37 വർഷമായി എൻ്റെ അനുജൻ കെന്നഡി ഡൽഹിയിൽ വസന്ത്കുഞ്ചിലെ സ്വന്തം ഫ്ലാറ്റിലാണ് താമസിക്കുന്നത്. മുമ്പ് ഒന്ന് രണ്ട് വട്ടം ഞാനിവിടെ വന്നിട്ടുണ്ടെങ്കിലും ഇത്ര നീണ്ടൊരു യാത്ര ആദ്യമായിട്ടാണ്.
നമുക്ക് ഓടി നടന്ന് കുറച്ച് ഡൽഹിക്കാഴ്ചകൾ കാണാം.
ഹുമയൂൺ ടോംബ് (ഹുമയൂണിൻ്റെ ശവകുടീരം)
മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ശവകുടീരമാണിത്. ന്യൂ ഡൽഹിയിലെ കിഴക്കേ നിസാമുദ്ദീൻ പ്രദേശത്താണ് മുഗൾ വാസ്തുശൈലിയിലുള്ള ഈ കെട്ടിടസമുച്ചയം സ്ഥിതി ചെയ്യുന്നത്. ഹുമയൂണിന്റെ പ്രധാന ശവകുടീരത്തിനൊപ്പം ഹുമായൂണിന്റെ ഭാര്യയായ ഹമീദാ ബേഗം, ഷാജഹാന്റെ പുത്രനായ ദാരാ ഷിക്കോ, പിൽക്കാല ചക്രവർത്തിമാരായ ജഹന്ദർ ഷാ, ഫാറുഖ്സിയാർ, റഫി ഉൾ-ദർജത്, ആലംഗീർ രണ്ടാമൻ, ഷേർഷാ സൂരിയുടെ രാജസഭയിലെ ഒരു പ്രഭുവായിരുന്ന ഈസാ ഖാൻ നിയാസി തുടങ്ങി പലരുടേയും ശവകുടീരങ്ങളും സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
റെഡ് ഫോർട്ട്
ഓൾഡ് ഡൽഹിയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ രാജാവ് പതിനേഴാം നൂറ്റാണ്ടിൽ പണിക്കഴിപ്പിച്ച രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള വിസ്തൃതമായ കോട്ടയാണ് ചുവപ്പു കോട്ട അഥവാ ചെങ്കോട്ട (Red Fort/ലാൽ ക്വില). 1857 വരെ ഇത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ടയും ഉൾപ്പെട്ടിട്ടുണ്ട്.
രാജ് ഘാട്ട്
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ സമാധിയായ രാജ്‌ഘട്ട് യമുനയുടെ തീരത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ മാർബിൾ കൊണ്ട് നിർമ്മിച്ച ഈ സ്മാരകത്തിൽ ഒരിക്കലും അണയാത്ത ഒരു ദീപവും പ്രകാശിക്കുന്നു.
ഇന്ത്യയുടെ സ്വകാര്യ അഭിമാനവും അഹങ്കാരവുമായി സൂക്ഷിച്ചിരിക്കുന്ന, മനോഹരമായ പൂന്തോട്ടങ്ങളൂം, പുൽമൈതാനങ്ങളും നിറഞ്ഞ, നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ഈ സ്മൃതി മണ്ഡപം വിദേശ രാഷ്ട്രത്തലവന്മാരുൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് സന്ദർശിക്കാറുള്ളത്. എല്ലാ വെള്ളിയാഴ്ചകളിലും ഗാന്ധിജിയുടെ ജനനമരണ ദിവസങ്ങളിലും അദ്ദേഹത്തെ ആദരിച്ചുകൊണ്ടുള്ള പ്രത്യേക പ്രാർത്ഥനകളും ഇവിടെ നടക്കുന്നു.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരായായ ജവഹർ ലാൽ നെഹ്രുവിന്റെ സമാധിയായ ശാന്തിവൻ, ഇന്ദിരാ ഗാന്ധിയുടെ സമാധിയായ ശക്തിസ്ഥൽ, രാജീവ് ഗാന്ധിയുടെ സമാധിയായ വീർഭൂമി, ലാൽ ബഹദൂർ ശാസ്ത്രിശാസ്ത്രീയുടെ സമാധിയായ വിജയ് ഘാട്ട്, ചൗധരി ചരൺ സിംഗ് കിസാൻ ഘാട്ട്, മുൻ ഉപപ്രധാനമന്ത്രി ജഗജീവൻ റാമിൻ്റെ സമാധിയായ സമത സ്ഥൽ, മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗിൻ്റെ സമാധിയായ ഏകതാ സ്ഥൽ, സഞ്ജയ് ഗാന്ധിയുടെ സമാധി (ഇതും ശാന്തിവൻ തന്നെ) തുടങ്ങിയ സ്മാരകങ്ങൾ ഈ കോമ്പൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്.
രാജ് ഘാട്ടിനെ ഒരു ആരാധനാലയം പോലെ പവിത്രമായി ബന്ധപ്പെട്ടവർ സൂക്ഷിച്ചിരിക്കുമ്പോൾ, നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ മുൻ പ്രധാനമന്ത്രിമാരുടെ ശവകുടീരങ്ങൾക്ക് കാര്യമായ യാതൊരു പരിഗണയും ലഭിക്കുന്നില്ലല്ലോ എന്ന് ആരെങ്കിലും ചിന്തിച്ചു പോയാൽ അവരെ കുറ്റം പറയാൻ കഴിയില്ല. ആളും ആരവുമൊഴിഞ്ഞ പൂരപ്പറമ്പ് പോലെ അനാഥമായി അവഗണനയുടെ പ്രതീകമായി, ആ സ്മാരകങ്ങൾ അവിടെ തണുപ്പിൽ വിറങ്ങലിച്ചു കിടക്കുന്നു. ഞാനെടുത്ത ചിത്രങ്ങൾ ആ ചിന്തകളെ സാധൂകരിക്കുകയും ചെയ്യുന്നു.