ഉദയസൂര്യൻ്റെ നാട്ടിലൂടെ – 2

ജപ്പാനെ ഉദയസൂര്യൻ്റെ നാട് എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് പലരും ആശ്ചര്യപ്പെടാറുണ്ട്. ഭൂമിയിൽ സൂര്യൻ്റെ പൊൻകിരണങ്ങൾ ആദ്യമായി പതിയുന്ന ഇടം  ജപ്പാനായതുകൊണ്ടാകുമോ ഇത്? ഏതായാലും ജാപ്പനീസ് ഭാഷയിൽ, അവർ തങ്ങളുടെ രാജ്യത്തെ വിളിക്കുന്നത് നിഹോൺ (നിപ്പോൺ) എന്നാണ്. നിഹോൺ, ജപ്പാൻ എന്നീ വാക്കുകൾക്ക്  “സൂര്യൻ ഉദിക്കുന്നിടത്ത്” എന്നാണ് അർത്ഥം. ഇറ്റാലിയൻ വ്യാപാരിയും പര്യവേക്ഷകനുമായ മാർക്കോ പോളോയാണ് പതിമൂന്നാം നൂറ്റാണ്ടിൽ ജപ്പാനെ പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തിയത്. യഥാർത്ഥത്തിൽ അദ്ദേഹം ജപ്പാനിലേക്ക് യാത്ര ചെയ്തിട്ടില്ല, പകരം ചൈനയുടെ തെക്കൻ ഭാഗത്തേക്കാണ് പോയത്. അവിടെയുള്ള ആളുകൾ അദ്ദേഹത്തോട് ജപ്പാനെക്കുറിച്ച് പറഞ്ഞു. മാർക്കോ പോളോ സഞ്ചരിച്ച ദക്ഷിണ ചൈനയിലെ ജനങ്ങളെ സംബന്ധിച്ച്, സൂര്യൻ ഉദിക്കുന്ന ദിശയിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. അതിനാൽ, ആളുകൾ ആ നാടിനെ ജി-പാങ് അല്ലെങ്കിൽ സു-പാങ് എന്ന് വിളിച്ചു, “സൂര്യൻ്റെ ഉത്ഭവം” എന്നാണ് ആ വാക്കിന് അർത്ഥം. ജപ്പാൻ്റെ പതാകയിലും സൂര്യൻ പ്രതീകമായി നിലയുറപ്പിച്ചിട്ടുണ്ട്. അതേ ഉദയസൂര്യൻ്റെ നാട്ടിലാണിപ്പോൾ ഞാനുള്ളത് എന്നത് എന്നെ വിസ്മയിപ്പിച്ചു. ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു.

വിമാനം ലാൻഡ് ചെയ്തു.. അങ്ങനെ ഞാൻ ജപ്പാൻ്റെ തലസ്ഥാനവും ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നുമായ ടോക്കിയോയിൽ എത്തിയിരിക്കുന്നു! ടോക്കിയോയെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരു സഹസ്രാബ്ദത്തോളം ജപ്പാൻ്റെ തലസ്ഥാനം ക്യോട്ടോ ആയിരുന്നത്രേ.  ഫ്ലൈറ്റിൽ നിന്നും ഇറങ്ങി ഞാനൊരു  ദീർഘനിശ്വാസമെടുത്തു. പിന്നൊരു  പുഞ്ചിരിയോടെ ഞാൻ എമിഗ്രേഷൻ കൗണ്ടറിലെത്തി, അവിടെ ഉദ്യോഗസ്ഥൻ എൻ്റെ വിസയും പാസ്‌പോർട്ടും പരിശോധിച്ചു. എന്നെ അവരുടെ രാജ്യത്തേക്ക് കടക്കാൻ അനുവദിച്ചു. ഞാൻ ബാഗേജ് കളക്ഷൻ ഏരിയയിലേക്ക് പോയി, ബാഗുകൾ എടുത്ത് വിമാനത്താവളത്തിന് പുറത്തേക്കിറങ്ങി. നരിത അന്താരാഷ്ട്ര വിമാനത്താവളം നഗരത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. എൻ്റെ ഫ്ലൈറ്റ് വൈകുന്നേരമെത്തുന്നതായതിനാൽ ആ രാത്രി നഗരത്തിലേക്കു കടക്കാതെ എയർപോർട്ടിന് അടുത്തുള്ള ഒരു ഹോട്ടലിൽ തങ്ങുന്നതാകും നല്ലത് എന്നു തീരുമാനിച്ചിരുന്നു. ബുക്ക് ചെയ്ത ഹോട്ടലിനോട് എയർപോർട്ട് പിക് അപിനായി ഹോട്ടലിൽ നിന്ന് വാഹനം അയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇനി ആ വാഹനം എവിടെയാണുള്ളതെന്നു കണ്ടെത്തണം. ഞാൻ ഇൻഫർമേഷൻ ഡെസ്കിൽ പോയി അവരോട് ചോദിച്ചു. അവർ എന്നെ സഹായിക്കാൻ ശ്രമിച്ചു; എന്നിരുന്നാലും, ഭാഷ ഒരു പ്രശ്നമായി ഞങ്ങൾക്കിടയിൽ. അവസാനം ജാപ്പനീസിനോടു സുല്ലിട്ട്, ഞാൻ ഇൻഫർമേഷൻ കൗണ്ടറിൽ നിന്ന് പുറത്തിറങ്ങി, പാർക്കിംഗ് സ്ഥലത്ത് ചുറ്റിനടന്ന് ബസ് ബേ കണ്ടെത്താമെന്ന് നിശ്ചയിച്ചു. ഞാൻ നരിതാ ടോബു എന്ന ഹോട്ടലാണ് ബുക്ക് ചെയ്തിരുന്നത്. അത് എയർപോർട്ടിന് അടുത്തുള്ള ഒരു 3-സ്റ്റാർ ഹോട്ടലാണ്; വിമാനത്താവളത്തിൽ നിന്ന് 1.5 കിലോമീറ്ററിൽ താഴെ ദൂരമേ അതിലേക്കുള്ളൂ. ഞാൻ എയർപോർട്ട് ബസ് പാർക്കിംഗ് ബേയിൽ എത്തി അവിടെ മുഴുവൻ നടന്നപ്പോൾ, ഹോട്ടലിൻ്റെ പേരുള്ള ഒരു ചെറിയ ബസ് കണ്ടു. ഞാൻ അതിൻ്റെ ഡ്രൈവറെ എൻ്റെ ഹോട്ടൽ ബുക്കിംഗ് കാണിച്ചു. സമാധാനമായി. അദ്ദേഹം എന്നെ ബസിലേക്ക് സ്വാഗതം ചെയ്തു. സത്യത്തിൽ അപ്പോഴേക്കും ഞാൻ ശരിക്കും തളർന്നിരുന്നു. ഞാൻ ബസിനുള്ളിൽ കയറി, അതിൽ കുറച്ച് യാത്രക്കാർ ഉണ്ടായിരുന്നു.  ഏതാനും മിനിറ്റുകൾക്കുള്ളിൽ ബസ് പുറപ്പെട്ടു. 10 മിനിറ്റിനുള്ളിൽ ബസ് ഹോട്ടലിലെത്തി. എയർപോർട്ടിന് വളരെ അടുത്താണ് ഹോട്ടൽ എന്ന് എനിക്ക് മനസ്സിലായി. ബസിൽ നിന്ന് ഇറങ്ങി ലഗേജ് എടുത്ത് ഞാൻ ഡ്രൈവറോട് ജാപ്പനീസ് ഭാഷയിൽ നന്ദി എന്നർത്ഥം വരുന്ന “അരിഗാറ്റോ” എന്ന് പറഞ്ഞു. ഒക്കാഡ-സാൻ – ഒരുപാട് ജാപ്പനീസ് വാക്കുകൾ പഠിപ്പിച്ചിട്ടാണ് എന്നെ ജപ്പാനിലേക്ക് അയച്ചിരിക്കുന്നത്, അവയെല്ലാം ഇവിടെ ഉപയോഗിക്കാൻ ഞാൻ കാത്തിരിക്കുകയുമാണ്. ഞാൻ റിസപ്ഷൻ ലക്ഷ്യമാക്കി നടന്നു. ഒരു നീണ്ട ക്യൂ അവിടെ ഉണ്ടായിരുന്നു. എൻ്റെ ഊഴത്തിനായി 30 മിനിറ്റിലധികം വേണ്ടിവന്നു.

ക്യൂവിൽ കാത്തുനിൽക്കുമ്പോൾ ചെയ്യാൻ കഴിയുന്ന ഏക കാര്യം ചുറ്റുപാടും നിരീക്ഷിക്കുക മാത്രമാണ്. ഞാനും അതുതന്നെ ചെയ്തു. സത്യത്തിൽ ഞാനീകാണുന്ന കാഴ്ചകൾ മൊത്തത്തിൽ ഞാനിത്ര നാളും സ്വപ്നം കണ്ടതാണല്ലോ. ഞാനേകനാണ്. എന്നാലോ ഞാൻ അനേകം മനുഷ്യർക്കു നടുവിലുമാണ്. “ഏകാന്തതയുടെ പ്രതിധ്വനികളും അന്തർലീനമായ ഈണങ്ങളും ചേർന്ന ഒരു ശാന്തമായ സിംഫണിയാണ് ആത്മാവിൻ്റെ തത്ത്വചിന്ത. അത് സ്വന്തം മനസ്സിൻ്റെ ആഴങ്ങളിൽ ആശ്വാസം കണ്ടെത്തുന്നു, പ്രപഞ്ചത്തിൻ്റെ ശബ്ദങ്ങളിൽ അർത്ഥം തേടുന്നു, സ്വന്തം അസ്തിത്വത്തിൻ്റെ നിശബ്ദതയിൽ സൗന്ദര്യം കണ്ടെത്തുന്നു.” ആളുകളെ നിരീക്ഷിക്കുക എന്നത് എനിക്കേറ്റവും  ഇഷ്ടപ്പെട്ട കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം, നിരീക്ഷിക്കുക എന്നത് ജീവിതത്തിൻ്റെ താളത്തിൽ മുഴുകുക, മനുഷ്യബന്ധത്തിൻ്റെ ഈണത്തിൽ നൃത്തം ചെയ്യുക എന്നാണ്. മനുഷ്യാത്മാവിൻ്റെ വിശാലത, മനുഷ്യഹൃദയത്തിൻ്റെ പ്രതിരോധശേഷി, നമ്മുടെ ഉള്ളിലെ സ്നേഹത്തിനും അനുകമ്പയ്ക്കുമുള്ള അനന്തമായ കഴിവ് എന്നിവയുടെ  ഓർമ്മപ്പെടുത്തലാണിത്. 

ഇത്രയൊക്കെ ചിന്തിക്കുമ്പോഴേക്കും റിസപ്ഷനു മുന്നിലെ കാത്തുനില്പ് അവസാനിച്ചു, എൻ്റെ നിരീക്ഷണവും.  റിസപ്ഷനിസ്റ്റിന് ഇംഗ്ലീഷ് അറിയാം, അവൾ എൻ്റെ പാസ്‌പോർട്ടും ഹോട്ടൽ ബുക്കിംഗ് സ്ഥിരീകരണവും ആവശ്യപ്പെട്ടു. ചെക്ക് ഇൻ പ്രൊസീജിയർ പൂർത്തിയാക്കിയതോടെ അവൾ മുറിയുടെ താക്കേൽ തന്നു, ഞാൻ ലഗേജും എടുത്ത് മുറിയിലേക്ക് കയറി. എന്നിട്ട് ആദ്യം ആ ഷൂസ് ഊരിമാറ്റി; സത്യം അതൊരു വലിയ ആശ്വാസമായിരുന്നു.  ദീർഘദൂര വിമാനയാത്രകളിൽ സാധാരണയായി സംഭവിക്കുന്നതുപോലെ എൻ്റെ കാലുകൾ വീർത്ത് ചുവന്നിരുന്നു. ഇനിയൊരു കുളി, പിന്നെ ഉറക്കം. ചെക്ക് ഇൻ ചെയ്യുമ്പോൾ തന്നെ പ്രഭാതഭക്ഷണ സമയവും എയർപോർട്ടിലേക്കുള്ള ബസ് ഷെഡ്യൂളുകളും ഞാൻ ചോദിച്ചുവെച്ചിരുന്നു.  ടോക്കിയോയിലേക്ക് ആണെനിക്ക് പിറ്റേന്ന് പോകേണ്ടത്. ഞാൻ അലാറം വെച്ചിട്ട് ഉറങ്ങാൻ കിടന്നു.

അടുത്ത ദിവസം ഞാൻ അലാറം കേട്ടാണ് ഉണർന്നത്. സത്യം, ആ ഫോൺ എവിടേക്കെങ്കിലും വലിച്ചെറിയാനാണ് തോന്നിയത്. കുറച്ചു നേരത്തെ ശ്രമത്തിനു ശേഷം ഒരുവിധം ഞാൻ കണ്ണു തുറന്നു. “ഞാൻ എവിടെയാണ്?” എൻ്റെ വീട്ടിൽ അല്ല! ഒരു നിമിഷത്തെ വിഭ്രമം പെട്ടെന്നു മാറിക്കിട്ടി, ഞാൻ ജപ്പാനിലാണ്. ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി. കെട്ടിടങ്ങൾ, ചെറിയ കാറുകൾ, അതെ, ശരിക്കും ജാപ്പനീസ് വഴി. മുകളിൽ, ആകാശത്തു മേഘങ്ങൾ കനത്തു തൂങ്ങിക്കിടക്കുന്നു, ചാരനിറത്തിലുള്ള ഒരു ടേപ്പ്സ്ട്രി ചക്രവാളത്തിൽ ഒരു പട്ട് മൂടുപടം പോലെ നീണ്ടുകിടക്കുന്നു. എന്നിട്ടും ആ മങ്ങിയ ആവരണത്തിനുള്ളിൽ ഒരു മറഞ്ഞിരിക്കുന്ന സൗന്ദര്യം കണ്ടെടുക്കാം: നിഗൂഢതകൾ മന്ത്രിക്കുന്ന ശാന്ത ഗംഭീരമായ കാഴ്ച!

ഇനി യാത്ര ആസൂത്രണം ചെയ്യണം.  ഞാൻ പല്ല് തേച്ച് പ്രഭാതഭക്ഷണത്തിന് തയ്യാറായി.  ബ്രേക്ക്ഫാസ്റ്റ് ലോഞ്ചിലേക്ക് ഇറങ്ങി. അവിടെ ഒരു ജാപ്പനീസ് യുവതി എന്നെ സ്വാഗതം ചെയ്തു.  അവൾ എൻ്റെ റൂം നമ്പർ പരിശോധിച്ചു. അതിനു ശേഷം  ഞാൻ ബ്രേക്ക്ഫാസ്റ്റ് ഏരിയയിൽ കയറാൻ ഒരുങ്ങിയപ്പോൾ പുറകിൽ നിന്ന് ആരോ എന്നെ വിളിച്ചു “ഹേ മിസ്റ്റർ” “ഹേ മിസ്റ്റർ വെയിറ്റ്” ഞാൻ തിരിഞ്ഞു; ഒരു ഹോട്ടൽ ജീവനക്കാരൻ എന്നെ സമീപിച്ച് അവിടേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. അയാൾ എൻ്റെ കാലിലേക്ക് ചൂണ്ടി പറഞ്ഞു, ഈ  ഷൂസ് ധരിച്ച് അകത്തേക്ക് പ്രവേശിക്കാനാകില്ല. ഞാൻ എൻ്റെ കാലുകളിലേക്ക് നോക്കി, ഹോട്ടലിൽ നിന്നും നൽകിയ ഡിസ്പോസിബിൾ സ്ലിപ്പറുകൾ ആണ് ഞാൻ ധരിച്ചിരുന്നത്, അത് അവിടെ അനുവദനീയമല്ലെന്നാണയാൾ പറയുന്നത്. എന്നാൽ അതേക്കുറിച്ച് സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു. ഞാൻ ക്ഷമ പറഞ്ഞ് ആ ചപ്പൽ മാറി ഷൂ ധരിക്കാൻ എൻ്റെ മുറിയിലേക്ക് തന്നെ മടങ്ങി. വിശപ്പും, ഒപ്പം അപമാനിക്കപ്പെട്ട തോന്നലും എൻ്റെ ഉള്ളിൽ പുകഞ്ഞു. എന്നിരുന്നാലും, ഞാനത് അവഗണിക്കാനും  മനസ്സിനെ ശാന്തമാക്കാനും ശ്രമിച്ചു.  ഷൂസ് ധരിച്ച് ഞാൻ പ്രാതലിന് വീണ്ടും ഇറങ്ങി. അവർ വീണ്ടും എൻ്റെ റൂം നമ്പർ പരിശോധിച്ച് എന്നെ അകത്തേക്ക് കടത്തി. അവിടെ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ ഇടകലർന്നിരുന്നു. ഏഷ്യക്കാർ, യൂറോപ്യന്മാർ അങ്ങനെ, എല്ലാവരും അവിടെ ഉണ്ടായിരുന്നു. എന്നിട്ടും അവിടം വളരെ ശാന്തമായിരുന്നു. ഞാനും ശാന്തനായി. തിടുക്കം കൂട്ടാതെ ഒരു സുഖപ്രദമായ ഇരിപ്പിടം കണ്ടെത്തി അവിടെ ഞാനിരുന്നു. അപ്പോഴുണ്ട്, ഒരാൾ എൻ്റെ അടുത്ത് വരുന്നു, അവൾ വന്ന് എൻ്റെ റൂം നമ്പർ ചോദിച്ചു. വീണ്ടും ഇതെന്താണ് ഇങ്ങനെ?  സത്യം എനിക്കല്പം അസ്വസ്ഥത തോന്നിത്തുടങ്ങി. അവൾ കാര്യം വിശദീകരിച്ചു. ഞാൻ ഇരുന്നത് രണ്ടു പേർക്ക് ഇരിക്കാൻ വേണ്ടി സജ്ജീകരിച്ചിരിക്കുന്ന ഇടത്താണ്. എന്നാൽ ഞാൻ ഒറ്റയ്ക്കാണ് അവിടെ താമസിക്കുന്നത്. തനിച്ചാണെങ്കിൽ അതിനായി സജ്ജീകരിച്ചിരിക്കുന്നിടത്തിരുന്നേ ഭക്ഷണം കഴിക്കാനാകു. അവൾ ഹോട്ടലിൻ്റെ നിയമമാണ് പറയുന്നത്. ഞാൻ അസ്വസ്ഥനാകുന്നതിൽ കാര്യമില്ല. ഞാൻ അവൾ പറഞ്ഞ സ്ഥലത്തേക്ക് മാറി. അതു തികച്ചും നന്നായി. കാരണം, അതിശയകരമെന്നു പറയട്ടെ, അവിടെ നിന്നുള്ള കാഴ്ച മനോഹരമായിരുന്നു. ഒരു മുളങ്കൂട്ടവും; ഒരു ചെറിയ പൂന്തോട്ടവും അതിരിടുന്ന ഭാഗമായിരുന്നു അത്.  എനിക്ക് സന്തോഷം തോന്നി. വേഗം പ്രഭാതഭക്ഷണം കഴിച്ച് മുറിയിലേക്കു മടങ്ങി. ഇനി എയർപോർട്ടിൽ തിരിച്ചെത്തി അവിടെയുള്ള സ്റ്റേഷനിൽ നിന്നും ടോക്കിയോയിലേക്ക് ട്രെയിൻ പിടിക്കണം.

 ആദ്യം എയർപോർട്ടിലേക്കുള്ള ബസ്സിൻ്റെ സമയം ചോദിച്ചു. എയർപോർട്ടിലെത്താൻ എനിക്കറിയേണ്ടതെല്ലാം വിശദീകരിക്കുന്ന ഒരു ചെറിയ,  പേപ്പർ റിസപ്ഷനിൽ നിന്നും നൽകിയിട്ടുണ്ട്, ബസ് വരാൻ ഹോട്ടലിന് മുന്നിൽ കാത്തിരിക്കാൻ റിസപ്ഷൻ എന്നോട് ആവശ്യപ്പെട്ടു. എയർപോർട്ടിലേക്കുള്ള അടുത്ത ബസ് ഷെഡ്യൂളിന്  ഇനിയും ഇരുപത് മിനിറ്റ് കൂടി ഉണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബസ് വന്നു നിന്നു. ഡ്രൈവർ എൻ്റെ അടുത്ത് വന്ന് എൻ്റെ രണ്ട് ലഗേജുകളും ബസിൽ കയറ്റാൻ സഹായിച്ചു. ബാഗുകൾ കയറ്റിയ ശേഷം ഞാൻ ബസിനുള്ളിൽ കയറി; കുറച്ച് സമയത്തിനുള്ളിൽ ബസ് നിറയെ യാത്രക്കാരായി. ഞങ്ങൾ വിമാനത്താവളത്തിലേക്ക് നീങ്ങാൻ തുടങ്ങി. എന്നെ അത്ഭുതപ്പെടുത്തിയത് സമയമാണ്. ഹോട്ടൽ റിസപ്ഷൻ എനിക്ക് കൈമാറിയ ഷെഡ്യൂളിൽ സൂചിപ്പിച്ച അതേ സെക്കൻഡിൽ ഞങ്ങൾ കൃത്യം യാത്ര തുടങ്ങി. സമയത്തിനു വില കല്പിക്കുന്ന  ആളുകളെ ഞാൻ സ്നേഹിക്കുന്നു; നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഘടകങ്ങളിലൊന്നാണ് സമയം. ഓരോ നിമിഷവും അതിനുള്ളിൽ അനന്തമായ സാധ്യതകൾ ഉൾക്കൊള്ളുന്നു. നമ്മുടെ വിധി രൂപപ്പെടുത്താനും അസ്തിത്വത്തിൻ്റെ ക്യാൻവാസിൽ സ്വന്തം കഥ എഴുതാനുമുള്ള അവസരം അതൊരുക്കിത്തരുന്നു. സമയമെന്നത് അനാവശ്യമായി ചെലവഴിക്കാനുള്ള ഒരു ചരക്കല്ല, മറിച്ച് വിലമതിക്കപ്പെടേണ്ട ഒരു സമ്മാനമാണ്, നമ്മുടെ ജീവിതത്തിൻ്റെ മാസ്റ്റർപീസ് വരയ്ക്കാൻ കഴിയുന്ന ഒരു ക്യാൻവാസാണ് അത്.

ബസ് നീങ്ങാൻ തുടങ്ങി. ബസിൻ്റെ ജാലകത്തിലൂടെ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു, അസ്തിത്വത്തിൻ്റെ ക്ഷണികമായ സ്വഭാവത്തെക്കുറിച്ചാണ് അപ്പാൾ ഞാൻ ഓർമ്മിച്ചത്.  സമയത്തിൻ്റെയും സ്ഥലത്തിൻ്റെയും ശാശ്വത പ്രവാഹമാണ് നമുക്കു ചുറ്റും.. ഒരു പുസ്തകത്തിലെ പേജുകൾ പോലെ ഭൂപ്രകൃതി എനിക്ക് മുന്നിൽ വികസിക്കുന്ന കാഴ്ച, കടന്നുപോകുന്ന ഓരോ നിമിഷവും ജീവിതത്തിൻ്റെ വികസിക്കുന്ന ആഖ്യാനത്തിലെ ഓരോ അധ്യായമാണ്. ഭൂമിയുടെ മനോഹാരിതയ്ക്കും, മുന്നോട്ടുള്ള യാത്രയ്ക്കും, ജീവിതത്തിൽ വിലമതിക്കുന്ന ബന്ധത്തിൻ്റെ ക്ഷണിക നിമിഷങ്ങൾക്കുമായി അഗാധമായ നന്ദി ബോധം എന്നിൽ നിറഞ്ഞു. 

ഞങ്ങൾ എയർപോർട്ടിൽ എത്തി. ഞാൻ ബസിൽ നിന്ന് ഇറങ്ങി; ഡ്രൈവർ ബാഗുകളുമായി യാത്രക്കാരെ സഹായിക്കുന്ന തിരക്കിലായിരുന്നു. ഞാൻ എൻ്റെ ഊഴത്തിനായി കാത്തിരുന്നു, കുറച്ച് സമയത്തിനുള്ളിൽ ഡ്രൈവർ എനിക്ക് ബാഗുകൾ തന്നു. ഞാൻ നന്ദി പറഞ്ഞു, അവൻ പുഞ്ചിരിച്ചു. ഇനി റെയിൽവേ സ്റ്റേഷൻ കണ്ടെത്തുകയാണ് അടുത്ത വെല്ലുവിളി. ഞാൻ ചിലരോട് വഴി ചോദിച്ചു, പിന്നെ സൈനേജ് കണ്ടെത്തി ആ ദിശയിലേക്ക് നടന്നു.  റെയിൽവേ സ്റ്റേഷനിലെത്തി ടോക്കിയോയിലേക്കുള്ള ടിക്കറ്റ് വാങ്ങി. നരിറ്റ എയർപോർട്ട് ടെർമിനൽ 2·3 സ്റ്റേഷനിൽ നിന്ന് ടോക്കിയോ സ്റ്റേഷനിലേക്ക് ഓരോ 30 മിനിറ്റിലും ഒരു നരിത എക്സ്പ്രസ് ട്രെയിൻ ഓടുന്നുണ്ട്. മൊത്തം യാത്രാസമയം ഏകദേശം 45-55 മിനിറ്റാണ്. ഒടുവിൽ ഞാൻ ട്രെയിനിൽ കയറി അവിടെ ഒരു ലഗേജ് കമ്പാർട്ടുമെൻ്റുണ്ട്, അവിടെ ലഗേജ് സൂക്ഷിക്കുകയും യാത്രക്കാർ സീറ്റുകളിലേക്ക് മാറുകയും വേണം. ജനലിനോട് ചേർന്ന്  ഒരു സീറ്റ് എനിക്ക് കിട്ടി. എൻ്റെ അടുത്തുള്ള സീറ്റുകൾ ഇപ്പോഴും കാലിയാണ്. എന്നാൽ യാത്രക്കാരെക്കൊണ്ട് സീറ്റുകൾ നിറയാൻ അധികം സമയം വേണ്ടിവന്നില്ല. എൻ്റെ അടുത്ത് രണ്ടു വെളുത്ത വർഗക്കാരായ സ്ത്രീകൾ വന്നിരുന്നു. ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോൾ, ഞാൻ ചുറ്റും നോക്കി, ട്രെയിൻ നിറഞ്ഞിരിക്കുന്നു!. എൻ്റെ അടുത്തിരുന്ന സ്ത്രീകൾ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: “നിങ്ങൾ എവിടെ നിന്നാണ് വരുന്നത്?”

ഞാൻ ദുബായിൽ നിന്ന് എന്നു പറഞ്ഞു, ദുബായ് എന്നു കേട്ടപ്പോൾ അവളുടെ മുഖം വിടർന്നു.അവൾ പറഞ്ഞു, എനിക്ക് അവിടെ പോകാൻ വലിയ ആഗ്രഹമുണ്ട്, പക്ഷേ ഇതുവരെ അത് സാധിച്ചില്ല.  ഞങ്ങൾ സംസാരം തുടർന്നു. അവളുടെ നാട് കാനഡയാണ്, പേര് എമ്മ. യൗവനത്തിൻ്റെ ആരംഭത്തിലെ നിഷ്കളങ്കത തുളുമ്പുന്ന മുഖത്തിൻ്റെ ഫ്രെയിമിൽ അവൾ  പ്രസന്നതയുടെ ഒരു കാഴ്ചയായി എനിക്കു മുന്നിൽ തെളിഞ്ഞു നിന്നു. വേനൽക്കാലത്തെ പ്രസന്നമായ ആകാശത്തെ പ്രതിഫലിപ്പിക്കുന്ന നീല നിറത്തിലുള്ള അവളുടെ കണ്ണുകൾ, ജിജ്ഞാസയും കുസൃതിയും കൊണ്ട് തിളങ്ങി. അവൾ കാനഡയിൽ നിന്ന് എക്‌സ്‌ചേഞ്ച് വിദ്യാർത്ഥിയായി ജപ്പാനിലെത്തിയതാണ്. ഇനി എമ്മ ആറ് മാസത്തോളം ജപ്പാനിലായിരിക്കും. ഞങ്ങൾ പരസ്പരം ഒരുപാട് സംസാരിച്ചു. ജപ്പാനെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ധാരാളം കാര്യങ്ങൾ അവൾ പറഞ്ഞു തന്നു. യാത്രയുടെ തുടക്കത്തിൽ തീർത്തും അപരിചിതയായ അവൾ ഇപ്പോൾ ജപ്പാനിൽ എനിക്കറിയാവുന്ന ഏക വ്യക്തിയാണ്. ഓരോ കഥ പങ്കുവയ്ക്കുമ്പോഴും, ഓരോ ചിരി പങ്കുവെക്കുമ്പോഴും, എൻ്റെ ഉള്ളം വികസിക്കുന്നതായി എനിക്ക് തോന്നി. എൻ്റെ സ്വന്തം വീക്ഷണത്തിൻ്റെ പരിധിക്കപ്പുറം മനുഷ്യാനുഭവത്തിൻ്റെ വിശാലത ഉൾക്കൊള്ളാൻ. അപരിചിതയുടെ വാക്കുകളിൽ, ഞാൻ ആശ്വാസവും അറിവും അഗാധമായ ഒരു ബോധവും കണ്ടെത്തി; വിശാലമായ ലോകത്തിൽ നമ്മൾ ഒരിക്കലും ഒറ്റയ്ക്കല്ല എന്ന ഓർമ്മപ്പെടുത്തലായിരുന്നു ആ പരിചയപ്പെടൽ.

ടോക്കിയോ നഗരത്തിലേക്ക് ട്രെയിൽ പ്രവേശിച്ചു. വേർപിരിയലിൻ്റെ നിമിഷം അടുത്തപ്പോൾ, എൻ്റെ ഹൃദയത്തിൽ കാരണമറിയാത്ത ഒരു സങ്കടം പൊന്തി വന്നു, കാരണം, അപരിചിതയായിട്ടും അവളുടെ സാന്നിധ്യത്തിൽ, ഞാൻ ഇതുവരെ അറിയാത്ത ആശ്വാസം  കണ്ടെത്തിയിരുന്നു. ഓരോ വാക്കു കൈമാറ്റം ചെയ്യുമ്പോഴും, സമയത്തിൻ്റെയും സ്ഥലത്തിൻ്റെയും അതിരുകൾക്കപ്പുറത്തുള്ള ഒരു ബന്ധം ഞങ്ങൾ കെട്ടിപ്പടുത്തിരുന്നു, അത് മുറിയുകയാണ്.

ട്രെയിൻ ടോക്കിയോ സ്റ്റേഷനിലെത്തി. ഞങ്ങൾ പരസ്പരം വിട പറഞ്ഞു. അവൾ നടന്നു മറയുന്നതു ഞാൻ നോക്കിനിൽക്കെ, എൻ്റെ ഹൃദയത്തിൽ  നൊമ്പരമലതല്ലി. ആ നിമിഷത്തിൻ്റെ ക്ഷണികമായ സൗന്ദര്യത്തെ മുറുകെ പിടിക്കാൻ, അവളുടെ സാന്നിധ്യത്തിൻ്റെ സത്ത ഓർമ്മയിലേക്ക് മങ്ങുന്നതിന് മുമ്പ് അത് അമർത്തിവയ്ക്കാനുള്ള അദമ്യമായ ആഗ്രഹം എന്നെ ഗ്രസിച്ചു.

ഒരു നിമിഷം!

അവളുടെ വിടവാങ്ങലിൽ, കാറ്റിൽ പറക്കുന്ന അവളുടെ തവിട്ടുനിറത്തിലുള്ള മുടിയുടെ ക്ഷണികമായ സൗന്ദര്യത്തിൽ ഞാൻ മുഗ്ദ്ധനായി. അടുത്ത നിമിഷം എൻ്റെ മനസ്സ് മന്ത്രിച്ചു, “ഉമേഷ് നിനക്ക് നിൻ്റെ യാത്രയുണ്ട്… നമുക്ക് യാത്ര തുടരാം”:  ഞാൻ മെല്ലെ ടോക്കിയോ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് നടന്നു.  ഇനിയാണ് എൻ്റെ യഥാർത്ഥ ജപ്പാൻ യാത്ര ആരംഭിക്കുക.

ഉമേഷ് ഗിരി സുരേന്ദ്ര പണിക്കർ എന്ന് മുഴുവൻ പേര്. ഉമേഷ് പണിക്കർ എന്നും അറിയപ്പെടുന്നു. അബുദാബിയിൽ താമസം. ലോകം മുഴുവൻ കാൽനടയായി യാത്ര ചെയ്യാനും, പർവ്വതാരോഹണത്തിനും, ചുറ്റുമുള്ളവരുടെ ഉന്നമനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച ഒരാൾ. യാത്രയിലും സാഹസിക പ്രവർത്തനങ്ങളിലും ഏർപ്പെടുകയും, സ്വയം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുയും ചെയ്യുന്ന GlobalXplorers എന്നൊരു സ്ഥാപനം 2022-ൽ സ്ഥാപിച്ചു.