എന്റെ മരണം

ഇരുതലമൂർച്ചയുള്ള ഒരു കത്തി
ഉള്ളിലുണ്ടെന്നോർക്കാതെയാണ്
പലപ്പോഴും എന്റെ ചലനം

അബദ്ധത്തിലെങ്ങാനും
വശങ്ങളിലേക്ക് നീങ്ങിയാൽ
അത് തുളഞ്ഞുകയറി
ചോര വാർന്നൊഴുകും

തുറന്നു കിട്ടുന്ന ജാലകവാതിലിലൂടെ
പുറത്തേക്കു നോക്കാനായി
കൊതിച്ചു ചെല്ലുമ്പോഴാകും
അതിന്റെ കൂർത്ത അഗ്രം
തുളച്ചു പുറത്തിറങ്ങുന്നത്

വലിച്ചൂരിയെടുക്കാനും
അവിടെത്തന്നെ വച്ചുകൊണ്ട്
ഒരടിപോലും മുന്നോട്ട് നീങ്ങാനും
പിന്നെ കഴിയില്ല

അതുള്ളിലുള്ളിടത്തോളം
സ്വതന്ത്രമായി ചലിക്കാനാവില്ലെന്ന സത്യം
മറന്നു പോകുന്ന ഞാൻ
ചോരവാർന്ന് തന്നെ മരിക്കും
സംശയമില്ല!

നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു