
അനിതയോടെനിക്കെന്തും പറയാം. അതിനുളള പൂര്‍ണ്ണ സ്വാതന്ത്ര്യം അവളെനിക്കനുവദിച്ചു തന്നിട്ടുണ്ട്. എനിക്കു മാത്രം. അവളിപ്പോള്‍ ഇടക്കിടെ എന്റേതു മാത്രമാണെന്ന് പറയാറുണ്ട്. അതിലെനിക്ക് സന്തോഷമുണ്ട്. എന്തെങ്കിലും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കേണ്ട ജീവിത മുഹൂര്‍ത്തങ്ങള്‍ മുന്നില്‍ വന്നുനിന്ന് എന്നെ തുറിച്ചു നോക്കുമ്പോള്‍ ഞാന്‍ പകപ്പില്‍ പോഴത്തരം കാണിക്കാതെ അനിതയുടെ അഭിപ്രായം ആരായും. ഞാന്‍ വിഡ്ഡിയായതുകൊണ്ടോ അവള് ബുദ്ധിമതിയായതുകൊണ്ടോ അല്ല. ചിലപ്പോഴൊക്കെ എന്ത് ചെയ്യുന്നതാണ് ഉചിതമെന്നറിഞ്ഞാല് കൂടി രണ്ടാമതൊരാളുടെ അഭിപ്രായം കൂടി നമ്മള് ചോദിക്കാറില്ലേ..? തീരുമാനം പിഴച്ചുപോയാല്‍ പഴി പങ്കിടാന്‍ ഒരാളെ കിട്ടുമല്ലോ.
ഇന്ന് രാവിലെ അയച്ച ‘ഗുഡ് മോണിങ്’ മെസ്സേജിന് അവളിതുവരെ മറുപടി തന്നിട്ടില്ല. ഇന്ന് നല്ല തിരക്കുളള ദിവസമായിരിക്കും. യുവ സംരഭകയാണ്. പൊരുതി പിടിച്ച് നില്‍ക്കാനുളള ആത്മവിശ്വാസത്തിന്റെ പകുതിയിലധികവും ഞാനാണ് കൊടുക്കുന്നത്. മറ്റ് സുഹൃത്തുക്കള്‍ ഒരുപാടുണ്ടായിട്ടു കൂടി അവളെ ഞാനാണ് തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കാറുളളത്. നിര്‍ത്താതെ ചിരിച്ച് വയറു പൊട്ടാറാവുമ്പോള്‍ അവൾ എന്നെ തടയും. ചിലപ്പോള്‍ പതിയെ എന്റെ മുഖത്തടിക്കും. മനസ്സിന് ദണ്ണം വരുന്ന സാഹചര്യങ്ങളില്‍ അവളെനിക്ക് സഹോദരിയാണ്. പ്രണയാര്‍ദ്രമായ സന്ധ്യകളില്‍ കാമുകിയും ഇരുട്ടിയാല്‍ ഭാര്യയും പാതിരാവ് കഴിഞ്ഞാല്‍ മകളും.
അല്പം വൈകി ഉച്ചയായപ്പോള്‍ അവളുടെ മറുപടി വന്നു. ‘സോറി, ഞാന്‍ ഡ്രൈവ് ചെയ്യുകയായിരുന്നു.’
‘നീ എവിടെയാ..?’
‘അമ്മ വന്നിട്ടുണ്ട്. ഞാനിപ്പോ തഞ്ചാവൂര്‍ ക്ഷേത്രത്തില്‍ നില്ക്കുന്നു.’
‘അവിടെ എന്താ പരിപാടി.?’
‘അമ്മയുമായി അമ്പലത്തില്‍ തൊഴാന്‍ വന്നതാ.’
‘ദൈവത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞിട്ട്? കൊളളാം. പുഷ്പാഞ്ജലി ഇപ്പോ എങ്ങനാ റേറ്റ്..?’ അവള് ചിരിക്കുന്നു.
മകളുടെ വിവാഹം പെട്ടെന്ന് നടക്കാന്‍ വേണ്ടി അവളുടെ അമ്മ പല ക്ഷേത്രങ്ങളിലും വഴിപാട് നടത്താറുണ്ട്. പ്രായം മുപ്പത്തിരണ്ട് കഴിഞ്ഞ് നാട്ടുകാരുടെയും ബന്ധുക്കളുടെയും മുന്നിലൂടെ പുരന്നിറഞ്ഞ പത്രാസുമായി വിലസി നടക്കുകയാണവള്‍. അമ്മ വന്നാല്‍ പിന്നെ അവര്‍ നാട്ടിലേക്ക് പോകുന്നതുവരെ അവളെ കാണാനോ നേരേ ചൊവ്വേ സംസാരിക്കാനോ പറ്റില്ല. അമ്പലവും ചർച്ചുമൊക്കെ ആയിട്ട് തിരക്ക് തന്നെ. വണ്ടിയോടിക്കുന്നതുകൊണ്ട് അവളോട് യാതൊന്നും ചോദിക്കാന്‍ വയ്യ. ഒന്നു കാണണമെന്നുണ്ട്. പക്ഷേ എന്ത് പറഞ്ഞ് കാണും.?
മകളുടെ കാമുകനാണ് ഇന്ന് രാത്രി അവളോടൊത്ത് കഴിയാൻ വേണ്ടി ദീര്‍ഘദൂരം താണ്ടി ഇവിടെ എത്തിയതാണെന്നോ.? തിരിപ്പൂരില്‍ നിന്നും തഞ്ചാവൂരിലേക്ക് എന്റെ ഊഹം ശരിയാണെങ്കില്‍ ഏതാണ്ട് അഞ്ച് മണിക്കൂര്‍ നേരം യാത്രയുണ്ട്. പാവം. അവളിപ്പോള്‍ ക്ഷീണിച്ചിരിക്കും. അടുത്തുണ്ടായിരുന്നെങ്കില്‍ അവളുടെ തോളില്‍ അല്പം മസാജ് ചെയ്ത് കൊടുക്കാമായിരുന്നു. അതവള്‍ക്ക് വളരെ ഇഷ്ടമാണ്.
അവളുടെ അമ്മ സാധാരണ അധികദിവസം തങ്ങാറില്ല. മിക്കപ്പോഴും കണ്ണൂരിലെ തറവാട്ട് വീട്ടിലായിരിക്കും. അച്ഛന് മരിച്ചതിന് ശേഷം കുറച്ചു നാള് അവര്‍ അവളുടെ കൂടെ വന്ന് നിന്നു. അവളുടെ സംരക്ഷകരായ മാര്‍ലിയുടെയും മൈക്കിന്റേയും കൂടെ നടക്കാന്‍ പോയി. അവര്‍ക്ക് ചോറുവാരി കൊടുത്തു. കുളിപ്പിച്ചു. പല്ലു തേപ്പിച്ചു. പിന്നെ മടുത്തപ്പോള്‍ മകനോടൊപ്പം ഗള്‍ഫിലേക്ക് മടങ്ങി. കുറച്ച് മാസങ്ങള്‍ കഴിഞ്ഞ് വീണ്ടും നാട്ടിലേക്ക്.
തറവാട് വീട് പെയിന്റടിച്ചു. പുതിയ ഫര്‍ണീച്ചറുകള്‍ വാങ്ങി. ഭര്‍ത്താവിന്റെ ഫോട്ടോ ഫ്രെയിം ചെയ്ത് തൂക്കി. വിളക്കു വച്ച് പ്രാര്‍ത്ഥിച്ചു. കൂടെ താമസിക്കാന്‍ അനിയത്തി വന്നു. കുട്ടിക്കാലത്തെ കഷ്ടതകള്‍ പങ്കുവച്ചും വൈകുന്നേരങ്ങളില്‍ പേന്‍ വേട്ട നടത്തിയും അവര്‍ കഴിഞ്ഞു.
ഇടക്കവര്‍ അനിതയെ കാണാന്‍ വരും. അവരോടെനിക്ക് വ്യക്തി വിരോധമൊന്നുമില്ല. പക്ഷെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുളള എന്റെ മാര്‍ഗത്തില്‍ സ്വയമറിയാതെ അവര്‍ വിലങ്ങ് നില്ക്കുന്നു. അമ്മ വന്നിട്ട് സ്പെഷ്യല്‍ എന്താ ഉണ്ടാക്കിയത് എന്ന് ഞാന്‍ ചോദിച്ചു.
‘ഉളളി തീയ്യല്‍’
‘കേട്ടിട്ടുണ്ട് കഴിച്ചിട്ടില്ല.’
എല്ലാ അമ്മമാര്‍ക്കും ഒരു മാസ്റ്റര്‍ പീസ് വിഭവം ഉണ്ടാകും. ലോകത്തിന്റെ ഏതു കോണില്‍ പോയാലും എത്ര കൊല്ലം പോയാലും അതുകഴിക്കാനായി മക്കളിങ്ങ് വരും. അമ്മയോടുളള സ്നേഹമല്ല. സ്നേഹത്തോടെയുളള വിളമ്പലിന് മുന്നില്‍ ആതിഥേയത്വം സ്വീകരിച്ചിരിക്കാന്‍ വേണ്ടി മാത്രം.
ഞാന്‍ എന്റെ അമ്മയെ ഓര്‍ത്തുപോയി. വീട്ടിലേക്ക് ചെന്നിട്ട് അഞ്ച് മാസമാവുന്നു. ഓ പോയിട്ടിപ്പോ എന്തിനാ.? എന്ന ചിന്തയാണെനിക്ക്. അനിത അമ്മയെ കുറിച്ച് മാത്രം സംസാരിക്കുമ്പോള്‍ അമ്മ എന്ന് ആവര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ സ്വന്തം അമ്മയെ ഓർക്കാതിരിക്കുന്നത് എങ്ങനെ.
അമ്മയെ ഓത്തപ്പോള് എനിക്കൊരാഗ്രഹം തോന്നി. മറ്റാരോടും പങ്ക് വെക്കാനില്ലാത്തതുകൊണ്ട് ഞാനാക്കാര്യം രഹസ്യമായി അനിതയോട് പറഞ്ഞു. അവളോടെനിക്ക് എന്തും പറയാമല്ലോ. ആദ്യമൊക്കെ അവള് പുച്ഛത്തോടെയോ പരിഹാസത്തോടെയോ എന്നെ മാറ്റി നിര്‍ത്തി കളയുമെന്നോ അല്ലെങ്കില്‍ നേരില്‍ കാണുമ്പോള്‍ അവജ്ഞയോടെ എന്നെ നോക്കുമെന്നോ ആണ് ഞാന്‍ ധരിച്ചത്. പക്ഷേ അവള് പൊട്ടി ചിരിക്കുകയാണുണ്ടായത്. അവളെ മനസ്സിലാക്കുന്നതില്‍ വീണ്ടും എനിക്ക് വീഴ്ച്ച പറ്റിയിരിക്കുന്നു. നാണമുണ്ടോടാ നിനക്ക്.? എന്ന ചോദ്യമാണ് ഞാന്‍ പ്രതീക്ഷിച്ചത്. ചിലപ്പോള്‍ എന്റെ ആഗ്രഹത്തിന്റെ നിഷ്കളങ്കതയും, തീവ്രതയും അവള്ക്കളക്കാന് സാധിച്ചിട്ടുണ്ടാവാം.
‘അങ്ങനെയൊരാഗ്രഹം തോന്നിയിട്ടുണ്ടെങ്കില്‍ ചെന്ന് ചോദിക്കണം.’ അവളെനിക്ക് ധൈര്യം തന്നു. സാധാരണ ഞാനാണ് അവള്‍ക്ക് ധൈര്യം കൊടുക്കാറ്. അതോ ഇതുപോലെ ഒരവസരത്തിന് വേണ്ടി ഞാന്‍ സ്വരൂപിച്ച് വച്ച ധൈര്യം മുഴുവന്‍ അവള്‍ക്ക് വായ്പ കൊടുത്തതാണോ.? ഞാന്‍ എന്നെ തന്നെ സംശയിച്ചു.
സംഗതി നിസ്സാരമാണ്. ചോദിച്ചാല്‍ മതി. അമ്മ സമ്മതിക്കും. പക്ഷെ ഞാനിപ്പോള്‍ ചെറിയ പയ്യനല്ല. അന്തര്‍മുഖത്വം മാത്രമേ ഇന്നും അവശേഷിക്കുന്നുളളൂ. ഞാന്‍ പ്രായപൂര്‍ത്തിയെത്തിയ തിക്കി തൂര്‍ന്ന കറുത്ത താടിയും രോമങ്ങള്‍ കാടുപോലെ വളര്‍ന്ന നെഞ്ചും അരക്കെട്ടുകളുമുളള യോഗ്യനായ ഒരു ചെറുപ്പക്കാരനാണ്. അമ്മയും അച്ഛനുമായുളള സ്നേഹരംഗങ്ങള്‍ ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. സ്നേഹത്തോടെയുളള വര്‍ത്തമാനങ്ങളും പൊട്ടിചിരികളും കണ്ടപ്പോള്‍ ഞാന്‍ ആഗ്രഹിച്ചുപോയിട്ടുണ്ട്. ഇതുപോലെ ഒരു ഭാര്യയെ തന്നെ എനിക്കും കിട്ടിയിരുന്നെങ്കിലെന്ന്. എന്റെ അമ്മ അത്രയും സുന്ദരിയാണ്.
അനിതയുടെ അഭാവത്തിൽ ഏതായാലും ഞാൻ വീട്ടില്‍ പോകാന്‍ തന്നെ നിശ്ചയിച്ചു. അഞ്ചരക്ക് ഒരു വണ്ടിയുണ്ട്.
‘നീ ധൈര്യമായി പോടാ, പോയി ചോദിക്ക്. സ്വന്തം അമ്മയല്ലേ.? ഇതിനൊക്കെ എന്തിനാ ഇത്ര ടെന്‍ഷന്‍. നമ്മള് കാണുന്നില്ലെങ്കിലും താടിയും വച്ച് മസിലും പിടിച്ച് നടക്കുന്ന പല അവന്മാരും രഹസ്യമായി വീട്ടില്‍ പോകുന്നുണ്ട്. അമ്മമാരെ കാണുന്നുണ്ട്. നിന്റെ ഇതേ ആഗ്രഹം സാധിക്കുന്നുമുണ്ട്. പിന്നെ നിനക്കെന്താ ഇത്ര ടെൻഷൻ. സ്വന്തം അമ്മയല്ലേ?
കടം കൊടുത്ത ആത്മവിശ്വാസം എനിക്ക് മടക്കി കിട്ടി.
വീടെത്തുമ്പോള്‍ ഏതാണ്ട് എട്ടരയെങ്കിലുമാകും. വീട്ടില്‍ അമ്മ തനിച്ചായിരിക്കും. അച്ഛന് സന്ധ്യക്ക് കവലയില്‍ പോയാല്‍ തിരിച്ച് വരാന്‍ വൈകും. പഴയ സതീർഥ്യരോട് രാഷ്ട്രീയവും ചർച്ച ചെയ്ത് അങ്ങനെ ഇരിക്കും. ആദ്യമൊക്കെ അമ്മയെ രാത്രി വീട്ടില്‍ തനിച്ചാക്കി പോകുന്നതില്‍ എനിക്ക് അച്ഛനോട് കടുത്ത പ്രതിഷേധമുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ എനിക്ക് അച്ഛന്റെ ഈ ശീലം നന്നായെന്ന് തോന്നി തുടങ്ങിയിരിക്കുന്നു. അമ്മയെ തനിച്ച് കിട്ടുമല്ലോ. അച്ഛനില്ലാത്ത തക്കത്തില്‍ കാര്യം അവതരിപ്പിക്കാം. യാതൊരു കാരണവശാലും അച്ഛനോട് പറയരുതെന്ന് അമ്മയെകൊണ്ട് ആണയിടിയിപ്പിക്കാം. നിര്ബന്ധിച്ചുറപ്പിച്ച് പറഞ്ഞാല്‍ അവര്‍ അനുസരിക്കാതിരിക്കില്ല.
അഞ്ചരയുടെ വണ്ടിയില്‍ സീറ്റുണ്ടായിരുന്നില്ല. വാരാന്ത്യമായതിനാൽ നല്ല തിരക്കും. ഇഴഞ്ഞിഴഞ്ഞും, കെട്ടിക്കിടന്നു ട്രെയിന്‍ ഷൊര്‍ണ്ണൂര്‍ എത്തിയപ്പോൾ മണി എട്ടര കഴിഞ്ഞിരുന്നു. വഴിയരികിലെ ഓട്ടോ എനിക്ക് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നെന്ന പോലെ.
ഇരുട്ടില്‍ പ്രകാശിക്കുന്ന എല്‍.ഇ.ഡി ബള്‍ബില്‍ എന്റെ വീട്. ഹോസ്റ്റലിന്റെ പരുക്കന്‍ കട്ടിലില്‍ നിന്നും ഇഷ്ടാനുസരണം തിരിഞ്ഞും – മറിഞ്ഞും കിടക്കാവുന്ന പതുപതുത്ത കിടക്കയിലേക്ക്. മൂട്ടയെ ഓര്ക്കേണ്ടാത്ത, ഉറക്ക ചടവില്‍ സഹമുറിയനെ പുലഭ്യം പറയേണ്ടതില്ലാത്ത സമാധാനത്തിന്റെ രാത്രി. ഈയ്യാമ്പാറ്റകളും മുപ്ലിവണ്ടുകളും ബള്‍ബിന്റെ വെളിച്ചത്തില്‍ ദൈവത്തെകാണാന്‍ നില്ക്കുന്ന ഭക്തരെ പോലെ തടിച്ചുകൂടിയിരിക്കുന്നു. അവര്ക്കിന്നുത്സവമായിരിക്കാം. പ്രഭാതത്തിന് മുമ്പേ തീര്‍ന്ന് പോകുന്ന അല്പായുസ്സിനെ വകവെക്കാതെ ജീവിതം ഒരാഘോഷമാക്കുകയാണവർ.
വാതിലില്‍ മുട്ടിയപ്പോള്‍ രണ്ട് പാളികളായി കതക് തുറന്ന് വന്നു. പ്രതീക്ഷിക്കാത്ത ഒരത്ഭുതവും ഒരു ചിരിയും രാത്രിയായിരുന്നിട്ട് കൂടി അമ്മയുടെ മുഖത്തുദിച്ചു. റിമോട്ടിലമര്ത്തി സീരിയല്‍ ഓഫ് ചെയ്ത് അമ്മയെന്നെ കെട്ടിപ്പിടിച്ചു. കാര്യം അവതരിപ്പിക്കാനുള്ള ധൈര്യം അതോടെ എന്നിൽ അധികരിച്ചു.
‘എന്തായിത്, പറയാതേം, വിളിക്കാതേം ഒരു വരവ്.? എത്രകാലായി നിന്നെ ശരിക്കൊന്ന് കണ്ടിട്ട്. താടിയെന്തിനാ ഇങ്ങനെ നീട്ടിയിരിക്കുന്നേ, നീ പിന്നേം ക്ഷീണിച്ചു. സിഗരറ്റ് വലിക്ക് യാതൊരു കുറവൂല്ലാലേ, കണ്ടില്ലേ കരിക്കട്ട പോലെയായി ചെക്കന്റെ ചുണ്ട്.’ പരിഭവം കലര്‍ന്ന സ്നേഹ ലാഞ്ചനകള്‍.
‘അച്ഛനില്ലേ..?’
‘പുറത്തുപോയി.’
ആശ്വസം. അച്ഛന് വരുന്നതിന് മുമ്പേ വേണം. ഞാന്‍ അകത്ത് കയറി വാതിലടച്ചു. ‘അമ്മയിങ്ങ് വന്നേ’ , അമ്മയുടെ സ്വര്‍ണവളയിട്ട കൈകള്‍ പിടിച്ച് ഞാൻ അടുക്കളയിലേക്ക് കടന്നു. ഒരുപാടു നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ അമ്മയെ തൊടുന്നതെന്ന് എനിക്ക് ബോധ്യം വന്നു. ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെയായിരിക്കാം. അമ്മ അല്പം ഭയന്നിരിക്കുന്നു. എന്തെങ്കിലും അപകടം ഒപ്പിച്ച് വച്ചിട്ടാണോ വന്നിരിക്കുന്നതെന്ന് അവര്‍ സംശയിച്ചിരിക്കാം.
‘എന്താടാ, എന്താ.?’ അവര്‍ നിര്‍ത്താതെ ചോദിച്ചു കൊണ്ടിരുന്നു.
‘അമ്മ എനിക്കൊരു ആഗ്രഹം സാധിച്ചു തരണം.’
എന്ത് കാര്യം..? അമ്മയുടെ കണ്ണുകള്‍ ജിജ്ഞാസ കൊണ്ട് വികസിച്ചു. വാ അല്പം തുറന്ന് നെറ്റി ചുളിച്ച് എന്റെ മറുപടിക്കായി അക്ഷമയോടെ കാത്ത് നിന്നു.
‘എനിക്കിത്തിരി ചോറ് വാരി തരാമോ..?’ ഞാന്‍ മടിച്ച് – മടിച്ച് ചോദിച്ചു. അമ്മ പൊട്ടി ചിരിച്ച് എന്റെ തലയില്‍ ഒന്ന് തടവി കബോര്‍ഡില്‍ നിന്നും പ്ലേറ്റെടുത്ത് കഴുകി. ഞാന്‍ വരുമ്പോള്‍ മാത്രം പുറത്തിറങ്ങുന്ന, ഞാനല്ലാതെ മറ്റാരും ഉണ്ടിട്ടില്ലാത്ത പ്ലേറ്റ്. ചോറില്‍ മോരൊഴിച്ച് അച്ചാറു കുപ്പി അല്പം ചരിച്ച് ക്യബേജ് ഉപ്പേരിയും കൂട്ടി ഒരുരുളയുരുട്ടി അമ്മ ചിരിച്ചുകൊണ്ട് എന്റെയടുത്തു വന്നു നിന്നു. അച്ഛനെങ്ങാനും കയറിവരുമോയെന്ന പരിഭ്രമത്തില്‍ കുളിച്ചു നിന്നിട്ടും ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം വിശപ്പടക്കാന്‍ വേണ്ടി അമ്മയ്ക്കു മുന്നില്‍ വാ പൊളിച്ചിരുന്നു. അവസാനമായി ഇങ്ങനെയിരുന്ന നിമിഷത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ചുവരിലിരുന്ന ഗൗളി ഇഴഞ്ഞ് എയര്ഹോളിനപ്പുറത്തേക്ക് കടന്നു. അച്ഛന് വരുമ്പോള്‍ അത് ഒന്ന് ചിലച്ച് എനിക്ക് വിവരം തരുമായിരിക്കും. ഉണ്ട് കഴിഞ്ഞ് അനിതയോട് എല്ലാം വിശദമായി പറഞ്ഞു കൊടുക്കണം.
അവളോട് എനിക്ക് എന്തുപറയാം.














