ഏകാകികൾ പ്രണയിക്കുന്നത്
കണ്ടിട്ടുണ്ടോ?
നനവാർന്ന
കൺപീലികൾക്കിടയിലാണ്
അവർ ആരുമറിയാതെ
പ്രണയത്തിന്റെ പക്ഷികളെ
ഒളിപ്പിച്ചു വെയ്ക്കുന്നത്.
അരുതുകളുടെ
മുൾവേലികളിൽ
കൊരുത്താണ്
അവരുടെ
വെൺചിറകുകൾ
മുറിയുന്നത്.
ആർക്കൊക്കെയോ
വേണ്ടിയാണ്
ഏതെല്ലാമോ പടവുകളിൽ
അവരുടെ ചുവടുകൾ
ഇടറുന്നത്.
മാറിലോ
മടിയിലോ
ചേർത്തു പിടിയ്ക്കാൻ
പറ്റാത്ത
മനസ്സാൽ
പിന്തുടരുന്ന
പിൻവിളികളിലേക്കാണ്
അവർ സ്വയമറിയാതെ
തിരിഞ്ഞു നടക്കുന്നത്.
സ്മൃതികളിലെ
നീലശലഭങ്ങളെ
തീനാമ്പുകൾക്കു
ചുറ്റും
പൊള്ളിപ്പിടയാൻ
പറത്തി വിടുന്നത്.
അവർ എല്ലാമറിഞ്ഞിട്ടും
ഒന്നുമറിയാതെയും
എല്ലാം കണ്ടിട്ടും
ഒന്നും കാണാതെയും
ഒരു പാതിരാക്കാറ്റിനെ
നെഞ്ചിലും
മറ്റൊരു പാതിരാവിനെ
കണ്ണിലും നിറച്ചു
ഉറക്കം നടിക്കുന്നവരാണ്.
ആർക്കും നനയ്ക്കാൻ
പറ്റാത്ത വിധം
വെന്തു പോയ
ജീവിതപ്പാതിയിൽ
പ്രണയത്താൽ
പൊള്ളിപ്പോകുന്നവർ .