ഒരു അവധിക്കാലം

തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കഥാ രചനയിൽ രണ്ടാം സ്ഥാനം

സ്‌കൂളില്‍ അവധിക്കാലം തുടങ്ങി. ക്ലാസില്‍ ഒരു ഉത്സവപ്രതീതി. എല്ലാവരും വളരെ സന്തോഷത്തില്‍. കൂട്ടുകാരെല്ലാം അവധിക്കാലം ആഘോഷിക്കാൻ തീരുമാനിച്ചു. അവര്‍ നാട്ടിലെ പ്രശസ്തമായ ഓരോ സ്ഥലത്തേക്കും പോവാന്‍ തീരുമാനിച്ചു. എല്ലാവര്‍ക്കും സമ്മതം. പക്ഷേ, ഞാന്‍…
എനിക്കുപോകണം എന്നുണ്ട്. വീട്ടിലെ സ്ഥിതി ആലോചിക്കുമ്പോള്‍…. അച്ഛന്‍ ഇല്ല, അമ്മയും അനിയനും ഒറ്റക്ക്. പാവം അമ്മ, ഒരു നേരത്തെ ആഹാരത്തിനുവേണ്ടി പാടുപെടുന്നതു കണ്ടുകൊണ്ട് എങ്ങനെ പോവാനുള്ള പണം ചോദിക്കും. കൂട്ടുകാര്‍ അഞ്ചുപേരുണ്ട്. അവര്‍ക്ക് പെരുന്നാളിനും ഉത്സവത്തിനും കിട്ടിയ പണം ശേഖരിച്ചുകൊണ്ടാണ് അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നത്. പക്ഷേ, എനിക്ക് എവിടെന്ന് പണം കിട്ടാന്‍. ആരും ഇല്ല തരാന്‍.
അങ്ങനെ സ്‌കൂള്‍ കഴിഞ്ഞ് വീട്ടില്‍ പോകുന്ന വഴി എന്റെ പിറകില്‍ നടന്നുവരുന്ന കൂട്ടുകാര്‍ യാത്രയ്ക്ക്ള്ള ചിലവ് എത്രയാകും എന്ന ചര്‍ച്ചയിലാണ്. അപ്പോഴും എന്റെ മനസ്സില്‍ അവരോടൊപ്പം പോണം എന്നുള്ള ചിന്തയാണ്. അങ്ങനെ വീട്ടില്‍ എത്തി. അമ്മയ്ക്ക് ഇന്ന് ആശാന്റെ കയ്യില്‍ നിന്ന് ശമ്പളം കിട്ടി. ചന്തയില്‍ തയ്യല്‍ക്കട നടത്തുന്നത് ആശാനാണ്. അവിടെ അടിച്ചുവൃത്തിയാക്കലാണ് അമ്മയുടെ ജോലി. അങ്ങനെ ശമ്പളം കിട്ടിയ സന്തോഷത്തിലാണ് അമ്മ. അപ്പോള്‍ അമ്മയോട് കാശ് ചോദിക്കാന്‍ പറ്റിയസമയമാണ്. ഞാന്‍ ചോദിക്കാന്‍ പറ്റിയ സമയമാണ്. ഞാന്‍ ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് അമ്മ പറയുന്നത് ”ഈ കാശ് കൊണ്ട് എനിക്ക് ഒരു പുതിയ ചെരുപ്പ് വാങ്ങണം, പക്ഷേ അരിയും പച്ചക്കറിയെല്ലാം തീര്‍ന്നല്ലോ, എല്ലാറ്റിനും കൂടെ കാശ് തികയില്ലല്ലോ.”
അതുകേട്ടപ്പോള്‍ എനിക്കുചോദിക്കാന്‍ തോന്നിയില്ല. ഞാന്‍ മിണ്ടാതെയിരുന്നു. ഞാന്‍ പോയി കുളിച്ചു. പഠിക്കാന്‍ തുടങ്ങി. അവധിക്കാലം ആണ്. എങ്കിലും പഠിക്കാം എന്നു തീരുമാനിച്ചു. പഠിക്കാന്‍ തുടങ്ങി, ഒന്നും മനസ്സില്‍ കയറുന്നില്ല. എനിക്ക് എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കണം, അമ്മയെ ബുദ്ധിമുട്ടിക്കാതെ. എന്നിട്ട് ആ കാശ് കൊണ്ട് എനിക്ക് എന്റെ അമ്മയെയും അനിയനെയും നാടുകാണിക്കാന്‍ കൊണ്ടുപോണം. കൂട്ടുകാരുടെ കൂടെ പോകണം എന്നുണ്ട്, പക്ഷേ അമ്മയും അനിയനും ഈ വീട്ടില്‍ ഒറ്റക്ക് എത്രയെന്നുവച്ചാ കഴിയുന്നത്. അവര്‍ക്കും പുറലോകം കാണണ്ടെ.
അങ്ങനെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്റെ മനസ്സില്‍ എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കണം എന്ന ചിന്തയായിരുന്നു. അങ്ങനെ ആലോചിച്ച് ആലോചിച്ച് ഞാന്‍ ഉറങ്ങിപ്പോയി. നേരം പുലര്‍ന്നു. ഞാന്‍  ചന്തയില്‍ വെറുതെ ഒന്ന് പോയി. അവിടെ എന്നെന്നുമില്ലാത്ത തിരക്ക്. തിക്കിത്തിരക്കി ഞാന്‍ നടന്നു. എന്തെല്ലാം സാധനങ്ങളാ, മിഠായി, പലഹാരങ്ങള്‍, കളിപ്പാട്ടങ്ങള്‍. ഹോ, കൊതിയാവുന്നു. പക്ഷേ, മേടിക്കാന്‍ കാശില്ലല്ലോ. ഞാന്‍ വീണ്ടും നടത്തം തുടര്‍ന്നു. അപ്പോഴാണ് കാശ് ഉണ്ടാക്കണം എന്ന കാര്യം ഓര്‍മ്മ വന്നത്. പിന്നെ അതിനുവേണ്ടി തിരച്ചിലായി.
എല്ലാ കടയിലും കയറി ചോദിച്ചു. എന്തെങ്കിലും ഒരു ചെറിയ ജോലി തരാന്‍. പക്ഷേ ആരും തിരക്കിനിടയില്‍ തിരഞ്ഞുനോക്കുന്നത് പോലും ഇല്ല. എനിക്ക് സങ്കടം തോന്നി. അങ്ങനെ വീട്ടിലേക്ക് മടങ്ങിപ്പോകുന്ന വഴി എന്നെ പുറകില്‍ നിന്ന് ആരോ വിളിക്കുന്നതുപോലെ തോന്നി. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ വര്‍ക്കിച്ചേട്ടന്‍, ഹോട്ടലുടമ. അദ്ദേഹം എന്നെ മാടിവിളിച്ചു. ഞാന്‍ ആകാംക്ഷയോടെ നടന്നു. വല്ല ജോലിയും തരുമെന്ന് വിചാരിച്ചിട്ട്. വിചാരിച്ചതുപോലെതന്നെ, എന്നോട് ചില്ലുപാത്രത്തില്‍ ഇരിക്കുന്ന പലഹാരങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു. ”നീ അതുകൊണ്ടുപോയി മുഴുവന്‍ വിറ്റാല്‍, ഞാന്‍ നിനക്ക് നൂറ് രൂപാതരാം”, എന്നുപറഞ്ഞു. അതുകേട്ടപ്പോള്‍ എനിക്കും സന്തോഷം തോന്നി. ഞാന്‍ സമ്മതിച്ചു. വര്‍ക്കിച്ചേട്ടന്‍ എനിക്ക് ആ പലഹാരങ്ങള്‍ പൊതിഞ്ഞുതന്നു. ഞാന്‍ ഓരോ പൊതികളായി ചന്തയില്‍ ഓടിനടന്ന് വില്‍ക്കാന്‍ തുടങ്ങി. എല്ലാവരും വാങ്ങാന്‍ തുടങ്ങി. ഓരോ പൊതിക്ക് 10 രൂപ. അന്ന് നല്ല തിരക്കുള്ള ദിവസം കൂടിയായിരുന്നല്ലോ. സമാധാനമായി ഒരു പൊതിയും കൂടെ വിറ്റാല്‍ മതി എനിക്ക് 100 രൂപ കിട്ടാന്‍. ഒരുപാട് നേരം കാത്തുനിന്ന് അവസാനം അതും വിറ്റുപോയി. എനിക്ക് സന്തോഷമായി ഞാന്‍ വേഗം വര്‍ക്കിച്ചേട്ടന്റെ അടുത്ത് ഓടിച്ചെന്നു. എല്ലാംവിറ്റു എന്നുറപ്പായപ്പോള്‍ വര്‍ക്കിച്ചേട്ടന്‍ എനിക്ക് 100 രൂപ തന്നു. ഞാനാദ്യമായാണ് ഇത്രയും തുക ഒരുമിച്ചു കാണുന്നത്. എന്റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ വീട്ടിലേക്ക് ഓടിച്ചെന്നു. അമ്മയ്ക്ക് ഞാന്‍ വര്‍ക്കിച്ചേട്ടന്‍ തന്ന നൂറ് രൂപ കാണിച്ചുകൊടുത്തു. അമ്മയ്ക്ക് സന്തോഷമായി.
അങ്ങനെ ഞങ്ങള്‍ നാടുകാണാന്‍ വേണ്ടി പോകാന്‍ തീരുമാനിച്ചു. ഞങ്ങള്‍ ജീവിത യാത്രയും തുടര്‍ന്നു.
റാസ് അൽ ഖൈമ സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി . സുബൈറിന്റയും സജ്നയുടെയും പുത്രി .തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കഥാ രചനയിൽ രണ്ടാം സ്ഥാനം ലഭിച്ചു .