ഇന്ദ്രപ്രസ്ഥത്തിലൂടെ – 6

ഇന്ദിരാഗാന്ധി മെമ്മോറിയൽ മ്യൂസിയം

ലോകത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തേയും വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച മ്യൂസിയമാണത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ദിരാഗാന്ധി സഫ്ദർജംഗ് റോഡിലെ ഈ ഒന്നാം നമ്പർ വസതിയിലായിരുന്നു കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

സുവർണ്ണക്ഷേത്രത്തിൽ തമ്പടിച്ച തീവ്രവാദികളെ പിടികൂടാനായി 1984 ജൂൺ മാസത്തിൽ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്നറിയപ്പെടുന്നത്. സൈനിക നടപടികൾക്കിടയിൽ ക്ഷേത്രത്തിൽ തീർത്ഥാടകരായി എത്തിയിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. സുവർണ ക്ഷേത്രത്തിൽ ആയുധങ്ങളുമായി കയറിക്കൂടി തമ്പടിച്ചിരുന്ന ഭീകരരെ തുരത്തുന്നതിനായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ സൈനിക നടപടി. ഇത് സിഖ് സമൂഹത്തിൻ്റെ വിരോധത്തിനു കാരണമാവുകയും, 1984 ഒക്ടോബർ 31, രാവിലെ 9.20 ന് പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ വെച്ച് സ്വന്തം സുരക്ഷാഭടന്മാരായിരുന്ന സത് വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നിവരാൽ ഇന്ദിര കൊല്ലപ്പെടുകയും ചെയ്തു. പത്ത് വർഷമായി ഇന്ദിരാ ഗാന്ധിക്ക് അറിയാവുന്ന വിശ്വസ്തനായ കാവൽക്കാരനായിരുന്ന സബ് ഇൻസ്പെക്ടറായിരുന്ന ബിയാന്ത് സിംഗ്. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് ശേഷം, സിഖ്കാരനാന്നെന്നതിനാൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിൽ നിന്ന് ബന്ധപ്പെട്ടവർ നീക്കം ചെയ്തിരുന്നെങ്കിലും ഇന്ദിരയുടെ നിർബ്ബന്ധത്താൽ അയാളെ അവിടേക്ക് തന്നെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇന്ദിരയുടെ വധം നടക്കുമ്പോൾ, അഞ്ച് മാസം മുമ്പ് മാത്രം ഇന്ദിരയുടെ സുരക്ഷാ വിഭാഗത്തിൽ നിയമിക്കപ്പെട്ട സത്‌വന്തിൻ്റെ പ്രായം വെറും 22 വയസ്സായിരുന്നു. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ശേഷം സുരക്ഷാ ഭീഷണിയുള്ളതിനാൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കണമെന്നുള്ള നിർദ്ദേശം ഇന്ദിരാഗാന്ധി പാടേ അവഗണിക്കുകയാണുണ്ടായത്. ബിയാന്തിൻ്റെ റിവോൾവറിൽ നിന്നും 3 ഉം സത്വത്തിൻ്റെ യന്ത്രത്തോക്കിൽ നിന്ന് 30 റൗണ്ടുമാണ് ഫയർ ചെയ്തത്. അതിൽ ഇന്ദിരയുടെ ശരീരത്തിൽ തറച്ചു കയറിയ 30 റൗണ്ടുകളിൽ 23 ഉം ആ ശരീരം തുളച്ച് പുറത്ത് കടന്നുപോയി. ഉടൻ തന്നെ പ്രധാനമന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന സുരക്ഷാഭടന്മാർ പ്രത്യാക്രമണം നടത്തുകയും വെടിവെപ്പിൽ ബിയാന്ത് തത്സമയം കൊല്ലപ്പെടുകയും സന്ത് വന്തിനെ പരിക്കുകളോടെ പിടി കൂടുകയും ചെയ്തു. നീണ്ട വിചാരണകൾക്ക് ശേഷം 1989-ൽ സത് വന്തിനെ തൂക്കിലേറ്റുകയും ചെയ്തു.

അയർലണ്ടിലെ ഷീമസ് സ്മിത്ത് പ്രൊഡക്ഷന് വേണ്ടി ബ്രിട്ടീഷ് നടനായ പീറ്റർ ഉസ്റ്റിനോവിന് ഒരു ഹ്രസ്വചിത്രത്തിന് അഭിമുഖം നൽകാനായി തന്റെ തോട്ടത്തിൽ കൂടി നടക്കവേയാണ് അവിടെ ഒരു ചെറിയ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാഭടന്മാരിൽ നിന്നും ഇന്ദിരക്ക് വെടിയേറ്റത്.


പ്രധാനമന്ത്രിയുടെ ആ ദിവസത്തെ ഔദ്യോഗിക പരിപാടികളുടെ ടൈപ്പ് ചെയ്ത കോപ്പി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സ്ഥലം ഇന്ന് ഒരു ഗ്ലാസ് ഫ്രെയിമിൽ സൂക്ഷിച്ചിരിക്കുന്നു.

കൊല്ലപ്പെടുന്ന ദിവസത്തെ ഇന്ദിരയുടെ പ്രോഗ്രാം

രാവിലെ വെടിയേറ്റ് 9:30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ദിരയുടെ മരണം, ഉച്ചയ്ക്കുശേഷം 2.20 ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇന്ദിരയുടെ മരണശേഷം മൂത്തമകനായ രാജീവ് പ്രധാനമന്ത്രിയായി അവരോധിതനായി. ഇന്ദിരയുടെ സമാധിസ്ഥലം ഇന്ന് ശക്തിസ്ഥൽ എന്നാണ് അറിയപ്പെടുന്നത്.

ഇന്ദിരക്ക് ശേഷം പ്രധാനമന്ത്രിയായിരുന്ന മകൻ രാജീവ് ഗാന്ധി, ശ്രീപെരുംപത്തൂരിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ ധരിച്ചിരുന്ന സാരിയുൾപ്പെടെയുള്ള നിരവധി വസ്തുക്കളും ഈ മ്യൂസിയത്തിൽ പരിപാവനമായി സൂക്ഷിച്ചിരിക്കുന്നു. ഈ മ്യൂസിയം ഇന്ന് ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്നു. നെഹ്‌റു- ഇന്ദിരാഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട അപൂർവ്വ ഫോട്ടോഗ്രാഫുകളുടെ വലിയൊരു ശേഖരവും ഇവിടെയുണ്ട്.

കൊല്ലപ്പെടുന്ന ദിവസം ധരിച്ചിരുന്ന വെടിയേറ്റ് ദ്വാരങ്ങൾ വീണ സാരി, തോൾബാഗ്, ചെരിപ്പ്

ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമായും ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകൾ, പത്രലേഖനങ്ങൾ, ക്ലിപ്പിംഗുകൾ, ശവസംസ്കാര ചിത്രങ്ങളുടെ ക്ലിപ്പിംഗുകൾ, അവാർഡുകൾ, വസ്ത്രങ്ങൾ, പേനകൾ, ബാഗുകൾ തുടങ്ങിയ വ്യക്തിഗത വസ്തുക്കളും പുസ്തക ശേഖരവും വിവിധ രാജ്യങ്ങളിൽ നിന്ന് അവർക്ക് ലഭിച്ച സമ്മാനങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

ഈ ഭാഗത്തോടെ എൻ്റെയീ യാത്രാക്കുറിപ്പുകൾ ഇവിടെ അവസാനിക്കുന്നു.

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച "സാർത്തോവിന്റെ സുവിശേഷം" എന്നൊരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്.