
മൂങ്ങകളെങ്കിലും ഒന്ന് മൂളിയിരുന്നെങ്കിലെന്ന് തോന്നി. നിലാവ് നിശബ്ദത മാത്രം പൊഴിച്ചു. കൂമൻ മൗനവ്രതമെടുത്ത രാത്രിയിൽ ചുറ്റുപാട് അവയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കും പോലെ. മനസ്സ് അനിയന്ത്രിതമായി പിറകോട്ട് പായുകയാണ്. ഓർമകളൊക്കെ കുറ്റബോധത്തിൻ്റെ ഓരോ ചൂഴികളാണ്. എന്ത് ചെയ്യണമെന്നറിയാത്ത ഒരവസ്ഥ!. ‘ഹസ്സൻ’. കഴിഞ്ഞ കാലമൊന്നടങ്കം ഒരു പേരിലൊതുങ്ങി.
എങ്ങനെയാണ് ഒരാളിൽ മാത്രം ഇങ്ങനെ അഡിക്റ്റായിപ്പോകുന്നത്? തനിക്കെന്ത്കൊണ്ടാണ് പണ്ട് മുതലേ സെൻസിറ്റീവെന്ന കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വന്നത്? ഒമേഗിളിലെ ആദ്യത്തെ ലിംഗാന്വേഷണ ചോദ്യങ്ങൾക്കെന്ത് കൊണ്ടാണ് താൻ ബി. ഐ എന്ന് മറുപടി പറഞ്ഞത്? ചോദ്യങ്ങൾക്ക് പിറകിൽ ചോദ്യങ്ങൾ നിരന്നുനിന്നു. മനസ്സിൽ ഒരു കോടതി മുറി ഒരുങ്ങുകയാണ്. വാദവും പ്രതിവാദവും സ്വന്തം കാലിൽ നിന്ന് തന്നെ പറയേണ്ട അവസ്ഥ. ജഡ്ജിമാരില്ലാത്ത മുറി നിശബ്ദമായി കലഹിച്ചുകൊണ്ടിരുന്നു.
പണ്ടൊരു കൂട്ടുകാരനിൽ നിന്നാണ് ഒമേഗിളിനെക്കുറിച്ച് കേൾക്കുന്നത്. ഒമേഗിൾ നിരോധിച്ചെന്നും ഒമേ ടിവി എന്ന പേരിൽ അപരനിറങ്ങിയിട്ടുണ്ടെന്നുമായിരുന്നു അത്. അരക്ക് താഴെ അനക്കമുണ്ടായ ഏതോ രാത്രിയിൽ ആപ്പിൽ കയറി. അപരനിഴലുകളില്ലാത്ത ഇരുണ്ട ദാരിദ്ര്യത്തിൽ അതിർത്തി കടക്കാനൊരു അവസരമൊത്തു. ആ ജിജ്ഞാസ അവൻ ചോദിച്ച ചോദ്യചിഹ്നത്തിന് മുന്നിൽ തന്നെ പിടിച്ചുലക്കുന്നു. ഒമേഗിളിൽ നിന്ന് ഇൻസ്റ്റഗ്രാമിലെ ചാറ്റ് ബോക്സിലേക്ക് നീണ്ട രാത്രിയിലുണ്ടായ തെരുവിലൂടെ കൈയും പിടിച്ച് ബാഗി വലിച്ചിഴച്ച് നടന്നു. പാത അനന്തമായി നീണ്ട് രാത്രികൾ ആവർത്തിച്ചു.
വിൽ യു മാരി മീ? എങ്ങനെ ഉലയാതിരിക്കാനാണ്. ‘ചാറ്റി’ പുലർച്ച കണ്ടിരുന്ന രാത്രികൾ അങ്ങോട്ടൊന്നും ചിന്തിച്ചു തുടങ്ങിയിരുന്നില്ല. ഇഛയ്ക്കൊത്ത് വെച്ച ഒച്ചകൾ, കഴിഞ്ഞ കലണ്ടർ കോളങ്ങളിൽ വിഷാദം ബാധിച്ച് ചുരുണ്ട് കിടന്നു.
കണ്ട് മടുത്ത റീൽ ചുരുളുകളിൽ നിന്ന് പിൻവാങ്ങിയ രാത്രിയിൽ ഉറക്കം വറ്റും. പത്താം ക്ലാസിൽ നിന്ന് പഠിച്ച, ടെലിഗ്രാമിലെ ഇത്താത്തമാരുടെ സ്വകാര്യചിത്രങ്ങൾ പങ്കുവെക്കുന്ന കമ്പിക്കഥ ഗ്രൂപ്പുകളൊന്നിൽ കയറും. ഡോപമിൻ അഗാതമായ ആഴിയിലേക്ക് പതിച്ചുണ്ടായ പ്രഹരത്തിൽ മൈഗ്രേൻ വന്ന് വാതിൽ മുട്ടും. അപ്പോഴും അയൽ മുറിയിലെ സ്വന്തം ചോരയിൽ നിന്ന് ആർത്തവം ആർത്ത് പെയ്യുന്നുണ്ടായിരുന്നു.
മടുപ്പ് മാറ്റി വെച്ച്, മനസ്സമാധാനം നേർന്ന്, ഇൻസ്റ്റഗ്രാമിൽ പുതിയൊരു അക്കൗണ്ട് തുടങ്ങി റീലിൽ കണ്ണ് കാണിക്ക വെച്ചു. നാലഞ്ച് സാറ്റിസ്ഫാക്ഷൻ റീലുകൾക്കൊടുവിൽ ‘ഡോണ്ട് സ്ക്രോളെ’ന്ന് കേട്ട് കൈവലിഞ്ഞു! ദാരിദ്ര്യം കൊണ്ട് മുനമ്പോളം ചെറുതായ ഒരു രാജ്യത്തിലൊരു കുട്ടി പൂഴി കൊണ്ട് പശിയടക്കുന്നു.
മരച്ചില്ലയിൽ നിന്നൊരു പക്ഷി ചിറകടിച്ചുയർന്ന്, ഉറങ്ങിക്കിടക്കുന്ന ഇലകളെ വിളിച്ചുണർത്തി. സ്ക്രീനിൽ നിന്ന് ഉത്ഭവിച്ച നീല വെളിച്ചം ഒരാകാശമായി ഉയർന്നു. ആ രാത്രിക്കുണ്ടായ പകലിൽ വീട്ടുവക്കത്തെ വഴിയിലൂടെ മദ്റസയിലേക്ക് പോകുന്ന കുട്ടികളുടെ ശബ്ദം കേട്ടു. മദ്റസയിൽ ബെല്ലടിച്ചു. “സ്വല്ലല്ലാഹു വസല്ലമ ആലന്നൂരിൽ മുബീൻ…”**
______________________________________________
*ഇൻട്രോവേർട്ട് എന്ന പദത്തിനു പകരമായി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പദം. (ഇവിടെ, സമൂഹത്തിൽനിന്ന് വ്യക്തിയിലേക്ക് മാത്രം ചുരുങ്ങിയ ഒരാൾക്കായി ഉപയോഗിച്ചു).
**കേരളത്തിലെ മദ്രസകളിൽ ചൊല്ലാറുള്ള പ്രഥമ പ്രാർത്ഥന .














