ഭാവനയുടെ വാങ്മയരൂപത്തെ
ആദ്യാനുരാഗത്തോടെ
ആലിംഗനം ചെയ്ത കവി
ഒരു കുഞ്ഞുകവിതയുടെ പിറവിയിൽ
ആനന്ദം പൂണ്ടു.
ചൊൽവഴിക്ക് നടത്തുകയെന്ന
നാട്ടുനടപ്പിൽ
സംഗീതവാടിയിൽ ചേർത്തു.
വർണപ്പൊലികളേറ്റുവാങ്ങി
രാഗപാരമ്പര്യങ്ങളിലലിയാൻ
കൂട്ടാക്കാതെ,
മുറിവേറ്റ മനസ്സുമായി , ഒരുദിനം
കവിക്കരികിലെത്തി പരിഭവം ചൊല്ലി.
രാഗപ്പകർച്ചയിലൊതുങ്ങാത്ത,
ഗുരുനിഷേധിയെന്ന് സംഗീതജ്ഞൻ…
തെറിച്ചഭാഷയിൽ പിറന്ന,
വഴിപിഴച്ചതെന്ന് ഗായകൻ…
നിരാശപൂണ്ട കുഞ്ഞുകവിതയെ
കവി ആശ്വസിപ്പിച്ചു.
ആഴ്ചപ്പതിപ്പുകളിൽ
അണിഞ്ഞൊരുങ്ങി
മിടുക്കുകാട്ടി വളരാൻ
അച്ചടിശാലയിലേക്കയച്ചു.
പത്രാധിപരുടെ തിരുത്തലുകളെ
അശ്ശേഷം വിനയമില്ലാതെ
ചോദ്യംചെയ്തപ്പോൾ
‘അൺ പാർലമെന്ററി’യെന്ന്
ചാപ്പകുത്തപ്പെട്ടു.
മരണംപതിയിരിക്കുന്ന
തടങ്കൽ ചവറ്റുകൊട്ടയിൽ
അനുസരണയോടെ
കീഴടങ്ങിക്കിടക്കാതെ
കവിത,
തെരുവിലേക്ക് ചാടിയിറങ്ങി…
‘മേൽവിലാസങ്ങളുടെ ഭാരമേതുമില്ലാതെ!’
(ഇനിയും തിരിച്ചുപോയാൽ
കവിയുടെ
പ്രാർഥനാഗീതങ്ങൾക്കിടയിൽ
ചോദ്യമുയർത്താനാവില്ലെന്ന്
അതിനറിയാമായിരുന്നു).
കാറ്റിന്റെയീണത്തിൽ
തെരുവിലൂടെ
അനീതികളെക്കുറിച്ചു പാടിയപ്പോൾ
സ്കൂൾക്കുട്ടികളുടെ
മൊബൈൽക്യാമറകൾ
ആവേശത്തോടെ
പിറകെ കൂടി.
അച്ചടക്കത്തിന്റേയും അനുസരണയുടേയും
വിനയത്തിന്റേയും ചങ്ങലകളില്ലാതെ
സമൂഹവേദികളിൽ
കവിത പറന്നുകളിച്ചു…
‘പ്രമാണസൂത്രങ്ങളിലൊതുങ്ങാതെ!’