കുളികഴിഞ്ഞുള്ള കണ്ണാടി നോട്ടങ്ങളിലെല്ലാം സ്വന്തം കൈകൾ രണ്ടു വിരലകലത്തിൽ അവരുടെ നെഞ്ചിലമർന്നു. രണ്ടു വിരലുകൾക്കിടയിൽപ്പെട്ട ഗോട്ടിയോളം പോന്ന ഒരുയർച്ച കുഞ്ഞമ്മയെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ഇത്രയ്ക്ക് പേടിക്കേണ്ടതായൊന്നുമില്ലെന്ന് ഡോക്ടറെത്ര തവണ പറഞ്ഞിട്ടുണ്ടെന്ന് അവരുടെ ഓർമ്മയിലുണ്ട്. കനം വെച്ചു കൊണ്ടിരിക്കുന്ന ഗോട്ടിയുടെ ചിന്തകൾ എന്നെന്നേക്കുമായി എടുത്തു കളയാനവരുറപ്പിച്ചു. ചികിത്സയിലുണ്ടായ പാളിച്ചകൾക്കും സർജറി കഴിഞ്ഞുള്ള ബ്ലീഡിംഗിനും പഴുപ്പിനുമെല്ലാം ഞാൻ സാക്ഷിയായിട്ടുണ്ട്. പുസ്തകങ്ങൾ വായിച്ചു കൂട്ടുമ്പോഴെല്ലാം കുഞ്ഞമ്മയുടെ തലനാരുകൾ അടർന്നു വീഴുന്നതിന്റെ ഒച്ചയും കനവും ഞാനറിഞ്ഞു. മെഡിക്കൽ കോളേജിലേക്ക് റഫറൻസ് ലെറ്റർ തന്നില്ല, ഒപ്പിച്ചെടുക്കുകയാണുണ്ടായത്.
ഞാനും കുഞ്ഞമ്മയും തോളോടുതോൾ ചേർന്ന്, ചിരിച്ചു മണ്ണുകപ്പി കൊണ്ട് കാന്റീനിൽ നിന്നും ഇറങ്ങി വരികയായിരുന്നു. എല്ലാരുടേയും ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ട് ഞങ്ങൾ ആസ്പത്രി വരാന്തയിലൂടെ നടന്നു. അതു ശ്രദ്ധയിൽ പെട്ടതു കൊണ്ട് മാത്രമാണ്, ജനറൽ വാർഡിലടുപ്പിച്ചിട്ട രണ്ടുകട്ടിലുകളിലിരുന്ന് സൊറ പറയുന്ന ഞങ്ങളെ വീണ്ടും കണ്ടമാതിരി ഡോക്ടർ ഞെട്ടിയത്. രണ്ടു ദിവസം മുന്തിരി കിട്ടാത്ത കുറുക്കനെ പോലെ ഞാൻ പേവാർഡിലെ കുളിമുറിയെ സ്വപ്നം കണ്ടു കിടന്നു.
വിസർജ്യങ്ങൾക്കുനേരെ കണ്ണുപൊത്തലല്ല, മൂക്കടക്കടച്ച് അപരന്റേത് നമ്മുടേതായിക്കണ്ട് വെള്ളോഴിച്ച് പോരലായിരുന്നു ജനറൽ വാർഡിലെ വൈബ്. അടുത്തൊരു ആളൊഴിഞ്ഞ കട്ടിൽ കണ്ടാ പിന്നെ ഞാനെന്റെ ബെഡ്ഷീറ്റങ് വിരിക്കും. ആരും കാണാതെ ഏറ്റികൊണ്ടുവന്ന പുസ്തകങ്ങളിലൊന്ന് കട്ടിലിലേക്ക് വാരിയിടും. വിരിയിൽ പുസ്തകവായനയുടെ ഇരുത്തങ്ങളും കിടത്തങ്ങളും പാടു വീഴ്ത്തും. അപ്പോഴായിരിക്കും കേസ് ഷീറ്റില്ലാത്ത എന്നെ നോക്കാൻ വല്ല നഴ്സുമാരും വരുന്നത്. അലോസരപ്പെട്ട കഥാപാത്രങ്ങൾ തലയിൽ നിന്നും തന്നെ ഇറങ്ങിപ്പോകും. മെഡിക്കൽ കോളേജിന്റെ തറയിലിരുന്ന് ചോറ് ചാറ് കൂട്ടി വാരിത്തിന്നുമ്പോൾ, കടന്നു പോകുന്ന സ്ട്രച്ചറിന്റെയും വീൽച്ചെയറിന്റെയും എണ്ണമെടുക്കും.
രാവിലെ മാത്രമേ പുരുഷന്മാർക്ക് പ്രവേശനമുണ്ടാരുന്നുള്ളൂ. ആ വാർഡ് വരാന്തയിലൂടെ പതിവു സന്ദര്ശനം നടത്തിയിരുന്ന പയ്യന് ഞാൻ അത് ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നൽ ഉണ്ടാവാതിരിക്കാനുള്ള ഉപായങ്ങൾ വേദനക്കിടയിലും ഞങ്ങൾ പറഞ്ഞു ചിരിച്ചിരുന്നു. കുഞ്ഞമ്മ ഒബ്സർവേഷൻ വാർഡിലേക്ക് വരികയാണ്. വ്യക്തമായി തിരിയാത്ത എന്തൊക്കെയോ അവർ പുലമ്പി കൊണ്ടിരുന്നു. ആവർത്തിച്ചു കേട്ട് കാര്യം മനസ്സിലാക്കാനുള്ള സാവകാശം എനിക്കവർ തന്നു. അവരെന്റേതും ഞാനവരുടേതുമാണെന്ന വിശ്വാസം ബലപ്പെട്ടു. ഒന്നും തിരിയാതെ അന്തം വിട്ടു നിൽക്കുന്ന ഞാൻ പല തവണ കുഞ്ഞമ്മയെ നോക്കി ആളലുകൾ കടിച്ചമർത്തി.
ഒബ്സർവേഷൻ വാർഡിലെ ആദ്യ ദിവസമാണ് സങ്കടം കടിച്ചമർത്തി വെളുക്കേ ചിരിക്കാനാകുമെന്ന് പഠിപ്പിച്ചത്. എല്ലാരും ചുറ്റിലുമുണ്ടെങ്കിലും എത്രപെട്ടെന്നാണ് നമ്മളൊറ്റയാകുന്നതെന്ന് മനസ്സിലായത്, ഊരും പേരുമറിയാത്തവർ താങ്ങായെത്തുന്നതെങ്ങനെയെന്നറിഞ്ഞത്. കുട്ട്യോപ്പോൾ കുഞ്ഞിനെ പിരിഞ്ഞിരിക്കുന്നത് ആദ്യമായാണ്. ഓപ്പോളുടെ കൂട്ടു കിട്ടിയതും, ആ നെറഞ്ഞ കണ്ണുകളും ഒരേ സമയം എന്നെ ആശ്വസിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. സങ്കടം മുറ്റി നിൽക്കുന്ന അവരുടെ കണ്ണുകൾ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു.
രാത്രി ഉറങ്ങണ്ടാന്ന് വിചാരിച്ചാലും ഉറക്കം പണ്ടു മുതലേ കണ്ണുകളെ തളർത്തിക്കിടത്തുമായിരുന്നു. ഉറക്കം വരാത്ത ആ രാത്രിയിൽ ചുറ്റിലും ഇരുട്ട് പുതച്ചുകിടക്കുന്നവരെ ഞാൻ നോക്കിയിരുന്നു. ചില ബെഡുകളിൽ നിന്ന് വേദനകളുടെ പതം പറച്ചിലുകൾ ആരോഹണവും അവരോഹണവും ക്രമം തെറ്റാതെ മുഴക്കിയിരുന്നു.
കൂട്ടിനാരുമില്ലാത്തപ്പോൾ മെഡിക്കൽ കേസ് ഷീറ്റുകൾക്കു മുന്നിൽ ഞാൻ വാ പൊളിച്ചു നിന്നു. എന്റെ ഉറക്കമില്ലായ്മകളൊക്കെയും തന്ന ചെറിയ സന്തോഷങ്ങൾ തൊണ്ടയിൽ കുടുങ്ങിക്കിടന്ന നൂറുകണക്കിന് ശ്വാസോച്ഛ്വാസങ്ങളെ സ്വതന്ത്രമാക്കിയിട്ടുണ്ട്. അടുത്തടുത്ത കട്ടിലുകളിലുള്ളവരുടെ ബൈസ്റ്റാന്റേഴ്സ് കുറെയാകുമ്പോഴേക്കും ഉറക്കത്തിന്റെ നിശബ്ദതയോട് അവരറിയാതെ തന്നെ കൂട്ടായിട്ടുണ്ടാകും. അപ്പോഴായിരിക്കും ഒരാള്ക്ക് പെട്ടെന്ന് വെള്ളം വേണമെന്ന് തോന്നുക, മറ്റൊരാളുടെ ഗ്ലൂക്കോസ് തീരാറായിട്ടുണ്ടാവുക, ഇതൊന്നുമല്ലെങ്കിൽ എന്തെങ്കിലും ആവശ്യം പറയാനായി കൂടെയുള്ളവരെ വിളിച്ചുണർത്താൻ അവർ കഷ്ടപ്പെടുക.
ഉറക്കമില്ലാത്ത എനിക്ക് ചെയ്തു കൊടുക്കാനാവുന്നതും ഇതൊക്കെ മാത്രമായിരുന്നു. അങ്ങനെ ഒബ്സർവേഷൻ വാർഡ് ഒരു കുടുംബമായി പരിണമിക്കപ്പെട്ടു. അഞ്ചാം നിലയിൽനിന്ന് താഴേക്കെത്തിയാൽ പിന്നീട് മുകളിലേക്കെത്രവട്ടം വഴി തെറ്റിയിരുന്നു. ലൈസോളിന്റേയും ഡെറ്റോളിന്റെയും ആശുപത്രി വാടയോട് എത്ര വേഗം ഇഴുകിച്ചേർന്നിരിക്കുന്നു.
അന്നു തെറ്റിയ വഴികളെല്ലാം എത്രയെത്ര ശരികളിലേക്കുള്ളതായിരുന്നു…!