അമ്മേ പൊറുക്കണേ
ഇരുട്ട് ചതിച്ചതാണെന്റെയമ്മേ ….
ഇരുട്ടിന്റെ ചില്ലകൾ
കൊഴിച്ചിട്ട തണൽ മറ
ചതിച്ചതാണെന്റയമ്മേ
മാമരം കോച്ചും തണുപ്പുള്ള രാത്രിയിൽ
കുളിരെന്നെക്കൊതിപ്പിച്ചിറക്കിയമ്മേ….
താഴമ്പൂ മണമുള്ള രാത്രിയിൽ
ഇരുട്ടാണ് പതിയിരുന്നെന്നെച്ചതിച്ചതമ്മേ ….
എന്റെ പൊന്നമ്മേ…
എന്റെ ചെല്ലമ്മേ…
ആർക്കും പറഞ്ഞാൽ വിശ്വാസമാകില്ല
ഇരുട്ടിന്റെ ഇടവഴിക്കെണിയിൽ
ഞാനങ്ങു പെട്ടുപോയമ്മേ ….
അമ്മാ… അമ്മാ…
അപ്പനറിയല്ലേ …
വലിയണ്ണനറിയല്ലേ
കൊച്ചണ്ണനറിയല്ലേ
തമ്പിയറിയല്ലേ
തങ്കച്ചിയറിയല്ലേ….
അമ്മ കേഴുന്നു :
ആരാണ് കാരണം?
അമ്മേ …. അമ്മേ …
ഞാനല്ല…അവനല്ല…
ചതിച്ചതിരുട്ടാണെന്റെയമ്മേ…
അമ്മേ
കൊതിക്കണ്… കൊതിക്കണ്…
ഇനുപ്പുള്ള *ഏക്കപ്പം ചുട്ടു തായോ…
അമ്മേ
നെഞ്ച് തെകട്ടണ് ഓക്കാനമാവണ്
പച്ചപ്പുളിയൊന്നു പറിച്ചു തായോ…
അമ്മ കേഴുന്നു :
ഇരുചെവി മറുചെവി അറിഞ്ഞിടല്ലേ ….
അടിപ്പാവാടവള്ളികുരുക്കാമമ്മേ…
പെരുവയർകെട്ടിമുറുക്കാമമ്മേ ….
അമ്മ കേഴുന്നു :
പൊക്കിൾകൊടിവള്ളി ചുറ്റിടല്ലേ…
ജീവന്റെ അവകാശി നമ്മളല്ല….
അമ്മേ പൊറുക്കണേ
ഇരുട്ട് ചതിച്ചതാണെന്റെയമ്മേ…
**ഏക്കപ്പം – ഗർഭാരംഭത്തിൽ അമ്മമാർ നൽകുന്ന പലഹാരം.