരുന്നു. അവളുടെ ചുണ്ടുകളുടെ സ്പർശനം കൊണ്ടോ ഉഛ്വാസവായു സ്ഥിരമായേറ്റതുകൊണ്ടോ ഒരു കമ്പി എപ്പോഴും നനഞ്ഞ് തുരുമ്പെടുത്തു. അധികം ഉയരത്തിൽ പോകാത്ത തെങ്ങിൻ്റെ ഓലകൾ കാറ്റിലാടി ഇടയ്ക്കിടെ അവളുടെ കണ്ണുകൾക്ക് മുന്നിലെത്തി ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു. നിന്ന് കാല് കഴച്ചപ്പോൾ അവൾ ഒരു കസേരയെടുത്ത് ജനലിനോട് ചേർത്തിട്ടു. അതിൽ ചാരി പുറത്തേക്ക് നോക്കിയിരുന്നു…
കുറച്ച് കഴിഞ്ഞപ്പോൾ തോളിലൊരു ബാഗും തൂക്കി ഒരു സ്ത്രീ അയാളുടെ അടുത്തേക്ക് വന്നു. അൽപ നേരം സംസാരിച്ചതിന് ശേഷം അവർ ഗെയ്റ്റിൻ്റെ അങ്ങേ സൈഡിൽ മതിലിനോട് ചേർന്ന ഇത്തിരി തണലിൽ ബാഗിൽ നിന്ന് ഒരടുക്ക് ലോട്ടറിയെടുത്ത് കയ്യിൽ പിടിച്ച് റോഡിലേക്കു വീശി കാണിക്കാൻ തുടങ്ങി. അവർ ഭാഗ്യം വിൽക്കാൻ ശ്രമിക്കുകയാണ്.
സൂര്യൻ തലക്ക് മുകളിൽ എത്തി. ചൂടിൽ നിന്നും രക്ഷ നേടാൻ അയാൾ കുടക്ക് കീഴിൽ കയറി നിന്നിരുന്നു. യൂണോഫോമിട്ട സെക്യൂരിറ്റി അപ്പോഴും വെയിലത്ത് നിന്ന് വരുന്നതും പോകുന്നതുമായ വാഹനങ്ങളെ പാർക്കിംഗിന് സഹായിച്ചു കൊണ്ടിരുന്നു. അയാൾ ഇടക്ക് തൊപ്പിയെടുത്ത് കഷണ്ടി കയറിയ തല തുടക്കുന്നുണ്ടായിരുന്നു.
ഇന്ന് പതിവിലധികം സന്ദർശകർ ഉള്ളതായി അവൾക്ക് തോന്നി. അയാളുടെ വണ്ടിയിലെ പകുതിയോളം സാധനങ്ങൾ വിറ്റു പോയിരുന്നു. അയാളുടെ അടുത്ത് വന്ന് സംസാരിക്കുന്ന ലോട്ടറി വിൽപനക്കാരിയോട് അവൾക്ക് എന്തിനോ അസൂയ തോന്നി
ചൂട് കൂടിയപ്പോൾ അവൾ എഴുന്നേറ്റ് ഫാൻ ഓണാക്കി. ചൂടു കാറ്റ് മുറിയിൽ വീശാൻ തുടങ്ങി. ബെഡിൽ കിടന്ന റോസാ പൂക്കളുടെ ചിത്രമുള്ള തലയിണയെടുത്ത് മടിയിൽ വെച്ച് അവൾ വീണ്ടും കസേരയിൽ ചാരിക്കിടന്നു. പച്ച നിറമുള്ള പുൽത്തകിടിയിൽ വിരിഞ്ഞ് നിൽക്കുന്ന ചുവന്ന റോസാപൂക്കൾ. ഒരിക്കൽ അവൾ തന്നെ തുന്നിയവയായിരുന്നു.
പകൽമയക്കത്തിനിടയിൽ രാക്ഷസൻ തടവിലിട്ട് പീഡിപ്പിക്കുന്ന ഒരു രാജകുമാരിയേയും രക്ഷിക്കാൻ ആകാശത്തു നിന്ന് പറന്നു വന്ന രാജകുമാരനെയും അവൾ സ്വപ്നം കണ്ടു. രാക്ഷസൻ്റെ കൈ കൊണ്ട് മരിക്കുന്ന രാജകുമാരനെ നോക്കി രാജകുമാരി ഉറക്കെ കരയുന്നത് കേട്ട് അവൾ ഞെട്ടിയുണർന്നു.
അവൾ പുറത്തേക്കുള്ള ജനാല വലിച്ചടച്ചു. തിടുക്കത്തിൽ മുകളിൽ നിന്ന് താഴോട്ടു നടക്കുമ്പോൾ സ്വന്തം കാലടി ശബ്ദം പോലും അവളെ ഭയപ്പെടുത്തി. സമയം സന്ധ്യയാകാറായിരുന്നു.