ഇങ്ങനെയും ഒരാൾ

കാൽക്കീഴിൽ ചവിട്ടാൻ
ഒരു തരി മണ്ണ് പോലുമില്ലെങ്കിലും
ഒരുവൾ സമ്പന്നയാണ്.

പ്രണയത്തിന്റെ
ആകാശവും തൂവാനവുമായി
അവളിലേക്ക്‌ പെയ്തിറങ്ങാൻ
ഒരാളുണ്ടെങ്കിൽ..,
അവൾ ആ മഴ
നനയാതിരിക്കുവതെങ്ങനെ?

അവളെ,
മലരികളിൽ
വിടർത്താൻ മാത്രം
ഒരു പുഴയൊഴുകി വരുമ്പോൾ
നോവാതെ ചേർത്തണയ്ക്കാൻ
ഒരു പ്രണയോന്മാദം കാറ്റായ്
അവളുടെ മുടിയിഴകളിൽ
മുത്തം വെയ്ക്കുമ്പോൾ…

അവളിലേക്ക്
നീഹാരബിന്ദുക്കളായി
മെല്ലെ അടർന്നു വീഴാൻ
ഒരു ഹിമശൈലമുണ്ടെങ്കിൽ
അവൾ മറ്റേതൊരുവളെക്കാളും സമ്പന്നയാണ്.

ഭൂമിയും ആകാശവും
കടലും കാറ്റും അവളുടേതാണ്,
അവയിലെല്ലാം
അവൾ ദർശിക്കുന്നത്
എന്നും തന്നെ ഉമ്മ വെച്ചുണർത്തുന്ന
സൂര്യവിരലുകളുടെ
ഗന്ധർവ്വസ്പർശമാണ്.

എന്നും അവളെ
ചുംബിച്ചുറക്കുന്ന
ആലിംഗനങ്ങളുടെ
ഉൾപ്പുളകങ്ങളാണ്.

ഒന്നിനും വേണ്ടിയല്ലാതെ
ഒരാൾ
സ്വന്തമായുണ്ടെങ്കിൽ
എല്ലാ അർത്ഥത്തിലും
ഒരുവൾ സമ്പന്നയാണ്.

അന്തിമാനം അവൾക്കു
കുങ്കുമച്ചെപ്പും,
സാന്ദ്രരാവുകൾ
അവൾക്കു കണ്മഷിക്കൂട്ടുമാണ്.

ഒറ്റപ്പെട്ടവളുടെ ശരീരത്തിൽ
കാമം കൊണ്ട് മാത്രം
നിറക്കൂട്ടുകൾ
എഴുതിച്ചേർക്കാൻ
വന്ന ഇന്ദ്രജാലക്കാരാ.

നീ വരയ്ക്കുന്ന കണ്ണന്റെ
മായാമുരളികയിൽ
നീ വരയ്ക്കുന്ന കണ്ണന്റെ
പീതാംബരത്തിൽ
നെറുകയിൽ ചൂടിച്ച
കാർമുടിപ്പീലിയിൽ
കൃഷ്ണന്റെ രാധയായി അവളുമുണ്ട്.

നീ ശപിച്ചാൽ വിജനമാകുന്ന
ഏകാന്തവീഥികളല്ല അവളുടേത്‌.
നിന്റെ ഒരു നോക്കിൽ
എരിഞ്ഞു തീരുന്ന
അഗ്നിശലഭവുമല്ലവൾ.

അത് കൊണ്ട് കൂടിയാവാം
ഒരു രതിയുടെ മദോന്മാദത്തിനും  
മുറിവേല്പിക്കാനാവാത്ത വിധം
അവളുടെ ഒറ്റമുറിവിൽ
പ്രണയം ചാലിച്ചുചേർത്ത ലേപനമായി
ഒരാളുണ്ടായിരിക്കുന്നത്.

അവൾ മരുഭൂമികളും
കൊടുമുടികളും
കീഴടക്കിയവളാകുന്നത്.
കാറ്റിന്റെ തേരിൽ സഞ്ചരിച്ചു
കാടുകളിൽ ഉന്മത്തവസന്തമായി
പൂത്തിറങ്ങി,
ഒരിക്കലും
കൊഴിയാത്ത ഒരു പൂവായി
സ്വയം വിരിയുന്നത്.
അവളോളം സമ്പന്നയായ്
ഈ ഭൂമിയിൽ മറ്റാരാണുണ്ടാവുക?

അവളെ ശാപശിലയാക്കി
വരഞ്ഞിടാനും,
അവളെ കുടിച്ചു വറ്റിച്ചു
ദാഹം തീർക്കാനും മറ്റൊരാൾക്കുമാവില്ല.
കാരണം,
അവൾക്കിതു
പ്രണയത്തിന്റെ വിളവെടുപ്പുകാലമാണ്.

അത് കൊണ്ട് തന്നെ
ആർക്കു കീഴിലും ഞെരിഞ്ഞമരാനുള്ളതല്ല
അവൾക്കുറങ്ങാൻ അയാളുടെ
പ്രണയം മാത്രം വിരിച്ചിട്ട
നിറം മങ്ങാത്ത നീലശയ്യകൾ.

നിറയെ പൂത്ത നീലക്കടമ്പുകൾ.
വിഷലിപ്തമാകാത്ത
മഴവിൽനിറങ്ങളാൽ മാത്രം
കാലം അവൾക്കുള്ളിൽ
അവൾ പോലുമറിയാതെ
വരഞ്ഞിട്ട പ്രണയ ഭൂമിക. 

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.