ചെർണോബിൽ സംഭവത്തെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോകൾ നോക്കിയാണ് ഞാൻ രാത്രി ഏറെയും ചെലവഴിച്ചത്. അതു കണ്ടു കഴിഞ്ഞപ്പോൾ എന്റെ ആവേശം വർദ്ധിച്ചു. എത്രയും വേഗം അവിടെ എത്താൻ കൊതിച്ചു. യാത്രയ്ക്കായി ഏർപ്പാടു ചെയ്ത ഡ്രൈവർ അതിരാവിലെ എത്തി, ടൂർ ഓപ്പറേറ്റർ അറേഞ്ച് ചെയ്തിട്ടുള്ള ബസ്സിനായി കാത്തിരിക്കേണ്ട സ്ഥലത്ത് എന്നെ ഇറക്കി. പതിനാറു സീറ്റ് ഉള്ള ഒരു ചെറിയ ബസ്സാണത്. ബസ്സ് വന്നു. ഞങ്ങൾ എല്ലാവരും അതിനുള്ളിൽ കയറി. രജിസ്ട്രേഷൻ പ്രക്രിയ ലളിതമാണ്. പാസ്‌പോർട്ട് ഗൈഡ് ആവശ്യപ്പെട്ടു. ബസ്സിൽ നമ്മൾക്ക് ഇഷ്ടമുള്ളിടത്ത് ഇരിക്കാൻ സീറ്റ് തിരഞ്ഞെടുക്കാം. ടൂർ ഗൈഡ് നല്ല ഇംഗ്ലീഷ് സംസാരിക്കുകയും റേഡിയേഷനുകൾ, എക്സ്-റേ മുതലായവയെ കുറിച്ചുള്ള അടിസ്ഥാന മാർഗ്ഗനിർദ്ദേശങ്ങളും ചെർണോബിലിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും ഞങ്ങൾക്ക് പറഞ്ഞുതന്നു. നാല് മണിക്കൂറിലധികം സമയമെടുത്ത ദീർഘദൂര യാത്രയായിരുന്നു അത്. എങ്കിലും അത് സുഖകരവും രസകരവുമായിരുന്നു.
ചെർണോബിൽ നിരവധി നിഗൂഢതകളുള്ള ഒരു നാടാണ്. ഉക്രെയ്നിലെ കീവ് ഒബ്ലാസ്റ്റിലെ ഒരു നഗരമാണ് ചെർണോബിൽ. ചെർണോബിലിന് ആമുഖം ആവശ്യമില്ല.
ചെർണോബിലിൻ്റെ കഥ ഇങ്ങനെ ചുരുക്കാം, 1986 ഏപ്രിൽ 26 ന്, പ്രാദേശിക സമയം കൃത്യം 1:23:40 ന്, യു.എസ്.എസ്.ആറിന്റെ ഭാഗമായിരുന്ന യുക്രൈനിൽ സ്ഥിതി ചെയ്യുന്ന ചെർണോബിൽ പവർ പ്ലാന്റ് റിയാക്ടർ #4 പൊട്ടിത്തെറിച്ചു. വൈദ്യുതോർജ്ജം തടസ്സപ്പെടുന്ന സമയത്ത് ഒരു സുരക്ഷാ നടപടിക്രമം വികസിപ്പിക്കാൻ സഹായിക്കുമെന്ന് കരുതിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്. ചെർണോബിൽ പവർ പ്ലാന്റിന്റെ വടക്ക് ഭാഗത്തുള്ള പവർ പ്ലാന്റ് തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും പാർപ്പിക്കാൻ നിർമ്മിച്ച ആധുനിക സോവിയറ്റ് നഗരമായ പ്രിപ്യാറ്റിനാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്. സ്ഫോടനം നടന്ന് 36 മണിക്കൂറിന് ശേഷം, സോവിയറ്റുകൾ പ്രിപ്യാറ്റിലെ 49,000 നിവാസികളെയും 10 കിലോമീറ്റർ പരിധിയിലുള്ള മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, അവർ എല്ലാ ജീവിതോപാധികളും ഉപേക്ഷിച്ച് നഗരം വിട്ട് പലായനം ചെയ്തു. സ്ഫോടനത്തിൽ നിന്നുള്ള റേഡിയേഷൻ തീവ്രത കുറയാതെ തുടർന്നുകൊണ്ടിരുന്നതിനാൽ ഒഴിപ്പിക്കൽ മേഖല 30 കിലോമീറ്ററായി ഉയർത്തി. ചെർണോബിൽ നഗരത്തിൽ നിന്ന് 60,000 നിവാസികളെയും പിന്നീട് ഒഴിപ്പിച്ചു. ദുരന്തത്തിന് തൊട്ടുപിന്നാലെ, വായുവിലേക്ക് പുറന്തള്ളുന്ന റേഡിയോ ആക്ടീവ് മലിനീകരണത്തിന്റെ അളവ് പരിമിതപ്പെടുത്തുന്നതിന് റിയാക്ടർ #4 സ്ഫോടന സ്ഥലത്ത് ഒരു ഭീമാകാരമായ കോൺക്രീറ്റ് സാർക്കോഫാഗസ് നിർമ്മിച്ചു.
ഗൈഡ് കഥ വിശദീകരിക്കുമ്പോൾ ഇതെല്ലാം മനസ്സിൽ സങ്കൽപ്പിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. ആ ദുരന്ത ഭൂമിയിൽ നിൽക്കുമ്പോൾ ജീവൻ പൊലിഞ്ഞു പോയവരുടെ നിലവിളിയും കരച്ചിലും വേദനയും നൊമ്പരമായി എന്നിൽപ്പടർന്നു.
ചെർണോബിലിലേക്കു പോകുന്ന ബസ്സ് വ്യത്യസ്ത ചെക്ക് പോസ്റ്റുകളിലൂടെ കടന്നു പോകേണ്ടതുണ്ട്. ചെർണോബിലിലെ ആദ്യ ചെക്ക്‌പോസ്റ്റിൽ, ബസിൽ നിന്ന് ഇറങ്ങി പാസ്‌പോർട്ട് പരിശോധിക്കാനും ടിക്കറ്റ് സ്കാൻ ചെയ്യാനും ഗാർഡ് വരുന്നത് വരെ കാത്തിരിക്കേണ്ടിവരും. ആ ദിവസം നടക്കുന്ന ഓരോ ടൂറിലും ഉള്ള സഞ്ചാരികളുടെ പാസ്‌പോർട്ട് ഓരോന്നായി പരിശോധിക്കേണ്ടതിനാൽ സാധാരണയായി ഇതിന് ഏകദേശം 15 മിനിറ്റ് എടുക്കും. പാസ്‌പോർട്ട് പരിശോധിച്ച ശേഷം, ഒരു റേഡിയേഷൻ ഡോസ് മീറ്റർ ഓരോരുത്തർക്കും നൽകും, അത് ഉപയോഗിച്ച്, ചെർണോബിലിൽ ചെലവിടുന്ന അത്രയും സമയം നമ്മളിൽ എത്രമാത്രം റേഡിയേഷൻ ശേഖരിക്കുന്നു എന്ന് ട്രാക്ക് ചെയ്യും. ടൂറിന്റെ അവസാനം അതിൻ്റെ ഫലം നമുക്കു കാണാൻ കഴിയും. ആ ചെക്ക് പോയിന്റിന് ശേഷം ചെർണോബിൽ നഗരത്തിലേക്കാണ് ബസ്സ് പോയത്.
1986ലെ ആണവദുരന്തത്തിൽ ആദ്യം ഒഴിപ്പിക്കപ്പെട്ട നഗരങ്ങളിലൊന്നാണ് ചെർണോബിൽ. സ്ഫോടനം നടന്ന് 30 മണിക്കൂറിന് ശേഷം ചെർണോബിൽ നഗരത്തിലെ 14,000-ത്തിലധികം നിവാസികളെ ഒഴിപ്പിച്ചു, ചെർണോബിൽ സിറ്റിയിൽ എത്തുമ്പോൾ, അതിന്റെ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാൻ കഴിയും.
ചെർണോബിൽ സന്ദർനത്തിൽ ആദ്യം കാണുക ഉപേക്ഷിക്കപ്പെട്ട നഗരമായ പ്രിപ്യാറ്റ് ആണ്. സ്ഫോടനം നടന്ന സ്ഥലം തന്നെ സന്ദർശിച്ച ശേഷം, 1986-ലെ ദുരന്തത്തിൽ ഏറ്റവും കൂടുതൽ ആഘാതം നേരിട്ട നഗരമായ പ്രിപ്യാറ്റിൽ ഞങ്ങളെ ഇറക്കി. ഇവിടെ നിന്നാണ് ടൂറിന്റെ ഏറ്റവും പ്രധാന ഭാഗം ആരംഭിക്കുന്നത്. സ്ക്വയറിൽ നിന്ന്, കാൽനടയായി ആ പ്രേതനഗരം കാണാം. അവിടെ ഉപേക്ഷിക്കപ്പെട്ട സൂപ്പർമാർക്കറ്റ്, ഒരു റെസ്റ്റോറന്റ്, സാംസ്കാരിക മന്ദിരമായ പാലസ് ഓഫ് എനർജെറ്റിക്സ് എന്നിവ നമുക്ക് കാണാം. ഈ ലൊക്കേഷനുകളെല്ലാം പൂർണമായും ഉപേക്ഷിക്കപ്പെടുകയും പ്രകൃതിയ്ക്ക് കീഴടങ്ങാൻ അവർ വിട്ടു കൊടുക്കുകയും ചെയ്തിരിക്കുകയാണ്. പാലസ് ഓഫ് കൾച്ചർ എനർജെറ്റിക്കിൽ നിന്ന് കെട്ടിടത്തിന് പിന്നിൽ ഒരു ഓപ്പണിംഗിലേക്ക് ഞങ്ങൾ നടന്നു. അവിടെ ഉപേക്ഷിക്കപ്പെട്ട ഐക്കണിക് പ്രിപ്യാറ്റ് ഫെറിസ് വീലും മറ്റ് അമ്യൂസ്‌മെന്റ് പാർക്ക് മെഷിനറികളും കണ്ടു. അമ്യൂസ്‌മെന്റ് പാർക്ക് യഥാർത്ഥത്തിൽ ദുരന്ത ദിവസം പ്രവർത്തനമാരംഭിച്ചിരുന്നില്ല. അത് 1986 മെയ് 1 ന് തുറക്കേണ്ടിയിരുന്നതാണ്, ചെർണോബിൽ ദുരന്തത്തിന് 4 ദിവസങ്ങൾക്ക് ശേഷം മാത്രം. അമ്യൂസ്‌മെന്റ് പാർക്കിൽ, 26 മീറ്റർ ഉയരമുള്ള ഫെറിസ് വീൽ, ബമ്പർ കാറുകൾ, സ്വിംഗ് ബോട്ടുകൾ, നിരവധി ഷൂട്ടിംഗ് ഗെയിമുകൾ എന്നിവയെല്ലാം ദുരന്തത്തിൻ്റെ ബാക്കിപത്രമായി ഇപ്പോഴും കാണാം.ഒരു ഉത്സവ സ്ഥലത്തെ നിറഞ്ഞ ആൾക്കൂട്ടം പൊടുന്നനെ അപ്രത്യക്ഷമാകുന്നതു ചിന്തിക്കാനാകുമോ? അതാണിപ്പോൾ ആ പാർക്ക്. അല്ല, ഇപ്പോൾ യുദ്ധം ഇങ്ങനെ നീണ്ടു നിൽക്കുമ്പോൾ എന്താകും അവിടെ അവശേഷിക്കുന്നുണ്ടാവുക?
തുടർന്നു ഞങ്ങൾ കണ്ടത് മിഡിൽ സ്കൂൾ നമ്പർ 3 ആയിരുന്നു. ഇത് ചെർണോബിൽ കാഴ്ചകളിൽ ഇന്നും മനസ്സിനെ മഥിക്കുന്ന ഒന്നാണ്. ഉപേക്ഷിക്കപ്പെട്ട പട്ടണമായ പ്രിപ്യാറ്റിലെ ഏറ്റവും ഭയാനകമായ സ്ഥലം മിഡിൽ സ്കൂൾ നമ്പർ 3 ന്റെ അവശിഷ്ടങ്ങളാണ് എന്നു പറയാം. ഗ്യാസ് മാസ്കുകളുടെ ശേഖരണത്തിന് ഇത് കുപ്രസിദ്ധമാണ്. അവയിൽ നൂറുകണക്കിന് എണ്ണം ഗ്യാസ് മാസ്കുകൾ ഒരു ക്ലാസ് മുറിയുടെ തറയിൽ ചിതറിക്കിടക്കുന്നു. മിക്ക സോവിയറ്റ് സ്കൂളുകളെയും പോലെ, ഇവിടെയും ആണവ, ജൈവ അല്ലെങ്കിൽ രാസ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ ഗ്യാസ് മാസ്കുകൾ സാധാരണമായിരുന്നു. യഥാർത്ഥ ദുരന്തത്തിനു മുന്നിൽ മുന്നൊരുക്കങ്ങൾ നിഷ്പ്രഭമായ കാഴ്ച!
ചെർണോബിൽ പവർ പ്ലാന്റിലേക്കുള്ള വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഒരു കിന്റർഗാർട്ടൻ കാണാം. ചെർണോബിലിന്റെ യഥാർത്ഥ വിചിത്രത നമ്മൾ അനുഭവിക്കാൻ തുടങ്ങുന്നത് ഇവിടെയാണ്. കിന്റർഗാർട്ടനിനുള്ളിൽ, ദുരന്തത്തിന് മുമ്പ് നഗരം എത്രത്തോളം ജീവനോടെ ഉണ്ടായിരുന്നിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്ന പാവകൾ, കളിപ്പാട്ടങ്ങൾ, കുട്ടികളുടെ കിടക്കകളുടെ ഫ്രെയിമുകൾ എന്നിങ്ങനെ പലായനം ചെയ്യുന്നവർ ഉപേക്ഷിച്ച അവശേഷിക്കുന്ന എല്ലാത്തരം കാര്യങ്ങളും ഇവിടെക്കാണാം. മറ്റൊരു കാഴ്ച ഉപേക്ഷിക്കപ്പെട്ട ആശുപത്രിയാണ്. ഈ വലിയ കെട്ടിടവും അതിലെ മെഡിക്കൽ ഉപകരണങ്ങളും ഏറെക്കുറെ കേടുകൂടാതെയിരിക്കുന്നു. എന്നിരുന്നാലും, ഈ മേഖലയിലെ ഏറ്റവും റേഡിയേഷൻ അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇതിന്റെ ബേസ്മെന്റ്. റിയാക്ടർ പൊട്ടിത്തെറിച്ച രാത്രിയിൽ ആദ്യം അതിൽ ഇരയായവരെ ചികിത്സിച്ചത് ഇവിടെയാണ്. അവരുടെ വിഷലിപ്തമായ വസ്ത്രങ്ങൾ ബേസ്മെന്റിലേക്ക് വലിച്ചെറിയുകയും മണൽ കൊണ്ടു മൂടുകയും ചെയ്തു.
അസൂർ നീന്തൽക്കുളമാണ് തുടർന്നു ഞങ്ങൾ കണ്ടത്. ദുരന്തത്തിന് ശേഷം 10 വർഷത്തിലേറെയായി 1998 വരെ നീന്തൽക്കുളം ഉപയോഗത്തിലുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ സ്ഫോടനത്തെ തുടർന്നുള്ള ആഘാതങ്ങൾ കുറയ്ക്കാനായി എത്തിയ സംഘത്തിൽപ്പെട്ടവരാണ് ഇത് ഉപയോഗിച്ചത്. സ്ഫോടനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ അളവ് പരിമിതപ്പെടുത്താൻ വിളിച്ച പ്രൊഫഷണലുകൾ ആയിരുന്നു അവർ. ഈ മേഖലയിലെ ഏറ്റവും വൃത്തിയുള്ള സ്ഥലങ്ങളിൽ ഒന്നായി ഈ നീന്തൽക്കുളം കണക്കാക്കപ്പെട്ടിരുന്നു. ഇന്ന് അത് പൂർണ്ണമായും ശൂന്യമാണ്, എന്നിരുന്നാലും ഡൈവിംഗ് പ്ലാറ്റ്ഫോം, ടൈമിംഗ് ക്ലോക്ക്, അടുത്തുള്ള ബാസ്കറ്റ്ബോൾ കോർട്ട് എന്നിവയെല്ലാം ഇന്നും അവശേഷിക്കുന്നു.
ദുഗ റഡാർ ആണ് ചെർണോബിലിൽ നമ്മൾ മറക്കാതെ കാണേണ്ട മറ്റൊരു കാഴ്ച. ചെർണോബിലിന് ചുറ്റുമുള്ള കാഴ്ചകൾക്കു ശേഷം, നമ്മളെ ഒരു വനത്തിലേക്ക് കൊണ്ടുപോകുകയും അവിടെ ഇറക്കിവിടുകയും ചെയ്യും, അത് ചെർണോബിലിലെ ഏറ്റവും വലിയ രഹസ്യ നിർമ്മിതിയിൽ ഒന്നായ ഡുഗ “വുഡ്പെക്കർ” റഡാർ എന്ന കാഴ്ചയിലേക്കുള്ള യാത്രയാണ്.
ദുഗ റഡാർ അല്ലെങ്കിൽ റഷ്യൻ “മരംകൊത്തി” സാധാരണയായി അറിയപ്പെട്ടിരുന്നത് സോവിയറ്റ് കാലഘട്ടത്തിലെ ഒരു മുൻകൂർ മുന്നറിയിപ്പ് മിസൈൽ പ്രതിരോധ സംവിധാനമായിരുന്നു. ശീതയുദ്ധത്തിന്റെ അവസാനത്തോട് അനുബന്ധിച്ച് 1989 ഡിസംബറിൽ ഈ ഭീമാകാരവും അതിശക്തവുമായ ഘടന ഡീകമ്മീഷൻ ചെയ്തു. യുഎസിൽ നിന്നുള്ള മിസൈൽ ആക്രമണം കണ്ടെത്തുന്നതിനായി നിർമ്മിച്ച മുൻകൂർ മുന്നറിയിപ്പ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ സോവിയറ്റ് ഓവർ-ദി-ഹൊറൈസൺ റഡാറായിരുന്നു ദുഗ റഡാർ. ഇത് വളരെ രഹസ്യമായിരുന്നതിനാൽ ദൂരെ നിന്ന് ആളുകൾ ഇത് കാണാതിരിക്കാൻ പ്രദേശത്തിന് ചുറ്റും ഉയരമുള്ള മരങ്ങൾ വളർത്തി കാഴ്ച മറച്ചിരുന്നു.
അടുത്തതായി കണ്ടത്, ദുരന്ത കേന്ദ്രമായ ചെർണോബിൽ ന്യൂക്ലിയർ പവർ പ്ലാന്റ് റിയാക്ടർ #4 ആണ്. അവിടെ ഗൈഡ് ഞങ്ങളെ ഒന്നിച്ചു നിർത്തുകയും സോവിയറ്റുകൾ ഈ പ്രദേശത്ത് എന്താണ് നിർമ്മിക്കാൻ പദ്ധതിയിട്ടതെന്ന് വിശദീകരിക്കുകയും ചെയ്തു. പ്രത്യക്ഷത്തിൽ, മുഴുവൻ സോവിയറ്റ് യൂണിയനിലേക്കും ആവശ്യമായ ഊർജ്ജം നൽകുന്നതിന് 10 റിയാക്ടറുകൾ നിർമ്മിക്കാൻ അവർ പദ്ധതിയിട്ടിരുന്നു. ദുരന്തം സംഭവിക്കുന്ന കാലഘട്ടത്തിൽ അവർ റിയാക്ടർ #4-ൽ നിന്ന് അധികം അകലെയല്ലാതെ അഞ്ചാമത്തേത് നിർമ്മിക്കുകയായിരുന്നു.
റോഡിൽ നിന്ന് നോക്കുമ്പോൾ റിയാക്ടർ #4 മൂടുന്ന പുതുതായി നിർമ്മിച്ച തടവറയും കാണാം. യൂറോപ്പിലെ നിരവധി രാജ്യങ്ങളുടെ സഹായത്തോടെ രാജ്യത്തെ ഏറ്റവും വലിയ മെഗാ പദ്ധതികളിലൊന്നായിരുന്നു ഇത്. റിയാക്ടർ # 4 ൽ ചെർണോബിൽ ഇരകൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു സ്മാരകത്തിന് മുന്നിലാണ് ഞങ്ങൾ പിന്നീട് എത്തിയത്. പൊടുന്നനെ എല്ലാം നഷ്ടമായ മനുഷ്യരുടെ വേദന അവിടെ വെച്ച് എന്നിലേക്കും തുളഞ്ഞു കയറി. ഇതൊരു മുഴുവൻ ദിവസത്തെ ടൂറായിരുന്നു, വൈകുന്നേരത്തോടെ കീവിലേക്ക് തിരികെ മടങ്ങി. ഞാൻ ഹോട്ടലിലേക്ക് മടങ്ങുമ്പോൾ എന്റെ മനസ്സ് നിറയെ ഞാൻ കണ്ടതും ഈ ദുരന്തത്തിലൂടെ കടന്നുപോയ ആളുകളുടെ ചിന്തകളുമായിരുന്നു. അവർ അനുഭവിച്ച വേദന എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.
രാത്രിയിൽ ഞാൻ ആ യാത്ര പോയതിൽ സന്തോഷിച്ചു. മാനവികതയെ നോക്കിക്കാണുന്ന രീതിയെ മാറ്റിമറിച്ച നിരവധി യാത്രകൾ ഞാൻ മുൻപു നടത്തിയിട്ടുണ്ട്. അതിനാൽ ഞാൻ നടത്തിയ യാത്രകളുടെ ലിസ്റ്റുകളിലേക്ക് ഈ ഒരു ദിനയാത്രയും ചേർക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു, ഈ കഥ എന്റെ മനസ്സിലും ഹൃദയത്തിലും ഇന്നും നിലനിൽക്കുന്നു. അന്നു രാത്രി, ചെർണോബിലിനെ കുറിച്ചുള്ള ചിന്തകളുമായി ഞാൻ ഉറങ്ങി. പിറ്റേന്ന് രാവിലെ പ്രഭാതഭക്ഷണ സമയത്ത് ഞാൻ എന്റെ മലയാളികളായ മൂന്ന് സുഹൃത്തുക്കളെയും കണ്ടു. എന്റെ അനുഭവവും ഞാൻ അവരോട് പറഞ്ഞു. അവരെല്ലാം ചെർണോബിൽ കാഴ്ചകളെക്കുറിച്ച് ആകാംക്ഷയോടെ കേട്ടു,