ഇടുപ്പിൽ തിരുകി പണിയുന്ന കോന്തല
ഒരു നിലവറയാകുന്നു.
കോന്തലയ്ക്കുള്ളിൽ എന്തുണ്ടാവും?
കോന്തലയ്ക്കുള്ളിൽ ഇരുട്ടും വെളിച്ചവും
തുറക്കാത്ത ജനാലയും മാറാലയും
പഴങ്കഥയുമൊന്നും സങ്കൽപ്പിച്ചേക്കരുത്.
മോന്തായം വളഞ്ഞപ്പോൾ
അറുപത്തിനാലും വളഞ്ഞ
മുത്തശ്ശിക്കഥയിലെ കോന്തല
കസ്റ്റംസുകാരറിയാത്ത ഖജനാവായിരുന്നു.
കരിമ്പനടിച്ച മുഷിച്ചിലാകും
കോന്തലയുടെ നിറം .
ഇടയ്ക്കിടെ മഞ്ഞളും കരിയും
മത്സരിച്ചു വരഞ്ഞ
കരിമ്പനടിച്ച പോർച്ചിത്രങ്ങൾ.
കൈ തുവർത്തുന്ന കോന്തലയ്ക്ക്
അന്ന് വെച്ച കറിയുടെ മണമായിരിക്കും.
ലവലേശം നനഞ്ഞത് മുത്തശ്ശിയുടെ
കഴുത്തിലെ ഇറച്ചിത്തോല് പോലെ തൂങ്ങും.
കോന്തല
മുത്തശ്ശിമാർക്ക് മുണ്ടിന്റെ
അരഭാഗത്തെ മൂലയ്ക്ക്
ഏച്ചു കെട്ടിപ്പണിത നിലവറയാണ്.
സമൃദ്ധമെങ്കിലത് എളിയിൽ
മുഴച്ചു നിൽക്കും
ശൂന്യമെങ്കിൽ തുറന്നു കിടക്കും.
മുഴച്ചു നിൽക്കുന്ന നിലവറക്കുള്ളിൽ
പത്തായപ്പൂട്ട് കിലുങ്ങും
ചില്ലറത്തുട്ടുകൾ ചിരിക്കും
മുഷിഞ്ഞ നോട്ടുകെട്ടുകൾ കറിമണക്കും.
ശൂന്യമെങ്കിൽ കോന്തലയിൽ തിരുകിയ
കണ്ണീരിന്റെ തുട്ട് ഉടഞ്ഞു വീഴും
മൂക്ക് ചീറ്റിക്കളഞ്ഞ വിതുമ്പൽ പൊട്ടും
അളിഞ്ഞ സ്വപ്നം വഴിഞ്ഞൊഴുകും
പരമമായ രഹസ്യങ്ങൾ
ഏത് കോന്തലയ്ക്കുള്ളിലും അതീതമാണ്.
വലിയ കോന്തലയുടെ അറ്റം
ബ്ലൗസിൽ തിരുകി മാറുമറച്ചവർ
തലയിൽ വിറകേന്തി അന്തിക്ക്
പണികഴിഞ്ഞു കേറുന്നു.
വിളകൊയ്ത വയലിൽ കുനിഞ്ഞു
പായയിൽ മുളക് പാടങ്ങൾ ചിക്കുന്നു
അടക്ക വെറ്റില ചുരുട്ടി വെച്ച
കോന്തല തുറന്ന് മുറുക്കാൻ ചവയ്ക്കുന്നു.
കോന്തലയ്ക്ക് മുറുക്കാൻ മണം
മുറുക്കിച്ചോപ്പിച്ച ചുണ്ടിന്റെ പങ്ക് പറ്റ്.
കോന്തലയൊരു നിലവറയാണല്ലോ.
നിലവറയിലാണല്ലോ എല്ലാവരുടെയും കണ്ണ്.
നിങ്ങൾ പൊടുന്നനെ മരിച്ചു വീഴുന്ന
മുത്തശ്ശിമാരുടെ കോന്തല കണ്ടിട്ടുണ്ടോ.
അരയിൽ ഏച്ചുകെട്ടിപ്പണിത
നിലവറ പൊളിഞ്ഞു കിടപ്പുണ്ടായിരിക്കും.
ഒരു പത്തായമപ്പോൾ മോഷണം
പോയിട്ടുണ്ടാകും.
മുഷിഞ്ഞ നോട്ടും ചില്ലറത്തുട്ടും
കോന്തലയെ ഉപേക്ഷിച്ചിട്ടുണ്ടാകും.
എന്നാൽ കോന്തലയെ
പറ്റിപ്പിടിച്ചു കിടപ്പുണ്ടാവും
ആർക്കും വേണ്ടാത്ത അവരുടെ
കണ്ണീരിന്റെ ഒരുപിടി വെള്ളിത്തുട്ട്.