
താജ് മഹൽ
ഉത്തർപ്രദേശിലെ ആഗ്രയിൽ യമുനാ നദിയുടെ തീരത്ത് 42 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന വലിയൊരു സമുച്ചയത്തിന്റെ പ്രധാന ഭാഗമാണ് 240 അടി ഉയരമുള്ള താജ്മഹൽ എന്ന മുഗൾ വാസ്തുവിദ്യാ വിസ്മയം. 1631 ൽ, അഞ്ചാമത്തെ മുഗൾ ചക്രവർത്തിയായ ഷാജഹാനാണ് തൻ്റെ പട്ടമഹർഷിയായ മുംതാസിൻ്റെ ശവകുടീരമായ ഈ വാസ്തുവിസ്മയം സൃഷ്ടിച്ചത്. മുംതാസിൻ്റെ ശവകുടീരത്തോട് ചേർന്ന് തന്നെയാണ് ഷാജഹാൻ്റെ ശവകുടീരവും ഒരുക്കിയിരിക്കുന്നത്.

1592 ൽ ജനിച്ച ഷാജഹാൻ 1627 ൽ ചക്രവർത്തിയായി. 1657-58 കാലഘട്ടത്തിൽ ഷാജഹാന്റെ മക്കൾ തമ്മിൽ നടന്ന അധികാര വടംവലിയിൽ ഔറംഗസേബ് തൻ്റെ മുന്ന് സഹോദരന്മാരെയും പരാജയപ്പെടുത്തി വധിക്കുകയും, പിതാവായ ഷാജഹാനെ ആഗ്ര കോട്ടയിൽ നിന്ന്, മുംതാസ് ഉറങ്ങുന്ന താജ്മഹൽ കാണാൻ കഴിയുന്ന വിധം തടവിലാക്കുകയും ചെയ്തു. ഏട്ട് വർഷത്തോളം താൻ പണിത സ്മാരകമായ താജ്മഹലും നോക്കി ഷാജഹാന് ഈ തടവറയിൽ കഴിയേണ്ടി വന്നു. 1666 ൽ ഉദരരോഗത്താൽ മരിച്ച ഷാജഹാനെ മുംതാസ് മഹലിന്റെ കബറിടത്തിൽ തന്നെയാണ് അടക്കിയത്.

കൊടും തണുപ്പിൽ മഞ്ഞുപടലങ്ങൾ മൂടിയ വഴികൾ നേരെ കാണാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ആഗ്രയിലേക്ക് കാറോടിച്ചത്. ലോകോത്തര നിലവാരമുള്ള യമുന എക്സ്പ്രസ് ഹൈവേയിലൂടെ 233 കി.മീ. ദൂരമുണ്ട് ആഗ്രയിലെത്താൻ. എതിർവശത്തു നിന്നും കണ്ണിലേക്ക് മറ്റ് വാഹനങ്ങളുടെ പ്രകാശം അടിക്കാത്ത ഉയരത്തിൽ ഡിവൈഡർ കൊണ്ട് വേർതിരിച്ച ആറുവരി പാതയാണിത്. ഒരു തടസവുമില്ലാതെ 100 കി.മീ. വരെ സ്പീഡിൽ ഈ വഴിയേ വാഹനം ധൈര്യമായി ഓടിക്കാം. മൂടൽമഞ്ഞിനേയും നായ്ക്കളേയും മാത്രം സൂക്ഷിച്ചാൽ മതി. എൻ്റെയൊരു UAE യാത്രയിൽ അവിടുത്തെ റോഡുകളുടെനിലവാരം കണ്ടു ഞാൻ ആശിച്ചിരുന്നു, നമ്മുടെ ഇന്ത്യയിലും ഇത്തരത്തിലുള്ള റോഡുകൾ ഉണ്ടായിരുന്നെങ്കിലെന്ന്! അത്തരം നിലവാരമുള്ള റോഡുകൾ ഇവിടെയും കാണാൻ കഴിഞ്ഞു എന്നത് എന്നിൽ നിറച്ച അഭിമാനം അത്ര വലുതായിരുന്നു.

ലക്ഷക്കണക്കിന് വിദേശികളും നാട്ടുകാരുമായ സന്ദർശകർ ഒഴുകിയെത്തുന്ന ആഗ്രയിൽ എന്തായാലും വാഹനങ്ങൾക്ക് പാർക്കിംഗ് കിട്ടാതെ വരില്ല. അത്രയേറെ പാർക്കിംഗ് ഏരിയകൾ അവിടെ ഒരുക്കിയിരിക്കുന്നു, അത്രയേറെ ജീവനക്കാരെയും ഗതാഗത നിയന്ത്രണത്തിനായി അവിടെ നിർലോപം വിന്യസിച്ചിരിക്കുന്നു.

താജിൽ നിന്നും കുറച്ച് മാറി സന്ദർശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്ത് കുതിര വണ്ടിയേയോ ഇലക്ട്രിക്കൽ വാഹനത്തെയോ അതുമല്ലെങ്കിൽ കാൽ നടയായോ വേണം താജിൻ്റെ കാഴ്ചകളിലേക്കെത്താൻ. ലോകാത്ഭുതങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന താജ് മഹൽ തീർച്ചയായും അത് അർഹിക്കുന്നു എന്ന് നിസംശയം പറയാം. 400 വർഷത്തോളം മുമ്പ് വെണ്ണക്കൽ മാർബിളിലാണ് താജിൻ്റെ നിർമ്മിതി. താജിനുള്ളിൽ മുംതാസിൻ്റെയും ഷാജഹാൻ്റെയും ഖബറിടങ്ങളല്ലാതെ മറ്റൊന്നും കാര്യമായില്ല. പക്ഷെ അതിൻ്റെ പരിസരവും ബാഹ്യവീക്ഷണവും നമ്മെ അത്ഭുതപരതന്ത്രരാക്കും.
നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച യമുനാ നന്ദി നിരവധി രഹസ്യങ്ങൾ തന്നിലൊളിപ്പിച്ച് താജ്മഹലിനോട് തൊട്ടുചേർന്നൊഴുകുന്നു.
സന്ധ്യയായാൽ മൂടൽമഞ്ഞ് യാത്രക്ക് കൂടുതൽ ഭംഗം വരുത്തുമെന്നതിനാൽ മടക്കയാത്രയിൽ ആഗ്രാ ഫോർട്ടിൽ ഇറങ്ങിയുള്ള കാഴ്ച വേണ്ടെന്ന് വച്ചു. ചരിത്രമുറങ്ങുന്ന ആഗ്രാ ഫോർട്ട് കിലോമീറ്ററുകൾ നീണ്ട് നീണ്ടുനിവർന്നങ്ങനെ കിടക്കുന്നു. നടന്ന് കാണാൻ മാത്രമുള്ള ഈ വാസ്തുകലാദൃശ്യവിസ്മയം ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടൊരു കാഴ്ച തന്നെയാണ്. വണ്ടി ഏറെ നേരം ഓടിയതിന് ശേഷമാണ് ആഗ്രാ ഫോർട്ടിൻ്റെ പരിസരം മറികടക്കാനായത്. വഴികളിൽ കാണുന്ന പല നിർമ്മിതികളും ഇതിനോട് സാമ്യം പുലർത്തിയിരിക്കുന്നു എന്നത് കൗതുകമായി തോന്നി.
