ഈ കടലിരമ്പം

“ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വഴിപിരിഞ്ഞ് പോകുന്ന പുകകള്‍ക്ക് വ്യത്യസ്തമായ ചില ധര്‍മ്മങ്ങള്‍ ഉണ്ട്. വികാരങ്ങളുടെ കലവറയായ ഹൃദയത്തിനുള്ളില്‍ വലം വെച്ച് പൂക്കള്‍ അര്‍പ്പിക്കുകയാണ് അതിലൊന്ന്. ഹൃദയത്തിലെത്തും മുമ്പ് തന്നെ ശ്വാസക്കുഴലില്‍ കുടുങ്ങി ദൗത്യം പൂര്‍ത്തിയാക്കാനാവാതെ ചുമയുടെ കൂടെക്കൂടി ചിലത് മടങ്ങിവരും.

തലച്ചോറില്‍ കുടുങ്ങുന്ന പുകക്കൂട്ടത്തിന് പക്ഷേ, ഒരിക്കലും മടങ്ങിവരാനാകില്ല. ഭാവനയുടെ കെണിയില്‍ അകപ്പെട്ട് അവ അവിടെത്തന്നെ സമാധിയടയും. തലച്ചോറിലാകെ മേഘങ്ങളെ പോലെ അലയുന്ന വെളുത്ത പുകയുടെ മുകളിലേറിയാണ് ഭാവന ചിറകുവിടര്‍ത്തി പറന്നു നടക്കുന്നത്. “

കടലില്‍ നിന്നുള്ള കാറ്റിനൊപ്പം പാറിപ്പറക്കുന്ന മുടിവശങ്ങളിലേക്ക് ഒതുക്കി വെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അവന്‍ അച്ചടി ഭാഷയിലുള്ള പ്രഭാഷണം നിര്‍ത്തി എന്നെ നോക്കി.
രൂക്ഷമായ നോട്ടം.

“നീ പ്രണയിച്ചിട്ടുണ്ടോ. ?”

നീളമുള്ള എണ്ണക്കറുപ്പന്‍ താടിയില്‍ നിന്ന് തെറിച്ചു നില്‍ക്കുന്ന ഒരു വെള്ളിരോമം കടല്‍ക്കാറ്റിനൊപ്പം പറന്നു പോകുമെന്ന് എനിക്കു തോന്നി. ഞാന്‍ ആ രോമത്തില്‍ മാത്രം ശ്രദ്ധിച്ചു കൊണ്ടു പറഞ്ഞു.

“ഇല്ല. “

“പൊട്ടന്‍. പ്രണയിക്കാത്ത നീയൊക്കെ മനുഷ്യനാണോടാ. ? “

“മനുഷ്യന്‍മാരെല്ലാം പ്രണയിക്കണമെന്ന് ആരാ പറഞ്ഞത്.? ” ക്ലീന്‍ ഷേവ് ചെയ്ത സ്വന്തം കവിളിലൂടെ വിരലൂകള്‍ തഴുകി ഞാന്‍ ചോദിച്ചു.

‘ഇത് തേഞ്ഞൊട്ടിയ പ്രണയത്തിന്റെ അവശിഷ്ടം തന്നെയാണ്. “
നിളമുള്ള താടിരോമങ്ങളിൽ തഴുകി അവൻ പറഞ്ഞു

“ഏതോ സുഗന്ധം, അതാണ് എനിക്ക് പ്രണയം. ഒരു പെര്‍ഫ്യൂം കമ്പനിക്കും ഒരിക്കലും നല്‍കാനാവാത്ത സുഗന്ധം. അതായിരുന്നു എന്റെ പ്രണയം. അവൾ എന്റേതാകില്ലെന്ന്‌ അറിയാമായിരുന്നു. എന്നിട്ടും സ്‌നേഹത്തിന്റെ ഇഴകൾ നെയ്ത് ഞാൻ അവൾക്ക് നീട്ടി.”
നാക്ക് മുറിച്ചിട്ടതു പോലെ അവന്റെ വാക്കുകള്‍ പൊടുന്നനെ നിലച്ചു.

ആ ചെറിയ മൗനത്തിനെ കുത്തി നോവിക്കാനെന്ന പോലെ എന്റെ വാക്കുകൾ സൂചിമുനകളുമായി പുറത്തുചാടി.

“ഇപ്പോള്‍, സുഗന്ധം പോയി. തൊണ്ട് ചീയാനിടുന്ന തോട്ടിലെ ദുര്‍ഗന്ധമായി മാറി അല്ലേ..? പ്രണയം നാറും. വെറുതേയല്ല നിനക്ക് കടപ്പുറത്തെ ഈ അഴുക്ക് നിറഞ്ഞ പാറക്കെട്ടുകളോട് ഇത്ര സ്‌നേഹം.. കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകയില്ലെന്ന് വയലാര്‍ പണ്ട് എഴുതിയിട്ടുണ്ട്. നിനക്ക് ഇപ്പോഴും പ്രണയിച്ച് മതിയായില്ലല്ലേ..? പൊട്ടന്‍, നീ തന്നെയാണ്. ചതിക്കുഴിയില്‍ വീഴാത്ത ഞാന്‍ ബുദ്ധിമാനും.”

എന്റെ വാക്കുകള്‍ അവന്റെ കരളിനുള്ളിലാണ് കുത്തിയതെന്നു തോന്നി. അല്പനേരം അവന്‍ മറുപടിയൊന്നും പറയാതെ മറുകര കാണാത്ത കടലിന്റെ ഏതോ ഭാഗത്തേക്ക് നോക്കിയിരുന്നു.. വലം കൈയിലെ വിരലുകളാല്‍ താടിരോമങ്ങളേയും തഴുകിയുള്ള ആ ഇരുപ്പിനിടെ ഒരു നീണ്ട മൗനം ഞങ്ങള്‍ക്കിരുവര്‍ക്കുമിടയില്‍ വലിയ കടല്‍ഭിത്തിപോലെ ഉയര്‍ന്നു നിന്നു.

വെള്ളം ദേഹത്ത് വന്ന് തട്ടാതിരിക്കാന്‍ കരയിലേക്ക് അല്പം കയറിയാണ് ഞങ്ങള്‍ ഇരുന്നതെങ്കിലും ആര്‍ത്തലച്ചുവന്ന ഒരു തിര എന്നേയും അവനേയും നനയിച്ചു. എഴുന്നേറ്റ് മാറാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ കൈയ്യില്‍ ബലമായി പിടിച്ച് അവന്‍ ഇരുത്തുകയായിരുന്നു.

“ഛെ.. ആകെ നനഞ്ഞല്ലോ.. ” ഞാന്‍ പറഞ്ഞു.

ചെരുപ്പകള്‍ അല്പം കൂടി പിന്നിലേക്ക് മാറ്റിയാണ് വെച്ചിരുന്നത്.

“ഭാഗ്യം. ചെരുപ്പ് നനഞ്ഞില്ല..ലെതര്‍ ചെരുപ്പ് നനഞ്ഞാലത്തെ അവസ്ഥ. വെയിലത്തു വെച്ചില്ലെങ്കില്‍ അവ നാറും. ഏതെങ്കിലും മൃഗത്തിന്റെ തൊലിയാണല്ലോ ഈ ലെതര്‍ ചെരുപ്പിന്റെ റോ മറ്റീരിയല്‍. “

ഞാന്‍ പറഞ്ഞതൊന്നും അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ലെന്ന് തോന്നുന്നു. ഒന്നിനും ഒരു മറുപടിയുമില്ല. ചക്രവാളത്തിലേക്ക് കുതിക്കുന്ന ചുവന്ന സൂര്യനിലാണ് അവന്റെ കണ്ണുകള്‍. കടല്‍പ്പക്ഷികള്‍ കരയുന്നതും തണുത്ത കാറ്റുവീശുന്നതും ഒന്നും അവന്‍ അറിയുന്നില്ല. വീണ്ടും വലിച്ചു നീട്ടിയെടുത്ത ഒരു പുകയുടെ കൂടെ ഓര്‍മകളുടെ അകത്തളങ്ങളില്‍ അവൻ എന്തോ തിരയുകയാണെന്ന് എനിക്കു തോന്നി.

“പ്രണയം. ഈ കടലുപോലെയാണ്. ഈ വെളിച്ചം പോലെയാണ്. പ്രണയം പ്രകൃതിയാണ്. കാറ്റടിക്കുന്നതു പോലെ .. ദാ ആ തെങ്ങ് കണ്ടോ. ഏതു നിമിഷവും തിരയുടെ നിര്‍ത്താതെയുള്ള തലോടലേറ്റ് അത് വീഴും. കടലിലേക്ക്.” പുകയല്ല, പുറത്തേക്ക് ചാടുന്നത് അവ്യവഹിതമായ അന്ത: പ്രജ്ഞയിലൂടെ ലഭിക്കുന്ന പ്ലേറ്റേണിക് തത്വചിന്തകളാണ്.

അവന്‍ എന്തെങ്കിലും പറഞ്ഞല്ലോ. ഞാന്‍ ആശ്വസിച്ചു. ഇനിയും മറുപടി പറയണോ അതോ അവന്റെ മൂഡ് കളയാതിരിക്കാന്‍ മിണ്ടാതെ ഇരിക്കണോ എന്നായിരുന്നു എന്റെ ആലോചന. വെളുത്ത മേഘങ്ങളുടെ ചുമലിലേറി അവന്റെ ഭാവന പറക്കുകയാണല്ലോ..!

ചക്രവാളങ്ങളിലൊക്കെ സഞ്ചരിച്ചു വന്ന കണ്ണുകള്‍ വീണ്ടും എന്റെ മേല്‍ പതിച്ചു.

“ഈ വെളിച്ചം നിനക്ക് വെളിച്ചമായിരിക്കും. പക്ഷേ, പലര്‍ക്കും ഇത് അന്ധകാരമാണ്. തീരത്ത് പാഞ്ഞെത്തിയ തിരകള്‍ ഒരോന്നും നുരകളായി ഒടുങ്ങുന്നതു പോലെയുള്ള ചില ബോധ്യങ്ങള്‍. ഇരുളിനും വെളിച്ചത്തിനും ഭേദമില്ല. ഇരുളില്‍ വെളിച്ചം കാണുന്ന മൂങ്ങകളും ചില രാത്രിജീവികളും…അവയെ നീ കണ്ടിട്ടില്ലേ.? അതു പോലെയാണ് പ്രണയത്തിന്റെ വഴിയിലൂടെ പോയ ഞാനും. “

അവന്റെ ഫിലോസഫി ശരിയാണെന്ന് എനിക്ക് തോന്നി.

അവന്‍ തുടര്‍ന്നു.. “തമസ്സാണെവിടേയും.. വെളിച്ചം വെറും വിരുന്നുകാരന്‍ മാത്രം. നീ നോക്ക് .ഈ കടല്‍ക്കാറ്റ് കരയിലേക്ക് വീശിയടിക്കുകയാണ്. ഈ വിരലിന്റെ അറ്റത്തോളം വലുപ്പമുള്ള ഒരു ചെറിയ വിത്ത് ഇതിനൊപ്പം പറന്നു പോയി ഒടുവില്‍ എവിടെയെങ്കിലും ചെന്ന് വീണ്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത് ഒരു വടവൃക്ഷമായി മാറും. അതു പോലെയാണ് പ്രണയം. ഒരു തരി ഇഷ്ടം അത്രയും മതി. വളരാനും പടര്‍ന്നു പന്തലിക്കാനും.”

അവന്റെ ഉപമകള്‍ കാടുകയറിയതോടെ എനിക്കും ചിലതു പറയണമെന്നു തോന്നി.

“അതേയതേ.. ഒടുവില്‍ ഇതേ കാറ്റ് ഒന്നാശുവീശിയാല്‍ പ്രണയമെന്ന വടവൃക്ഷം നിലംപൊത്തും. വലിയ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും. അതും അപകടമാണ്. നീ ഒരു വശം മാത്രമാണ് കാണുന്നത്. മറഞ്ഞിരിക്കുന്ന മറു ഭാഗം ഉണ്ട്. “

കടലില്‍ മുങ്ങിത്താന്ന സൂര്യന്റെ നിലവിളിയെന്നു തോന്നും വിധം അലോസരപ്പെടുത്തുന്ന ശബ്ദം പുറപ്പെടുവിച്ച് ഒരു ചരക്കു കപ്പല്‍ നീങ്ങുന്നത് ചീനവലയുടെ പിന്നിലായി കണ്ടു.

കടലില്‍ അലഞ്ഞു നടന്നിരുന്ന ശീതക്കാറ്റ് വീശിയടിച്ചുകൊണ്ടേയിരുന്നു. മഴയുടെ വിളംബരമായി വിഷാദ രൂപം പൂണ്ട് കറുത്ത മേഘങ്ങള്‍ കടലിനു മുകളില്‍ ഉരുണ്ടുകൂടി. ഏതു നിമിഷവും മഴ പെയ്യുമെന്ന് തോന്നി. ഏതാനും തുള്ളികൾ മഴയുടെ വരവറിയിച്ചു.

അതിനിടെ , വലിയൊരു തിരമാല ഉയര്‍ന്നു വന്ന് ഞങ്ങളെ വീണ്ടും തലോടി.

“മഴ. അതും പ്രണയമാണ്. തിമിര്‍ത്ത് പെയ്ത് ഒടുവില്‍ നേര്‍ത്തൊരു വിതുമ്പലായി മാറുമ്പോള്‍ നഷ്ടപ്പെടലിന്റെ ഈണമാണ് മഴയ്ക്ക്. നഷ്ടപ്രണയത്തിന്റെ ഇരമ്പലുകളാണ് മഴക്കാലമാകെ.” മൗനത്തിന്റെ ഭിത്തി പൊളിച്ച് ഒരു വലിയതിരമാല പോലെ അവന്റെ വാക്കുകൾ പുറത്ത് ചാടി.

“മഴ മാത്രമാണോ പ്രണയം. ശിശിരവും വസന്തവും ഹേമന്തവുമെല്ലാം പ്രണയമല്ലേ. ?” ഞാന്‍ അവനോട് ചോദിച്ചു.

അബദ്ധത്തിൽ എൻ്റെ നാവിൽ നിന്നും വീണ പ്രണയാനുകൂല വാക്കുകൾ കേട്ടതോടെ അവന്‍ വാചാലനായി. “മഴയും മഞ്ഞും മിഴിചേരുന്നയിടമാണ് അവളുടെ കവിള്‍ത്തടം. ആ നുണക്കുഴികളില്‍ നാണപ്പൂക്കള്‍ വിരിയുമ്പോഴാണ് കാലം ഋതുഭേദത്തെക്കുറിച്ച് ഓര്‍ക്കുന്നത് തന്നെ. ആ നിമിഷം മുതല്‍ഈ ഭൂമിയില്‍ ഹേമന്തമാണ്. പ്രണയക്കുളിര് പകരുന്ന അവളുടെ ചിരിപ്പൂവുകളുടെ വര്‍ണ്ണസുഗന്ധ ലഹരികളില്‍ നിറയട്ടെ മധുമാസങ്ങള്‍.. ഒരാവേശത്തോടെ അവൻ പറഞ്ഞു.

“അവളെ നീ സദാസമയവുംഓര്‍ക്കുന്നുണ്ടല്ലോ.? അവളോ .. ? അവള്‍ നിന്നെ ഓര്‍മിക്കുന്നുണ്ടോ ? “

“അവൾ എന്തിന് എന്നെ മറക്കണം . ?
പുലരിയുടെ ജാലക വാതിലില്‍, തമ്മില്‍ പുണര്‍ന്ന് മയങ്ങുന്ന രണ്ട് മഞ്ഞു തുള്ളികള്‍. വെയിലേറ്റ് ഉരുകിയൊലിച്ച് അവ ചില്ലുപാളിയാകെ പടര്‍ന്നു. ആ തുള്ളികള്‍ ചേര്‍ത്തുവെച്ച് രണ്ട് വരികള്‍ ഞാന്‍ കോറിയിട്ടു നീ എന്ന മഞ്ഞു തുള്ളിയില്‍ മറഞ്ഞതെത്ര ശിശിരങ്ങള്‍.

ഞാൻ അവളേയും അവൾ എന്നേയും മറക്കില്ല .. ആ പ്രണയം സത്യമായിരുന്നു. “

“ശിശിരവും വര്‍ഷവും ഹേമന്തവും എല്ലാമായി. ശരിക്കും എന്ത് മാങ്ങാത്തൊലിയാണ് പ്രണയം. നിന്റെ പരാജയത്തിന് നീ നല്‍കുന്ന ഡെക്കറേഷനുകള്‍ മാത്രമാണ് ഇതൊക്കെ. പ്രണയംഎന്നാല്‍ വെറും പൊട്ടക്കിണറാണ്. നീ അതില്‍ പെട്ടുപോയ തവളയും.”

ചാട്ടുളി പോലെ കരളിനെ കുത്തുന്ന എന്റെ വാക്കുകളിൽ മനം നൊന്ത് അവന്‍ എഴുന്നേറ്റു കടലിന്റെ നേര്‍ക്ക് നടന്നു..

“നീ കടലില്‍ ചാടി ചാകാൻ പോകുകയാണോ ? നമുക്ക് സമാധാനമായി സംസാരിക്കാം. നിന്നെ വേദനിപ്പിക്കാന്‍ പറഞ്ഞതല്ല. ആശ്വസിപ്പിക്കാനും, നിന്നെ ഈ മാനസിക പ്രശ്‌നത്തില്‍ നിന്നും കരകയറ്റാനുമാണ് ഞാന്‍ ശ്രമിക്കുന്നത്. .”

എന്റെ വാക്കുകള്‍ കേള്‍ക്കാതെ അവന്‍ തിരകളെ ആഞ്ഞു ചവിട്ടി മുന്നോട്ട് പോയി. അവന്റെ ജീന്‍സാകെ നനഞ്ഞു. പിന്നാലെ ഓടിയെത്തി ഞാന്‍ അവനെ കടന്നു പിടിച്ചു.

അവന്‍ മുന്നോട്ടാഞ്ഞു നടന്നു. പിന്നാലെ ഞാനും. ഇപ്പോള്‍ കടല്‍ വളരെ പ്രക്ഷുബ്ധമാണ്. അസ്തമയം കഴിഞ്ഞ ആകാശം ഇരുട്ടിന്റെ പുതപ്പ് വാരിപ്പുതച്ചു മൂടിക്കിടന്നുറങ്ങുന്നതുപോലെ. അരണ്ട വെളിച്ചത്തില്‍ അവന്‍ തിരമാലകളെ ചവിട്ടി തെറിപ്പിച്ച് നടന്നു. പലപ്പോഴും കടലിലേക്ക് ഇറങ്ങിയാണ് നടന്നത്. ഞാന്‍ ഇടയ്ക്ക്, കൈപിടിച്ച് കരയിലേക്ക് അടുപ്പിച്ചു.

വെളിച്ചപ്പെട്ട് നില്‍ക്കുന്ന ഒരു കോമരത്തിന്റെ ഭാവമായിരുന്നു അവന്. ദൃഷ്ടി ഏതോ ആകാശകോണിലേക്കായിരുന്നു. വാളും ചിലമ്പുമണിഞ്ഞുള്ള രൂപം പോലെ എനിക്ക് തോന്നി.

പെട്ടെന്ന് മുഖം തിരിച്ച് എന്നെ അതിരൂക്ഷമായി അവന്‍ നോക്കി.

“എന്താടാ. പ്രാന്തായോ ? എവിടേക്കാ നീ പായുന്നത്.?”

അവന്‍ മിണ്ടിയില്ല. തൊട്ടുമുന്നില്‍ നടന്ന ഒരാളെ അവന്‍ ലക്ഷ്യമിട്ടപോലെ . അവന്‍ അടുത്തു ചെന്നു ,അതിനിടെ, ഷര്‍ട്ടിന്റെ പോക്കറ്റിൽ നിന്ന് ചുളുങ്ങിയ ഒരു സിഗററ്റ് ചുണ്ടിലേക്ക് എത്തിയിരുന്നു.

പുകച്ചുരുള്‍ ആകാശത്തിലെ കരിമേഘങ്ങളിലേക്ക് ഊതിവിട്ട് നടന്നു നീങ്ങിയ അയാളെ, തോളില്‍ കൈ വെച്ച് അവന്‍ തടഞ്ഞു നിര്‍ത്തി.

ഇരുവരും ഒരു നിമിഷം പരസ്പരം നോക്കി നിന്നു. ചുണ്ടിലെ സിഗററ്റ് കണ്ടിട്ട് അയാള്‍ക്ക് കാര്യം പിടികിട്ടി. തന്റെ സിഗററ്റ് അയാള്‍ നീട്ടി.

അവന്‍ സിഗററ്റില്‍ നിന്ന് സിഗററ്റിലേക്ക് തീ പടര്‍ത്തി. ആഞ്ഞു വലിച്ചു., സിഗററ്റിന്റെ വെള്ളത്തൊലികളിലേക്ക് ചുവന്ന തീ കത്തിക്കയറി. അവന്‍ ശ്വാസം വലിച്ചെടുക്കുന്നതിനൊപ്പം തീയുടെ ചുവപ്പ് കൂടിക്കൂടിവന്നു.

ആഴത്തില്‍ ഒരു പുക വലിച്ചു, കറുത്ത മേഘങ്ങള്‍ നിറഞ്ഞ ആകാശത്തേക്ക് അവനും പുകച്ചുരുള്‍ ഊതിവിട്ടു. മുന്നിലേക്ക് നടന്ന അയാളുടെ മുഖത്ത് പുഞ്ചിരിവിടര്‍ന്നു. ഒരു പുകവലിക്കാരന് മറ്റൊരു പുകവലിക്കാരനോട് തോന്നുന്ന ആത്മബന്ധം.

“സമാനഹൃദയാ. പോട്ടെ..” അവന്‍ അതും പറഞ്ഞ് തിരിഞ്ഞ് നടന്നു. ഞാനും

അല്പനേരത്തെ മൗനത്തിനു ശേഷം അവന്‍ ശാന്തനായി കാണപ്പെട്ടു. പക്ഷേ, സംവാദത്തില്‍ നിന്ന് പിന്തിരിയാന്‍ എനിക്കായില്ല.

കടലിലേക്ക് കണ്ണുപായിച്ചു നിൽക്കുകയാണ് അവൻ . ഒരു വലിയ തിരമാല ഉയർന്നു പൊങ്ങി വരുന്നുണ്ടായിരുന്നു. ആ തിരയെ ചൂണ്ടി ഞാൻ പറഞ്ഞു.

“ഒരോ തിരകള്‍ക്കും തീരത്തെ പുല്‍കണമെന്നാണ് കൊതി. തിരകളുടെ നിരന്തര ചുംബനമേറ്റ് തളര്‍ന്ന തീരത്തിനാകട്ടെ, ഈ തിരകളൊക്കെ ഒന്നടങ്ങിയെങ്കില്‍ എന്ന ചിന്തയും . കാറ്റാണ് ഇതിനു കാരണം.. ശീതക്കാറ്റും ഉഷ്ണക്കാറ്റും തിരകളെ തടവിയും തല്ലിയും ഉണര്‍ത്തും തിരകള്‍ ആര്‍ത്തിയോടെ തീരത്തോടടുക്കും അതില്‍ വലിയൊരു തിര പാഞ്ഞുവന്ന് തീരത്തെയാകെ വാരിപ്പുണരും വെണ്‍നുരയായി പടര്‍ന്ന് ആ തീരത്തലിഞ്ഞ് തീരും. തീരം തേടി മറ്റൊരു തിര വീണ്ടും വരും.’

ഞാന്‍ പറഞ്ഞത് അവന് ഇഷ്ടപ്പെട്ടു എന്ന് തോന്നി. സിഗററ്റിന്റെ ഇടയില്‍ പെട്ട് ഞെരിഞ്ഞ അവന്റെ ചുണ്ടുകളില്‍ ചെറിയൊരു ചിരി വന്ന് എത്തിനോക്കി.

നെഞ്ചിലെ നോവുകള്‍ക്ക് തലോടലാകുന്ന വാക്കുകള്‍. അവന്‍ പറഞ്ഞു. “നിനക്ക് അറിയാമോ. ഈ കടലിരമ്പം, ഇതെന്റെ ജീവിതത്തിന് ശ്രുതിപകരുന്നു. ഈ ഇരമ്പല്‍ കേട്ടാണ് ഞാന്‍ ഉറങ്ങുന്നത്. ഉണരുന്നത്. എന്റെ നിദ്രയില്‍ താരാട്ടുപോലെ ഇത് എന്റെ ചെവിയില്‍ മൂളിക്കൊണ്ടേയിരിക്കും. അതു കൊണ്ട് ഒരു തിരയും അടങ്ങരുതെന്ന് ഞാന്‍ ആശിക്കുന്നു. തീരത്തുവന്ന് അവ തലതല്ലി ചാകുന്നുണ്ടായിരിക്കും. വെണ്‍നുര തീരത്ത് അലിഞ്ഞു തീരുന്നുണ്ടാകും. ആകട്ടെ..അതിന് ഒരവസാനം ഇല്ലല്ലോ.. ?”

ഇത്രയും പറഞ്ഞ് അടുത്ത പുക അവന്‍ ആഞ്ഞുവലിച്ചു.. എരിഞ്ഞടങ്ങുന്ന സിഗററ്റിന്റെ തീ പടർന്ന വെളിച്ചം . കൂരിരിട്ടില്‍ അവന്റെ മുഖത്തിന് അല്പം കൂടി രക്തവര്‍ണം പകര്‍ന്ന് ആ സിഗററ്റ് ഒടുങ്ങി. അല്പം കഴിഞ്ഞ് അവന്റെ ഹൃദയം പുറംതള്ളിയ കുറച്ചു പുക ചുരുളുകളായി ചുണ്ടിനിടയിലൂടെ ഒളിച്ചു കടന്ന് കടല്‍ക്കാറ്റിനൊപ്പം എങ്ങോ പോയ് മറഞ്ഞു .