ഒന്നിനും നേരമില്ലല്ലോ സഖേ ..

കാലങ്ങളേറെ കഴിഞ്ഞു നാം കണ്ടതും
കാണാതെയെങ്ങോ കുതിച്ചിടുന്നു
കണ്ടിട്ടും കാണാതെപോകയാണോ സഖേ
കണ്ടിട്ടുനാളുകളെത്രയായി ?

നേരമില്ലാ സഖേനിന്നോടു മിണ്ടുവാന്‍
വേറെനാള്‍ കാണാം നമുക്കുപിന്നെ
നേരമില്ലാ സഖേയേറെപണികളാല്‍ …!
നേരെ നോക്കിടാന്‍ സമയമില്ല

ഒന്നിനും നേരമില്ലാത്തൊരു കാലമോ ?
ഓടുന്നതെങ്ങോട്ടിതിത്ര വേഗം
ഓടിക്കളിച്ചു നടന്നൊരു ബാല്യത്തില്‍
ഒക്കേനും നേരമുണ്ടായിരുന്നു

രാവിലെയുച്ചയ്ക്കു വൈകീട്ടുരാത്രിയും
വാട്സപ്പിലേറണം ചാറ്റീടണം
എഫ് ബിയില്‍ ട്വിറ്ററില്‍ സ്റ്റാറ്റസ് അപ്ഡേറ്റു
ചെയ്കാകിലെന്തോ കുറവുപോലെ

ഊണുമുറക്കമുപേക്ഷിച്ചീടുകിലും
ഉറ്റവര്‍ തോഴരെ കൈവിടില്ല
ഉറ്റവരാണത്രെയീവക ‘ആപ്പുകള്‍’
ഉറ്റവരാരാണു ചിന്തിച്ചിടൂ !

ഒന്നിച്ചിരിക്കാനുമൊന്നുചിരിക്കാനും
ഒന്നിങ്ങുമിണ്ടാനും നേരമില്ല
തൊട്ടരികെയിരിക്കുന്ന നേരത്തും
തൊടുകയേയില്ല മനസ്സുതമ്മില്‍ !

ഒന്നിനും നേരമില്ലെന്നോർത്തുനോക്കൂ
ഒന്നു സ്നേഹിക്കുവാന്‍ നേരമുണ്ടോ ?
കഷ്ടമിതാം ലോകനിലയെന്നു വന്നാലോ
കഷ്ടമെന്നല്ലാതെമറ്റെന്തുചൊല്ലാന്‍ !

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.