പൊത്തിലിരുന്ന്
ഒരു വെടിയുണ്ട കണക്കെ
പുഴയുടെ നെഞ്ചിനെ ലാക്കാക്കി
മുങ്ങാങ്കുഴിയിടുന്ന ചൂണ്ടക്കാരൻ
എങ്ങോട്ടാണ് മീനുകൾ
പുഴകടന്ന് പോകുന്നതെന്ന ചിന്തയിൽ
അബ്നോർമലാകുന്നു.
മദ്ധ്യവേനലവധിയിലെ ഉച്ചയുറക്കത്തിൽ
ജനാലയ്ക്കപ്പുറമിരിക്കുന്ന ചൂണ്ടക്കാരൻ
എന്‍റെ കണ്ണിലേക്കാണ് നോക്കുന്നത്.
പിടയുന്ന തരിമീനുകൾ,
ചെറു നാഗങ്ങൾ, ചിതൽപ്പുറ്റുകൾ
വാൽമാക്രികൾ, മണ്ണട്ടകൾ പുളയ്ക്കുന്നു
ഞാൻ പൊടുന്നനെ പിന്നേയും
മിഴിവാതിലുകള്‍ വലിച്ചടച്ചു.
ഇപ്പോൾ അകത്ത്
ഇരുട്ട് വിഴുങ്ങിയ വരള്‍ച്ചയില്‍
ഈറൻ പെരുമഴയാണ്.
എങ്ങോട്ടാണ് മീനുകൾ
പുഴകടന്ന് പോകുന്നതെന്ന ചിന്തയിൽ
അബ്നോർമലായ ചൂണ്ടക്കാരന്
വിശപ്പ് തുടങ്ങി
ജനാലയിൽ കൊത്തുന്നു.
മീനുകള്‍ ചളിയില്‍ പൂണ്ടിറങ്ങുന്നു.
എന്‍റെ അസംഖ്യം അഴികൾ ഞാൻ
റബ്ബർക്കട്ട കൊണ്ട് മായ്ച്ചു കളഞ്ഞു
വലക്കണ്ണികൾ.
ഇനി ചൂണ്ടക്കാരന്‍റെ
പൊയ്നോട്ടത്തെ ഭയപ്പെടാനില്ല.
ഞാനിനി സൗരയൂഥത്തിൽ
കിളികൾക്കൊപ്പം പാട്ടുപാടിക്കൊണ്ട്
നദിയുടെ കൂടെ നൃത്തം ചവിട്ടി
മീനുകള്‍ക്കൊപ്പം പുഴകടന്നു പോകും.
നിങ്ങൾക്കറിയുമോ എന്നോ
നിങ്ങളെന്തു കരുതുമെന്നോ
ഞാൻ ചിന്തിക്കുന്നില്ല.
നിങ്ങളെന്നോട്
സംസാരിക്കുമ്പോഴെല്ലാം ഞാൻ
പാട്ടുപാടിക്കൊണ്ടാണ് മിണ്ടിയത്.
നിങ്ങളോടൊപ്പം നടക്കുമ്പോൾ ഞാൻ
നൃത്തം ചെയ്യുകയായിരുന്നു.
എന്‍റെ നാക്കും കണങ്കാലും
എന്‍റേതായിരുന്നല്ലോ.
അഴികളെ മായ്ച്ചു കളഞ്ഞ ഞാൻ
തിരക്കിൽ അകാരണമായി
ദു:ഖിച്ചു നടക്കുന്നതിനിടെ
നഗരത്തിൽ വെച്ച് അനുകൂലമായ
വാർത്തയെത്തുമ്പോൾ
കണ്മുന്നിൽ
ആനന്ദത്താൽ ശൂന്യമാക്കപ്പെടുന്ന
വൃത്തിഹീനമായ
പാന്ഥങ്ങളിൽ ഞാൻ
ഏറ്റവുമധികം ഒറ്റപ്പെട്ടു.
ചുറ്റിലും സുഗന്ധമുള്ള പകൽ
എന്നെ നീറ്റി.
അപ്പോഴെനിക്ക്
ദുഃഖഭരിതമായൊരു ശ്ലോകത്തിനു
നൃത്തം ചവിട്ടണമെന്ന് തോന്നി.
പരിഷ്കാരിയായ ചൂണ്ടക്കാരൻ
നഗരമധ്യത്തിൽ വെച്ചപ്പോള്‍
പട്ടാപ്പകൽ കാറ്റിനെ കൊള്ളയടിക്കുന്നത്
ഞാന്‍ കാണുന്നു.
‘കള്ളൻ… കള്ളൻ… കള്ളൻ…’
എനിക്ക് എക്കിളുണ്ടായി.
ഒരു പറവയുടെ നെഞ്ചിൽ
സ്വന്തം ഹൃദയം ഘടിപ്പിക്കുകയും
കീ കൊടുത്ത്
പറത്തി വിടുകയും ചെയ്തപ്പോൾ
ലക്ഷ്യത്തെ കൊളുത്തിപ്പിടിച്ച ഞാൻ
ചൂണ്ടക്കാരനെപ്പോലെ അബ്നോർമലായി.
വെള്ളിമേഖങ്ങൾക്കിടയിൽ
സംഗീതത്തിൽ മുങ്ങി
ചിറക് മുളച്ച മാലാഖയായി.
വീട്ടിലേക്ക് വിളിച്ചു വാതോരാതെ
മിണ്ടിക്കൊണ്ടിരുന്ന്
കിലുക്കാംപെട്ടിയെന്ന പേര് സ്വന്തമാക്കി.
എനിക്ക് പാവക്കൂത്ത്
അസഹ്യമായിത്തീർന്നിരുന്നു.
സർവ്വതിനെയും മായ്ച്ചുകളയൽ
ഇത്രയും നിസ്സാരമായിരുന്നോ
എന്നോർത്ത് ഞാൻ
കിടക്കയിൽ വീഴുന്നു.
കലങ്ങിമറിയുന്ന നഗരത്തിന്‍റെ
തിരയിളക്കത്തിലാണ് ചൂണ്ടക്കാരൻ
മീനുകളെ കൊത്തുന്നതെന്ന
സ്വപ്നം കാണുന്നു.
ആളുകൾക്ക് റബ്ബർകട്ട ഇതു വരെ
കിട്ടിയില്ലേ എന്ന് ഞാൻ
അത്ഭുതപ്പെടുകയാണ്.
എത്രയും പെട്ടെന്ന് ചൂണ്ടക്കാരനെ
മായ്ച്ചു കളയേണ്ടതാണ്.
എനിക്ക് എവിടെയും പോകാം.
എനിക്ക് അഴികളില്ലല്ലോ.
എല്ലാമുണ്ടായിട്ടും ഞാൻ
കൊഴുക്കട്ട വീഴുങ്ങി പൊത്തിലിരുന്നു.
അന്ധർ ബധിരർ മൂകർ
എല്ലാവരും കൊഴുക്കട്ട വിഴുങ്ങി
അതിനുള്ളിൽ ഇരിപ്പുണ്ടായിരുന്നു.
ഈ നട്ടുച്ചയ്ക്കും പെരുച്ചാഴികൾ
വിത്ത് കിളച്ചു പുറത്തെടുക്കുന്നത്
എന്തിനെന്നു ഞാൻ അത്ഭുതപ്പെട്ടു.
അതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും
മിണ്ടില്ലെന്നുമുള്ള നടിപ്പ്
കഠിനമായ വ്യായാമമായിരുന്നു.
അവർ എന്നെ നോക്കിക്കണ്ടു, കേട്ടു.
ചൂണ്ടക്കാരന്‍റെ അതെ നോട്ടം
മൗനം, കേൾവി.
ചൂണ്ടക്കാരൻ ഇപ്പോഴാരുടെ
ജനലഴിക്കു പുറത്തിരിപ്പുണ്ടാകും?
കുട്ടിക്കാലത്ത്
കുന്നിൻമറവിലേക്കോടി മറയുന്ന
‘ഇമ്രു’ എന്നോ മറ്റോ പേരായ
ഒറ്റയായ വയസ്സൻ ചെന്നായയുടെ
പൊയ്മുഖമുള്ള ചൂണ്ടക്കാരൻ
വൈകുന്നേരങ്ങളിൽ നഗരം നിറയെ
ഓരിയിട്ട് നടക്കുന്നതിനെ ആളുകൾ
നോർമ്മലാണെന്ന് പറയുന്നുണ്ട്.
എന്‍റെ കണ്ണുകൾ കടുംനീലയായി
ആകാശത്തെ വട്ടം ചുഴറ്റുന്നു.
ചൂണ്ടക്കൊളുത്ത് ‘നീയെവിടേക്കാ’
എന്ന ചോദ്യം പോലെ
എന്‍റെ തലയ്ക്കു മുകളില്‍
മുഴച്ചു നിൽക്കുന്നു.
ചൂണ്ടക്കാരന്‍
പിന്തുടരുന്നുവെന്ന തോന്നലിൽ
ദൂരെ ഇരുന്നിട്ട് കൂടി എന്‍റെ വേരുകൾ
വീടോളം കിളിർത്തു പൊന്താൻ തുടങ്ങി.
ചൂണ്ടക്കാരൻ
നഗരത്തെ കൊത്തിയെടുത്ത
ചെറുതായ പാതി കരിഞ്ഞ
ചുവപ്പൻ അപ്പക്കഷ്ണം
കണ്ണുകളിൽ ഒളിച്ചു വെക്കുന്നു.
ഉന്മാദത്തിന്‍റെ ഒന്നരാടൻ
തിയറിക്ലാസുകളെടുക്കുന്ന
നഗര ഭ്രാന്താലയത്തിൽ വെച്ച്
കണ്മഷി എഴുതി
മീൻചാറൊഴിച്ച ചോറുണ്ടു.
പറന്നു വന്ന് എന്‍റെ ജനാലയ്ക്ക്
പുറത്തിരുന്ന് ചിലയ്ക്കാൻ തുടങ്ങി.
കണ്ണ് തുറന്നപ്പോൾ മുന്നിൽ നിറയെ
അഴികളായിരുന്നു.
പഴയ വല.
എന്‍റെ തൊണ്ട വരണ്ടു
നാക്ക് വറ്റി.
ചൂണ്ടക്കാരൻ അബ്നോർമ്മലായിരുന്നു.
തെളിഞ്ഞു വന്ന അഴികൾ
വീണ്ടും ഞാൻ
ധൃതിയിൽ മായ്ക്കാൻ തുടങ്ങി.
നിങ്ങൾക്കെന്തറിയാം,
എനിക്ക് സൗരയൂഥത്തിൽ
കിളികൾക്കൊപ്പം പാട്ടുപാടിക്കൊണ്ട്
നദിയുടെ കൂടെ നൃത്തം ചവിട്ടി
മീനുകള്‍ക്കൊപ്പം
പുഴകടന്നു പോകേണ്ടതുണ്ട്.