ഉദയസൂര്യൻ്റെ നാട്ടിലൂടെ – 4

ഓരോ ചുവടിലും ഞാനാ അജ്ഞാതനിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുകയായിരുന്നു. ഞങ്ങൾ നിശ്ശബ്ദരായി ആ തിരക്കുപിടിച്ച ആ തെരുവിലൂടെ നടന്നു, വളഞ്ഞുപുളഞ്ഞ തെരുവുകളിലൂടെ ഒരു നടത്തത്തിനിടയിൽ ഒരു അപരിചിതനൊപ്പമാണ് യാത്ര എന്ന ചിന്ത പോലും ക്രമേണ എന്നിൽ നിന്നും വഴുതിമാറി. ഒടുവിൽ ഹോട്ടൽ എന്ന് തോന്നിക്കുന്ന ഒരു ബഹുനില കെട്ടിടത്തിൻ്റെ മുന്നിൽ ഞങ്ങളെത്തി. കെട്ടിടത്തിൻ്റെ പ്രവേശന കവാടത്തിനടുത്തെത്തിയപ്പോൾത്തന്നെ ഒരു അസ്വസ്ഥത എന്നിൽ പടർന്നു. അത് ശ്രദ്ധിച്ചിട്ടോ എന്നറിയില്ല ഡേവിഡ് പറഞ്ഞു, “സർ ഇവിടെയാണ് ഞാൻ താമസിക്കുന്നത്.” എന്നിട്ടും അതൊരു അപ്പാർട്ട്മെൻ്റായി എനിക്കു തോന്നിയതേ ഇല്ല. തിരിഞ്ഞു നടന്നാലോ എന്ന ചിന്ത മിന്നിമാഞ്ഞിട്ടും പെട്ടെന്ന് അവിടെ നിന്നു പിന്തിരിഞ്ഞു നടക്കാനും എനിക്കു കഴിഞ്ഞില്ല. ഒരേ സമയം അവിടെ എന്താണ് എന്ന ആകാംക്ഷയും ഒപ്പം നടന്നു കയറുന്ന അസാധാരണത്വമെന്താകാം എന്നും എൻ്റെ ചിന്തകൾ മാറിമറിഞ്ഞു.

ഞങ്ങൾ കെട്ടിടത്തിനുള്ളിലേക്ക് നടന്നു. അവിടെയുള്ള ചുവരുകളിലെ സ്ക്രീനുകളിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു! മങ്ങിയ വെളിച്ചത്തിൽ നിഴൽ നിറഞ്ഞ മൂലകളും വഴി ചുറ്റിക്കുന്ന ഇടുങ്ങിയ ഇടനാഴികളും നിറഞ്ഞ കെട്ടിടം എന്നെ അമ്പരപ്പിച്ചു, എന്നിൽ അനിശ്ചിതത്വം തിരയടിച്ചു. എൻ്റെ ചിന്തകൾക്കും പ്രവർത്തികൾക്കും യുക്തിസഹമായ വിശദീകരണമൊന്നും ഉണ്ടായിരുന്നില്ല. അപരിചിത ദേശത്ത് ഒരജ്ഞാതനെ കണ്ണുംപൂട്ടി വിശ്വസിച്ച എൻ്റെ തുടർപ്രവൃത്തികൾക്ക് യുക്തിസഹമായ കാരണം തേടേണ്ടതില്ലല്ലോ.

ഞങ്ങൾ ലിഫ്റ്റിനടുത്തേക്ക് നടന്നു, ഡേവിഡ് ബട്ടൺ അമർത്തി. അവൻ്റെ അപ്പാർട്ട്മെൻ്റ് ഏത് നിലയിലാണെന്ന് ഞാൻ ചോദിച്ചു. “മൂന്നാം നിലയിൽ” എന്ന് പുഞ്ചിരിയോടെ അവൻ മറുപടി പറഞ്ഞു. അവൻ്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ, അവനിൽ അപ്രതിരോധ്യമായ ഉൾവലിവ് ഞാൻ തിരിച്ചറിഞ്ഞു. മറഞ്ഞിരിക്കുന്ന സത്യങ്ങളും നിഗൂഢതകളും നിറഞ്ഞ അവൻ്റെ ആത്മാവിൻ്റെ ആഴങ്ങളിലേക്ക് എന്നെ ചുഴറ്റിവലിച്ച ഒരു കാന്തിക ശക്തിയുണ്ടായിരുന്നു ആ നോട്ടത്തിന്. എന്നിട്ടും അവൻ്റെ നോട്ടത്തിലെ ആത്മവിശ്വാസക്കുറവ് എന്നെ ചിന്തിപ്പിച്ചു. ലിഫ്റ്റിൻ്റെ വാതിലുകൾ അടഞ്ഞതോടെ, കനത്ത നിശബ്ദത ചുറ്റും നിറഞ്ഞു. വായുവിൽ തൂങ്ങിക്കിടക്കുന്നതുപോലെ ശ്വാസംമുട്ടിക്കുന്ന നിശ്ചലത!

ലിഫ്റ്റിൻ്റെ വാതിലുകൾ മൃദുവായ ശബ്ദത്തോടെ തുറന്നു, അപ്പുറത്തുള്ള ഇടനാഴിയുടെ നിശബ്ദതയിലേക്ക് ഞങ്ങൾ പ്രവേശിച്ചു. ഓരോ നിമിഷം കഴിയുന്തോറും ഞങ്ങളും ലക്ഷ്യസ്ഥാനവും തമ്മിലുള്ള അകലം കുറഞ്ഞുവന്നു. അപ്പാർട്ട്മെൻ്റിൻ്റെ വാതിലിനു മുന്നിൽ എത്തി. വലിയ വാതിലിൻ്റെ മിനുക്കിയ പ്രതലം ഇടനാഴിയിലെ മിന്നുന്ന പ്രകാശത്തെ നിഴലിൻ്റെയും വെളിച്ചത്തിൻ്റെയും പലവിധ പാറ്റേണുകളിൽ പ്രതിഫലിപ്പിക്കുന്നുണ്ട്. ഡേവിഡ്, ഡോർ നമ്പറിലേക്ക് വിരൽ ചൂണ്ടി, ഇതാണ് എൻ്റെ അപ്പാർട്ട്മെൻ്റ് എന്നു പറഞ്ഞു.

അപരിചിതൻ്റെ അപ്പാർട്ട്മെൻ്റിൻ്റെ ആ വാതിലിനു മുന്നിൽ നിൽക്കുമ്പോൾ, കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാല പോലെ ഒരു വിറയൽ ശരീരത്തിലൂടെ കടന്നു പോയി. ഡേവിഡ് ജാക്കറ്റിൻ്റെ പോക്കറ്റിൽ കൈ നീട്ടി ഡോർ കാർഡ് കീ എടുത്ത് വാതിൽ തുറന്നു. അകത്തേക്കു വരൂ എന്ന് അവൻ എന്നെ ക്ഷണിച്ചു. നന്ദി പറഞ്ഞുകൊണ്ട് ഞാൻ മുറിയിലേക്ക് പ്രവേശിച്ചു. മൃദുലമായ പ്രകാശം നിറഞ്ഞ മുറി. നനുത്ത സുഗന്ധം തങ്ങി നിൽക്കുന്നുണ്ട്, മുറിയിലേക്കു പ്രവേശിച്ച് തിരിഞ്ഞു നോക്കിയ നിമിഷത്തിൽത്തന്നെ ആ വലിയവാതിൽ എൻ്റെ പിന്നിൽ ശക്തമായി അടഞ്ഞു.

ഒരു വിറയൽ എൻ്റെ നട്ടെല്ലിലൂടെ അരിച്ചു കയറി. കാര്യങ്ങൾ വ്യക്തമാണ്. അപരിചിതനായ ഒരാളെ അശ്രദ്ധമായി വിശ്വസിച്ചതിൻ്റെ അനന്തരഫലം!, സ്വയം കുഴിയിൽ ചാടി. രക്ഷപ്പെടാനുള്ള അവസാനശ്രമം പോലെ ഞാൻ വാതിലിൽ മുട്ടി, “ഡേവിഡ് ഓപ്പൺ ദ ഡോർ, ഓപ്പൺ പ്ലീസ്, ഫോർ ഗോഡ് സേക്ക് ഓപ്പൺ ദ ഡോർ” എന്ന് ഒച്ചവെച്ചു. ഒരാളും ആ നിലവിളി കേട്ടിരിക്കില്ല. ഉറപ്പാണ്. എൻ്റെ മുന്നിൽ വാതിൽ അടഞ്ഞുകിടക്കുന്നു. ഞാൻ അവനോട് കാണിച്ച ദയയെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവരുടെ കുടുംബത്തിന് ഞാൻ നൽകിയ ഭക്ഷണം, അവരുടെ ആവശ്യത്തിന് മുന്നിൽ ഞാൻ കാണിച്ച ഔദാര്യം ഒക്കെ എന്നെ നോക്കി പല്ലിളിച്ചു. ആ വഞ്ചന എനിക്ക് സഹിക്കാനായില്ല. ഒരാളുടെ ദയവിനെ സ്വന്തം സ്വാർത്ഥതാൽപര്യങ്ങൾക്കായി മുതലെടുക്കാൻ അയാൾക്ക് എങ്ങനെ കഴിഞ്ഞു? അയാൾ എങ്ങനെ ഇത്ര ക്രൂരനും നന്ദികെട്ടവനും ആയി? ഇവിടെ നിന്നും രക്ഷപ്പെടണം. എന്നാലോ മുന്നിൽ ഒരു മനുഷ്യജീവി പോലുമില്ല.

ഞാൻ ചുറ്റും നോക്കി, ആദ്യത്തെ മുറിയിൽ ആരെയും കണ്ടില്ല. ഇതെന്താ ഒറ്റ മനുഷ്യനും ഇല്ലല്ലോ? പഴയ കാല സിനിമകളിലെ കൊള്ളത്തലവൻ്റെ താവളത്തിൽ അകപ്പെട്ട അവസ്ഥ. ഭയം ഒരു ഭാരമേറിയ മേലങ്കി കൊണ്ട് എന്നെ മൂടി. ഭയം കൊണ്ട് ഹൃദയം കൈവെള്ളയിൽ ഇരുന്ന് മിടിക്കുന്ന പോലെ. തൊണ്ട വരിഞ്ഞുമുറുകിയിരിക്കുന്നു.

പെട്ടെന്നാണൊരു സ്ത്രീരൂപം എൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മങ്ങിയ വെളിച്ചത്തിൽ മിന്നിത്തിളങ്ങുന്ന അതിലോലമായ അടിവസ്ത്രങ്ങൾ മാത്രം ധരിച്ച അവൾ കാറ്റിൽ ഒഴുകി വരുന്നതു പോലെ എൻ്റെ മുന്നിൽ വന്നു നിന്നു. “നിങ്ങൾ ആരാണ്?’ ഞാൻ ചോദിച്ചു. വിറയലിനെ ഒറ്റിക്കൊടുക്കുന്ന എൻ്റെ ശബ്ദം ചിലമ്പിച്ചിരുന്നു. അവൾ എന്നെ അവളുടെ അടുത്തേക്കു ക്ഷണിച്ചു. എന്നാൽ ആ സംസാരത്തിൽ നിന്നും അവൾക്ക് ഇംഗ്ലീഷ് ഭാഷ ഒട്ടും വഴങ്ങിക്കിട്ടുന്നില്ല എന്നു പിടികിട്ടി. ഇനിയാണപ്പോൾ യഥാർത്ഥ യുദ്ധം. ഭാഷയറിയാത്ത ഒരാളോട് എങ്ങനെ എനിക്ക് തിരിച്ചു പോകണം എന്നു പറയും? ഒടുവിൽ. ഞാൻ പറഞ്ഞു: “എനിക്ക് പോകണം.”

എൻ്റെ ശരീരഭാഷയിൽ നിന്നും അവൾ കാര്യം ഗ്രഹിച്ചിരിക്കാം. അവൾ എൻ്റെ കൈ മുറുകെ പിടിച്ചു. വിട്ടു കളഞ്ഞാൽ ഞാൻ ഓടിപ്പോകുമെന്നു ഭയക്കുംമട്ടിലായിരുന്നു അവൾ. പാവം ഞാൻ! എവിടേക്ക് ഓടും? എലിപ്പെട്ടിയിൽപ്പെട്ട എലിയുടെ അവസ്ഥ! എനിക്ക് പണം തരൂ, നിങ്ങൾക്ക് പുറത്തേക്ക് പോകാം എന്നവൾ പറഞ്ഞു. ആ മുറിയിൽ നിന്ന് രക്ഷപ്പെട്ട് ഹോട്ടലിലേക്ക് മടങ്ങുക എന്നത് മാത്രമായിരുന്നു എൻ്റെ ലക്ഷ്യം. ഞാൻ പറഞ്ഞു, “ഡേവിഡ് ആണ് എന്നെ ഇവിടെ എത്തിച്ചത്. ഇത് അവൻ്റെ വീടാണെന്നാണ് അവൻ പറഞ്ഞതും. ഞാൻ നിനക്ക് വേണ്ടി വന്നതല്ല. ദയവായി വാതിൽ തുറക്കൂ, ദയവായി വാതിൽ തുറക്കൂ.”

എൻ്റെ ആ പറച്ചിൽ അവളിൽ യാതൊരു ഭാവഭേദവും സൃഷ്ടിച്ചില്ല.

അവൾ പുഞ്ചിരിച്ചുകൊണ്ട് ഇത്രമാത്രം പറഞ്ഞു, “പുറത്ത് തെരുവിൽ ധാരാളം ഡേവിഡ് മാർ ഉണ്ട്.“

ആ നിമിഷം എനിക്ക് തീർത്തും നിരാശ തോന്നി, കാരണം എൻ്റെ ദയ, അശ്രദ്ധ, എടുത്തു ചാട്ടം ഇവ എന്നെ ചതിച്ചിരിക്കുന്നു. വിശ്വാസവഞ്ചനയാണ് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. ഞാൻ വീണ്ടും അവളെ നോക്കി.

അവൾ ഒരു ഒത്തുതീർപ്പിൻ്റെ മുഖഭാവത്തിൽ പറഞ്ഞു, “നിങ്ങൾ എനിക്ക് 50,000 യെൻ നൽകണം. എന്നാൽ നിങ്ങൾക്കിവിടുന്ന് പോകാനാകും.”

അത്രയും എൻ്റെ കൈയിൽ ഇല്ലെന്നു ഞാൻ പറഞ്ഞു. ഞാൻ കബൂക്കിച്ചോയിൽ മാത്രമാണ് വന്നത്, മറ്റൊന്നിനും വേണ്ടിയല്ല. ആ പറച്ചിലും അവളിൽ ഒരു പ്രതികരണവും ഉണ്ടാക്കിയില്ല.

പണം തന്നില്ലെങ്കിൽ വാതിൽ തുറക്കില്ലെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു. പിടിച്ചുപറിക്കലാണിത്. എന്നാൽ രക്ഷപ്പെടാൻ മറ്റു മാർഗമില്ല. കീഴടങ്ങുകയേ വഴിയുള്ളൂ. ഞാൻ പോക്കറ്റിൽ നിന്നും ഏകദേശം 400 ഡോളറും അവശേഷിച്ച കുറച്ച് യെനും. അവൾക്കു നൽകി. പൊടുന്നനെ പ്രത്യക്ഷപ്പെട്ട ഒരു ഭൂതത്തെപ്പോലെ, അവൾ എൻ്റെ പണം തട്ടിയെടുത്ത് മുറിയുടെ നിഴലിലേക്ക് അപ്രത്യക്ഷമായി, ഞാൻ നേരിട്ട വഞ്ചന എന്നെ പൊള്ളിച്ചുകൊണ്ടിരുന്നു. അധികം വൈകിയില്ല മുൻവശത്തെ വാതിൽ തുറന്നു കിട്ടി, ഞാൻ മുറിക്ക് പുറത്തേക്ക് ഓടി. ഇതാണ് സ്വാതന്ത്ര്യം! ഇതാണ് രക്ഷപ്പെടൽ!

ഞാൻ ഡേവിഡിനെ കണ്ടുമുട്ടിയ അതേ തെരുവിൽ എത്തി. അവിടെങ്ങും അവനെ കാണാനില്ലായിരുന്നു. അല്ല, ആ തിരക്കിൽ ഒരു പക്ഷേ, അവൻ എന്നെ മറഞ്ഞിരുന്നു കാണുന്നുണ്ടാവും.

കബുക്കിച്ചോയിലെ തിരക്കേറിയ തെരുവുകളിൽ നിന്നും ഹോട്ടലിലേക്ക് എത്രയും വേഗം എനിക്കെത്തണം. വഞ്ചന കൊണ്ടെൻ്റെ ആത്മാവിനെ ചിതറിച്ച ആ പാതയിൽ ഇടറിവീഴുമ്പോൾ, വേദനയുടേയും അപമാനത്തിൻ്റേയും നിലയില്ലാതിരമാല എന്നെ മൂടി. ഒരിക്കൽ സ്വപ്നസമാനമായി മിന്നിത്തെളിഞ്ഞിരുന്ന നിയോൺ വിളക്കുകൾ ഇപ്പോൾ ശോഷിച്ച പ്രകാശം പരത്തുന്നു. തകർന്ന വിശ്വാസവും ഉണങ്ങാത്ത മുറിവുകളും മാത്രം എന്നിൽ അവശേഷിച്ചു. ഓരോ കോണും വഞ്ചനയുടെയും ഹൃദയവേദനയുടെയും കഥകൾ മന്ത്രിച്ചു,

ഇനി മടങ്ങാം. മതി ഇവിടെ. ഞാൻ കബുക്കിച്ചോയിൽ നിന്ന് പുറത്തുകടക്കുമ്പോൾ പിന്നിലേക്ക് തിരിഞ്ഞ്, അവസാനമായി ഒന്ന് നോക്കി. കബൂക്കിച്ചോയുടെ അരാജകത്വത്തിൽ നിന്ന് ഞാൻ പുറത്തുകടന്ന് ഒടുവിൽ ഹോട്ടലിൽ എത്തിയപ്പോൾ, നനുത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ആ മഴയിൽ ഞാനെൻ്റെ ഹൃദയഭാരങ്ങൾ ഒഴുക്കിവിട്ടു.

നാളെ ഞാൻ കാത്തിരിക്കുന്ന ദിവസമാണ്. എനിക്ക് ഫ്യൂജികാവാഗുച്ചിക്കോയിലേയ്ക്ക് പുലർച്ചെയുള്ള ബസ് പിടിക്കണം. കണ്ണടച്ചപ്പോൾ, ഒരു മനോഹരസ്വപ്നം പോലെ ഫുജികാവാഗുച്ചിക്കോയെക്കുറിച്ചുള്ള ചിന്തകൾ എൻ്റെ മനസ്സിൽ നൃത്തം ചെയ്തു. അടുത്ത യാത്രക്കായുള്ള കാത്തിരിപ്പിൽ ശാന്തമായ തടാകങ്ങളുടെയും ഗാംഭീര്യമുള്ള പർവതങ്ങളുടെയും ചെറി പുഷ്പങ്ങൾ നിറഞ്ഞ പാതകളുടെയും ഉജ്ജ്വലമായ ദൃശ്യങ്ങൾ ഉള്ളിൽ നിറഞ്ഞു, ഞാൻ പതിയെ ആ ദിവസത്തോട് വിട പറഞ്ഞു.

ഉമേഷ് ഗിരി സുരേന്ദ്ര പണിക്കർ എന്ന് മുഴുവൻ പേര്. ഉമേഷ് പണിക്കർ എന്നും അറിയപ്പെടുന്നു. അബുദാബിയിൽ താമസം. ലോകം മുഴുവൻ കാൽനടയായി യാത്ര ചെയ്യാനും, പർവ്വതാരോഹണത്തിനും, ചുറ്റുമുള്ളവരുടെ ഉന്നമനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച ഒരാൾ. യാത്രയിലും സാഹസിക പ്രവർത്തനങ്ങളിലും ഏർപ്പെടുകയും, സ്വയം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുയും ചെയ്യുന്ന GlobalXplorers എന്നൊരു സ്ഥാപനം 2022-ൽ സ്ഥാപിച്ചു.