സീൻ 1
പഴയ തറവാട്. പ്രൗഢിയുടെ അടയാളങ്ങൾ ആയി മുറ്റത്ത് പരമ്പിൽ നെല്ല് ഉണക്കാൻ ഇട്ടിരിക്കുന്നു.
“ആരാ രാജാ ആ പെൺകുട്ടി?” അമ്മ ചോദിച്ചു.
“ആര്?” കൈ കുടിച്ചുകൊണ്ടിരുന്ന രാജൻ മുഖമുയർത്തി.
“ഇന്നലെ ബസ്റ്റോപ്പിൽ നീ ഒരു പെൺകുട്ടിയുമായി സംസാരിച്ചു നിൽക്കുന്നത് കണ്ടെന്ന് വടക്കേലെ സുമതി പറഞ്ഞല്ലോ”
“അത്” രാജൻ പരുങ്ങി.
“കോടത്തൂരെ ശങ്കരൻകുട്ടിയുടെ മോളല്ലേ അത്?”
“അവരുടെ കുടുംബം ഏതാണെന്ന് അറിയുമോ നിനക്ക്? എന്ത് ഭാവിച്ചാ നീ ഇത്. തറവാടിന്റെ അന്തസ്സ് കളയാൻ സമ്മതിക്കില്ലട്ടോ. അച്ഛനും അമ്മാവൻമാരും അറിഞ്ഞാലുണ്ടാവുന്ന പുകില് ഞാൻ പറയേണ്ടല്ലോ. ജാതി നോക്കണ്ടേ, നെലേം വെലേം നോക്കേണ്ടേ… നെന്റെ താഴെ രണ്ട് പെൺകുട്ടികളാ. അത് മറക്കണ്ട നീ. “
“ഇതെങ്ങാനും നാട്ടുകാർ അറിഞ്ഞാൽ അവറ്റോൾടെ ഗതി എന്താവും എന്ന് നിശ്ചയം ഉണ്ടോ നിനക്ക്? “
“എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ കളഞ്ഞോളൂ, ഇത് നടക്കൂന്ന് വിചാരിക്കണ്ട.”
രാജൻ മിണ്ടാതെ എഴുന്നേറ്റു പോകുന്നു.
സീൻ 2
താടി വളർത്തി, പുഴക്കരയിൽ ഒറ്റയ്ക്ക് ഇരിക്കുന്ന രാജന്റെ ക്ലോസ് അപ്പ്. ആ യുവാവിന്റെ കണ്ണുകൾ വിദൂരതയിൽ. പശ്ചാത്തലത്തിൽ ഒരു കല്യാണാഘോഷം, നാദസ്വരം.
വധുവും വരനും കൂട്ടരും വരമ്പത്തുകൂടി നടന്നകലുന്നു
ബാക്ക് ഗ്രൗണ്ടിൽ ശോക ഗാനം.
ആകാശത്ത് കിളികൾ വരിയായി പറന്നു പോകുന്നു.
പതിയെ പതിയെ ഇരുൾ പരക്കുന്നു.
സീൻ 3
പുതിയ മാതൃകയിലുള്ള വീട്. അച്ഛനും അമ്മയും രണ്ടു മക്കളും ചായ കുടിക്കുന്നു.
മകൻ അമ്മയുടെ തോളിൽ കയ്യിട്ടു കൊണ്ട് മൊബൈലിൽ ഒരു ഫോട്ടോ കാണിക്കുന്നു.
“നോക്ക് അമ്മേ എങ്ങിനുണ്ട്? “
“ആഹാ മിടുക്കിയാണല്ലോ? ഏതാ ഈ കുട്ടി? “
“ദേ നോക്കിക്കേ ” അമ്മ അച്ഛനെ ഫോട്ടോ കാണിക്കുന്നു
“എന്റെ കൂടെ വർക്ക് ചെയ്യുന്നതാ. സ്നേഹ അവർ ബാംഗ്ലൂർ സെറ്റൽഡ്. ചേട്ടൻ കാനഡയിൽ. അച്ഛൻ അർക്കിട്ടെക്റ്റ്, അമ്മ ബാങ്കിൽ. ഫാമിലി ബാക്ക് ഗ്രൗണ്ട് കൊള്ളാം. സോഷ്യലി ആൻഡ് ഫിനാൻഷ്യലി സൗണ്ട് ആണ് “
“ഞങ്ങൾ തമ്മിൽ നല്ലൊരു അണ്ടർ സ്റ്റാൻഡിങ് വൈബ് ഉണ്ടെന്നു തോന്നി ആദ്യം മുതൽ. കുറെ സംസാരിച്ചപ്പോൾ സെറ്റ് ആകും എന്ന് ഉറപ്പായി. അവൾക്കാണെങ്കിൽ വ്യക്തമായ പ്ലാനിങ് ഉണ്ട് ലൈഫിനെ പറ്റി. ഈ കമ്പനിയിൽ ഒന്ന് എക്സ്പീരിയൻസ് ആയതിനുശേഷം കാനഡയോ യു.എസ് ഓ ഓപ്റ്റ് ചെയ്യാവുന്നതാണ് എന്നാണ് അവൾ പറയുന്നത്. എന്റെയും പ്ലാൻ അത് തന്നെയാണെന്ന് നിങ്ങൾക്കറിയാമല്ലോ. ജാതി, മതം, കുടുംബമൊന്നും നോക്കേണ്ട ആവശ്യമില്ലല്ലോ അല്ലെ അച്ഛാ? എന്താ നിങ്ങളുടെ അഭിപ്രായം?”
അച്ഛനും അമ്മയും മുഖത്തോടു മുഖം നോക്കി.
“നിനക്ക് ഓക്കെ ആണെങ്കിൽ നമുക്ക് കുഴപ്പമൊന്നുമില്ല. ഒരു തീരുമാനം എടുക്കുമ്പോൾ അതിന്റെ എല്ലാ വശങ്ങളും നോക്കണം.”
“കുട്ടികളിയല്ല വിവാഹം. അത് നിന്റെ ചോയ്സ് ആണ്. ഇവിടെ നീയാണ് ജീവിക്കേണ്ടത് നിന്റെ ഇഷ്ടത്തിനാണ് പ്രാധാന്യം.”
“എഡ്യൂക്കേറ്റഡ് ആണോ? മതി”
“നമുക്ക് ഏതായാലും പെണ്ണിന്റെ കാശ് ജാതി ഇതൊന്നും വിഷയമല്ല. പിന്നെ ഒറ്റ കണ്ടീഷൻ അവളൊരു പെണ്ണായിരിക്കണം. നിനക്ക് പ്രിയപ്പെട്ടവൾ ആയിരിക്കണം. അത്രേയുള്ളൂ.” അച്ഛൻ ചിരിച്ചു .
മകൻ അമ്മയുടെ കഴുത്തിൽ കെട്ടിപ്പിടിച്ചു “താങ്ക്യൂ അമ്മ, അച്ഛാ “
“നാളെ നീ ആ കുട്ടിയേയും കൂട്ടി ഈവെനിംഗ് കോഫി ഹൗസിൽ വാ നമുക്ക് അവിടെ വെച്ച് മീറ്റ് ചെയ്യാം . ” അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അപ്പോൾ ഓകെ ഗൈയ്സ്, ഞാൻ അവളെ ഒന്ന് വിളിക്കട്ടെ”.
മകൻ ഫോണും എടുത്ത് ഒരു ചൂളം വിളിയോടെ മുറിയിലേക്ക്..