ഒരു പെരുമഴക്കാലത്തെ ദീര്‍ഘനിദ്ര

ചാമ്പല്‍ നിറമുള്ള കൂണ് പോലെയായി ശരീരം. ആരുടെയൊക്കെയോ കരങ്ങള്‍ തൊട്ടു തലോടുന്നു കവിളുകളില്‍. വിരലുകളുടെ ചലനത്തില്‍ മരവിച്ച ശരീരം പതിയെ സംവേദനക്ഷമതയുള്ളതായി മാറുന്നു. കണ്ണുകള്‍ മൂടിയ നിലയില്‍തന്നെ കിടക്കുകയാണ് ഞാൻ. കാല്‍പ്പെരുമാറ്റങ്ങളും സംസംസാരിക്കുന്ന ശബ്ദവും മാത്രമേ കേള്‍ക്കുന്നുള്ളു. കാഴ്ചകളൊന്നും തന്നെ കാണാനേ കഴിയുന്നില്ല. എങ്കിലും കണ്ണുകളുടെ ഉള്‍പ്പരപ്പിനുള്ളില്‍ ഇപ്പോഴും ഇളവെയിലുപോലെ ഒരു വെളിച്ചം നിലനില്‍ക്കുന്നുണ്ട്. മീനുകളുടെ ശ്വാസക്കുമിളകള്‍പോലെ ശരീരത്തില്‍നിന്നു വിയര്‍പ്പു പൊടിഞ്ഞുകൊണ്ടിരിക്കുന്നു. നെറ്റിയില്‍ വെച്ച ഐസ് അലുത്തു ജലകണങ്ങളായി മുഖമാകെ പടർന്നതുപോലെ ഒരു കോരിത്തരിപ്പിക്കുന്ന തണുപ്പ് തലച്ചോരിലേക്ക് അരിച്ചുകയറുന്നു. വഴിയുന്ന വിയര്‍പ്പുകണങ്ങളെ തുടയ്ക്കാനും വിസമ്മതിക്കുന്നു വിരലുകള്‍.

ഒന്നും വ്യക്തമാകുന്നില്ല. പുറത്ത് മഴ പെയ്തുകൊണ്ടേയിരിക്കുന്നു. രാവുംപകലും ഒടുങ്ങാതെ പെയ്യുന്ന മഴയുടെ ശബ്ദം, പ്രതീക്ഷിക്കാത്ത കാലങ്ങളിലേക്കും ഭാവങ്ങളിലേക്കുമെല്ലാം അതെന്നെ വലിച്ചിഴയ്ക്കുന്നു. മരുഭൂവിലെ മണലില്‍ മഴ പെയ്തു ജലധാരകളായി ഒഴുകുന്നത് സ്വപ്‌നത്തില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മന്ത്രിക്കുന്ന ശബ്ദത്തില്‍ വൃദ്ധരുടെ അപൂര്‍വ്വ മുറുമുറുപ്പുകള്‍ കേള്‍ക്കാം. കാരണവന്മാരുടേതോ, അല്ലെങ്കില്‍, ചുവരിലെ പെയ്യുന്ന മഴ ചിന്നിത്തെറിപ്പിച്ച ശബ്ദമോ ജലകണങ്ങളാൽ വീടെങ്ങിലും വിമ്മി നിൽക്കുന്നു. നീര്‍ത്തടങ്ങളോടുന്ന വീടെങ്ങും പാദമുദ്രകളാൽ നിറയുന്നു. അമ്മയുടെ ശബ്ദം. അനിയത്തിയുടെ വിളറിയ വിരലുകള്‍. എന്റെ ശരീരം മരക്കട്ടിലിനുള്ളില്‍ ഒടുങ്ങിക്കിടക്കുകയാണ്. ഉഷ്ണവും കുളിരും ഒരേസമയം ഉള്ളില്‍ പടരുന്നു. ഘടികാരം നിന്നപിന്നെയും ആ വലയത്തിന്റെ വിളുമ്പത്തിപ്പോഴും തുടിപ്പുകള്‍ കേള്‍ക്കാം. നെറ്റിയിൽ ഈറൻതുണി വെയ്ക്കുന്ന വിരലുകള്‍ മാറിമാറിക്കൊണ്ടേരിക്കുന്നു. എന്‍റെമേല്‍ എപ്പോഴും ആരുടെയോ രൂപം നിരന്തരം നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു.

അമ്മയുടെ വിരലുകള്‍ എന്റെ മൂടപ്പെട്ട കണ്‍പോളകളിന്മേല്‍ പടരുന്നു. ഉള്ളില്‍ ചലിച്ചുകൊണ്ടിരിക്കുന്ന മിഴികള്‍, അമ്മയുടെ വിരലുകളോടത്തു തന്റെ വിഷാദങ്ങള്‍ ചൊല്ലുന്നു. മിഴിയുടെ ചലനങ്ങളെ വിരലുകളാല്‍ തൊട്ടറിഞ്ഞ അമ്മ തനിക്കുള്ളില്‍ത്തന്നെ വിങ്ങിക്കരയുന്നത്  കേട്ടുവോ താന്‍. മഴയ്ക്കുള്ളിലെവിടെയോ മറപറ്റിനില്‍ക്കുന്ന നിശ്ശബ്ദമായ കാക്കകള്‍, വികാരരഹിതരായി നോക്കുന്നു, വീടിനുള്ളിലേക്ക്. മഴയുടെ തീവ്രത ഇലകളെയുലയ്ക്കവേ, മരം ഇലകളെ പൊഴിച്ചുകൊണ്ട് മഴകൊള്ളുന്നു, എല്ലാം ത്യജിക്കുന്ന ധ്യാനനിരതരായ സന്ന്യാസികളെപ്പോലെ. ഇപ്പോൾ മഴ ആലിപ്പഴങ്ങളായി പൊഴിയുന്നു. മഞ്ഞുകട്ടകളെ പെറുക്കാനോടുന്നു കുട്ടികള്‍. അവരിലൊരാളായി ഞാനും ഓടിക്കൊണ്ടിരിക്കുകയാണോ. അതേ. എന്റെ മുതുകിലും ശരീരത്തിലും വീണു തെറിക്കുന്ന മഞ്ഞുകണങ്ങള്‍ക്കു മേലേ അമ്മയുടെ നീണ്ടവിളികള്‍ – മോനെ പനി വരും. തെരുവില്‍ ശബ്ദം പെരുകുന്നുണ്ട്. റെയിന്‍കോട്ടില്‍ മൂടിപ്പൊതിഞ്ഞും കാരാമ്മക്കൂടകള്‍ക്കുള്ളിലും സുരക്ഷിതരായി ആളുകള്‍ മറയുന്നു സ്വന്തം മാളങ്ങളിലേക്ക്. അമ്മ വീടെങ്ങും സാമ്പ്രാണി പുകയ്ക്കുകയാണ് പ്രാര്‍ത്ഥനയ്ക്കായി. പുകയുടെ വാസന മുറിയിലാകെ നിറഞ്ഞു. മഴ നില്‍ക്കുന്നപാടില്ല.

തിരിഞ്ഞു കിടക്കണമെന്ന് തോന്നി. തലയണ ഭിത്തിയോടുചേര്‍ത്തുവെച്ചു തലയുയർത്തി അതിലേക്ക് അല്പം ചെരിച്ചു കിടത്തി അമ്മ. കണ്ണുകള്‍ തുറന്നു അമ്മയെ നോക്കണമെന്ന് മനസ്സ് അതിയായി ആഗ്രഹിക്കുന്നു. വീടിന്റെയുള്‍വശങ്ങളിലുമെല്ലാം വേദനയുടെ മഴനനവുകള്‍ ഓളമിടാന്‍ തുടങ്ങുയിരിക്കുന്നു. വിട്ടകന്നു പലതായി പോകുന്ന ശബ്ദങ്ങൾ. ചിലപ്പോള്‍ അരികിലായി വരുന്നു. എല്ലാത്തിനു മീതേ മഴയുടെ ഭയപ്പെടുത്തുന്ന താണ്ഡവം.

പുതുവര്‍ഷത്തിന്റെ തലേദിവസം ജ്വരമധികമായി തോന്നിയതിനാല്‍ മുറിയിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ, മുറിയുടെ വാതിലുകള്‍ എന്റെ ഉയരത്തില്‍നിന്നു പൊടുന്നനെ അതിവേഗത്തിലുയര്‍ന്നു പിടിതരാതെ നില്‍ക്കുന്നു. എല്ലാം ശമിച്ചു നേരയായപ്പോള്‍, കൂട്ടുകാരില്ലാത്ത ഒറ്റപ്പെട്ട മുറിയുടെ ചുവരുകളിലെ ചുണ്ണാമ്പുകളിളകി വിടവിട്ടിരിക്കുന്നത് കണ്ടു, എട്ടുകാലികള്‍ക്ക് കൂടുകൂട്ടാനായി. ഉഷ്ണിച്ച് ശരീരമാകെ വിയര്‍ത്ത എന്നെത്തേടി ആരെങ്കിലും വരില്ലേയെന്ന് നോക്കിക്കൊണ്ട് മുറിയില്‍ കിടന്നത് ഓര്‍മ്മ വരുന്നു. നീണ്ട പകലുകളായിരുന്നത്. കടും ഉഷ്ണത്തെ മറികടന്ന് അന്നും മഴ വന്നു. വാതിലിനെ ഭീഷണമായി വിറപ്പിച്ചുകൊണ്ട് ജന്നല്‍പ്പാളികളില്‍ ആഞ്ഞടിച്ചു മഴച്ചാരലുകള്‍. ആര് വരാനാണ് ?  ഏകാകിത മനുഷ്യജീവിതങ്ങളേ, ഈ ലോകത്തിലെ വ്യഗ്രതയുള്ള മഴവെള്ളപ്പായ്ച്ചലില്‍ ആര് ആരെയാ കാണാന്‍ വരുക ? ചിലതൊക്കെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ, അറിയാതെ മുങ്ങിയില്ലാതാകും. മുറിയില്‍ കടുത്ത ചൂടിന്റെ വരകള്‍ കുറുകെയും നെടുകെയുമായി നില്‍ക്കുന്നു. പുസ്തകങ്ങളുടെ പഴുത്ത താളുകള്‍ ഉതിര്‍ന്നൊടിയുന്നു. നിറംപോയ ഫാനിന്റെ ചുഴറ്റലില്‍ മുഖം ചുഴന്നുപലതായി രൂപാന്തരപ്പെടുന്നു. മുറിയിലെ ഏകാന്തതയെ കടത്തിവെട്ടുന്ന രീതിയില്‍ ഇരച്ചുകൊണ്ട് ചുഴലുകയാണ് ഫാന്‍ എന്നെയും നോക്കിക്കൊണ്ട്. കൈകള്‍ക്ക് നടുക്കം. കമിഴ്ന്നു കിടക്കുന്ന പല മുഖങ്ങള്‍ ചലനമറ്റ് ഉറഞ്ഞുപ്പോയി കിടക്കുന്നതായി ഒരു ഭീകര സ്വപ്നം. ഭൂപ്രതലത്തില്‍ അവസാനിക്കാത്ത മഴയുടെ പെയ്ത്ത് .

താപം ശരീരത്തില്‍ തീവ്രമായപ്പോള്‍ എന്റെ പക്കല്‍നിന്നു പിരിഞ്ഞു ശരീരം അതിന്റെ സ്വന്ത ഇഷ്ടത്തിന് പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെന്ന ഭയം അധികമായിക്കൊണ്ടിരുന്നു. ഓര്‍മ്മകള്‍ മങ്ങുമോ? എന്നന്നേക്കുമായി ഇല്ലാതാകുമോ ? വേണ്ടപ്പെട്ടവരെയും… ചുവന്ന പാലത്തിന് ഇരുവശവും ഗൂഢമായ വശ്യ മഞ്ഞപ്പൂക്കള്‍ പൂത്തുനില്‍ക്കുന്നല്ലോ. കാണുന്നവയെല്ലാം വരയായി പുള്ളികളായി ചേര്‍ന്നുവളര്‍ന്നു പരമമായ രൂപം കൈകൊള്ളുന്നപോലെ.

അന്ന് സന്ധ്യയ്ക്കുമുമ്പേ ഇളം നീലനിറം വ്യാപിക്കവേ വീട്ടിലെ മുകപ്പിലേയ്‌ക്കെത്തിയിരുന്നു ഞാന്‍ ശുദ്ധവായുവിനായി. എല്ലാ കതകുകളും തുറന്നിരിക്കുകയാണ്. ഉള്ളറയില്‍നിന്നു പുറത്തേക്ക് കാണാം അമ്മയെ. വെളുത്ത കൈകളില്‍, ഇലയുടെ ഞരമ്പുകളെ ഓര്‍മ്മപ്പെടുത്തുന്ന വിരലുകള്‍ എന്തോ കഷായം കുറുക്കുന്നു.

ഉറങ്ങുകയാണെന്നറിയാം. സെറ്റിയിലിരുന്ന എന്നെ കാട്ടിലിലേക്ക് വാരിയെടുത്തു കിടത്തി, നെറുകയില്‍ നനവു പടര്‍ത്തുന്നത് അമ്മയുടെ കണ്ണുനീര്‍ത്തുള്ളികളാണോ. ഞാന്‍ അമ്മയെ നോക്കി. അവര് അവരുടെ ചെറുപ്രായത്തിലെ ബാലികയായതുപോലെ തോന്നി. മിഴികളടയും മുമ്പ് വീണ്ടും ഒരിക്കല്‍കൂടി അമ്മയെ നോക്കി. സഹോദരികള്‍ എനിക്ക് ചുറ്റും നില്‍ക്കുന്നുണ്ട്. വാടിയ ശോകമയമായ കണ്ണുകളോടുകൂടി നില്‍ക്കുന്ന ഈ കുട്ടികള്‍ എന്റെ സഹോദരികളാണോ!  അവരുടെ കരങ്ങളും എന്നെ തഴുകുന്നു. ഭിത്തിയലമാരിയിലിരുന്ന മരക്കുതിരയ്ക്കുവേണ്ടി മത്സരിച്ച കുഞ്ഞനുജത്തി എന്താ ഇങ്ങനെ എന്നെ ഉറ്റുനോക്കുന്നത്. എന്റെ ശബ്ദത്തിനായി കാത്തുനിന്ന ചേച്ചി അങ്ങ് ആഴത്തില്‍നിന്നു എന്നെ നോക്കി മാടിവിളിക്കുന്നു. പക്ഷേ, മഴ ആരെയും സംസാരിക്കാന്‍ അനുവദിക്കുന്നില്ല.

മാറിമാറിപ്പോയ്‌ക്കൊണ്ടിരുന്ന അച്ഛന്റെ ജോലിയില്‍ ഒടുവിലായി നദിയോടുന്ന നാട്ടിലേക്ക് സ്ഥലമാറ്റം കിട്ടുന്നു. അദ്ദേഹത്തിന്റെ കൂടെ കുടുംബവും നദി അഭിമുഖമായുള്ള  ഈ വീട്ടിലേക്ക് കുടിയേറി. അല്പം നടന്നു വഴിയിറങ്ങിയാല്‍ നദിയുടെ നിലയ്ക്കാത്ത ഓട്ടം. പടിക്കെട്ടുകള്‍ കാലപ്പഴക്കത്തില്‍ നാമവശേഷമായവ. അരയാലുകള്‍ നിറഞ്ഞ നദിക്കര. പക്ഷേ, മഴക്കാലത്ത് നദിയുടെ പ്രകൃതം മാറുന്നു, പ്രതീക്ഷാതീതമായി. മഴ അല്പമൊന്നു ക്ഷയിച്ച അന്നേ ദിവസം, പാത്തകള്‍ അലയുന്ന മണല്‍ത്തരികളിലൂടെ നടന്നുവന്ന അമ്മ അടുത്ത വീട്ടിലെ സ്ത്രീയോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍  ഒരു മഞ്ഞപ്പൂവ് നദിയുടെ അടിത്തട്ടില്‍നിന്നു പതിയെ ഉയര്‍ന്നുവരുന്നു. അവരാരും കാണാത്ത പൂ ഞാന്‍ മാത്രം കണ്ടു. ആകര്‍ഷണമുള്ള ആ മഞ്ഞപ്പൂപ്പു എന്റെ കണ്‍മുന്നില്‍ വന്നു പ്രലോഭനത്തിന്‍റെ വിത്തുകള്‍ എറിഞ്ഞു. പ്രജ്ഞയെല്ലാം നശിപ്പിക്കുന്നൊരു വല്ലാത്ത സൗന്ദര്യ മഞ്ഞ, അതിന്‍റെ വാസന നാസികയില്‍ മദോന്മാദമുണ്ടാക്കി. ഞാന്‍ അമ്മയുടെ പിടിയില്‍നിന്നു കുതറിതെന്നി പുഴയുടെ മണല്‍വെളിയിലേക്ക് ഓടിയിറങ്ങി.

നദി തന്റെ കൗതുകങ്ങളെ താനേ രസിച്ചുകൊണ്ട് ചുരുളുചുരുളുകളായി പിരിഞ്ഞു ചുഴിയിട്ടു പ്രവഹിച്ചുകൊണ്ടിരുന്നു. അതിക്രമിച്ച ഇരുട്ട്. നിമിഷമാത്രയില്‍ ഞാന്‍ പറിക്കാനായി നീട്ടിയ സ്ഥലത്ത് ആ പൂ അപ്രത്യക്ഷമായിരിക്കുന്നു. കാര്യമറിയും മുന്നേ നദിയില്‍ മുങ്ങിത്താഴുന്നു. എന്റെ ശരീരത്തെ പതിയെ പതിയെ ഉള്ളിലേക്ക് മറച്ചുകൊണ്ടിരിക്കുന്നു നദി. അമ്മയും സഹോദരികളും നിലവിളിച്ചുകൊണ്ട് നദിയെങ്ങും ഓടി. പലര്‍ മുങ്ങാങ്കുഴിയിട്ടു തേടി. അവരുടെ വിളികള്‍ നദിയില്‍ പ്രതിധ്വനിച്ചു. കൈവിളക്കുമായി രാത്രിയെല്ലാം നദിയിലലഞ്ഞമ്മ. അവര്‍ക്കൊപ്പം ഓരോരുത്തരും ഒരു ചിമ്മിണി വിളക്കുമായി എന്നെ വിളിച്ചുകൊണ്ട് അവിടാകെ തിരഞ്ഞു. എല്ലാവരുടെയും നിഴലുകള്‍ നദിയുടെ മീതെ ഓടി. കുഞ്ഞനുജത്തിയുടെ കൈക്കുള്ളിലെ സ്ഫടിക കളിപ്പാട്ടത്തില്‍നിന്ന് മിന്നുന്ന വെളിച്ചം നദിയുടെ ഓളപ്പരപ്പിലേക്ക് പടര്‍ന്നുവന്നു. ഞാന്‍ നീരിനുള്ളില്‍ ഒളിഞ്ഞുമറഞ്ഞു കഴിഞ്ഞിരുന്നു. ഇരുട്ടൊഴിയാത്ത ജലത്തിന്റെ അഗാധതയിലേക്ക് ഞാന്‍ ആഴ്ന്നാഴ്ന്നിറങ്ങി. ജലപ്പരപ്പിന് മീതേ അമ്മയുടെ വിരലുകള്‍ എന്നെ തേടുന്നുണ്ട്.

‘മോനെ ഞാന്‍ വന്നു, ബാ മോനെ! –  അവരുടെ വിരലുകള്‍ ജലത്തിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു. ഇരുള്‍മൂടിയ വക്കിടിഞ്ഞ പടിക്കെട്ടുകളില്‍, കണ്ണുകളില്‍ കണ്‍മഷിയുടെ കറുപ്പുപടര്‍ന്ന കണ്ണുകളുമായി എന്നെയും പ്രതീക്ഷിച്ചു നില്‍ക്കുകയാണ് സഹോദരിമാര്‍. നദി ഇവരുടെയൊന്നും സങ്കടത്തിന് ചെവികൊടുക്കാതെ ഒഴുകുകയാണോ. അമ്മയുടെ തേടുന്ന വിരലുകള്‍ കണ്ട മീന്‍കുഞ്ഞുങ്ങള്‍ അടിയാഴത്തില്‍നിന്ന് എന്റെ കാതിനരികെ വന്നു എന്തോ കുശുകുശുത്തു.

പോയല്ലോ പാവം ! –  എന്റെ ചലനമില്ലായ്മ കണ്ട മീന്‍കുഞ്ഞുങ്ങള്‍ കൂടി വന്നു എന്‍റെ ചുറ്റുംകൂടി. മൃദുല സ്പര്‍ശംകൊണ്ട് എന്‍റെ പ്രജ്ഞയുണര്‍ത്തി, ആ പളുങ്കുപോലെ മിന്നുന്ന മീന്‍കുഞ്ഞങ്ങള്‍. എന്റെ അമ്മയുടെ അപേക്ഷകളുടെ സന്ദേശവഹകരായെത്തിയ മീന്‍കുഞ്ഞുങ്ങളുടെ നന്മയുള്ള മുഖങ്ങള്‍ക്കായി ഞാന്‍ ജലത്തടത്തില്‍‍നിന്നു മുകളിലേക്ക് ഉയരാന്‍ തീരുമാനിച്ചു. ജലപ്പരപ്പില്‍ എന്റെ തല ഉയര്‍ന്നപ്പോള്‍, ആള്‍പ്പൊക്കം വളര്‍ന്ന പുല്‍പ്പടര്‍പ്പുകള്‍ക്കിടയില്‍നിന്നു വിളക്കുകള്‍ ഉയര്‍ന്നുവരുന്നു. ആകാശത്തിനും നദിക്കുമിടയിലെ മിച്ചമുള്ള പ്രകാശം മുഴുവനും നിലാവിന്‍റെ ദാക്ഷണ്യത്താല്‍ എന്‍റെ മുഖത്ത് പ്രകാശിച്ചു. ഞാന്‍ ഇനിയൊരിക്കലും കാണാന്‍പറ്റില്ലെന്ന് വിചാരിച്ച അമ്മയെ വീണ്ടും കാണുന്നു. ചേച്ചിയും കുഞ്ഞനുജത്തിയും കുഞ്ഞുകൈവിളക്കുകളുമായി എന്നെ മാടിവിളിക്കുന്നു ജീവിതത്തിലേക്ക്.

അന്ന് രാത്രി എനിക്ക് ജ്വരം മൂര്‍ച്ഛിച്ചു. കരുതലിന്‍റെ കരവുമായി എന്നോടു ചേര്‍ന്നു കിടന്നു അമ്മ. ഇക്കണ്ട നേരമത്രയും കരഞ്ഞ കണ്ണുനീരിനെല്ലാം ചെറിയ ശമനം വന്നപോലെയെന്ന് അനുഭവപ്പെട്ടു – അവരുടെ ഏങ്ങല്‍ നിലച്ചപ്പോള്‍. കൈകാലുകള്‍ ചലിക്കാനാവാതെ അബോധാവസ്ഥയില്‍ കിടക്കുകയാണ് ഞാന്‍. തണുത്തു മരവിച്ച പാദങ്ങളെ ചൂടുപെടുത്തി തേയ്ക്കുകയാണമ്മ. തണുത്തു മരവിച്ച ശരീരമെങ്ങും താപംകയറി കണ്ണുകള്‍ തുറന്നപ്പോള്‍ അമ്മ എന്റെ വയസ്സൊത്ത ഒരു കൊച്ചു പെണ്‍കുട്ടിയായി മാറി. അമ്മ കരയുന്നത് അപ്പോഴാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുന്നത്. അന്നുതൊട്ട് എന്നോട് സംസാരിക്കുന്നത് അമ്മ നിര്‍ത്തി, ആ പാവത്തിനെ തീത്തിറ്റിച്ചതിന്റെ വേദന മാറ്റാന്‍ എത്ര കാലം പിടിക്കും! നദിയിലേക്ക് ഒരിക്കലും ഇനി പോകില്ലെന്ന് പറഞ്ഞാലും അവരുടെ കണ്ണുകള്‍ നിരന്തരം എന്നോട് ഒന്നും മീണ്ടാതെ സംശയദൃഷ്ടിയോടെ നോക്കും.

തിമിര്‍ത്തുപ്പെയ്യുന്ന മഴ എന്തിനെയാണ് കാണാന്‍ സമ്മതിക്കുക. പ്രകൃതങ്ങളെയെല്ലാം അലിയിച്ചുകളയുന്ന പെരുമഴയില്‍ എല്ലാം തലകുമ്പിട്ടു നില്‍ക്കുന്നു, വിമുഖമായി. വീട്ടിലെ കാല്‍പ്പെരുമാറ്റങ്ങള്‍ നിലയ്ക്കുന്നില്ല. എന്റെ മീതേ വഴിയുന്ന പനിയുടെ വിയര്‍പ്പുകളെ ഒപ്പിയെടുക്കുന്ന കുഞ്ഞനുജത്തിയുടെ കരങ്ങളെയും കാണാതെ തന്നെ ഞാന്‍ മനസ്സിലാക്കുന്നു. പലപ്രാവശ്യം വഴക്കിട്ട് പിരിഞ്ഞു ദേഷ്യപ്പെട്ടിട്ടും എന്താ അവള്‍ അതൊന്നും മനസ്സില്‍ വയ്ക്കാത്തത്.  പ്രത്യേകിച്ച് ആ മരക്കുതിരയുടെ കാര്യത്തില്‍. ആ കളിക്കുടുക്ക നല്ലവളാണ്.

മഴനിര്‍ത്താതെ പെയ്തുകൊണ്ടേയിരിക്കുന്നു. മാക്രിയുടെ ലോകവും കാര്യക്ഷമമായി തന്നെയുണ്ട്.

ഈ ദിവസങ്ങളൊന്നും എനിക്കായുള്ളവയല്ല. ഇപ്പോഴും എനിക്കായുള്ള ക്രീം ബിസ്‌ക്കറ്റ് കിണ്ണം മൂടിത്തന്നെയിരിക്കുന്നു. അമ്മയുടെ മുറിയിലെ എനിക്ക് മാത്രം തൊടാന്‍ അവകാശമുള്ള, ഓര്‍മ്മകള്‍ മാത്രമായി അവശേഷിപ്പിച്ച ഫോട്ടോ ആല്‍ബവും, വല്യച്ചന്റെ ചാരുകസേരയും ഇപ്പോള്‍ ആരുമില്ലാതെ അനാഥമായി കിടക്കുന്നു. എന്നില്‍നിന്നു പിരിഞ്ഞ് പൂച്ചക്കുഞ്ഞു പോലും ഇപ്പോള്‍ അമ്മയുടെയും കുഞ്ഞനുജത്തിയുടേയും കൂടെയാണ്. എന്റെ സാന്നിധ്യമുള്ളവയെല്ലാം ഇപ്പോള്‍ അതിന്റെ ശൂന്യതയില്‍നിന്നു കൊണ്ട് എന്നെ അമ്മയ്ക്ക് ഓര്‍മിപ്പിക്കുമായിരിക്കും അതിന്റെയെല്ലാ തീക്ഷണതയോടുകൂടി. അച്ഛന്റെ കാലംശേഷം ഒരു മുറിയില്‍ മാത്രമായി അമ്മ പല വര്‍ണ്ണങ്ങളിലുള്ള നൂലുമായി എന്തെങ്കിലും തയ്ച്ചുകൊണ്ടേയിരിക്കും. ഒരാള്‍പ്പൊക്കമുള്ള കണ്ണാടിയില്‍ അമ്മയുടെ പല കാലങ്ങള്‍ എന്നിലൂടെ മാറിമറിഞ്ഞുകൊണ്ടേയിരുന്നു. ‍

ഒടുവിലത്തെ കുഞ്ഞനുജത്തിയെ, പിറന്നപാടെ കൈക്കുഞ്ഞായി മാറോടണച്ചുകൊണ്ട് ഉറങ്ങിക്കൊണ്ടിരുന്ന അമ്മയെ, സ്‌കൂളിലെ പോക്കുവെയിലിനൊപ്പം കിതച്ചോടി ആശുപത്രി കതകിന്‍റെ കണ്ണാടിയിലൂടെ മങ്ങലായി കണ്ടപ്പോള്‍ എല്ലാവരാലും കൈയ്യൊഴിയപ്പെട്ട രണ്ട് വയസ്സുകാരി കുട്ടിയെപ്പോലെ തോന്നി അമ്മ. അവരുടെ കണ്ണുകള്‍ ഏതോ ഒരു മാറാ ദുഃഖത്തില്‍ വ്യസനിക്കുംപോലെ. എന്നെ അരികില്‍ വിളിച്ചു അമ്മ, പിറന്ന, പാല്‍മണം മാറാത്ത കുഞ്ഞനുജത്തിയുടെ കുഞ്ഞിക്കൈകള്‍ എന്റെ കൈയിലേക്ക് വച്ചുതന്നു. ആ മുറിക്ക് അപൂര്‍വ്വമായ ഒരു പ്രകാശമുണ്ടായിരുന്നു. അവിടെയുള്ള എല്ലാ വസ്തുക്കളും ഒരു അതിശയ വസ്തുപോലെ തോന്നി. മുമ്പ് അറിയാത്ത ഒരാളെ കാണുംപോലെ തോന്നി അമ്മയെ അന്നു കണ്ടപ്പോള്‍. ചുരുണ്ട മുടികളെ വശങ്ങളിലേക്ക് വകഞ്ഞുമാറ്റിക്കൊണ്ടു അവര്‍ മലാഖയെപ്പോലെ തലയണയില്‍ ചാഞ്ഞുകിടന്നു. സന്ധ്യയോളം ഞാനാ ചൊരിയുന്ന പ്രകാശം കണ്ടു. അമ്മയുടെ പ്രായം കണ്ണാടിയില്‍ മറഞ്ഞിരിക്കുന്നതു അന്ന് ഞാന്‍ കണ്ടു.

മിണ്ടാതെ ഉറങ്ങു! ഒന്നും ആലോചിക്കണ്ട – ചേച്ചിയുടെ ശബ്ദം എന്റേ മീതേ വന്നുവീണു. പനിയുടെ മൂര്‍ച്ഛന്യത്തില്‍ പുലമ്പാന്‍ തുടങ്ങിയിരുന്നിരിക്കണം. എനിക്ക് ചുറ്റും മൂന്നു ശബ്ദങ്ങള്‍ കേള്‍ക്കാം. എന്റെ ജല്പനങ്ങള്‍തുടര്‍ന്നുകൊണ്ടേയിരുന്നിരിക്കണം മയങ്ങുംവരെ.

എന്റെ നെറ്റിയില്‍ കോവില്‍ പ്രസാദവും ഭസ്മവും തൊടുവിച്ചു. ദേവിയുടെ മുന്നില്‍നിന്ന് കത്തിച്ചുവെച്ച സാമ്പ്രാണിത്തിരിയുടെ വാസന. എന്നെ വീടിന് മുന്നിലെ തിണ്ണയിലിരുത്തി അമ്മയും കുഞ്ഞനുജത്തിയും നദിക്കരയിലേക്ക് പോയി. ഒരേ രീതിയിലുള്ള നടത്തം. ഇരട്ടകള്‍ പോലെ തോന്നിച്ചു. നദി അവര്‍ക്കായി കാത്തിരിക്കുന്നു. രാത്രിയെല്ലാം ആരും സ്പര്‍ശിക്കാത്ത ജലത്തെ, കുഞ്ഞനുജത്തിയുടെ വിരലുകള്‍ തൊടുകയില്‍ നദിജലം പുളകംകൊണ്ടു വളഞ്ഞൊഴുകിപ്പോകുന്നത് ഞാന്‍ കണ്ടു. ആ സ്പര്‍ശമേറ്റ കണ്ണുകളോടുകൂടി അവള്‍ അമ്മയെ കെട്ടിപ്പിക്കുന്നു, കൊഞ്ചിക്കൊണ്ടു. ഒരു തമാശയെന്നോണമവള്‍ എല്ലാം ചെയ്യുന്നു അമ്മയില്‍നിന്നു ഒരു ക്ഷണംപോലും അകന്നുനില്‍ക്കാനാവാതെ. ഇപ്പോള്‍ ജലത്തില്‍ ആരുടെയും മുഖം പ്രതിഫലിക്കുന്നില്ല, ജലപ്പരപ്പിലേക്ക് കണ്ണുകള്‍ തുറന്നവള്‍ യത്‌നിച്ചു നോക്കു്ന്നുണ്ട്. പക്ഷേ, ഒന്നും കാണാന്‍ കഴിയുന്നില്ല. അമ്മയെ ചുഴ്ന്നുനിന്നു ജലം. നീന്തിനടക്കുന്ന ഇലകളെ വകഞ്ഞുമാറ്റിക്കൊണ്ട് അനിയത്തി അവിടെ കാത്തിരിക്കുകയാണ്. ഇരുവരും തിരിച്ചു വരുകയാണ്. ഏകാന്തമായി വരുന്ന അവര്‍ക്കൊപ്പം തെരുവും നിശ്ശബ്ദത പൂണ്ടുനിന്നു.

ശബ്ദങ്ങള്‍ നിലച്ചു. ദിവസങ്ങളായുള്ള മഴയ്ക്ക് ഒടുവിലൊരു വിരാമം. ഉഷ്ണങ്ങള്‍ മാറി ശരീരം പച്ചപിടിച്ചു. രൂപംമാറി നദി വീണ്ടും പഴയതുപോലെ ഒഴുകിത്തുടങ്ങി. പക്ഷേ, നട്ടെല്ലിലൂടെയുള്ള നിശ്ശബ്ദമായ വിറയല്‍ മാത്രം പൂര്‍ണ്ണമായി മാറിയില്ല. തിണ്ണയുടെ മുന്നിലെ പച്ചനിറ വെളിച്ചം എരിഞ്ഞുകൊണ്ടിരിക്കുന്നു. വീടെങ്ങും മഴയ്ക്കു ക്ഷണ അതിഥികളായി എത്തിയ ഈയളുകളുടെ ചിറകുകള്‍ ഉതിര്‍ന്നുകിടക്കുകയാണ്. കണ്ണാടി ചിറകുകള്‍ ചുവരിലാകെ ഒട്ടിയിരിക്കുന്നു. പതിയെ അമ്മയുടെ മുറിയിലേക്ക് ചെന്നു.

ആ മുറിയില്‍ ആരെയും കാണാനാകുന്നില്ല. മുന്നിലൊരു കണ്ണാടിത്തിരശ്ശീല. പൂക്കള്‍ പടര്‍ന്ന തറ. കണ്ണാടിത്തിരശ്ശീല വിലക്കി നോക്കി. അങ്ങ് ദൂരെ നദിക്കരയുടെ പിന്‍വശത്തായി അമ്മ ഇരിക്കുന്നു. അവര്‍ക്ക് ചുറ്റിലും പഴുത്ത ഇലകള്‍ ഉതിര്‍ന്നു കിടക്കുന്നു. മുഖം ശുഷ്കിച്ചു ചെറുതായതു പോലെ, ശ്വാസോച്ഛ്വാസം കണ്ണാടിത്തിരശ്ശീലയില്‍ കമ്പനമുണ്ടാക്കുന്നു. എങ്ങോ പറക്കാന്‍ തയ്യാറായി നില്‍ക്കുന്ന പ്രാവുകളുടെ കളകളാരവം കേള്‍ക്കാം. കണ്ണാടി മാഞ്ഞു. അമ്മ അടുത്ത മുറിയില്‍നിന്ന് വന്നു എന്‍റെ മുന്നില്‍ പ്രത്യക്ഷമാകുന്നു. മെലിഞ്ഞ് ക്ഷീണിച്ചവര്‍ അവന്റെയരികില്‍ വന്നു നില്‍ക്കുന്നു. കാണുന്നത് സത്യമോ ഭ്രമയോ. ആശ്ചര്യം സ്ഫുരിക്കുന്ന കണ്ണുകളുമായി വീണ്ടും നോക്കി. അവരെക്കാട്ടിലും ഉയരമുണ്ട് അവനിപ്പോള്‍. അവനെത്തന്നെ നോക്കിക്കൊണ്ടിരുന്ന അമ്മയെ അവനും നോക്കിക്കൊണ്ടേയിരുന്നു.

പൊടുന്നനെ, വെപ്രാളപ്പെട്ട് തന്റെ മുഖം കണ്ണാടിയില്‍ നോക്കി. അങ്ങനെതന്നെയിരിക്കുന്നു എന്തൊരു അതിശയം ! വേദനിക്കുന്ന ബാലികയുടെ അതേ കണ്ണുകള്‍ തനിക്കുമുണ്ടായിരിക്കുന്നു. അവനിലും അമ്മയുടെ മുഖത്തിന്റെ അതേ പ്രതിഫലനച്ഛായ.

ഓരോ തവണയും അമ്മയെ നോക്കുംപോലും താന്‍ സ്വയം കണ്ണാടിയില്‍ കാണുന്നതില്‍നിന്നു ഭിന്നമല്ല ആ രൂപമെന്ന് അവന്‍ മനസ്സിലാക്കുന്നു. രണ്ടുപേര്‍ക്കും സങ്കടങ്ങളാല്‍ വാടിയ മുഖം. അവനെ തിരികെ അവന്റെ മുറിയിലേക്ക് തന്നെ കൂട്ടിക്കകൊണ്ടു പോയി അവര്‍. കിടക്കയില്‍ വീണ്ടും കിടന്നവന്‍. എന്തോ പറയാന്‍ ശ്രമിച്ച്, അത് പറയാതെ പോയവര്‍.

പരല്‍മീനുകള്‍ പറയുന്നത് കേള്‍ക്കാം, ‘ഒന്നും ആലോചിക്കാതെ കിടക്കു.’

ചിന്തകളില്‍നിന്ന് മോചനമില്ലാത്തതു പോലെ. കണ്ണുകള്‍ വീണ്ടും കൂട്ടിയടച്ചു.  ഈറന്‍കാറ്റടിക്കുന്നു നദിക്കരയില്‍.  കണ്ണുകള്‍ക്കുള്ളിലുള്ള വെളിച്ചത്തെ പതിയെ ഈര്‍പ്പം മൂടി, ഇരുള്‍ കവിഞ്ഞൊഴുകി. ഇരുളിലെവിടെ നിന്നോ അമ്മയുടെ ശബ്ദം കേള്‍ക്കേ, കണ്ണാടിയില്‍ ഒന്നും സംസാരിക്കാതെ പരല്‍ക്കുഞ്ഞുങ്ങള്‍ നീന്തിക്കൊണ്ടിരിക്കുകയാണ്, അവനെ നോക്കി.