ഉന്മാദം ഉറഞ്ഞുമുറ്റിയ ഉൾക്കുളിരിൽ നിന്ന്
മിന്നൽ കടഞ്ഞെടുത്ത അക്ഷരങ്ങളിൽ എരിയുന്ന സൂര്യദാഹമാണ് ഞാൻ,
നിലാവിലെന്നെ തിരയരുത്.
അടർന്നു വീഴാൻ വെമ്പുന്ന
കരിമേഘസംഭ്രമങ്ങളെ കൺകോണുകളിലൊതുക്കി
കടലാഴങ്ങളെ മഥനംചെയ്ത നൃത്തവേഗം കഴലിണകളിൽ തൊടുത്തവൻ.
ബഡവാഗ്നിയിൽ ജ്വലിക്കാനായുന്നവന്, തിരത്തുമ്പുകൾ തീരത്തെഴുതുന്ന അന്തമില്ലാത്ത വിലാപങ്ങളിൽ
തറയാനാവില്ല.
രാവിന്റെ കരസ്പർശമേറ്റ് പകൽ ചോന്നുലയുന്നിടങ്ങളിൽ,
പൂമൊട്ട് സ്വപനം കണ്ട് ഉത്സവങ്ങളായി ഉണരും ഉഷ:സന്ധ്യകളിൽ
എഴുന്നു നിൽക്കുന്ന മൗനങ്ങളിൽ
ഉടയാനാവില്ല.
ചോദ്യോത്തരങ്ങളില്ല.
ആലംബമില്ലാത്ത തെരുവീഥികളുടെ
പ്രക്ഷുബ്ധയൗവ്വനങ്ങളെ പേറുന്ന
തീക്കാറ്റിൻ തുമ്പത്ത്
അസ്തിത്വം തെളിയിക്കനുള്ള
അക്ഷരവും ചൂണ്ടി നിൽപ്പാണ് ഞാൻ.