ഒരു ബിരിയാണിക്കാഴ്ച

തിരശ്ശീലയിൽ നിന്ന് വിദൂരതയിലേക്ക് നോക്കുന്ന ഖദീജയുടെ കടൽക്കണ്ണുകൾ. ഇടക്ക് പൂക്കുന്ന ഒരു കുഞ്ഞിച്ചിരി. താടിയെല്ലുകളെ വിറപ്പിച്ചു കൊണ്ട് അമർന്നു മായുന്ന വിതുമ്പൽ . സ്നേഹത്തിൻ്റെ ആഭിചാരത്തിൽ മാത്രം പൊട്ടിയൊഴുകുന്നവൾ. എന്തൊരു പെണ്ണ് !

ബിരിയാണി എന്ന സിനിമ തുടങ്ങുന്നതു തന്നെ അവളുടെ ആത്മ പ്രകാശനത്തിലാണ് . രതിയുടെ പൂങ്കാവനത്തിലെത്താതെ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പെണ്ണുടലിൻ്റെ ആനന്ദമാർഗങ്ങൾ ഇത്തിരി നെഞ്ചിടിപ്പോടെയാണ് കണ്ടത്. ചേലാകർമ്മം ചെയ്ത് ഉശിരു കുറയ്ക്കുമ്പോൾ നഷ്ടപ്പെടുന്ന സ്വർഗം പെണ്ണിനു മാത്രമോ? സിനിമയിൽ കണ്ട രണ്ടു ലൈംഗിക വേഴ്ചകളും ഒരു ശരാശരി മലയാളി ആൺമനസ്സിൻ്റെ കത്തലടക്കൽ മാത്രമായിരുന്നു. അസംതൃപ്തമായത് പെൺ കാമനകളും. ലൈംഗികത്തൊഴിലും ഒരു തൊഴിൽ തന്നെയല്ലേ എന്ന് സുബൈർ തണുപ്പിക്കുമ്പോഴും അവൾക്ക് അഭിമാനത്തിനു വകയില്ല . കാരണം അവിടെയും സ്നേഹരാഹിത്യമാണ് അവൾക്കു ചുവച്ചത്. ആണൊച്ചയുടെ ധാർഷ്ട്യത്തിൽ മുഴങ്ങുകയാണ് അവളുടെ ഇടങ്ങളൊക്കെ. അല്ലെങ്കിൽ അവൾക്കായി ഒരിടമുണ്ടോ ? ആൺകോയ്മയുടെ കൊഴുത്ത ശരീരത്തിനടിയിൽ നിന്ന് എത്തി നോക്കുന്ന അസംതൃപ്തയായ പെണ്ണ്. ജീവിച്ചു മതിയാകാത്തവൾ. എനിക്ക് ഒരു പണി കണ്ടു പിടിക്കണം എന്ന് എത്ര വട്ടമാണവൾ പറയുന്നത്. കടൽ പോലെ ആഴവും രത്നഖനികളും സ്വന്തമായുള്ളവൾ .എന്നിട്ടും ???

ജീവിതം ചിലരെ മാത്രം രണ്ടു കാലിലും ഒരു മുതലപ്പിടുത്തം പിടിയ്ക്കും. എത്ര കുതറിയാലും പിടിവിടില്ല. കീറി മുറിച്ചുകളയും. എന്നിട്ടും ഖദീജ നടക്കുകയാണ്. കൈകൾ പോലും സ്വതന്ത്രമല്ലാത്തവൾ. പിടിവിട്ടാൽ കടലിലേക്ക് ഓടുന്ന അമ്മ, അപരാധിയായ സഹോദരൻ, ഒറ്റപ്പെടൽ, പട്ടിണി, അധികാരക്കസേരകൾക്കു മുന്നിൽ കൂനിയുള്ള നിൽപ്പ് ,ഗർഭം. അപ്പോഴും പ്രതീക്ഷയുടെ ഒരു നുറുങ്ങുവെട്ടം ആ കണ്ണിലുണ്ട്. ആ വെളിച്ചം കെട്ടുപോകുന്നത് അവളിലെ പെണ്ണിൻ്റെ സംഹാരാഗ്നിയുടെ ചൂട് താങ്ങാനാകാതെ സുബൈർ അകന്നു പോകുമ്പോഴാണ് . അവിടെ അവൾ തിരികെടുത്തുന്നു. അവളുടെ അഭയശില മുങ്ങിപ്പോയിരിക്കുന്നു .

സജിൻ ബാബു : സംവിധായകൻ

സുബൈർ എന്ന ഒട്ടൊരു ലജ്ജാലുവായ മുക്രിയെ സ്നേഹം എന്നു വിളിക്കട്ടെ . സുറുമക്കണ്ണിലും ഊശാന്താടിയിലും നീണ്ടുമെല്ലിച്ച രൂപത്തിലും കരുണ കുമിഞ്ഞുകൂടിക്കിടക്കുന്നതു പോലെ. അവളെ അവളായിക്കണ്ട ഒരേയൊരു മനുഷ്യരൂപം . ഒന്നിനും വേണ്ടിയല്ലാതെ നമ്മളിങ്ങനെ വെറുതേ സ്നേഹിച്ചു പോകില്ലേ അങ്ങനെ. ജനാല വിടവിലൂടെ കണ്ടുപിടിക്കപ്പെട്ടതിൻ്റെ ലജ്ജയോടെ അവളുടെ അരികിലിരിക്കുമ്പോൾ കുടുംബ വിവരങ്ങൾ ഒരു ചെറുചിരിയോടെ ചോദിക്കുന്ന അവളെ നോക്കി “കളിയാക്കുവാണല്ലേ” എന്ന് ചോദിച്ച സുബൈറിൻ്റെ വിവശ ഭാവം മനസ്സിൽ തൊട്ടു. ആ രണ്ടു മനുഷ്യജീവികളും ആ നിമിഷത്തിൽ പുലരുന്നത് ശാന്തിയിലാണ്. പിന്നെയുമുണ്ട് രണ്ടു സുന്ദര നിമിഷങ്ങൾ. അയാളോടൊപ്പം അവൾ ആദ്യമായി ഒരു പെണ്ണിൻ്റെ സകല സൗന്ദര്യത്തോടെയും കിടക്കുന്നത്, നിറഞ്ഞ സ്നേഹത്തോടെ അയാൾ മുട്ടിയുരുമ്മുന്നത് , വയറിൻ്റെ വലിപ്പക്കുറവിനെക്കുറിച്ചോർത്ത് അവൾ വേവലാതിപ്പെടുന്നത്. സ്വതന്ത്രവും നിരുപാധികവുമായ സൗഹൃദത്തിൻ്റെ നനവുള്ള മണ്ണിലായിരുന്നു അവരപ്പോൾ . മനുഷ്യർക്ക് എത്ര അഗാധമായി സ്നേഹിക്കാനാവും എന്നിട്ടും ചിലർക്കു മാത്രം എന്തിനാണീ അശാന്തി ?

സ്ത്രീ ശരീരത്തിൻ്റെ സൂക്ഷ്മവായന ഇവിടെ നടക്കുന്നുണ്ട്. ഒരു പെണ്ണുടലിലൂടെ അനേകം പെണ്ണുങ്ങൾ പറയുന്നു. അരികിലേക്ക് തള്ളപ്പെട്ടു പോകുന്നത് അവളുടെ രതി കാമനകൾ കൂടിയല്ലേ ?എത്രയോ കിടപ്പറകളിൽ ആത്മാവില്ലാതെ, ആനന്ദക്കണ്ണീർ പൊടിയാതെ എത്ര ഖദീജ മാർ ? അവളെ തുറക്കാനുള്ള താക്കോൽ അവളിൽത്തന്നെ ഒളിഞ്ഞിരിപ്പുണ്ടല്ലോ. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലും രതി എന്ന മധുരം കയ്പ്പായി പെൺ നെറ്റികളെ ചുളിപ്പിക്കുന്നുണ്ട് .

കനി എന്ന പ്രതിഭ ഖദീജയായി തുളുമ്പുകയാണ്. ചരിത്രപുരുഷൻ കശക്കിയെറിഞ്ഞ പെൺശരീരങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട് ഈ നിണ ഭൈരവി ക്കോലം’. നെഞ്ചിൽ തീപ്പന്തം കത്തിച്ച് അനീതികളെ ഉച്ചാടനം ചെയ്യുന്നവൾ. സ്ത്രീയുടെ സത്തയെ മറനീക്കിക്കാണിച്ചു കൊണ്ട് അവളുടെ ആനന്ദലോകങ്ങളോട് സംവിധായകൻ നീതി പുലർത്തുന്നു. തന്നിലെ അഭിനയപ്രതിഭയോട്, മാമൂലുകളെ പൊളിച്ചെഴുതുന്ന പുതുകാലത്തോട് കനിയും.

കനി കുസൃതി

അവസാന സീനിലെ സ്ത്രീയുടെ സ്വയം പ്രകാശനത്തിൻ്റെ കുതിരയോട്ടം ഒട്ടൊരു കൗതുകം നിറഞ്ഞ അഭിമാനത്തോടെ കണ്ടു. ചുളിയുന്ന ആൺമുഖം, നിഷ്പ്രഭമാകുന്ന അധികാരസ്ഥാനങ്ങൾ. പടയോട്ടത്തിനു ശേഷം താഴെയിറങ്ങി കുളിമുറിയിലേക്കു നടന്നു പോകുന്ന ഉറച്ച കാൽവയ്പ്പുകൾ, നിവർന്ന ശരീരഭാഷ, അവസാനം തുറന്ന വാതിൽപ്പാളിയിലൂടെ പരാജിതൻ്റെ നേർക്ക് ഒരു ചെറു ചിരിയുടെ എത്തിനോട്ടവും . മലയാളിയുടെ ലജ്ജാ വിവശമായ സിനിമാക്കാഴ്ചകളുടെ വായ പിളർന്നു പോകത്തക്കവിധം ധീരമായാണ് കനി ഖദീജയിലൂടെ നടക്കുന്നത്. പുതിയ കുട്ടികളുടെ ഭാവുകത്വത്തിന്, തുറന്നു പറച്ചിലുകൾക്ക്, ദൂരക്കാഴ്ചകൾക്ക് നമ്മൾ വാതിൽ തുറന്നുകൊടുക്കേണ്ടതുണ്ട്.