ഉറുമ്പുകൾ
ദ്വീപ് മുഴുവൻ തിന്നുതീർക്കുന്ന
കഥപോലെ,
എന്റെ രക്തം തന്നെ ഊറ്റി കുടിച്ച്
ദിവസവും ഞാൻ വിളറിക്കൊണ്ടിരിക്കുന്നു.
സ്നേഹിക്കുക എന്ന
അനൈച്ഛിക പ്രവർത്തനത്തിൽ
നിരന്തരം ഏർപ്പെട്ട്
അപ്രതീക്ഷിതമായ
മിന്നൽപിണരുകളേറ്റെന്നവണ്ണം
അകം മുഴുവൻ കത്തിപ്പോകാറുണ്ട്.
പുറന്തോട് മാത്രം മിനുക്കിക്കൊണ്ട്
വീണ്ടും ലംബവും തിരശ്ചീനവുമായ
പതനങ്ങളെ വകവെയ്ക്കാതെ,
നിലനിൽപ്പിന്റെ പർവ്വതങ്ങളിലേക്ക്
പലായനം ചെയ്യുന്ന
പ്രകാശരശ്മിയാകും,ചിലപ്പോൾ.
മുടിയാകെ വിടർത്തി പൂ ചൂടി
ചുവന്ന കുപ്പിവളകളണിഞ്ഞ്
ജഡ വസ്ത്രങ്ങളൂരിയെറിഞ്ഞ്,
ദേഹം നിറമുള്ള ചേലകളിൽ പൊതിഞ്ഞ്
സന്തോഷത്തിന്റെ ചെറു മഴ നനഞ്ഞ് നടക്കും.
ഒഴിഞ്ഞ പാത്രമായി
ഇടയ്ക്കൊക്കെ കമിഴ്ന്നു വീഴാറുണ്ടെങ്കിലും
നിലാവ് ഒഴുകിപ്പരക്കുന്ന ഭൂവിതാനങ്ങളിലൂടെ
പ്രണയത്തിന്റെ
നിശാഗന്ധികൾ മിഴിതുറക്കുന്ന ഇടങ്ങളിലേക്ക്
സ്വപ്നാടനം ചെയ്യാറുണ്ട്.
ചരിത്ര നിശബ്ദത നിറഞ്ഞ
ഇരുൾവഴികളിലൂടെ
വെയിൽ തിളക്കങ്ങളെ തിരഞ്ഞുപോവാറുണ്ട്.
എങ്കിലും
പ്രണയത്തിലേർപ്പെടുകയെന്ന
സാഹസത്തിനു മുതിരുകയേ ചെയ്യാതെ
നിത്യകാമുകിയെന്നു മനഃപായസമുണ്ട്
നിഗൂഢസ്മിതങ്ങളുടെ ഹാരങ്ങളണിയാറുണ്ട്.
ഏറ്റവും മുകളിലത്തെ പടവും കടന്നു
താഴെയൊഴുകുന്നൊരു മേഘച്ചിറകിൽ
താഴ്‌വരകൾ തേടിയലയാനും കൊതിക്കാറുണ്ട്.
എന്നിട്ട്
കറുത്ത ചിറകുള്ള
വലിയ പക്ഷിയെപ്പോലെ
ഞാൻ
എന്നെത്തന്നെ
തിരഞ്ഞുകൊണ്ടുമിരിക്കുന്നു.