ഇന്നലെയോളം

ഇന്നലെയോളം
ആ വഴിയവിടെ
ഉണ്ടായിരുന്നു.

ഇന്നലെ വരെയും
നിലാത്തിരി പൂത്തത്
ഇന്നലെയോളം
സൗരഭ്യമാർന്നത്  
എന്ന് തൊട്ടോ
പലരുടെ പാദങ്ങളാൽ
പലവട്ടമാശ്ലേഷിക്കപ്പെട്ടത്

എന്നൊക്കെയോ
ആ സുഗന്ധതീരത്തേക്കു
പദയാത്ര ചെയ്തവർ
ഇന്ന് സ്വന്തം തീരങ്ങളിൽ
സുരക്ഷിതരായിരിക്കുന്നു

വിണ്ണിലേക്കുയർന്നു
വഴി മാറിപ്പോകാൻ
മണ്ണിലേക്കമരുന്ന
കരിയിലകളോട്
വീടുച്ചത്തിൽ
നിലവിളിക്കുന്നു.

ആത്മാവില്ലാത്ത
വീട്ടിൽ നിന്നുയരുന്ന
പുകച്ചുരുളുകൾ കണ്ടാൽ
ആകാശം പോലും
മുഖം കറുപ്പിക്കും.

അല്ലെങ്കിലും
മരിച്ചു പോയവന്റെ
വീട്ടിലേക്ക്
ഇനിയൊരു വഴിയെന്തിന്?

ഒരു തൂവൽ പോലും
കൊഴിച്ചിടാതെ
കിളികളും
ഒരിതൾ പോലും
അടർത്താതെ
മോഹമഞ്ഞകൾ
പൂത്ത
വസന്തവും
അവിടെ നിന്നും
വഴി മാറട്ടെ.

വീട്‌ തന്നെ
ഇല്ലാതാകുമ്പോൾ
വീട്ടിലേക്കൊരു
വഴിയെന്തിന്?

എന്നോ
ആർക്കോ വേണ്ടി
തുറന്നിട്ട
എല്ലാ വാതിലുകളും
വീട്‌  തന്നെ
ചേർത്തടക്കട്ടെ.

വഴി തെറ്റി വന്നൊരു
കാറ്റ് പോലും
ഒരു കിളിവാതിലിലും
മുട്ടി വിളിക്കാതിരിക്കട്ടെ.

ഇന്നലെയോളം ജീവിച്ച്‌
ഇന്ന് മരിച്ചിട്ടും
മരിക്കാത്തവന്റെ
വീട്ടിലേക്കുള്ള
വഴിയുമിനി
മെല്ലെ മെല്ലെ
മാഞ്ഞു മാഞ്ഞു
പോകട്ടെ.

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.