ഉറക്കം

അത് വല്ലാത്തൊരു ഉറക്കമായിരുന്നു
പുലർച്ചെയാണ് ഉറങ്ങാൻ കിടന്നത്
ഉണർന്നു കഴിഞ്ഞാൽ
പലതും ചെയ്യാനുണ്ട്
കണക്കുകൂട്ടി കിടന്നു

ഞാനുണർന്നില്ല.
നീണ്ട ഉറക്കം
ചായ തിളപ്പിച്ചു കഴിഞ്ഞ്
എന്നെ വിളിച്ചുണർത്താൻ വന്ന ഭാര്യ
എൻ്റെ അനക്കമില്ലായ്മ കണ്ട്
അലറിവിളിച്ചോടി
മകൾ വന്നു
ഒരു കരച്ചിൽ അതിരുഭേദിച്ചോടി

അയൽപക്കം പതുങ്ങിയെത്തി
അപ്പുറമിപ്പുറത്തു നിന്നും
പതിയെ പതിയെ പലരും എത്തി
മുറ്റത്താളുകൾ നിരന്നതുകണ്ട്
വഴിപോക്കരുമെത്തി

ഒരു കാറ്റ്
വാർത്ത പറത്തി കൊണ്ടുപോയി
അതുവരെ വരാത്തവർ
ദൂരെനിന്നെത്തി
ഒരു വരി
വഴിയിലൂടെ
വീട്ടിലേയ്ക്കു നീണ്ടു
കൂട്ടക്കരച്ചിൽ
എന്നെകുറിച്ചുള്ള
സ്തുതിവചനങ്ങൾ
പുഷ്പചക്രങ്ങൾ
അനുശോചനങ്ങൾ
പത്രവാർത്തകൾ
ഫ്ളക്സ് ബോർഡുകൾ
ആദരാഞ്ജലികൾ

കാലനോടൊപ്പം
പാതിവഴിയിലെത്തിയപ്പോൾ
ഞാനിങ്ങനെ പറഞ്ഞു
എനിക്ക് പലതും ചെയ്യാനുണ്ടായിരുന്നു
താങ്കളതു മുടക്കി.
നിൻ്റെ സമയമടുത്തിരുന്നതുകൊണ്ടല്ലേ
ഞാനെത്തിയത്.
വാക്സാമർത്ഥ്യത്തിൽ
മിടുക്കനായിരുന്ന
എന്റെ വാക്കുകളിൽ
കാലൻ മയങ്ങിപ്പോയി
സോറി, ഞാനത്ര കരുതിയില്ല
ചിത്രഗുപ്തനോടു  പറഞ്ഞോളാം
കാര്യങ്ങൾ തീർത്തിട്ടു വന്നാൽമതി

ഞാനുണർന്നതും
വീട് ശോകമുകമായി
പുതിയ പല പദ്ധതികളും
തയ്യാറാക്കിവച്ചവർ പ്രാകി

ഛേ
അവനുണർന്ന്
ഞങ്ങളുടെ മാനം കളഞ്ഞല്ലോ !
എത്ര നഷ്ടങ്ങൾ !
പുഷ്പചക്രം
ഫ്ളക്സ്
സമയം
കണ്ണുനീർ
ഒരു സ്മാരകം
വൃഥാവിലായല്ലോ!
പിന്നെ പിന്നെ
പലതും…!

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.