എഴുതാറുണ്ട് ഞങ്ങളും

ഞങ്ങളും എഴുതുന്നു
പേനയിൽ ചെന്തീക്കനൽ,
ചെമ്പനീർപ്പൂക്കൾ, ശ്യാമ-
മേഘങ്ങൾ, മഴ, കടൽ
കൊടുങ്കാറ്റുകൾ, കാല-
ഗമനക്കണക്കിൻ്റെ
പതിഞ്ഞ നേർക്കാഴ്ച്ചകൾ,
പാതിരാക്കാലൊച്ചകൾ.

ആർത്തി പൂണ്ടെന്നും
കൈയിലെടുത്ത് ലാളിക്കുന്ന
പ്രാക്തനസ്മൃതി ജന്മ-
ഭൂവിൻ്റെ സങ്കീർത്തനം
യാത്രകൾക്കങ്ങേയറ്റം
തീർപ്പതിൽ മറന്നിടും
പേക്കിനാവുകൾ പോലെ
ഋണങ്ങൾ, സമസ്യകൾ.

അവധിക്കാലങ്ങളിൽ
ആമ്പൽപ്പൂക്കുളത്തിൻ്റെ
പടവിൽ പിടിവിട്ട്
വിരിയും സ്വപ്നങ്ങളിൽ,
എഴുതാറുണ്ടോർമ്മകൾ
ഞാറ്റുവേലകൾ പോലെ
കരഞ്ഞും പിച്ചും പേയും
പറഞ്ഞേ പോകാറുണ്ട്.

മിഴിയിൽ സമുദ്രങ്ങൾ
നിധിയും തേടിപ്പോകെ
പരൽമീനുകൾ തെന്നി-
മറഞ്ഞ് പോകാറുണ്ട്.
കാത്തിരിപ്പൊടുങ്ങാത്ത
കാർമുകിൽത്തുമ്പത്തെങ്ങോ
നോക്കി നിൽക്കവെ
മിന്നലെരിഞ്ഞ് വീഴാറുണ്ട്.

എഴുതാറുണ്ടേ ഞങ്ങൾ
ആരുമേയറിയാതെ
എഴുതാനിടം തേടി
അലയാറുമുണ്ടെന്നും.
എഴുതാറുണ്ടേ ഞങ്ങൾ.
പ്രവാസ, ഗൃഹാതുര
സ്മൃതിയിൽ തട്ടിത്തട-
ഞ്ഞെഴുതി പഠിക്കുന്നോർ..

ഇടയ്ക്ക് വേനൽമഴ
വന്നു പോകുമ്പോൾ
ഇലവിരിഞ്ഞ് പൂക്കൾ
പോലെ ചിരിക്കാൻ
തോന്നിപ്പോകും.
ആശയും നിരാശയും
മെടഞ്ഞ തീവണ്ടിയിൽ
യാത്രപോകുവോർ ഞങ്ങൾ
എഴുതാൻ ശ്രമിക്കുന്നോർ!

എഴുതിതീരാത്തൊരു
പുസ്തകം, വിരൽത്തുമ്പിൽ
കലമ്പൽ കൂട്ടും വാക്കിൻ
കൗതുകം കാണാറുണ്ട്..

സമയം ലോകത്തിൻ്റെ
പെൻഡുലങ്ങളിൽ നിന്ന്
പൊഴിഞ്ഞ് പോകുന്നതും
കണ്ട് കണ്ടിരിക്കവെ;
യാത്രികർ! ഞങ്ങൾ
രണ്ട് കരകൾ കടക്കുന്ന
രാപ്പകൽത്തോണിക്കുള്ളിൽ
കുടുങ്ങിക്കിടക്കുന്നോർ.
എഴുതാനമാവാസിരാവിനെ
മന്ത്രം ചൊല്ലി പകലായ്
കുരുക്കിട്ടങ്ങുറങ്ങാതിരിപ്പവർ.

ഞങ്ങളും എഴുതുന്നു-
ധ്യാനലീനരായ് ഇന്ന്
ഞങ്ങൾക്ക് വേണ്ടി തന്നെ
എഴുത്ത് തുടരുന്നു.
പ്രാണനെ ചുംബിക്കുന്നു
അക്ഷരം ലോകത്തിൻ്റെ
പാതിയിൽ മറഞ്ഞു
കൊണ്ടെഴുത്ത് തുടരുന്നു.

സൂര്യകാന്തിപ്പാടങ്ങൾ
വിരിഞ്ഞു വരുന്ന പോൽ
ഭൂമി പോലേതോ കാന്ത-
വലയം തൊടുന്ന പോൽ….

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.