പുത്രന് അഞ്ചു വയസ്സാകുവോളം ഒരു നല്ല ഗുരുവിനെ ആന്വേഷിച്ചു അവൾ നാടുനീളെ അലഞ്ഞു. അവിടെ ഒരു ഗുരുവുണ്ട്, ഇവിടെ ഒരു ഗുരുവുണ്ട്, പുഴയുടെ അക്കരയിൽ ആശ്രമം കെട്ടിപ്പാർക്കുന്ന ഒരു ഗുരുവുണ്ട് എന്നൊക്കെ ഓരോരുത്തർ അവളോട് പറഞ്ഞു.
എന്തുകൊണ്ടോ അവൾക്ക് അതിലൊന്നിലും താൽപര്യം തോന്നിയില്ല. അവളുടെ അന്വേഷണവും യാത്രയും നീണ്ടു. ഇനിയും കാത്തിരിക്കുന്നതെങ്ങനെ..? കുഞ്ഞിന് ഏഴു വയസ്സാകാൻ പോകുന്നു. അവന് ഒരു ഗുരുവിനെ കണ്ടുപിടിച്ചില്ലെങ്കിൽ അവന്റെയും തന്റെയും ഭാവി ഇരുളടഞ്ഞു പോകുമെന്ന് അവൾ സങ്കടപ്പെട്ടു.
ഒടുവിൽ ഒരാൾ പറഞ്ഞു, അങ്ങ് കിഴക്ക് മലഞ്ചെരുവിൽ ഒരു ഗുരുവുണ്ടെന്ന്. മറ്റുള്ളവരിൽ നിന്നൊക്കെ അകന്നു ഒറ്റയ്ക്ക് ജീവിക്കുന്ന ഗുരു എപ്പോഴും ധ്യാനത്തിലായിരിക്കും. കേട്ടപാതി കേൾക്കാത്ത പാതി അവൾ മലഞ്ചെരുവിൽ താമസിക്കുന്ന ഗുരുവിനെ അന്വേഷിച്ചു പോയി. അവൾ ചെല്ലുമ്പോൾ ഗുരു ധ്യാനത്തിലായിരുന്നു. അവളുടെ കാലൊച്ചകേട്ട് ഗുരു പതുക്കെ കണ്ണ് തുറന്നു. ആരാധന നിറഞ്ഞ അവളുടെ മുഖഭാവം സൂക്ഷിച്ചു നോക്കി ഗുരു ങും…? എന്ന് മൊഴിഞ്ഞു. തന്റെ മകന് ഒരു ഗുരുവിനെ അന്വേഷിച്ച് ഇറങ്ങിയതാണെന്നു അവൾ പറഞ്ഞു. ഗുരു എന്റെ മകനെ അനുഗ്രഹിക്കണം.
നിന്റെ മകൻ നിനക്കുവേണ്ടി മാത്രമാണോ എന്ന് ഗുരു ചോദിച്ചു. അവൾക്ക് ആ ചോദ്യത്തിന് ഉത്തരം ഉണ്ടായിരുന്നില്ല. അവൾ തൊഴുത് മിണ്ടാതെ നിന്നു. അവളുടെ എളിമയും അവളുടെ മകന്റെ മുഖത്തെ അസാധാരണമായ ചൈതന്യവും കണ്ട ഗുരുവിൻറെ മനസ്സ് ആർദ്രമായി. കുഞ്ഞിനേയും എടുത്തുകൊണ്ടു തന്റെ പിന്നാലെ വരാൻ ആഗ്യം കാണിച്ച് ഗുരു മുന്പേ നടന്നു.
ഏറ്റവും ഉയരം കൂടിയ മലയുടെ ചുവട്ടിൽ ചെന്ന ഗുരു ആകാശത്തിലേക്ക് നോക്കി ഒരുനിമിഷം ധ്യാനിച്ചു. പിന്നെ മലമുകളിലേക്ക് കയറി. അവൾ മകനെയും എടുത്ത് തോളിലിട്ടുകൊണ്ട് ഗുരുവിൻറെ പിന്നാലെ കയറി.
ആകാശം മുട്ടിനിൽക്കുന്ന ഒരു മല. അതിൻറെ നെറുകയിൽ എത്തി ഗുരു ഒരു നിമിഷം ധ്യാനിച്ച് നിന്നു. പിന്നെ അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി മലർത്തി കിടത്തി. കുഞ്ഞിൻറെ ചെറിയ കണ്ണുകളിൽ ആകാശം നിറഞ്ഞു. ഗുരു പറഞ്ഞു അവൻ ലോകത്തിന് പ്രപഞ്ചത്തിൻറെയും കാലത്തിൻറെയും അപാരതയുടെയും അനന്തതയുടെയും പൊരുൾ വായിച്ചു കൊടുക്കും.
മണ്ണിൽ നെറ്റിമുട്ടിച്ച് അവൾ ഗുരുവിനെ വണങ്ങി.