നിന്നിലേക്ക് കയ്യെത്തുമ്പോഴെല്ലാം
ഉള്ളിൽ ഞാൻ പിടയും.
അത്ര അടുത്തായിരുന്നിട്ടും
ദൂരെയെന്നപോലെ
തൊടാനാവാത്തതെന്തെന്ന്,
തൊണ്ടയിൽ കുരുങ്ങിയ പേര്
വിളിക്കാനാവത്തതെന്തെന്ന്,
ഓർക്കുമ്പോഴെല്ലാം നീ
എന്റെ ഭ്രമണപഥത്തിൽ നിന്ന്
അകലുന്നതെന്തെന്ന്,
ഞാൻ വേവലാതിപ്പെടും.
കണ്ണുകളും നോട്ടവും
നിന്റെ മുന്നിലെനിക്ക്
ചിതറിപ്പോകാറില്ലായിരുന്നു.
എങ്കിലും,
മുന്നിലാരുമില്ലാത്തത് പോലെ
ഞാൻ നിന്നിലേക്ക്
ഒറ്റനടത്തം വെച്ച്
കൊടുക്കുമ്പോഴേക്കും
എത്ര വിദഗ്ധമായിമായി നീ
കാഴ്ചകൾ ചിതറിപ്പോകാൻ
മാത്രം എന്റെ വിളിപ്പാടകലെ നിന്നും
തിരിഞ്ഞു നോക്കാതെ നടക്കുന്നു.
എന്നാലോ,
ലക്ഷ്യത്തിന്റെ അറ്റത്ത്
എനിക്ക് നിന്റെ ഒരേക ബിന്ദു മാത്രം
കണ്ണടച്ചാൽ കാണാം.
നിന്നിലേക്കെത്താൻ വലിയ
പ്രയാസമൊന്നുമെനിക്ക് ഉണ്ടായിരുന്നില്ല.
എനിക്ക് പക്ഷെ നിന്റെ കടലും
അതിലെ ആഴവും ശൂന്യതയും കൊണ്ട്
ക്ഷണികമായ സ്നേഹത്തിന്റെ
ഇരുട്ട് വിളഞ്ഞ രാത്രിയുടെ
പാടവരമ്പത്ത് വെച്ച്
നീയെനിക്ക് അന്യമാക്കിക്കളഞ്ഞു .
നിന്നെയെന്നോണം
ഞാൻ കണ്ട കടലുകൾക്കൊന്നും
വിഷാദത്തിന്റെ ഇരുട്ട് കനത്ത
ഗർഭപാത്രത്തോളം
ആഴമുണ്ടായിരുന്നില്ല.
ഇറങ്ങിയാലോ,
തിരിച്ചു കയറാൻ അസാധ്യമായൊരു
ഇറക്കമായിരുന്നു എനിക്കു നിന്റെ
കടലാഴമുള്ള കണ്ണുകളും.
എന്റെ ആനന്ദത്തിന്റെ സമൃദ്ധി
എന്തായിരുന്നുവെന്ന് ദുഃഖത്തിൽ
ഞാൻ തിരഞ്ഞതിലെല്ലാം
എന്റെ മുഖമുള്ള ഒരു പാട്
പൂമ്പാറ്റകളുണ്ടായിരുന്നു.
നിന്റെ ചിറകുള്ളവ.
എല്ലാ നിറങ്ങളിലും നിന്റെ മാത്രം
നിറഞ്ഞ സമൃദ്ധി.
ഞാൻ നടന്നു കൊണ്ട് മരിക്കണമെന്ന്
നിന്റെ രാജ്യത്തെ ആൾക്കൂട്ടത്തിലിരുന്നൊരാൾ
എനിക്ക് വേണ്ടി ഒറ്റക്ക് പാടുന്നു.
അത് കവിത എഴുതുമ്പോളായിരിക്കണം.
കൊടുക്കുന്ന സ്നേഹം തിരിച്ചു കിട്ടുന്ന
കാലമായിരിക്കണമത്രേയത് .
അവസാനം ഒരു പൊട്ട്
ഒരു കമ്മൽ ഒരു മാല
ഒരു പുത്തനുടുപ്പ് കിലുങ്ങുന്ന പാദസരം
അത്ര മതി എന്നയാൾ പാടിക്കഴിയും മുന്നേ
ഞാൻ വരമ്പുകൾ കടന്നു പോകുന്നു.
അന്നാദ്യമായി ഞാൻ കണ്ണാടി
നോക്കണമെന്ന് അയാള് പാടുന്നു .
സ്വയം പരിഹാസ്യയാകുന്ന
കോമാളിയല്ലെന്നൊരു കവിത നീ
വെറുതെ ചൊല്ലി പഠിക്കണമെന്നയാൾ
ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു .
ഒരേയൊരു വേലി കെട്ടിയപ്പോൾ
നിനക്ക് ഞാൻ വേറെ ഭൂപടത്തിലെ
ഏതോ രാജ്യത്തെ പ്രജ മാത്രമായി.
ഞാൻ നിന്നേലേക്ക് പിന്നെയും നടന്നില്ല.
അത്രയും നീളമുള്ള
ഊടുവഴിയിലൂടെ മനസ്സ്
നീട്ടി വലിച്ചു നടന്നാൽ
നിന്നിലേക്കെത്തുമെങ്കിലും
ഞാൻ പകച്ചുള്ള നിൽപ്പിൽ തന്നെയാണ്.
തിരഞ്ഞു നടക്കാനോ
തിരിഞ്ഞു നടക്കാനോ
വഴിയില്ലാത്തവൾ
നിന്നിലേക്ക് കയ്യെത്തുമ്പോഴെല്ലാം
ഞാൻ നിനക്ക് അന്യരാജ്യക്കാരിയായി.