ഞാൻ പുറത്തേക്ക് നോക്കിക്കൊണ്ട്
ആകാശത്ത് പടക്കുതിരയോടുന്ന
കുളമ്പടി കേൾക്കുന്നു.
എന്റെ കാഞ്ഞവെയിലിലേക്ക്
അതിലിരുന്നൊരാൾ
മിന്നൽപ്പിണരമ്പുകളയക്കുന്നു.
മണങ്ങളും നിറങ്ങളും തമ്മിലുള്ള
ഗൂഢലോചനയ്ക്കു ശേഷം
എന്റെ വേനലിനു
ഓറഞ്ചു നിറത്തിലുള്ള
കൈതച്ചക്ക മണമാണ്.
എന്റെ നഖങ്ങളിൽ വിരിയുന്ന
പനീർപ്പൂക്കളെ ഞാൻ
കാണുകയും കൊതിക്കുകയും ചെയ്യുന്നു.
എനിക്കവ അകലത്താണല്ലോ.
എന്റെ കൈകൾ തോക്കും
വിരലുകൾ തോക്കിൻ കുഴലുകളുമാണ്.
എന്റെ മുറിക്കകത്ത്
ഞാനൊരു വെരുകാണ്.
ഇതിനകത്ത്
മാറ്റാരുടെയൊക്കെയോ
പരമാനന്ദത്തിന്റെ
ചങ്ങലക്കിലുക്കമാണ് കേൾക്കുന്നത്.
നിർമ്മിക്കപ്പെട്ട സന്തോഷങ്ങൾ
നിർബന്ധിക്കപ്പെട്ട ആഘോഷങ്ങൾ
ചാർത്തപ്പെട്ട ജന്മസുകൃതങ്ങൾ
വാഴ്ത്തപ്പെടുന്ന പാരമ്പര്യങ്ങൾ
അനുവദിക്കപ്പെട്ട സ്വാതന്ത്ര്യങ്ങൾ
വലിച്ചിഴക്കപ്പെട്ട യാത്രകൾ
ഉടുപ്പിക്കപ്പെടുകയും
ഉരിഞ്ഞെറിയപ്പെടുകയും
ചെയ്ത കുപ്പായങ്ങൾ
മുറിയിൽ കൂട്ടിയിട്ട് ഞാൻ
കത്തിച്ചു കളയുന്നു.
എന്നിട്ടും എന്റെ വേനലിനു
പഴുത്ത ഓറഞ്ചു നിറമുള്ള
കൈതച്ചക്ക നിറമാണ്.
കണ്ണിലെ തിളച്ച എണ്ണയിൽ
ചുട്ടെടുക്കപ്പെട്ട
കരിഞ്ഞ അപ്പങ്ങളിൽ
അവസാനത്തെ അത്താഴത്തിൽ
ബാക്കിയായ ഒന്ന്
ഒളിച്ചു വെച്ച് ഞാൻ കാക്കക്ക്
കൊടുക്കുന്നു.
ശബ്ദത്തിലും നിശബ്ദതയിലും
ഇരുട്ടിലും വെളിച്ചത്തിലും മാത്രം
ഉറക്കപ്പെടുകയും ഉണർത്തപ്പെടുകയും
ചെയ്യുന്ന എന്റെ തലയിണകൾക്ക്
പഴുത്ത ഓറഞ്ചു നിറമുള്ള
കൈതച്ചക്ക മണമാണ്.
ഞാൻ കട്ടിലിൽ ഇരിക്കുമ്പോൾ
എന്റെ നേർക്ക് ആളുകളവരുടെ
സന്താപങ്ങളെ
സന്തോഷങ്ങളെ
ആഘോഷങ്ങളെ
പാരമ്പര്യങ്ങളെ
കുപ്പായങ്ങളെ വലിച്ചെറിയുന്നു
കെട്ടുപോകുന്നു,
എന്റെ തലയിലെ തീ
ഇവയെല്ലാം ഞാനെങ്ങനെ പിന്നെയും
കരിച്ചുകളയണമെന്നാണ്?
ആളുകളിഴഞ്ഞിറങ്ങി
പഴുക്കപ്പെട്ട പുണ്ണിന് മരുന്നില്ലെന്ന്
എന്റെ കഴുത്തിലെ
എപ്പഴും നനഞ്ഞൊരു തോർത്ത്
അയലിലേക്ക് മടങ്ങും മുൻപ് പറയുന്നു.
ഞാൻ കത്തെഴുതാൻ തുടങ്ങി,
“പ്രിയങ്കരങ്ങളായ
വെടിയൊച്ചകളുടെ നാദമുള്ള സംഗീതജ്ഞരും
വിരുന്നുകാരുമായ കിളികളെ
കൈതച്ചക്ക മണവും ഓറഞ്ചു നിറവുമുള്ള
വെയിലിനെ കൊത്തിത്തിന്നുന്ന
ദേശാടനപ്പക്ഷികളേ
നിങ്ങളറിയുവാനായി അശേഷo
ലജ്ജയില്ലാതെ വീണ്ടുമെഴുതുന്നു ഞാൻ,
എന്തെന്നാൽ…”
കത്തുകൾ
തിരഞ്ഞെടുക്കപ്പെടാതെ
തിരിച്ചയക്കപ്പെടുന്ന കവിതകൾപോലെ
നിർലോഭം എന്റെ മടിയിൽ
മയങ്ങിക്കിടക്കുന്നു
അവരുടെ മൃതദേഹത്തിന്
യാത്രയുടെ മുഷിപ്പൻ മരിപ്പിന്റെ
മണമായിരുന്നു.
എന്റെ മുറിക്കകം മുഴുവൻ
അടക്കം ചെയ്യപ്പെടാത്ത
കത്തുകളുടെ ആത്മാക്കൾ
മഴനനഞ്ഞു കൊണ്ട് നിൽക്കുന്നു
ഇതിലേതാണെന്റെ
ആത്മാവുള്ള കവിതയെന്ന്
തിരഞ്ഞു കൊണ്ട് ഞാൻ
തോക്കിൻ കുഴൽരൂപമുള്ള വിരലുകൾ
കൊണ്ടവയെ തൊട്ടു നോക്കുന്നു.
കുട്രൂ…കുട്രൂ പക്ഷികൾക്ക്
എന്റെ വിരലുകളിലിരുന്ന് ബോറടിക്കുന്നു
അവർക്ക് കഴുകന്മാരുടെ കൊക്കുകളാണ്
മനുഷ്യന്റെ കണ്ണുകളും
കാത്തിരിപ്പിൽ പൂച്ചയുടെ ക്ഷമയും
ഇരക്കുമേൽ വിനോദവും
അവയ്ക്ക് കാണാം.
അവരെന്റെ വസന്തത്തിലെ
വിരൽപൂക്കളുടെ കൊമ്പൊടിക്കുന്നു.
മഴതോർന്ന സന്ധ്യാനേരത്ത്
വെയിലിറങ്ങിപ്പോകുമ്പോൾ
ഈ മുറിയിലേക്കാരാണ്
പടിഞ്ഞാറൻ പവിഴപ്പുറ്റിറങ്ങി
പാമ്പുകൾ കോട്ടുവായിടും നേരംനോക്കി
മണംപരക്കുന്ന ഇടവഴികളെ
വെട്ടിക്കൊടുക്കുന്നത്?.
എന്റെ തീവേനലുകൾ
ഓറഞ്ചു നിറവും
പഴുത്ത കൈതച്ചക്ക മണവുമുള്ള
കൈതമുള്ളുകളായിരുന്നു.
പവനൻ ഗതിവിഗതികളുടെ ധൃതിയിൽ
മുടിക്കൂനകൾ മുറത്തിലിട്ട്
മുകളിലേക്ക് പാറ്റിയെടുക്കുന്നു
കൗമാരത്തിലെ
നരച്ചമുടിയിഴകൾ മാത്രം പാറുന്നു.
നരച്ചമുടികളാണ് വികൃതികൾ
ഇനി വയസ്സറിയിക്കില്ലെന്ന സധൈര്യം
അവരുടെ വ്യഗ്രമാർന്ന ചുവടുകളിലുണ്ട്.
അവയെല്ലാമെന്റെയുള്ളിൽ
മൃതിപ്പെട്ട കാമുകരുടെ നഗരത്തിലെ
പ്രേതഭവനങ്ങളിലേക്ക് പറന്നു പോകുന്നു.
അവരുടെ അടുക്കളകളിലെ
കഞ്ഞിക്കലങ്ങളിലവ പറ്റിപിടിക്കുമ്പോൾ
എത്രപേര് പട്ടിണി കിടക്കും.
അവരുടെ വീട്ടുകാരികൾ
ഇത്രയും ഭംഗിയാർന്ന
നീണ്ട നരച്ച മുടിയുള്ള കാമുകിയാരെന്ന്
അവരോട് ഒച്ച വെക്കും.
ഞാനപ്പോൾ കണ്ണിൽ നിന്നും
ഉപ്പുപരലുകൾ പെറുക്കി വെച്ച്
കഞ്ഞിയിലേക്കിടും മുന്നെ
എണ്ണാൻ തുടങ്ങും,
ഒന്ന് രണ്ട് മൂന്ന്…
ഏത് സംഖ്യയിൽ വെച്ച്
അവരുടെ അടുക്കളയിലെന്റെ
നരച്ചമുടികൾ പൊഴിഞ്ഞു തീരും.
എന്റെ വേനൽ മരിച്ച ഋതുവാണ്
ഓറഞ്ചു നിറമുള്ള മരണം.
കൈതച്ചക്ക മണമുള്ള പകലിനെ ഞാൻ
മുഴുവനായി കഴിച്ചു തീർത്തു,
സൂര്യനെ വിഴുങ്ങാനാഞ്ഞ
മർക്കടത്തെപ്പോലെ.
എന്റെ വിരലുകളിൽ കിടന്ന്
കൂട്രൂ കൂട്രൂ പക്ഷികൾ മുട്ടയിട്ട്
തോക്കിൻകുഴലുകളടഞ്ഞു.
ഞാനിപ്പോൾ
മുറിക്ക് പുറത്തിറങ്ങിയ വെരുകാണ്.
ഞാൻ, നല്ല മണമുള്ള
നെയ്യപ്പമുണ്ടാക്കുന്നു,
എനിക്ക്.
ഞാനെന്റെ സ്വാതന്ത്ര്യത്തിൽ
ആഘോഷിച്ച്
ആനന്ദിച്ച്
യാത്രചെയ്യുന്നു,
എനിക്ക്.
ചെവിയോർത്ത് കേൾക്കൂ,
എന്റെ കാലുകളിലിപ്പോൾ
എന്റേതായ പരമാനന്ദത്തിന്റെ
ചങ്ങലക്കിലുക്കമാണ് നിങ്ങൾക്ക്
കേൾക്കാൻ കഴിയുക..