ഇപ്പോഴല്ല , പണ്ട് കോളേജ് പഠിപ്പെല്ലാം കഴിഞ്ഞ് നമ്മളൊക്കെ റബലുകളായി വീട്ടുകാർക്ക് തലവേദനയുണ്ടാക്കി നടന്ന കാലം.
നൂറ് കണക്കിന് പുഷ് അപ്പു് എടുത്തിട്ടും പത്തു കി.മീ. ഓടിയിട്ടും അയ്മേ സെസയറെ വായിച്ചിട്ടും ആത്മരോഷം അടങ്ങാതെ ഷർട്ടിന്റെ കൈകൾ തെറുത്തു കേറ്റി കിട്ടുന്ന ബസ്സിൽക്കേറി ഒരൊറ്റപ്പോക്കാണ് മെഡിക്കൽ കോളേജിലേയ്ക്ക് , പാച്ചിയും പരമുവും ദീപാങ്കുരനുമൊക്കെ എന്തെടുക്കുന്നു എന്നറിയണമല്ലോ ! അവരെ കണ്ടു കഴിഞ്ഞാൽ ബാരോമീറ്റർ താഴും !
പിറ്റേന്ന് ചുരം കേറി തിരികെ നാട്ടിലേയ്ക്ക് .. പരസ്പരം ഋണ ബാദ്ധ്യത വരുത്തിവെയ്ക്കാൻ നാണക്കേടൊന്നുമില്ലായിരുന്നു. നാട്ടിലെത്തിയാൽ ദിനചര്യ പഴയതുതന്നെ. ഉച്ചതിരിഞ്ഞ് അഞ്ച് കി.മീ. നടന്ന് ടൗണിലെത്തും. നടപ്പ് ക്ഷീണംമാറിയാൽ ടൗണിന്റെ പ്രാന്തപ്രദേശങ്ങളിലേയ്ക്ക് കാൽനട സർവ്വേ …. . പതിവായി ഇരിക്കാറുള്ള മടിയൂർ കുനി വളവിലെ വീതി കുറഞ്ഞ കലുങ്കിൽ കേറിയിരുന്ന് രാത്രി വൈകും വരെ സാഹിത്യചർച്ച . കടന്നു പോകുന്ന ലോറിക്കാരുടെ വായിലെ തെറി മുഴുവൻ കേൾക്കണം, എന്നാലും അതൊരു ബുദ്ധിമുട്ടായി തോന്നിയില്ല. ഒരു ദിവസം സുരേഷ് പറഞ്ഞു നമുക്കൊരു ട്യൂട്ടോറിയൽ തുടങ്ങാമെന്ന്. ബുദ്ധിജീവികൾക്ക് സാക്ഷാത്ക്കാരത്തിന് ഇതിൽപ്പരം എന്തു വേണം! ചൂഡാമണിയും ഞാനും ഞങ്ങളുടെ വീടിന്റെ മച്ചിൻപുറത്ത് പിതാക്കൾ അടുക്കി വെച്ച ആഞ്ഞിലിപ്പലകകൾ കൊണ്ട് ബഞ്ചും ഡസ്ക്കും ഉണ്ടാക്കി ക്ലാസ്സ് തുടങ്ങി.
ധാരാളം കുട്ടികൾ, എല്ലാവരും എല്ലാ വിഷയത്തിലും തോറ്റവർ! ആരുടേയും കയ്യിൽ കാശില്ല.. കൃഷി വലന്മാരുടെ മക്കളാണ്.. കൊയ്ത്തു കഴിഞ്ഞിട്ടു തരാം സാർ, ചിലർ പറഞ്ഞു. കാപ്പി പറിച്ചിട്ട് തരാം സാർ ശേഷിച്ചവർ പറഞ്ഞു. ഞങ്ങൾ പഠിപ്പിക്കുന്നത് പണത്തിനു വേണ്ടിയല്ല ആത്മ സംതൃപ്തിക്കു വേണ്ടിയാണ് ,
സൗകര്യം പോലെ തന്നാൽ മതി, ഞങ്ങൾ ഒരേ ശ്വാസത്തിൽ നുണ പറഞ്ഞു.
തൊഴിൽ രഹിതന്റെ ലേബൽ മാറി ഞാനങ്ങനെ പ്രിൻസിപ്പാളായി. പ്രിൻസിപ്പാൾ അഞ്ച് കി.മീ. നടക്കുന്നത് പ്രശ്നമാവുമോ?. അതിനു മുമ്പുതന്നെ പ്രാചീനമായൊരു സൈക്കിൾ സംഘടിപ്പിച്ചു. സൈക്കിളിൽ പുതിയതെന്നു പറയാൻ ടയറിൽ അടിച്ച കാറ്റ് മാത്രം. ഇനി ഇതൊന്ന് ചവിട്ടാൻ പഠിക്കണം!
കസിൻ പാപ്പച്ചൻ സഹായിച്ചു.. പാപ്പയ്ക്ക് സൈക്കിൾ അറിയാം. മറ്റൊരു സൈക്കിളുമായി അവനും വന്നു. രണ്ട് ദിവസം കൊണ്ട് ബാലൻസ് ഒരു വിധം ശരിയാക്കി.. പിന്നീട് പെഡലിൽ നിന്നു പോകാൻ പഠിച്ചു. അടുത്തതായി കേറാൻ പഠിക്കണം. അവിടെയാണ് കുഴപ്പം. സൈക്കിൾ ഒരിറക്കത്തിൽ കൊണ്ടുവന്നു് വെച്ച് , എന്നെ സീറ്റിൽ ഇരുത്തി ദുഷ്ടൻ ഒരൊറ്റ ഉന്ത് ! ഭൂഗുരുത്വം കൊണ്ട് ഞാനും സൈക്കിളും താഴോട്ട് ഉരുണ്ട് പോയി ! മെറ്റലിട്ട വഴിയിലൂടെ ശകടം തെള്ളിത്തെറിച്ച് പായുകയാണ്.. തെറിച്ചു പോകാതെ ഞാൻ അള്ളിപ്പിടിച്ചിരുന്നു. സൈക്കിളിന്റെ വേഗം കുറഞ്ഞപ്പോൾ തോന്നി എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും പോകാമല്ലോ. അല്പനേരം ഒന്ന് നിർത്തിയിടാം. പാപ്പ വരട്ടെ.
അപ്പോൾ ഒരു പ്രശ്നം: ഇറങ്ങാൻ അറിഞ്ഞുകൂട. വല്ല മൈൽക്കുറ്റിയിലോ കലുങ്കിലോ ചവിട്ടി നിർത്താം. ഒരു മൈൽക്കുറ്റി ഒപ്പിച്ചെടുത്തു. പക്ഷെ കാൽ നീട്ടിയപ്പോഴേയ്ക്കും അത് കടന്നു പോയി. ഇനി എന്തു ചെയ്യും ?
അടുത്ത കലുങ്ക് നോക്കുക തന്നെ. വിട്ടു മുമ്പോട്ട് !
പട്ടരുടെ ഇറക്കം കഴിഞ്ഞാൽ പുഞ്ചവയൽ പകുത്തു പോകുന്ന നെടുനീളൻ റോഡാണ്. ആദ്യം കിട്ടുന്ന കലുങ്കിൽത്തന്നെ ചവിട്ടാൻ പദ്ധതി റെഡിയാക്കി.
പക്ഷെ കൂടുതൽ അടുത്തു പോയതു കൊണ്ട് ചവിട്ടിയത് അപ്പുറത്തായിപ്പോയി !! പാപ്പ വരുമ്പോൾ എന്റെ സൈക്കിൾ കൃത്യമായി കലുങ്കിൽ ചാരി വെച്ചതു പോലെ ഇരിപ്പുണ്ട്. എന്നെ മാത്രം കാണാനില്ല !
അപ്പോൾ കലുങ്കിന്റെ അടിയിൽ നിന്നും ഒരൊച്ച കേട്ടത്രേ. അപ്പോഴാണ് ഞാൻ , പ്രിൻസിപ്പാൾ എന്ന ഈ കീചക കഥാപാത്രം ചേമ്പിൻ കുഴിയിൽ നിന്ന് കേറി വരുന്നത് . ഒരാഴ്ച്ച കഴിഞ്ഞവാറെ ഞാൻ ചവിട്ടിപ്പൊടിച്ചങ്ങനെ വരുമ്പോൾ ഈയം പൂശുകാരൻ ചന്തുക്കുട്ടി സൈക്കിളിൽ പറപ്പിച്ചു വരുന്നതു കണ്ടു.
അയാൾ ദൂരെ നിന്നേ എന്നെ നോക്കി മന്ദഹസിക്കുകയും കൈയ് വീശുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു.. . ഞാനും പ്രത്യഭിവാദ്യം ചെയ്തു.
പിന്നീട് നടന്നതിനെക്കുറിച്ച് ഞാനെങ്ങനെ വിവരിക്കും ! ചന്തുക്കുട്ടിയുടെ ആറടിയിൽ വിന്യസിച്ച 90 കിലോ ശരീരം കണ്ണൂർ എക്സ്പ്രസ്സ് പോലെ എന്നെ വന്നിടിച്ചു …….
അയാൾ ഇടതുഭാഗത്തെ പുഞ്ചയിലേയ്ക്കും ഞാൻ വലതുഭാഗത്തെ പുഞ്ചയിലേയ്ക്കും ചക്കപ്പഴം പോലെ ചെന്നു വീണു ! ഹാൻഡിൽ ബാറും ടയർ റിമ്മും ചുരുണ്ടു മടങ്ങിപ്പോയി. ചെളിയിൽക്കുളിച്ച് രണ്ടു പേരും എണീറ്റു നിന്നു. അതു സാരമാക്കണ്ട പ്രിൻസിപ്പാളേ, നമ്മള് നേരെയാക്കിത്തരാം, അഴുക്കും ചെളിയും തുടച്ചു കൊണ്ട് അയാൾ കുറ്റബോധത്തോടെ പറഞ്ഞു. ഓ, സാരമില്ലെന്നേ, കുപ്പായത്തിലെ ചെളി വടിച്ചു കളഞ്ഞു കൊണ്ട് അതുവരെ ഒരു സൈക്കിളിന്റെ ആകൃതിയുണ്ടായിരുന്ന ആ വിചിത്ര സാധനം ചെളിയിൽ നിന്ന് പൊക്കിയെടുത്തു കൊണ്ട് ഞാനും പറഞ്ഞു. എന്നാലും എന്തൊരു വീതിയുള്ള റോഡായിരുന്നു ഇത് ! സൈക്കിളുകൾ ഇങ്ങനെ മുഖത്തോടു മുഖം കൂട്ടിമുട്ടുമോ , എന്നൊക്കെ ആയിരിക്കണം ചന്തുക്കുട്ടി ഓർത്തു കൊണ്ടിരുന്നത് ! അയാളെ സൂക്ഷിക്കണം സാറെ , എന്റെ ഒരു പരിചയക്കാരൻ ഈ സംഭവത്തെക്കുറിച്ചറിഞ്ഞപ്പോൾ പറഞ്ഞു, ചന്തുക്കുട്ടിക്ക് കൂടോത്രമുണ്ട്.. അയാൾ മൂങ്ങകളേയും മരപ്പട്ടികളേയും പോറ്റുന്നുണ്ട്. പാതിരയ്ക്ക് അമ്പലപ്പറമ്പിൽ അയാളെ കണ്ടവരുണ്ട് …. സൂക്ഷിക്കണം..
ഈ മുന്നറിയിപ്പൊന്നും കൂട്ടാക്കാതെ ഇല്യൂഷനിൽ കഴുകിയ സുഖ ശീതളമായ ഈ ഓർമ്മ ഒന്നുകൂടി അയവിറക്കാനും അതോർത്ത് കുളിര് കോരാനും ഈയം പൂശുകാരൻ ചന്തുക്കുട്ടിക്ക് ഞാൻ ഒരിക്കൽക്കൂടി അവസരം നല്കി. ഒരാഴ്ച കഴിഞ്ഞപ്പോൾ, നല്ലൊരു നട്ടുച്ചയ്ക്ക് ആൾത്തിരക്കുള്ള അങ്ങാടിയിൽ വെച്ച് , വീണ്ടും കൃത്യമായി അതു സംഭവിച്ചു. ഇത്തവണ അയാൾ എന്നെ കണ്ടിട്ടുണ്ടാവില്ല. കണ്ടാൽപ്പോലും തിരിച്ചറിഞ്ഞു കാണില്ല! എത്രയോ വാഹനങ്ങളുടെ മുന്നിലും പിന്നിലും സഞ്ചരിച്ച് ഒന്നും ഓർക്കാതേയും അറിയാതേയും നിയതിയുടെ വഴികൾ അടയ്ക്കാതെ ഒരു കൊള്ളിമീൻ പോലെ എന്നിൽ വന്നു കയറുകയായിരുന്നു. അനിവാര്യമായ ഞങ്ങളുടെ ലയന മായിരുന്നു അത് !
ഞാൻ സ്വാമിയുടെ പ്രിന്റിംഗ് പ്രസ്സിലേയ്ക്കും ചന്തുക്കുട്ടി മറുഭാഗത്തെ ഹിൽ പാലസ് ഹോട്ടലിലേയ്ക്കും അടിച്ചുകെട്ടിവീണു ! ഞാൻ ഞെട്ടിത്തരിച്ച് ചന്തുക്കുട്ടിയുടെ മുഖത്തേയ്ക്ക് നിമിഷങ്ങളോളം നോക്കി നിന്നു. ഇല്ല, ഒടിയൻ മറിയുന്ന കള്ളച്ചിരിയില്ല. കയ്യിൽ പിടിച്ചു നോക്കി. അവിടവിടെ ചോര പൊടിയുന്നുണ്ടെങ്കിലും മരണത്തിന്റെ തണുപ്പില്ല.
എങ്കിലും എങ്ങിനെ അവിശ്വസിക്കും!!
ഈ സംഭവത്തെക്കുറിച്ച് ഞാനെന്തു വിവരിക്കും!
ആട്ടെ, നിങ്ങളാണെങ്കിൽ എന്തു പറയും?
എന്നാൽ, ജ്യോതിഷം പഠിച്ച നാരായണൻ കുട്ടി പണ്ടേ പറഞ്ഞിട്ടുണ്ട് : ഒടിയൻ മറിഞ്ഞും കൂടോത്രം ചെയ്തും ജീവിക്കുന്നവർ എപ്പോഴും ഒരപകടം അവരുടെ കൂടെ കൊണ്ടു നടക്കുമത്രെ. അതിന്റെ ദൂഷ്യഫലങ്ങൾ നമ്മുടെ ട്യൂട്ടോറിയലിനേയും ബാധിക്കും.!ഇങ്ങനെയെങ്കിൽ ട്യൂട്ടോറിയലിന്റെ അവസ്ഥ എന്തായെന്ന് വായനക്കാർ ചിന്തിക്കുന്നുണ്ടാവും. 90 കുട്ടികൾ ഉണ്ടായിരുന്നു പരീക്ഷ എഴുതാൻ. എല്ലാവരും പാസ്സായി. സർട്ടിഫിക്കറ്റുകൾ വാങ്ങാൻ രക്ഷിതാക്കളേയും കൂട്ടി അവർ വന്നു. അതിനിടയിൽ ഫീസിന്റെ കാര്യം ആരോ സൂചിപ്പിച്ചു.
അതൊക്കെ അന്നേ അടച്ചതാണല്ലോ, കുട്ടികൾ പറഞ്ഞു.
ജയൻ സാറാണ് മൂന്ന് ടേമിലേയും ഫീസ് മേടിച്ചത് , അവർ പറഞ്ഞു.
എന്തു പറ്റി സാർ?
ഇനി എന്തു പറ്റാൻ!
ഞങ്ങൾ പരസ്പരം നോക്കി….
ഈ ദശാസന്ധിയിൽ പെട്ടെന്നൊരാൾ കേറി വന്നു. തൊട്ടടുത്ത ഹോട്ടൽ മാനേജർ.. എട്ടുമാസം ഊണ് കഴിച്ചതിന്റെ പൈസ കൊടുക്കാതെ ജയപ്രകാശ് മുങ്ങിയത്രെ !
അപ്പോൾ ജയൻ അയാളേയും പറ്റിച്ചു !
ചെറിയൊരു തുകയായിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു. . ഹോട്ടലുകാരൻ പറഞ്ഞു.. ഞങ്ങൾ മിഴിച്ചിരുന്നു ……..
ട്യൂട്ടോറിയൽ പരിപാടി തൽക്കാലം അലസിപ്പോയെങ്കിലും ഞങ്ങളുടെ പഴയ മടിയൂർ കുനി വളവിലെ കലിങ്കും സാഹിത്യ ചർച്ചയും ഒക്കെ പഴയതിലും ഗംഭീരമായിരുന്നു. …..
ആ വൈകിയ രാത്രികളിലെ ചർച്ചകളിൽ ഞങ്ങൾ ഇയാഗോവിനെ വേഗം കണ്ടു പിടിച്ചു . ആ ഒടിയന്റെ ഓർമ്മ പോലും നമുക്കിടയിൽ ഇനി അവശേഷിക്കരുത് ഞങ്ങൾ തീരുമാനിച്ചു…..
കാലം കടന്നുപോയി. ജീവിതത്തിലെ ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ തമ്പാനൂരിലെ സീ പി സത്രത്തിലേയ്ക്ക് ബാഗും തൂക്കി നടക്കുകയായിരുന്നു ഞാൻ.
അപ്പോൾ വെറുതെ ഓർത്തു: ഇങ്ങനെ എന്നേപ്പോലെ നഷ്ടങ്ങൾ സഹിച്ച് തലകുനിച്ച് ബാഗും തൂക്കി നടക്കുന്ന ആരോ ഒരാളുണ്ടായിരുന്നല്ലോ! ആരായിരുന്നു അത്? തൊട്ടു മുന്നിലെ ടെലിഫോൺ പോസ്റ്റിന്റെ സ്റ്റേ വയറിനടിയിലൂടെ നടക്കാൻ വെറുതെ ഒരാഗ്രഹം !. അങ്ങനെ വളഞ്ഞുതിരിഞ്ഞ് അതിന്റെ ചുവട്ടിലൂടെ നടന്നപ്പോൾ അതാ ബാഗും തൂക്കി ഒരാൾ നടന്നു വരുന്നു ! പഴയ നാരായണൻ കുട്ടി.!!
സ്ഥലവും കാലവും മാറുന്നു. എൺപതുകളുടെ അവസാനം .കേരളത്തിൽ ടെലിവിഷൻ പടർന്നു പിടിക്കുന്ന കാലം. സിഗ്നൽ കിട്ടാതെ ഇരുപതടി നീളമുള്ള ജി.ഐ പൈപ്പിലെ ആന്റിനയും പൊക്കിപ്പിടിച്ച് ഞാൻ പറമ്പു മുഴുവൻ കിറുക്കനെപ്പോലെ നടക്കുകയാണ്. എങ്ങനെ , ഇപ്പോൾ കിട്ടുന്നുണ്ടോ, ഞാൻ അകത്തേയ്ക്ക് വിളിച്ചു ചോദിച്ചു. മക്കൾ രണ്ടു പേരും ഫുട്-ബോൾ കളിക്കുന്ന തിരക്കിലാണ്. നിറയെ ഗ്രെയിൻസ് ആണ് , നിങ്ങൾ പറയുന്ന ലോകകപ്പൊന്നും ഇതിൽ കാണുന്നില്ല. അവളുടെ മറുപടി. നാരകത്തിന്റെ ചുവട്ടിലെത്തിയപ്പോൾ ഞാൻ ചോദിച്ചു , ഇപ്പളോ?
ഇപ്പം മീനിന്റെ ചെതുമ്പൽ പോലെ എന്തോ ഒരു സാധനം മിന്നുന്നതു കാണാം .
എടീ, അതാണ് ഫുട്-ബോൾ ! ഇപ്പോൾ ജർമ്മനി ബ്രസീൽ കളി നടന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ സിഗ്നൽ ക്ലിയറാണ്. ക്രിസ്റ്റൽ ക്ലിയർ !!
എന്നാപ്പിന്നെ ആന്റിന അവിടെത്തന്നെ ഉറപ്പിച്ചോ , അവൾ സിഗ്നൽ തന്നു. കുഴിയെടുത്ത് പൈപ്പ് ഉറപ്പിച്ചിട്ടു വേണം ഈ വേൾഡ് കപ്പൊന്ന് കാണാൻ…
കട്ടപ്പാരകൊണ്ട് ഒന്നരയടി ആഴത്തിൽ കുഴിയെടുത്തു. അപ്പോഴുണ്ട് ആ കുഴിയിൽ കിടന്ന് തിളങ്ങുന്നു അഞ്ചു വർഷം മുമ്പ് നഷ്ടപ്പെട്ട അവളുടെ സ്വർണ്ണ ലോക്കറ്റ് !!