
എന്നെ വാർന്നു പറന്ന പ്രണയമേ
എന്നുയിരിലുരഞ്ഞോരു മിന്നലേ
ചുട്ടുപൊള്ളുമെൻ മൗനവും വേനലും
തട്ടിത്തൂവി പറന്നെങ്ങു പോയി നീ?
നാം പുണർന്നതാം ശ്വാസസ്ഥലികളിൽ
കാലം നമ്മിലുറഞ്ഞൊരാ സന്ധ്യകൾ
കത്തിനിൽക്കും വിരൽത്തുമ്പാല
ന്യോന്യം
തൊട്ടടർത്തി നാം ചങ്കിടിപ്പിൻ താളം.
ഇന്ദ്രചാപത്തിൽ ചന്ദനം ചാർത്തിയെൻ
ചുണ്ടിലാഴ്ത്തി ചിതറിച്ചു നീ സഖേ
നൂറു വിൺപ്രഭ ചാലിച്ചെൻ കൺകളിൽ
നൂറുമേനി വിളയിച്ചു, വിസ്മയം.
കണ്ണിമയ്ക്കവേ,യൂർന്നെങ്ങു പോയി നീ ?
കുറ്റിരുട്ടായി കൂട്ടിൽ ഞാനേകയായി.
കൂട്ടുകാരാ തേടുന്നു നിന്നെ ഞാൻ
മണ്ണിൽ, നോവിന്റെ സാന്ദ്രശ്യംഗങ്ങളിൽ.
എൻ നെറ്റിമേൽ നീ തൊടുവിച്ച കുങ്കുമം
അസ്തമയത്തിലലിയുന്നെൻ തേങ്ങലായ്.
എണ്ണമറ്റ കുരുക്ഷേത്ര സന്ധ്യകൾ,
വാളുരഞ്ഞു ചിതറുമഗ്നിത്തല,
അമ്പു തോൽക്കുന്ന വാക്കിന്റെ മൂർച്ചകൾ,
താണ്ടി കാലമമർത്തിച്ചവിട്ടി ഞാൻ.
സൂര്യനെ കോരി മാർഗ്ഗം തെളിച്ചതും
കടലിനെ മെത്തയാക്കി ശയിച്ചതും
കൊടുങ്കാറ്റിൻ തേരേറി കാലത്തെ വെന്നതും
വെള്ളിടി കൊണ്ടു വിൺപൂട്ടറുത്തതും
തോറ്റുപോകാതടർക്കളങ്ങൾ തോറും
ഏറ്റമൂക്കോടടങ്ങാതെ പാഞ്ഞതും
പ്രപഞ്ചമാകെത്തുടിക്കും നിൻമാർത്തടം
തേടിയാ,ണെന്റെ ജീവാഗ്നിയാണു നീ.
എന്റെ സാക്ഷ്യങ്ങൾ, സ്നേഹോർജ്ജ ധാരകൾ
സംഭ്രമങ്ങളുറയൂരുമാഷാഢങ്ങൾ
എന്നിലെ ഞാനൊളിക്കുമിടങ്ങളും
എന്നപരിചിതങ്ങളും കാണാതെ
ഏതു വാക്കിന്റെ തുമ്പിലൂടന്നു നീ
അസ്ത്രമായി പറന്നന്തിവാനത്തിൽ ?
നെഞ്ചു പൊള്ളു,ന്നണയുക പ്രണയമേ
ആഴമാണു ഞാനഴകോടെ നീന്തുക.
അഴിമുഖങ്ങളിൽ നിന്നകലങ്ങളിൽ
ആർത്തു പെയ്യുക,യമരത്വമവിടെയാം.
