
കുഞ്ഞധരത്തിൽ ചൂണ്ടുവിരൽ ചേർത്തുവച്ചു പുഞ്ചിരിച്ചിരിക്കുന്ന ഓമനത്തമുള്ള ഒരു കൊച്ചു മാലാഖ ചുമർച്ചിത്രത്തിൽ നിന്നിറങ്ങി മനസ്സിനകം നിറഞ്ഞോടി ഒച്ചയിട്ടു.
ചിന്തതൻ കൂടാരത്തിലേക്ക്, കുളിര് ഊതിപ്പറത്തുന്ന എ. സി.യോട് കലമ്പിക്കൊണ്ട് കാലിയായ കസേരകൾ ചാടിക്കടന്ന കണ്ണുകളൊടുവിൽ നിരയുടെ ഇടത്തേയറ്റത്തിരിക്കുന്ന ആളിൽ തടഞ്ഞു വീണു.
കസേര നിറഞ്ഞു കവിഞ്ഞ അയാൾക്ക് ഏകദേശം തന്നോളം പ്രായമുണ്ടെങ്കിലും മുഖത്ത് ആശങ്കയുടെ അഗ്നിപർവ്വതം പൊട്ടിയൊഴുകുന്ന വിഷാദ ലാവയുടെ ലാഞ്ചന ലവലേശം കാണുന്നില്ലല്ലോ, എന്നോർത്ത്
സുബോദ് അണിവിരിലിലണിഞ്ഞ മോതിരം വട്ടം കറക്കി.
തൂവെള്ള നിറം, നീണ്ട നാസിക, നീരൊഴുക്കുള്ള ഉണ്ടക്കണ്ണുകൾ സുബോദിന്റെ കണ്ണുകളയാളെ ഒപ്പിയെടുക്കേ അത്തറിന്റെ മണം മൂക്കിനാവോളം വിളമ്പി അദ്ദേഹം അടുത്തു വന്നിരുന്നു, കൈ നീട്ടി.
“ഞാൻ അമീറലി, കോഴിക്കോട് ഫറൂഖിലാണ്. ബഹറിനിലാ ജോലി.”
“സുബോദ്, കണ്ണൂർ മണത്തണയാണ്. പഞ്ചായത്തിലെ ക്ലാർക്കാണ്.”
ഒരു നിശബ്ദത അവരിലേക്ക് തെന്നി വീണ ഇടനിമിഷത്തിൽ, കണ്ണാടിച്ചില്ലിനപ്പുറത്തുള്ള മുറിയിൽ നിന്നുമിറങ്ങി വന്ന വെള്ളയിൽ കനകാംബര പൂക്കൾ തുന്നിയ ചുരിദാറിട്ട യുവതി ഒരു കവർ കണ്ണാടിച്ചില്ലിനുമേൽ അമർത്തിപിടിച്ചു സുബോദിനെ നോക്കി, ചുണ്ടിന്റെ കോണിലൊരു ചിരിത്തുണ്ട് വച്ചവൾ, നടന്നു നീങ്ങുമ്പോൾ സുബോദ് തൊണ്ടയനക്കി.
“എന്റെ ഭാര്യയാണ്, നവ്യശ്രീ”
” ആള് നല്ല സന്തോഷത്തിലാണല്ലോ!” അമീറലി ചോദിച്ചു.
സുബോദ് മറുപടിയൊന്നും പറയാതെ, നവ്യയുടെ ചുണ്ടിലെ ചിരിക്കു പിന്നാലെ പോയി.
ആമ്പലിന്റെ ഇതൾ വിരിയുന്ന ലാഘവത്തോടാ സംഭവം സുബോദിൽ വിടർന്നു. വീടിന്റെ മുൻവശത്തെ റോഡിലേക്ക് ചാഞ്ഞ മരകൊമ്പിൽ നിന്നേന്തി പറിച്ച മുരിങ്ങക്കായുമായി നിൽക്കുമ്പോഴായിരുന്നു സുഹൃത്തായ രവിയും ഭാര്യയും അതു വഴി വന്നത്. സുബോദിനെ കണ്ടതും രവിയുടെ ഭാര്യയിൽ നിന്നും കുലുങ്ങിച്ചിതറിയ ചിരിയുടെ പിന്നാമ്പുറ രഹസ്യം അന്നു രാത്രി ഫോണിലൂടെ രവി വെളിവാക്കി.
കഴിഞ്ഞ രാത്രി രവി ഭാര്യയ്ക്ക് മുരിങ്ങക്കായയുടെ ലൈഗിംഗോത്തജന വൈശിഷ്ടം പറഞ്ഞുകൊടുത്തിരുന്നു.
മുരിങ്ങക്കായുമായി നിൽക്കുന്ന സുബോദിനെക്കണ്ടതും അവൾ ചോദിച്ചു.
“സുബോദേട്ടന് ഉത്തേജന പ്രശ്നം ഉണ്ടല്ലേ! പാവം കല്യാണം കഴിഞ്ഞിട്ടല്ലേ ഉള്ളൂ!”
ഈക്കഥ നവ്യയുമായി പങ്കുവച്ചപ്പോൾ അവളുടെ മുഖത്തു വിരിഞ്ഞ അന്നത്തെ ചിരിക്കും ഇന്നത്തെ ചിരിക്കും തമ്മിലുള്ള അർത്ഥാന്തരം ചികയുമ്പോഴായിരുന്നു ഒരറ്റൻറർ വന്നു സുബോദിനോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞത്.
നീണ്ട ഇടനാഴിയിലൂടെ ക്യാബിനുള്ളിലെ ഒറ്റമുറിയിൽ സുബോദ് ആനയിക്കപ്പെട്ടു. പ്രശാന്തമായ മുറി, നിലാരാവിന്റെ മൃദുലത പകരുന്ന ബൾബുകൾ, ഏതോ ആന്റിസെപ്റ്റിക്കിന്റെ നേർത്ത ഗന്ധം. മദ്ധ്യഭാഗത്തുള്ള ഒരു വിനൈൽ കസേരയിൽ സുബോദിരുന്നു മേശപ്പുറത്ത് അടുക്കിവെച്ചിരിക്കുന്ന മുതിർന്നവർക്കുള്ള മാഗസിനുകളെടുത്തു നോക്കി. പിന്നീട് കളക്ഷൻ കപ്പെടുത്തു, അതിന്റെ പുറത്തൊട്ടിച്ച ലേബലിൽ തന്റെ പേരും വയസ്സും സുബോദ് വായിച്ചു.
സൃഷ്ടി വൈഭവം പരീക്ഷിക്കാനുള്ള കൊഴുത്ത ദ്രാവകം കപ്പിലാക്കി മേശപ്പുറത്തുവച്ചു സുബോദ് പുറത്തിറങ്ങി.
തിരിച്ചെത്തുമ്പോൾ, മൊബൈലിൽ തലതാഴ്ത്തിയിരിക്കുന്ന അമീറലി സുബോദിനെ കണ്ടതും ഉറച്ചൊരു ഷെയ്ക്ക് ഹാൻറ് കൊടുത്തു അടുത്തിരുന്നു.
“അടുത്തത് നിങ്ങളുടെ ഊഴമാണ്.
ടെൻഷനുണ്ടോ?”
“ഇത്തിരി പോലും ആകാംഷയോ പേടിയോ ഇല്ല.”അമീറലി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
അമീറലിയുടെ ശുഭാപ്തി വിശ്വാസത്തിനുമേൽ സുബോദിൽ നിന്നു അല്പം കടന്നൊരു ചോദ്യം ഞെട്ടറ്റുപോയി.
“കുട്ടികൾ, വേറേ…?”
അർദ്ധോക്തിയിൽ നിന്ന ചോദ്യത്തെ, അവഗണിക്കാതെ അമീറലി പറഞ്ഞു.
“കാൻ്റീനിലേക്ക് നടക്കാം. ടെസ്റ്റ് ഉച്ച കഴിഞ്ഞേയുള്ളൂ.”
രണ്ടാം നിലയിൽ നിന്നു പടികളിറങ്ങുമ്പോൾ അമീറലി പറഞ്ഞു തുടങ്ങി.
“സർവകലാശാല ഫുട്ബോൾ പ്ലയറായിരുന്ന ഞാൻ ബിരുദ പഠനം കഴിഞ്ഞ ശേഷം, കളിയും, കളിപന്തുമായി ജീവിതം നാട്ടിലുരുട്ടി നടന്നു.”
കാൽപ്പന്തുകളിക്കാരന്റെ ചീർത്തു പോയ ഉടൽപ്പേശികളിൽ സുബോദ് വെറുതേ ഒന്നു നോക്കി.
“ഫുട്ബോൾ ലോകകപ്പ് ലഹരിയായി കുടിക്കുന്ന കാലം.ടീമുകളോട് പക്ഷം ചേർന്നു നാട്ടിൽ പരസ്പരം കലഹക്കൊടി ഉയർത്തുമായിരുന്നു. അർജ്ജൻ്റീനയുടെ തോൽവി ബ്രസിലിയൻ പക്ഷക്കാരുടെ മേൽ തീർത്തതിൽ തുടങ്ങിയ കയ്യാങ്കളി കേസിലേക്കും, കോടതിയിലേക്കും നീങ്ങി. ഒടവിലെന്നെ ശിക്ഷയെന്നോണം വീട്ടുകാർ ബഹറിനിലേക്ക് നാടുകടത്തി”
നിരാശ കുത്തിവീർപ്പിച്ച മനസ്സും കാൽപന്തുകളിയുടെ പിൻവിളിയുമായിട്ടാണ് അമീറലി ബഹറിനിലെ മനാമയിലെത്തിയത്.
“ബഹറിനിൽ ബന്ധുക്കളില്ലേ?.”
“രണ്ട് ഇക്കമാരും കാരണോനുമുണ്ടവിടെ. മനാമയിലുള്ള ഫ്ളാറ്റിലായിരുന്നു താമസം. ഇക്കമാർക്കും അമ്മാവനും മനാമ സൂക്കിൽ ഊദ് കടകളായിരുന്നു.”
സുബോദും അമീറലിയും കാൻ്റീനിലെ തിരക്കൊഴിഞ്ഞൊരു മൂലയിലിരുന്നു ഫുഡിനു ഓർഡർ ചെയ്തു.
“ഫ്ളാറ്റിൽ ഞാനെന്റെ ദിനചര്യ പൊളിച്ചെഴുതി. വൈകിയുറങ്ങി വൈകിയുണർന്നു. ഭക്ഷണം പാകം ചെയ്തുവച്ചു വൈകീട്ട് മനാമ സൂക്കിലെത്തി ഇക്കാനെ സഹായിക്കും.”
സപ്ളയെർ കൊണ്ടുവന്ന ചൂട് മീൻ ബിരിയാണിയുടെ ഗന്ധമാസ്വദിച്ചു കൊണ്ട് അമീറലി തുടർന്നു.
“ഒരു ദിവസം രാവിലെ കുറുകിയ കൂക്കിവിളിയും ചിതറിത്തെറിച്ച ഒച്ചയും ഉറക്കത്തെ കൊട്ടിയുണർത്തി.
അടുക്കളനിലത്ത് ചിതറിക്കിടക്കുന്ന ചോറും കഞ്ഞിവെള്ളവും. കാലിൽ പറ്റി നിൽക്കുന്ന വറ്റിലൂടെ ഉലിച്ചിറങ്ങുന്ന തിളച്ച കഞ്ഞിവെള്ളം കുടഞ്ഞകറ്റുന്നൊരു യുവതി.”
ആരെന്ന ആകാംഷ കോർത്ത ചോദ്യശരമെയ്യാതെ, അമീറലി അവളെ മാറ്റി നിർത്തി, ടാപ്പിലെ വെള്ളം കാലിലൊഴുക്കി കൊടുത്തു.
അല്പനേരത്തിനു ശേഷം ഞൊണ്ടി വന്നവൾ നിലത്തു ചിതറിക്കിടക്കുന്ന വറ്റും വെള്ളവും നീക്കാൻ തുടങ്ങി. അമീറലി അവളെ കസേരയിൽ പിടിച്ചിരുത്തി. ബെർണോൾ ഓയിൻ്റ്മെൻറ് പുരട്ടി കൊടുത്തു.
കണ്ണുകളിൽ ആകാശത്തോളം അത്ഭുതവും കൃതജ്ഞതയും നിറച്ചുവച്ചു കൊണ്ടവൾ ചോദിച്ചു.
“എന്നെ തിരിയുമോ?”
ചിരിച്ചോണ്ടു അമീറലി പറഞ്ഞു
“പൂങ്കൊടി അല്ലേ! അറിയാം!”
ഫ്ലാറ്റിൽ സഹായിക്കാൻ പൂങ്കൊടി എന്നു പേരുള്ള ശ്രീലങ്കക്കാരി വരാറുണ്ടെന്നും അവർ നാട്ടിൽ പോയതാണെന്നും അമീറലിയോട് നേരെത്തെ തന്നെ ഇക്ക പറഞ്ഞിരുന്നു.
“നാട്ടിൽ നിന്നു എപ്പോഴാ എത്തിയത്?”
“ഇന്നലെ എത്തിയതേയുള്ളൂ!”
അവളൊരു വിളറിയ പുഞ്ചരി സമ്മാനിച്ചെഴുന്നേറ്റു കിച്ചനിലേക്ക് നടക്കാൻ തുടങ്ങിയെങ്കിലും അമീറലി അവളെ പിടിച്ചിരുത്തി.
“നീ ഇന്നെനി ഒന്നും ചെയ്യേണ്ട. ഭക്ഷണം ഞാനുണ്ടാക്കി കൊള്ളാം.”
അമീറലി പാകം ചെയ്ത ഭക്ഷണമവർ ഒരിമിച്ചിരുന്നു കഴിച്ചു. പൂങ്കൊടി ആനന്ദകണ്ണുനീരിന്റെ ഒരു നിറകുടം പേറിയിട്ടായിരുന്നു അന്നു തിരകേ പോയത്.
പിറ്റേ ദിവസം രാവിലെ പൂങ്കൊടി, ചൂടു ചായ നൽകിയവനെ ഉണർത്തി. ഭക്ഷണം പാകം ചെയ്യാൻ അമീറലിയും ഒപ്പം കൂടി. ദിനങ്ങൾ കൊഴിഞ്ഞു വീഴവേ, തവിട്ടു നിറമുള്ള, തീക്‌ഷണമായ കാപ്പി കണ്ണുകളുള്ള, മെലിഞ്ഞ ശ്രീലങ്കക്കാരി അമീറലിയുടെ പ്രിയ കൂട്ടുകാരിയായി മാറി.
വ്യസനം ഒഴുകുന്ന മുഖഞരമ്പുകളിൽ അമിതാനന്ദം നിറയ്ക്കാൻ അവൾക്ക് മടിയാണ്. “അമിത സന്തോഷം കണ്ണിനു താങ്ങാനാവില്ല. അത് നിറഞ്ഞൊഴുകും. പിന്നെ, സന്തോഷത്തിനു ഓർമ്മകളെ മുക്കി കൊല്ലാനാവില്ലല്ലോ!!”
ശ്രീലങ്കയിൽ ഗതകാലമൊരുക്കിയ അശാന്തി രംഗങ്ങൾ അവളിലും ഉണ്ടാകുമല്ലോ എന്നചിന്ത അവളുടെ കുടുംബത്തെക്കുറിച്ചു ചോദിച്ചറിയാൻ അമീറലി മടിച്ചു. അവളെകുറിച്ച് അവളായ് ഒന്നും പറഞ്ഞുമില്ല.
സ്വന്തം കഥ പറഞ്ഞില്ലെങ്കിലും, സ്വന്തം നാട്ടിൽ അപാനിക്കപ്പെട്ട, ചവിട്ടിയകറ്റിയ, മുറിവേൽപ്പിക്കപ്പെട്ട ദേശക്കാരെ കുറിച്ചവൾ ഓർക്കുന്ന ദിവസങ്ങളിൽ ദോശക്ക് കട്ടികൂടുകയോ, ചമ്മന്തിയിൽ മുളക് കൂടുകയോ ചെയ്തിരുന്നു.
അന്നൊരു ദിവസം രാവിലെ, തലേദിവസം രാത്രി നടന്ന ഇക്കയുടെ വിവാഹവാർഷികാ ഘോഷത്തിന്റെ കേക്ക് അമീറലി അവൾക്ക് നൽകി. കേക്ക് രുചിച്ചവൾ ചോദിച്ചു.
“എന്താ വിശേഷം?”
“എന്റെ പിറന്നാളാ, നിന്റെ വക സമ്മാനമൊന്നും ഇല്ലേ?” അമീറലി ഒരു കള്ളത്തരം പുഞ്ചിരിയിൽ പൊതിഞ്ഞു അവൾക്കു നൽകി.
അമീറലിയെ അമ്പരപ്പിച്ചു കൊണ്ട് അവൾ മെല്ലെ മുന്നോട്ടു വന്നു കവിളിലൊരു ചുണ്ടടയാളമേകി അടുക്കളയിലേക്ക് നടന്നു.
തവിട്ടു നിറമുള്ള മെല്ലിച്ച മേനിയിൽ, മഞ്ഞൾ പറ്റിയ കവിളിൽ, എണ്ണമയമില്ലാത്ത ചുരൾ മുടിയിൽ, നീണ്ടു മെല്ലിച്ച നിതംബത്തിൽ സൗന്ദര്യം കണ്ട അമീറലിയുടെ അതിലോല വികാരങ്ങൾ ആദ്യമായി അവളെ പിൻതുടർന്നു.
അടുക്കളയിലെത്തിയ അമീറലിയോട് അറിയാതെ ചെയ്തു പോയതാണെന്നു പറഞ്ഞവൾ കണ്ണുകളിൽ വെള്ളം കെട്ടിനിറച്ചു.
കണ്ണടച്ചപ്പോൾ കുതിച്ചൊഴുകിയ നീരൊഴുക്കിനെ തടയാൻ അമീറലിയുടെ വിരലുകൾ കവിളിൽ തടയണ കെട്ടവേ അവളവനെ ഇറുകെ പുണർന്നു. മാറിൽ തലപൂഴ്ത്തി തേങ്ങി. ആശ്വസിപ്പിക്കുന്തോറും എണ്ണമേറിവന്ന ഏങ്ങലടികൾ അവനിലേക്ക് അലിഞ്ഞു.
അശ്വസിപ്പിക്കലിന്റെയും എങ്ങിക്കരച്ചിലിന്റെയും നിമിഷ ദൂരങ്ങളിലെവിടെയോ വച്ചു സ്പർശന വേരുകൾ രതിനദിയിലാണ്ടു.
അനുകൂല സാഹചര്യങ്ങളുടെ ലാളനകളേറ്റു നിശ്ചലമായ വിവേകത്തെ കാവൽ നിർത്തി നീലനാഗം അവളുടെ നിമ്ന്നോന്നതങ്ങളിലെ പരകോടി ആനന്ദപ്പടികൾ ഇഴഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്തു.
രതി നാഗങ്ങളുടെ ദംശനമേറ്റു ചോന്ന മുഖവും തുടിക്കുന്ന മാറും മറച്ചു പിടിച്ചു, ഒന്നും മിണ്ടാതെയാണ് പൂങ്കൊടി അന്ന് ഫ്ലാറ്റിൽ നിന്നു പോയതെങ്കിലും പിറ്റേദിവസം വളരെ ഉന്മേഷവതിയായിട്ടായിരുന്നു വന്നത്.
പിന്നീട്, സമയവും സന്ദർഭവും വികാരവും ഒത്തുകൂടുമ്പോൾ ഉടൽപ്പൊത്തുകളിൽ കാമസർപ്പങ്ങൾക്കിഴയാൻ അവർ അവസരം നൽകി. മനസ്സ് ഉടൽ കൊതിയിൽ ചുരുങ്ങുന്നതും ദിനരാത്രങ്ങൾ മെലിയുന്നതും വളരെ വേഗത്തിലായി.
അന്നൊരു ബുധനാഴ്ച, പതിവിനു വിപരീതമായി പൂങ്കൊടി വരുന്നതിനു മുമ്പേ അമീറലി ഏഴുന്നേറ്റു കുളിച്ചു ഡ്രസ്സ് ചെയ്തു അവളേയും കാത്തു നിന്നു.
കണ്ണെഴുതി പൊട്ടുതൊട്ടു നീല വോയൽ സാരിയുടുത്താണ് അവളെത്തിയത്.
“ഇതെന്താ, എവിടെയെങ്കിലും പോകാനുണ്ടോ?” പൂങ്കൊടി ചോദിച്ചു
“മം, നീ വല്യ സന്തോഷത്തിലാണല്ലോ!,ന്താ കാര്യം?”
പൂങ്കൊടിയുടെ കാപ്പി കണ്ണുകളിലേക്ക് നാണമിരച്ചു കയറി. കവിളിലെ നുണക്കുഴികളിൽ ചോപ്പ് നുള്ളിത്താഴ്ന്നു. ചൂണ്ടുവിരലിനറ്റം കൊണ്ടു അമീറലിയെ തൊട്ടു സാവാധാനം അവളുടെ ആലില വയറിനുമേൽ വിശ്രമിച്ചു.
അമീറലിയുടെ അന്ധാളിപ്പിന് പൊട്ടിച്ചിതറാനൊട്ടും സമയം കൊടുക്കാതെ അവൾ പറഞ്ഞു.
“പേടിക്കേണ്ട, ഞാനും കുഞ്ഞും അവകാശം പറഞ്ഞൊന്നും വരില്ല. ഞാൻ നാട്ടിലേക്ക് പോവുകയാണ്. നമ്മളെനി കാണില്ല, കാണാനും ശ്രമിക്കില്ല. എല്ലാറ്റിനും റൊമ്പ നന്ദിയുണ്ട്.”
കൈകൂപ്പി കണ്ണു നിറച്ചു പിന്നോട്ടു നീങ്ങിയവൾ വികാരം ഞെട്ടറ്റു നിൽക്കുന്ന അമീറലിയുടെ അരികിലേക്ക് വീണ്ടും വന്നവൾ ചോദിച്ചു.
“നിന്റെ സന്തോഷം പറഞ്ഞില്ലല്ലോ?”
അമീറലി അറിയാതെ അവന്റെ നാവ് തള്ളിയ ചില വാക്കുകൾ ചുണ്ടിനപ്പുറം വീണു.
“എനിക്ക് അൽസിഫാ ആശുപത്രിയിൽ ജോലി കിട്ടിയിട്ടുണ്ട്.”
കവിളിൽ ചുടുചൂടു പകർന്നവൾ നടന്നു നീങ്ങുന്നതവൻ നിർവ്വികാരകത കോരിക്കുടിച്ചു നോക്കിനിന്നു.
പൂങ്കൊടിയിൽ നിന്നറിഞ്ഞ സത്യത്തെ ഉൾക്കൊള്ളാനുള്ള കരുത്തില്ലായ്മ, അവളുടെ അകൽച്ച ഒരു അനുഗ്രഹമായി അമീറലി ആദ്യം കരുതിയെങ്കിലും മൈലാഞ്ചിക്കറകൊണ്ടു മനസ്സിലെഴുതിപ്പോയ ഓർമ്മകളെ മായ്ക്കാനാവില്ലെന്ന സത്യം അമീറലി തിരിച്ചറിഞ്ഞു. അദൃശ്യമായ ഒരു പ്രണയ പാശത്തിനപ്പുറം നിന്നു പൂങ്കൊടി അമീറലിയെ വലിച്ചുകൊണ്ടേയിരുന്നു.
പൂങ്കൊടി അമീറലിയിൽ നിന്നകന്നു പോയിട്ട് ഏകദേശമൊരു വർഷം കഴിഞ്ഞു.
പൂങ്കൊടിയെ കണ്ടുപിടിക്കുക എന്ന ഒറ്റലക്ഷ്യത്തോടെയായിരുന്നു അമീറലി സഹപ്രവർത്തകനായ ശിവരജ്‌ജിന്റെ കല്യാണം കൂടാനായി ശ്രീലങ്കയിലെത്തിയത്.
പൂങ്കൊടിയുടെ സംസാരത്തിനിടയിൽ നിന്നു ഓർമ്മ കുറിച്ചുവച്ച ചില നുറങ്ങു സൂചകങ്ങളെ ചേർത്തുവായിച്ചിട്ടായിരുന്നു നീണ്ടു നില്ക്കുന്ന ഉത്സവഘോഷം നടക്കുന്ന ജാഫ്നക്കടുത്തുള്ള നല്ലൂർ കന്ദസ്വാമി ക്ഷേത്രത്തിനരികെ അമീറലിയും സുഹൃത്ത് ശിവരഞ്ജും പൂങ്കൊടിയെ അന്വേഷിച്ചെത്തിയത്.
കർപ്പൂരത്തിന്റെയും മുല്ലപ്പൂവിന്റെയും സുഗന്ധം നിറഞ്ഞ പ്രദേശത്തിൽ, പ്രതീക്ഷ കൈവിടാതെ നടത്തിയ
നീണ്ട അന്വേഷണത്തിനും ഏറേ നേരെത്തെ അലച്ചിനുശേഷം ക്ഷേത്രത്തിൽ നിന്നല്പം അകലയായുള്ള വിശാലമായ പറമ്പിന്റെ ഓരത്തുള്ള ഒരു കൊച്ചു ഓടിട്ട വീട്ടിലേക്കവർ നടന്നു.
അപ്രതീക്ഷിതമായെത്തിയ ചാറ്റൽ മഴ നനഞ്ഞവർ വീട്ടിലേക്ക് കയറുമ്പോൾ, ഉമ്മറക്കോനായിലിട്ടിരിക്കുന്ന ഇരുമ്പ് കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്ന മനുഷ്യനേയും , കട്ടിലിനരികെ അഴിച്ചു വെച്ചിരിക്കുന്ന രണ്ട് മരക്കാലുകളേയും ഉപേക്ഷിച്ച് അമീറലിയുടെ നോട്ടം അയാളോട് പറ്റിക്കിടുന്നുറങ്ങുന്ന കുഞ്ഞുവാവയിൽ തങ്ങിനിന്നു.
അവരോടിരിക്കാൻ അയാൾ ആംഗ്യംകാണിച്ചു. ശേഷം അടുത്ത് തൂക്കിയിട്ടിരിക്കുന്ന കയറിളക്കി മണിയടിച്ചു. മണിനാദത്തിന്റെ അനുരണനം ഒടുങ്ങുന്നതിനുമുമ്പേ ഓടിയെത്തിയ സ്ത്രീ വാതിൽക്കൽ നിശ്ചഛലയായി.
തുടുത്തു ചീർത്ത തവിട്ടു മേനിയും മഞ്ഞൾ പുരണ്ട മുഖവുമായി നിൽക്കുന്ന നിശ്ചലദൃശ്യം അമീറലിയിൽ വിസ്മയഭാവങ്ങളാടി.
“പൂങ്കൊടീ”
എന്ന ദീർഘ വിളിയൊച്ചയിൽ കുലുങ്ങിമറിഞ്ഞ വികാരങ്ങൾ കെട്ടഴിഞ്ഞു വീഴാതെ മുറുക്കിവെച്ചവൾ സംയമനത്തോടെ ഒച്ച താഴ്ത്തി പറഞ്ഞു.
“ഗുരു അണ്ണാ, ബഹറിനിൽ എന്നുടെ ബോസ്സാണിവർ, അമീറലി.”
“ഇതെന്നുടെ സുഹൃത്ത് ശിവരജജ്, ഇവന്റെ കല്യാണത്തിനു കൂടാൻ വന്നതാണ്” അമീറലി പറഞ്ഞു.
ശിവരജ്ജിനിരിക്കാൻ കസേര നീക്കിവച്ചതിനു ശേഷം കണ്ണുകൾ കുഞ്ഞുവാവയിലൊട്ടിച്ചു നില്ക്കുന്ന അമീറലിയോട്
“വാ, വിശേഷം ചോദിക്കട്ടെ” എന്നു പറഞ്ഞു പൂങ്കൊടി പിന്നാമ്പുറ കോനായിൽ കൊണ്ടു പോയി.
“കാണാൻ വരരെതെന്നു പറഞ്ഞതല്ലേ!”
ഖേദത്തോടെ അപേക്ഷയോടെ അവൾ കൈകൂപ്പി നിന്നു.
“പക്ഷേ എനിക്ക് നിന്നെ മറക്കാനാവില്ല. ഞാനെന്റെ കുഞ്ഞിനെയൊന്നു എടുത്തോട്ടെ”
കണ്ണുകൾ നിറച്ചും, ചുണ്ടകൾ വിറച്ചും കവിളിണകൾ ചോപ്പിച്ചും പൂങ്കൊടി പറഞ്ഞു.
“അതെന്റെ ഭർത്താവാണ്, ഞങ്ങളുടെ കുഞ്ഞാണത്. എന്നോട് ക്ഷമിക്കണം. കുഞ്ഞിനു മേൽ അവകാശം പറയരുതേ!”
”നീ ഒരു കാര്യവും എന്നോട് തുറന്നു പറഞ്ഞില്ലാലോ, പൂങ്കൊടി!”
നിറക്കണ്ണുകളെ ചാറ്റൽമഴ കാണിച്ചു മുറ്റത്തേക്കിറങ്ങിയ പൂങ്കൊടി ഉണങ്ങിയ അമരപ്പന്തലിൽ ചോട്ടിലേക്ക് നടന്നു.
“ശ്രീലങ്കക്കാർക്ക് മരണനോവുതീറ്റിച്ചൊരു ഭൂതകാലമുണ്ടായിരുന്നു. തീ തുപ്പിയ ഗതകാല ശേഷിപ്പാണ് എന്റെ ഭർത്താവ് ഗുണസിംഹൻ. മനസ്സിൽ തങ്ങി നില്ക്കുന്ന കാഴ്ചകളെന്നിൽ ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മരക്കാലുകളിൽ നിന്നാണ്.
തമിഴ് ഈഴമെന്ന സ്വപ്നത്തിനു വേണ്ടി പോരാടിയ ഞങ്ങൾക്ക്, മിത്രമെന്നും ബന്ധുവെന്നും വിശ്വസിച്ച ഞങ്ങളുടെ സ്വന്തം പൂർവ്വികദേശക്കാർ സമ്മാനിച്ച ദുരന്തത്തിന്റെ അടയാളമാണയാൾ.”
അവൾ വിരൽ ചൂണ്ടുന്നത് ശ്രീലങ്കയിലെത്തിയ ഇന്ത്യൻ സമാധസേനയുടെ നേരെയാണെന്നു അമീറിനു തോന്നി.
“1987ലെ ദീപാവലി ദിനത്തിലാണ് ജാഫ്നയിലെ ജനറൽ ആശുപത്രിയിൽ അമ്മ എനിക്ക് ജന്മം നൽകിയത്.
അന്ന് ആശുപത്രിയിലെത്തിയ ഇന്ത്യൻ ശാന്തി സേന തുപ്പാക്കി കുഴലിലൂടെ നിരപരാധികളുടെ മേൽ തീ തുപ്പി പൊട്ടിച്ച ശബ്ദത്തിലും വെളിച്ചത്തിലുമാണ് ദീപാവലി ആഘോഷിച്ചത്.
തീ തുപ്പിയ നിറത്തിൽ മരണത്തിന്റെ ഇരുട്ട് പുതച്ചു കിടന്നവരിൽ കുഞ്ഞുടപ്പുമായി എത്തിയ അപ്പാവിന്റെ സുഹൃത്തും ഭാര്യയും ഉണ്ടായിരുന്നു. അവരുടെ അഞ്ചു വയസ്സുകാരൻ രണ്ടുകാലുകളും ശബ്ദവും വിട്ടുകൊടുത്തു ദുരന്തരാത്രിയുടെ സാക്ഷിയായി.
അഭയാർത്ഥി ക്യാമ്പിനോ അനാഥത്വത്തിനോ വിട്ടുകൊടുക്കാതെ എന്നോടൊപ്പമാണ് അപ്പാ അവനെ വളർത്തിയത്. സിംഹളവംശനായ അവനെ വംശപരമായി ഒറ്റപ്പെടുത്താൻ പലരും ശ്രമിച്ചെങ്കിലും ഞാനവനെ കല്യാണവും കഴിച്ചു.
അപ്പാവിന്റെ മരണവും അമ്മയുടെ രോഗവും നൽകിയ സാമ്പത്തികഞെരുക്കത്തിൽ നിന്നൂരാനാണ് ഞാൻ ബഹറിനിൽ എത്തിയത്.
എനിക്കൊരു കുഞ്ഞിനെ തരാൻ അണ്ണൻ അശക്തനായിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കാൻ ഞാനാശിച്ചെങ്കിലും അണ്ണൻ എതിർത്തു. അദ്ദേഹത്തിനു എന്റെ ചോരയിലുള്ള ഒരു കുട്ടി മതിയെന്നു വാശിപിടിച്ചു.
വേലക്കാരിയായ എന്നോട് നിങ്ങൾ കാണിച്ച സ്നേഹവും കരുതലുമാണ് നിങ്ങളുടെ ഒരു കുട്ടി എനിക്കു വേണമെന്ന മോഹമുദിച്ചത്. എന്റെ സ്വാർത്ഥ മോഹത്തോട് ക്ഷമിക്കില്ലേ!.
നിങ്ങളെന്റെ അണ്ണനെ കണ്ടില്ലേ! എത്ര സന്തോഷവാനാണിപ്പോൾ! ദുരിതക്കടലിൽ മാത്രം നീന്തിയ അണ്ണനൊന്നു സന്തോഷിക്കട്ടെ.”
കണ്ണിലൂടെ ഉള്ളമുരുകിയ നീരുവാർത്തു പൂങ്കൊടി അമീറലിയുടെ കൈകളിൽ പിടിച്ചു.
പൂങ്കൊടിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഗുണസിംഹന്റെ അടുത്തുറങ്ങുന്ന തന്റെ സ്വന്തം ചോരെയെ ഒന്നെടുത്തു വാരിപ്പുണരാനുള്ള അമീറലിയുടെ മോഹം, കുഞ്ഞിനെ ചേർത്തു പിടിച്ചിരുക്കുന്ന ഗുണ സിംഹന്റെ സ്നേഹത്തിനും പൂങ്കൊടിയുടെ കണ്ണീരിനു മുമ്പിലും പൊടിഞ്ഞുപോയിരുന്നു.
സ്വന്തം ചോരയോടുളള ആകർഷണം അമീറലിയെ ശിവരഞ്ജിനെക്കൊണ്ട് വീണ്ടുമൊരുനേഷണം നടപ്പിച്ചിരുന്നുവെങ്കിലും അവർ വീട് മാറിപ്പോയി എന്നൊരറിവാണ് കിട്ടിയത്.
വർഷങ്ങൾക്കു ശേഷം ബന്ധുക്കളുടെ നിർബന്ധത്തിനും ഉമ്മയുടെ സ്നേഹ ഭീഷണിക്കും മുമ്പിൽ കീഴടങ്ങി അമീറലി ഒരു കല്യാണം കഴിച്ചു. പ്രായശ്ചിത്വമെന്നോണം യത്തീമായ രഷ്നയെയാണ് കല്യാണം കഴിച്ചത്.
“കല്യാണം കഴിഞ്ഞു മൂന്നു വർഷമായി. കുട്ടികളില്ലാത്തത് രഷ്നയെ വല്ലാതെ വേദനപ്പിച്ചു. അനാഥത്വത്തിന്റെ വേദന രുചിച്ച അവൾക്ക് സ്വന്തംചോരയിൽ ഒരു കുഞ്ഞ് വേണമെന്ന് നിർബന്ധമായിരുന്നു.” അമീറലി ഇരിപ്പുമുറിയിലേക്ക് തിരികേ കയറവേ സുബോദിനോട് പറഞ്ഞു.
പിന്നീടൊരിക്കൽ സിറിഞ്ചുകൾ ചേർത്തുവച്ചു ഒരുക്കിയ ഹൃദയാകൃതിക്കുള്ളിൽ ഒരാരോമൽക്കുഞ്ഞ് കിടക്കുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് അവൾ അമീറലിക്ക് കാണിച്ചു കൊടുത്തു കൊണ്ടു പറഞ്ഞു “പ്രശസ്ത ഫോട്ടോഗ്രാഫറായ സാമന്ത പാർക്കറിന്റെ പോസ്റ്റാണിത്. പലതവണയായി ഒരമ്മയാകാൻ ഒരു സ്ത്രീയെടുത്ത ഐവിഎഫ് ഇൻഞ്ചെക്ഷനുകളുടെ സിറിഞ്ചാണിവ. ഒരു കുഞ്ഞിനു വേണ്ടി എന്തു വേദനയും സഹിക്കാൻ ഞാൻ തയ്യാറാണ്. ഇക്കാ എനിക്കൊരു കുഞ്ഞുവേണം”
അമീറലി സുബോദിനോടെ അല്പം ഗദ്ഗദത്തോടെ പറഞ്ഞു.
“റിസൽട്ട് ഓ.കെ യായ അവൾ കരുതുന്നത് എനിക്കാണ് പ്രശ്നമെന്നാണ്. ടെസ്റ്റ് റിസൽറ്റിനെക്കുറിച്ച് എനിക്ക് പേടിയില്ലെങ്കിലും മനസ്സിലൊരു ഭാരം ഉണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്ത നിങ്ങളോട് മനസ്സു തുറന്നപ്പോൾ വല്യ ആശ്വാസമായി. ഞാനിതുവരെ ഒന്നു തൊട്ടുപോലും നോക്കാത്ത എന്റെ മോൾ ഈ ബാപ്പയുടെ നിസ്സഹായവസ്ഥയ്ക്ക് മാപ്പു തരുമായിരിക്കും അല്ലേ! അവൾ ശപിക്കുമോ!”
സുബോദ് അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു സാംപിൾ ശേഖരണമുറിയിലേക്ക് പറഞ്ഞുവീട്ടു.
മൂന്നു ദിവസം കഴിഞ്ഞു ടെസ്റ്റ് റിസൽട്ടിലൂടെ കണ്ണോടിക്കുമ്പോൾ സുബോദിന്റെ ചുണ്ടുകൾ ഭാര്യയുടെ മുമ്പിലാടേണ്ട ചിരിയങ്കം പരിശീലിച്ചു.
ഉടനെത്തന്നെ അമീറലിയും മനസ്സിന്റെ വഴിക്കോണിലിറങ്ങി വന്നു.
പ്രത്യുല്‍പാദനത്തില്‍ പുരുഷന്റെ ഭാഗധേയമാണ് തലയും വാലുമിളക്കി ഓടുന്ന ബീജങ്ങൾ. അവയ്ക്ക് ജാതിയോ മതമോ ദേശമോയില്ല. അണ്ഡസ്തരം തുളച്ചുകയറാനുള്ള സ്നേഹക്കരുത്ത് മാത്രമേ വേണ്ടൂ.
മതം മാറി ദേശം മാറി സഞ്ചരിച്ച അമീറലിയുടെ ബീജം സ്നേഹം വിതറിയ പൂങ്കൊടിയുടെ കുടുംബത്തെ പോലെ രഷ്നക്കും സന്തോഷിക്കാനുള്ള അവസരം നൽകട്ടെ എന്നാഗ്രഹിച്ചു സുബോദ് വേഗം നടന്നു.














