ഒരിന്ത്യൻ കവിയുടെ അഭിമുഖം

ട്രാക്ടറുകൾ പിഴുതെടുത്ത
പ്രാണന്റെ മുന്നിലാണ്
ഞാൻ
എന്റെ കൊയ്ത്തുപാട്ടുകൾ സമർപ്പിച്ചത്.

ആണ്ടിലധികം നീണ്ട
സമരകാഹളത്തിന്റെ ഈണത്തിലാണ്
എന്റെ ആദ്യകവിത പിറന്നത്.

മോഷണക്കുറ്റത്തിന്
വധശിക്ഷ വിധിക്കുന്ന
ആൾക്കൂട്ടക്കോടതിയെകണ്ട്
ഭയന്നുപോയിട്ടുണ്ട്.
വിശപ്പ് അവർക്ക് വൈറലാകാനുള്ള
അത്ഭുതം മാത്രമാണ് .

ഊണിന്റെയും ഉടുപ്പിന്റെയും
ഘടനചികയുന്ന കോടതികളിൽ
ഇഷ്ടങ്ങൾക്കായി
നിലവിളിക്കേണ്ടി വന്നിട്ടുണ്ട്.

എന്റെ ഇടവഴികൾ
എന്നെ തിരിച്ചറിയുമെന്നും ,
എന്റെ ഗ്രാമം
എനിക്ക് പൊറുതി തരുമെന്നും
പൗരത്വക്കോടതിയിൽ
ബോധിപ്പിക്കേണ്ടിവന്നിട്ടുണ്ട്.

കോടതിമുറി നിശബ്ദമായപ്പോൾ
അവർവന്നത് കൈവിലങ്ങുമായാണ് .
ഞാൻ പറഞ്ഞതിൽ പകുതിയും
നിരോധിക്കപ്പെട്ട പദങ്ങളായിരുന്നു.

കണ്ണൂർ ജില്ലയിലെ രാമന്തളിയാണ് സ്വദേശം .ദുബായിൽ ജോലിചെയ്യുന്നു .കഴിഞ്ഞ ഇരുപത്തിനാലു വർഷങ്ങളായി കുടുംബ സമേതം ദുബായിലാണ് താമസം . നവമാധ്യമങ്ങളിലും. ആനുകാലികങ്ങളിലും കവിതകൾ എഴുതുന്നു